മനസ്സോടിത്തിരി മണ്ണ്

എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

ഭവന രഹിതരായ കുടുംബങ്ങള്‍ക്ക് സ്വന്തം വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ 2016-ല്‍ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഫ്ളാഗ്ഷിപ്പ് പദ്ധതിയാണ് ലൈഫ് മിഷന്‍. മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ മുന്‍ കാലങ്ങളിലെ ഭവന പദ്ധതികളിലൂടെ വീട് നിര്‍മ്മാണം ആരംഭിച്ചതും പൂര്‍ത്തിയാക്കാത്തതുമായ വീടുകള്‍ പൂര്‍ത്തീകരിച്ച് നല്‍കി. രണ്ടാം ഘട്ടത്തില്‍, ഭവന രഹിതരും എന്നാല്‍, ഭൂമി സ്വന്തമായും ഉള്ള കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചു കൊടുക്കുന്ന പദ്ധതിയായിരുന്നു. അത് 93 ശതമാനം പൂര്‍ത്തീകരിച്ചു. ബാക്കിയുള്ളവയില്‍ നിയമ വ്യവഹാരം പോലുള്ള തടസ്സങ്ങളില്ലാതെ പൂര്‍ത്തിയാക്കാന്‍ പറ്റുന്ന വീടുകള്‍ 2022 മാര്‍ച്ചോടെ നിര്‍മ്മിച്ച് നല്‍കും. ലൈഫ് മിഷന്റെ മൂന്നാം ഘട്ടത്തില്‍ ഭൂ രഹിത- ഭവന രഹിത കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും ലഭ്യമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. 2017-ല്‍ തയ്യാറാക്കിയ ലൈഫ് മിഷന്‍ ഗുണഭോക്തൃ ലിസ്റ്റില്‍ അവശേഷിക്കുന്നത് 1,10,487 ലക്ഷം ഭൂ രഹിതരാണ്. പട്ടിക ജാതി, പട്ടിക വര്‍ഗ, ഫിഷറീസ് വകുപ്പുകള്‍ ലഭ്യമാക്കിയ ഗുണഭോക്തൃ ലിസ്റ്റില്‍ 30,116 ഭൂരഹിതരും അവശേഷിക്കുന്നുണ്ട്. നിലവില്‍ സൂക്ഷ്‌മ പരിശോധന നടക്കുന്ന ലൈഫ് 2020 പട്ടിക പ്രകാരം 1.10 ലക്ഷം ഭൂരഹിതര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുന്ന മൂന്നു വര്‍ഷം കൊണ്ട് ഏകദേശം 2.5 ലക്ഷം ഭൂ രഹിതര്‍ക്ക് മൂന്ന് സെന്റ് വീതം ഭൂമി ലഭ്യമാക്കേണ്ടതുണ്ട്. അതിന് ഉദ്ദേശം 7500 കോടി രൂപ ആവശ്യമായി വരും. സംസ്ഥാന സര്‍ക്കാരിന്റേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടേയും മാത്രം മുന്‍ കൈയില്‍ ഈ ലക്ഷ്യം പൂര്‍ത്തിയാക്കുക അത്ര എളുപ്പമല്ല. ഇവിടെയാണ് സുമനസ്സുകളായ പൊതു ജനങ്ങളും വ്യാപാരി വ്യവസായികളും പ്രവാസികളും സന്നദ്ധ സംഘടനകളും കേര്‍പ്പറേറ്റ് സ്ഥാപനങ്ങളും മറ്റും സജീവമായി പങ്കാളികളാവേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ മനസ്സോടിത്തിരി മണ്ണ് എന്ന ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

