മുണ്ടേരി എന്ന മുഖമുദ്ര

സ്വാതി പി

പടവുകള്‍ കയറിച്ചെന്നാല്‍ വിശാലമായ മുറ്റം. വലതു വശത്ത് നിരപ്പായ പാത. കല്ലു പാകിയ മുറ്റത്തിന്റെ വിടവുകളില്‍ അലങ്കാരപ്പുല്ലുകള്‍. അവിടവിടെയായി കോണ്‍ക്രീറ്റില്‍ തീര്‍ത്ത ഇരിപ്പിടങ്ങള്‍. ഇടവേളകളില്‍ കുശലം പറഞ്ഞ് ഇത്തിരി നേരമൊന്നിരിക്കാന്‍ പറ്റിയ ഇടം. മുറ്റത്തിന്റെ മൂന്നു വശങ്ങളിലായി കെട്ടിടങ്ങള്‍. 28 സ്‌മാർട്ട് ക്ലാസ് മുറികള്‍. പഴയ ബ്ലാക്ക് ബോര്‍ഡിന് പകരം ക്ലാസ് റൂം സാങ്കേതിക വിദ്യയുടെ ഭാവിയായ ഇന്ററാക്റ്റീവ് ഫ്ളാറ്റ് പാനല്‍ (ഐ എഫ് പി). ഓല ഷെഡ്ഡിലെ പൊട്ടിയ മര ബെഞ്ചുകളില്‍ ഇളകിയാടിയ സ്വപ്‌നങ്ങളല്ല ഇന്ന് കണ്ണൂര്‍ മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികളുടേത്. നാടൊന്നാകെ കണ്ട ഒരു കനവ് സംഘാടന മികവിന്റെ സുവര്‍ണ ശോഭയില്‍ സാര്‍ഥകമായതിന്റെ തിളക്കങ്ങളാണെങ്ങും. സംസ്ഥാന സര്‍ക്കാറിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിനൊപ്പം മുണ്ടേരി മുദ്രാ വിദ്യാഭ്യാസ പദ്ധതി എന്ന തനത് ചിന്തയും കൂടി കൈകോര്‍ത്തപ്പോള്‍ ലോകോത്തര നിലവാരത്തിലേക്കുയര്‍ന്നിരിക്കുന്നു ഈ പൊതു വിദ്യാലയം. പൊതു മേഖലാ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ നിധി ഫലപ്രദമായി സ്വരുക്കൂട്ടി വിനിയോഗിച്ചതിന്റെ മികവാര്‍ന്ന മാതൃക.

ഏറ്റവും നൂതനമായ രീതിയില്‍ കുട്ടികളെ പഠിപ്പിക്കാന്‍ സാധിക്കുന്ന ഐ എഫ് പി സംവിധാനം സ്‌മാർട്ട് ഫോൺ  ഉപയോഗിക്കുന്ന ലാഘവത്തോടെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കൈകാര്യം ചെയ്യാന്‍ കഴിയും. സിലബസ് അടിസ്ഥാനമാക്കിയുള്ള വീഡിയോയും മറ്റ് പഠന സാമഗ്രികളും പാനലില്‍ എംബെഡ് ചെയ്‌തിരിക്കുന്നു. ഇതോടെ സാധാരണ പ്രൊജക്റ്ററുകള്‍, സ്‌ക്രീനുകള്‍ എന്നിവ ക്ലാസ് മുറികളില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കി. 18 ക്ലാസ് റൂമുകള്‍ കൂടി സ്‌മാർട്ട് ക്ലാസ് റൂമുകള്‍ ആക്കും. അതിനായുള്ള പ്രവൃത്തി പുരോഗമിക്കുന്നു. ആധുനിക സൗകര്യങ്ങളോടെ വുഡന്‍ പാനലിംഗും ഇന്റീരിയറും ചെയ്‌ത് മനോഹരമാക്കിയ ക്ലാസ്സ് മുറികളിൽ സൗണ്ട് സിസ്റ്റം, എഴുതുന്നതിനും കൂടി സൗകര്യമുള്ള പ്രത്യേകം കസേരകള്‍, മേശ, വിദ്യാര്‍ഥികള്‍ക്കായി അലമാരകള്‍ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. ക്ലാസ് മുറികള്‍ എയര്‍ കണ്ടീഷന്‍ ചെയ്യാനൊരുങ്ങുകയാണ്.

