വയല്‍ ആകാശത്തെ പ്രണയിക്കുന്നിടം
രമേഷ്‌കുമാര്‍ വെള്ളമുണ്ട
വിശാലമായ വയല്‍ മാറി മാറി വരയ്ക്കുന്ന ഭാവങ്ങളാണ് വനത്തിന് നടുവിലെ ചേകാടിയെന്ന ഗ്രാമം. വയനാടന്‍ വയലുകളുടെ ഉള്‍ത്തുടിപ്പുകള്‍ ഇന്നും പരിപാലിക്കുന്ന ഒരു കൂട്ടം മനുഷ്യരും അവരുടെ ജീവിത പരിസരങ്ങളുമാണ് ചേകാടിയിലേക്ക് മാടി വിളിക്കുന്നത്. നെല്ലും ജീവിതവും തമ്മിലിണങ്ങുന്ന ഈ ഗ്രാമത്തിന്റെ നന്മകള്‍ക്ക് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. കാടിന് നടുവിലെ ഈ പാടശേഖരങ്ങള്‍ ഏത് പ്രതികൂല കാലാവസ്ഥയിലും തരിശിടാറില്ല. നൂറ്റാണ്ടിലെ പ്രളയ കാലത്തെയെല്ലാം തോല്‍പ്പിച്ചും മുന്നേറിയതാണ് ഇവരുടെ ജീവിത ഗാഥകള്‍. കാട്ടാനകളും കടുവകളുമെല്ലാം വിഹരിക്കുന്ന കാട്ടുപാതകള്‍ പിന്നിട്ടു വേണം ചേകാടിയിലെത്താന്‍. ബാവലി വഴിയും പാക്കം വഴിയും പുല്‍പ്പള്ളി വഴിയുടെ ചേകാടിയിലെത്താം. യാത്ര ഏതു വഴിയായാലും കാട് കടക്കാതെ ഈ ഗ്രാമത്തിലെത്താന്‍ കഴിയില്ല. വന വിസ്‌തൃതിയ്‌ക്ക് നടുവില്‍ ഇവര്‍ പ്രതികൂലമായ സാഹചര്യങ്ങളെയെല്ലാം തോല്‍പ്പിക്കും. കാടിന് നടുവിലെ ചേകാടിക്ക് ഇപ്പോഴും കലര്‍പ്പില്ലാത്ത ഗന്ധകശാലയുടെ മണമുണ്ട്.
വയനാടിന്റെ തനതു നെല്ലും ഭൗമ സൂചികയില്‍ ഇടം തേടിയതുമായ ഗന്ധകശാല വിളയുന്ന ഏറ്റവും വലിയ പാട ശേഖരവും ഇവിടെയാണ്. പരമ്പരാഗത നെല്‍ക്കൃഷിയില്‍ കാലത്തോട് ഇന്നും പ്രതിരോധം തീര്‍ക്കുന്ന കര്‍ഷകരുടെ സ്വന്തം ഗ്രാമമാണിത്. വിഷം തൊടാത്ത മണ്ണില്‍ ഇവരെഴുതുന്ന ജീവിതമാണ് നെല്ലിനോളം പൊലിമയുള്ള ചേകാടിയുടെ ചരിത്രം.