സര്‍ക്കാര്‍ നിര്‍മ്മിച്ചു നല്‍കിയത് 262131 വീടുകള്‍

ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ലൈഫ് ഒന്നാം ഘട്ടത്തില്‍ 52623 വീടുകള്‍ പൂര്‍ത്തിയാക്കി. ലൈഫ് രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിച്ചത് 88651 വീടുകളാണ്. അന്ന് ആരംഭിച്ച ലൈഫ് മൂന്നാം ഘട്ടത്തില്‍ 3667 പേര്‍ ഭൂമി ആര്‍ജ്ജിച്ചിട്ടുണ്ട്. ഭവന സമുച്ചയത്തിലൂടെ 362 പേരെ പുനരധിവസിപ്പിക്കാനും സാധിച്ചു. പി എം എ വൈ ലൈഫ് അര്‍ബ്ബനിലൂടെ 68445 വീടുകളും പി എം എ വൈ റൂറലിലൂടെ 17401 വീടുകളും യാഥാര്‍ത്ഥ്യമാക്കി. പട്ടിക ജാതി വികസന വകുപ്പ് 22605 വീടുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പട്ടിക വര്‍ഗ വികസന വകുപ്പ് 1558 വീടുകള്‍ സാക്ഷാത്കരിച്ചു. മത്സ്യ തൊഴിലാളി വകുപ്പ് നിര്‍മിച്ച 4456 വീടുകളും ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ 2363 വീടുകളും ചേരുമ്പോള്‍ കഴിഞ്ഞ സര്‍ക്കാര്‍ പാവങ്ങള്‍ക്കായി നിര്‍മിച്ച് നല്‍കിയത് 262131 വീടുകളാണ്.

ഭൂ ലഭ്യത കുറഞ്ഞ ഇടങ്ങളില്‍ ഭവന സമുച്ചയങ്ങള്‍

ഭവന സമുച്ചയങ്ങള്‍ക്കും അക്കാലത്ത് തുടക്കമിട്ടിരുന്നു. ഭൂമിയുടെ ലഭ്യത കുറവായ ഇടങ്ങളില്‍ ഫ്ളാറ്റുകള്‍ നിര്‍മിച്ച് ഭവന രഹിതരെ അവിടേക്ക് പുനരധിവസിപ്പിക്കുന്ന നടപടി ജനപക്ഷമായ ഇടപെടലിന്റെ മറ്റൊരു മുഖമായിരുന്നു. ലൈഫ് മിഷനിലൂടെ ഭവന രഹിതര്‍ക്ക് വേണ്ടി 39 ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. 2022 മാര്‍ച്ച് 22ന് മുമ്പ് നാല് സമുച്ചയങ്ങള്‍ പൂര്‍ത്തീകരിക്കും. 44 യൂണിറ്റുകളുള്ള ഭവന സമുച്ചയങ്ങളാണ് ഈ നാലെണ്ണവും. കൊല്ലം ജില്ലയിലെ പുനലൂരും കോട്ടയത്ത് വിജയപുരത്തും ഇടുക്കി കരിമണ്ണൂരിലും കണ്ണൂരിലെ കടമ്പൂരിലും സമയ ബന്ധിതമായി നിര്‍മ്മാണം പൂര്‍ത്തിയാക്കി, ഭവന രഹിതരായ കുടുംബങ്ങള്‍ക്ക് നല്‍കും.

ബാക്കിയുള്ള ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണവും പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. 2022 മെയ് 31ന് മുമ്പ് ആറ് ഭവന സമുച്ചയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. 2022 ആഗസ്റ്റ് 22ന് മുമ്പ് 13 ഭവന സമുച്ചയങ്ങളും 2022 ഒക്ടോബര്‍ 22ന് മുമ്പ് അഞ്ച് ഭവന സമുച്ചയങ്ങളും നിര്‍മ്മാണം പൂര്‍ത്തിയാക്കി ഭവനരഹിതര്‍ക്ക് നല്‍കും. പാര്‍ട്ട്ണര്‍ഷിപ്പ് പ്രോജക്‌ടിൽ മൂന്ന് ഭവന സമുച്ചയങ്ങളാണ് നിര്‍മ്മിക്കുന്നത്. ഇവയുടെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. എട്ട് ഭവന സമുച്ചയങ്ങളില്‍ തടസ്സങ്ങള്‍ ഉയര്‍ത്തിയതിന്റെ ഭാഗമായി നിര്‍മ്മാണം മുടങ്ങിയിട്ടുണ്ട്. ഇതൊക്കെ രമ്യമായി പരിഹരിച്ച് സമുച്ചയങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.