ഉറപ്പാക്കുന്നത് അന്തര്‍ദേശീയ നിലവാരം

മികച്ച രൂപകല്‍പനയില്‍ ആകര്‍ഷകമായി നിര്‍മിച്ച ആധുനിക കെട്ടിടങ്ങള്‍, ഐ എഫ് പി പാനലുള്ള സ്‌മാർട്ട് ക്ലാസ് റൂമുകൾ, സ്‌മാർട്ട് ലാബുകള്‍, ഡിജിറ്റല്‍ ലൈബ്രറി, പ്ലാനറ്റേറിയം, സ്‌പോർട്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍, സിമ്മിങ് പൂള്‍, ആംഫി തിയറ്റര്‍, ഓഡിറ്റോറിയം, സ്‌പോർട്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍, സോളാര്‍ പാനല്‍, വിശാലമായ എ.സി ഡൈനിംഗ് ഹാള്‍, അടുക്കള എന്നിങ്ങനെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളുമായി 40 കോടിയോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മുണ്ടേരി ജി.എച്ച്.എസ്.എസില്‍ നടക്കുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി ഫണ്ടില്‍ നിന്ന് 3.30 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ വിഹിതമായി 4.55 കോടി രൂപയും കെട്ടിട നിര്‍മാണം, സ്റ്റേജ്, ആംഫി തിയറ്റര്‍, ഫ്‌ളഡ്‌ലിറ്റ് കളിസ്ഥലം, ഫുട്ബോള്‍, ബാസ്‌ക്കറ്റ്‌ ബോള്‍, വോളിബോള്‍ കോര്‍ട്ടുകള്‍, ലിഫ്റ്റ് എന്നിവയുടെ നിര്‍മാണത്തിനായി അനുവദിച്ചിട്ടുണ്ട്. പ്ലാനറ്റേറിയത്തിനും കെട്ടിട നിര്‍മാണത്തിനുമായി മുന്‍ എം.പി കെ.കെ. രാഗേഷിന്റെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 7.5 കോടി നല്‍കി. കെട്ടിട നിര്‍മാണത്തിനും സ്‌കൂള്‍ വളപ്പില്‍ റാമ്പും പടികളും ഉണ്ടാക്കാനായി രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എയുടെ ഫണ്ടില്‍നിന്ന് 1.01 കോടിയും അനുവദിച്ചിട്ടുണ്ട്.

ഇതിന് പുറമെ 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ നിധിയില്‍ നിന്ന് 20.12 കോടി രൂപ കൂടി സമാഹരിക്കാന്‍ കഴിഞ്ഞതിലൂടെയാണ് പൂര്‍ണമായും വുഡന്‍ പാനല്‍ ചെയ്‌ത് ഐ എഫ് പി പാനലുകള്‍ സ്ഥാപിച്ച ക്ലാസ് മുറികളിലേക്കെത്താനായത്.

ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുണ്ടേരി പഞ്ചായത്ത് പരിധിയില്‍ നിന്നും സ്വരൂപിച്ചതും പൂര്‍വ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും സംഭാവനയായി ലഭിച്ചതുമടക്കം 30 ലക്ഷം രൂപയും കൂടി ഇതിനൊപ്പം ചേര്‍ത്തു.