പരമ്പരാഗത ജീവിത രീതികള്‍ക്കും ഗ്രാമീണ ടൂറിസത്തിനും പ്രാധാന്യം നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന സസ്റ്റെയിനബിള്‍ ടാന്‍ജിബിള്‍ റെസ്‌പോണ്‍സിബിള്‍ എക്‌സീപിരിയൻഷ്യൽ എത്‌നിക് ടൂറിസം ഹബ്ബ് (സ്ട്രീറ്റ്) പദ്ധതിയില്‍ വയനാടു നിന്ന് ചേകാടിയെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പച്ച പുതച്ച വന ഗ്രാമം
മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വയനാടന്‍ കാടിനുള്ളിലെ കുടിയേറ്റത്തിന്റെയും കാര്‍ഷിക ജീവിതത്തിന്റെയും കഥ പറയുകയാണ് ചേകാടി ഗ്രാമം. നാല് ഭാഗവും വനത്താല്‍ ചുറ്റപ്പെട്ട ഈ ഗ്രാമത്തില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും മുമ്പ് ബാസല്‍ മിഷന്‍ വിദ്യാലയം സ്ഥാപിച്ചു. ഇന്നത് സര്‍ക്കാര്‍ എല്‍.പി സ്‌കൂളാണ്. ഏതു സമയവും വന്യ മൃഗങ്ങള്‍ വിഹരിക്കുന്ന കാട്ടു പാതകള്‍ കടന്ന് പുല്‍പ്പള്ളിയില്‍ നിന്നും വന്നെത്തുന്ന ഒരു കെ.എസ്.ആര്‍.ടി.സി ബസ്സാണ് ഈ ഗ്രാമത്തിന്റെ പൊതു യാത്രാ മാര്‍ഗം. നൂറ്റിയമ്പത് കുടുംബം മാത്രമുള്ള ചേകാടി ഗ്രാമത്തില്‍ മുക്കാല്‍ ഭാഗവും ആദിവാസികളാണ് താമസക്കാര്‍. കൃഷി തലമുറകളായി ചേകാടിക്ക് കൈമാറി കിട്ടിയ വരദാനമാണ്. മെലിഞ്ഞുണങ്ങിയ കബനി ഒഴുക്കിനെ വീണ്ടെടുക്കുമ്പോള്‍ നരച്ച വയലുകളില്‍ ചതുരക്കളങ്ങളായി ഞാറ്റു പാടങ്ങളാണ് ആദ്യം ഒരുങ്ങുക.
കൊമ്മകളിലും പത്തായത്തിലുമായി ഉണക്കി സൂക്ഷിച്ച നെല്‍ വിത്തുകളാണ് ചേറ് പുരണ്ട പാടത്തേക്ക് ആദ്യ വിതയ്ക്കുക. ഓരോ നെല്ലിനങ്ങള്‍ക്കും പ്രത്യേകമായി ഇടമുണ്ട്. കാര്‍ഷിക കലണ്ടറിന്റെ താളം തെറ്റാതെ ഇതെല്ലാം കര്‍ഷകര്‍ക്ക് മനപാഠമാണ്.
ചേകാടിയിലേക്കുള്ള കുടിയേറ്റത്തിന് മൂന്ന് നൂറ്റാണ്ടിലധികം പഴക്കമുണ്ട്. കര്‍ണ്ണാടകയില്‍ നിന്നും കാട് കടന്നെത്തിയവരാണ് ഇവിടുത്തെ ആദിമ താമസക്കാര്‍ എന്നാണ് നിഗമനം. അടിയ, പണിയ, ഊരാളി, കാട്ടുനായ്ക്ക വിഭാഗക്കാരും ചെട്ടിമാരും ചേര്‍ന്നെഴുതിയതാണ് ചേകാടിയുടെ ചരിത്രം. 225 ഏക്കറോളം വയലും നാല്‍പ്പത് ഏക്കറോളം തോട്ടങ്ങളുമുണ്ട്.
150 ലധികം വരുന്ന കുടുംബങ്ങള്‍ ഈ വയലില്‍ കര്‍ഷകരും ഒരേ സമയം തൊഴിലാളികളുമായി ജീവിതം പൂരിപ്പിക്കുന്നു. 93 ആദിവാസി കുടുംബങ്ങളാണ് ഇവിടെയുള്ളത്. പുറം ലോകത്തില്‍ നിന്നും അകലെയാണെങ്കിലും ചേകാടിക്ക് സ്വന്തമായൊരു നിലനില്‍പ്പിന്റെ ചരിത്രമുണ്ട്. അത് മണ്ണിനോടുള്ള അടുപ്പത്തിന്റെയും വന്യ മൃഗങ്ങളോടുള്ള പോരാട്ടത്തിന്റെയും ചരിത്രമാണ്