സ്‌മാർട്ട് ലാബും 24 മണിക്കൂര്‍ ഡിജിറ്റല്‍ ലൈബ്രറിയും

കുട്ടികള്‍ക്ക് സ്വന്തമായി ഗവേഷണം നടത്താനുള്ള അത്യാധുനിക സൗകര്യങ്ങളുള്ള കെമിസ്ട്രി, ഫിസിക്‌സ്, ബോട്ടണി-സുവോളജി, കമ്പ്യൂട്ടര്‍ ലാബുകള്‍ മുണ്ടേരി സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്. ഗവേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും കൂടി ഉപകരിക്കുന്ന 24 മണിക്കൂറൂം പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ലൈബ്രറി ബ്ലോക്ക് 1.75 കോടി രൂപ ചെലവില്‍ ഒരുങ്ങുന്നു. ഒരേ സമയം 60 കുട്ടികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാവും. പ്ലാനറ്റേറിയം ബ്ലോക്കില്‍ ആകാശ കാഴ്‌ടകൾ കാണാന്‍ സാധിക്കുന്ന തരത്തില്‍ സജ്ജീകരിച്ച 60 സീറ്റുകളും ത്രീഡി കാഴ്‌ച ലഭിക്കുന്ന 40 സീറ്റുകളുമാണ് ഒരുക്കുക.

മാതൃകയായി മുണ്ടേരി മുദ്രാ വിദ്യാഭ്യാസ പദ്ധതി

മുണ്ടേരിയിലെ സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളിന് ലോകോത്തരമായ പഠനാന്തരീക്ഷം നല്‍കണമെന്ന ചിന്തയില്‍ നിന്നാണ് 2017-ല്‍ രാജ്യസഭാംഗമായിരുന്ന കെ.കെ. രാഗേഷ് ചെയര്‍മാനായി മുണ്ടേരി മുദ്ര വിദ്യാഭ്യാസ പദ്ധതിയുടെ പിറവി. മുണ്ടേരി ഗ്രാമ പഞ്ചായത്തിലെ 20 വാര്‍ഡുകളിലും മുദ്ര വിദ്യാഭ്യാസ സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന സ്‌കൂളുകളുടെ ക്ലസ്റ്റര്‍ കേന്ദ്രമാണ് മുണ്ടേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. മുദ്ര വിദ്യാഭ്യാസ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക അംഗീകാരം നല്‍കി വിഭവ സമാഹരണത്തിനും ആസ്‌തി പരിപാലനത്തിനും പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌കൂള്‍ വിഭവങ്ങള്‍ പൊതു സമൂഹത്തിനും ലഭ്യമാക്കുന്ന രീതിയിലാണിത്. സര്‍ക്കാര്‍ ഫണ്ടിനൊപ്പം പൊതു മേഖലാ സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ടാണ് പദ്ധതിയുടെ സാമ്പത്തിക സ്രോതസ്സ്. ജില്ലാ പഞ്ചായത്താണ് കമ്പനികളുമായി കരാര്‍ ഒപ്പിടുന്നത്. ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ മുദ്ര വിദ്യാഭ്യാസ സമിതിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആയിരത്തോളം കുട്ടികളാണ് നിലവില്‍ സ്‌കൂളില്‍ പഠിക്കുന്നതെങ്കിലും 2500 ഓളം കുട്ടികള്‍ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. മുദ്ര സമിതി ചെയര്‍മാന്‍ കെ.കെ. രാഗേഷ്, വൈസ് ചെയര്‍മാന്‍ മുണ്ടേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പങ്കജാക്ഷന്‍, ജനറല്‍ കണ്‍വീനര്‍ പി.പി. ബാബു മാസ്റ്റര്‍, ഹെഡ് മാസ്റ്റർ കെ. ഹരീന്ദ്രന്‍, പ്രിന്‍സിപ്പല്‍ എം മനോജ് കുമാർ, കെ. ശിവദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ആസൂത്രണം, വിഭവ സമാഹാരണം, നടത്തിപ്പ്, നിര്‍മാണം എന്നിവയാല്‍ മറ്റുള്ളവര്‍ക്കും പിന്തുടരാവുന്ന സവിശേഷമായ മാതൃകയാണ് മുണ്ടേരി  മുന്നോട്ടു വെയ്ക്കുന്നത്.