മലയാള സിനിമയ്ക്ക് രാജ്യാന്തര വേദികള്‍ ഉറപ്പാക്കും
രഞ്ജിത്ത്/ എന്‍ പി മുരളീ കൃഷ്‌ണൻ
ചെയര്‍മാന്‍ എന്ന നിലയില്‍ അക്കാദമി പ്രവര്‍ത്തനങ്ങളെ എങ്ങനെ വിപുലീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?
മലയാള സിനിമയുടെ വളര്‍ച്ചയ്ക്കായി രാജ്യാന്തര വേദികള്‍ ഉറപ്പാക്കാനും, ഫെസ്റ്റിവല്‍ വിപുലപ്പെടുത്താനും സർക്കാരിൻ്റെ നിര്‍ദ്ദേശ പ്രകാരം എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതൊക്കെ സാധ്യമാക്കാനാണ് ചെയര്‍മാന്‍ എന്ന നിലയില്‍ ലക്ഷ്യമിടുന്നത്. പ്രധാനമായും ഇപ്പോള്‍ രണ്ടു വലിയ പദ്ധതികളാണ് അക്കാദമിയുടെ മുന്നിലുള്ളത്. ആദ്യത്തേത് ഫെസ്റ്റിവല്‍ കോംപ്ലക്‌സ് ആണ്. ചലച്ചിത്രോല്‍സവത്തിന് ഒരു സ്ഥിരം വേദി വേണമെന്ന് കാലങ്ങളായി ആവശ്യമുയര്‍ന്നിട്ടും സ്ഥല ലഭ്യത എന്ന തടസ്സത്തില്‍ തട്ടി അത് മുടങ്ങിക്കിടക്കുകയായിരുന്നു. അതു കൊണ്ടു തന്നെ നഗര പരിധിക്കുള്ളില്‍ ഒരു ഫെസ്റ്റിവല്‍ കോംപ്ലക്‌സ് രൂപീകരിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടു പോകും. മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും വിദേശ വിപണിയിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും അവസരമൊരുക്കാനുള്ള സ്ഥിരം സംവിധാനം ഇതിൻ്റെ ഭാഗമായിരിക്കും. മറ്റൊരു പദ്ധതി മലയാള സിനിമയ്ക്ക് സമഗ്രമായ ഒരു മ്യൂസിയം ഒരുക്കുക എന്നതാണ്. മുംബൈ ഫിലിംസ് ഡിവിഷന്‍ കോംപ്ലക്‌സിലുള്ള നാഷണല്‍ മ്യൂസിയം ഓഫ് ഇന്ത്യന്‍ സിനിമയുടെ അതേ മാതൃകയില്‍ മലയാള സിനിമാ മ്യൂസിയം നിര്‍മ്മിക്കാനുള്ള പദ്ധതി നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കിന്‍ഫ്ര ഫിലിം ആൻ്റ് വീഡിയോ പാര്‍ക്കില്‍ അക്കാദമിയുടെ ആസ്ഥാന മന്ദിരത്തോടു ചേര്‍ന്നാണ് മ്യൂസിയം വിഭാവനം ചെയ്‌തിരിക്കുന്നത്. സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇത് മൂന്നു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്താണ് ഈ മ്യൂസിയത്തില്‍ ഉണ്ടാവുക?
മലയാള സിനിമയുടെ സമഗ്രമായ ചരിത്രമാവും ഇവിടെ ദൃശ്യപരമായി രേഖപ്പെടുത്തുന്നത്. ചലച്ചിത്ര ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന പ്രതീതി കാഴ്‌ചക്കാരനു ലഭിക്കുന്ന വിധത്തില്‍ ക്രമാനുഗതമായ രീതിയില്‍ ആവും ഇതില്‍ ചരിത്ര വസ്‌തുതകൾ അവതരിപ്പിക്കുന്നത്. ഇൻ്ററാക്‌ടീവ് ഡിജിറ്റല്‍ സ്‌ക്രീനുകള്‍, ഇന്‍ഫര്‍മേഷന്‍ അധിഷ്‌ഠിത സ്‌ക്രീന്‍ ഇൻ്റർഫേസ്, മള്‍ട്ടി മീഡിയ കയോസ്‌ക് എന്നീ ഡിജിറ്റല്‍ സാങ്കേതിക സംവിധാനങ്ങള്‍ ഇതിനായി ഉപയോഗിക്കും. സിനിമാ പോസ്റ്ററുകള്‍, നോട്ടീസുകള്‍, പാട്ടു പുസ്‌തകങ്ങൾ, പഴയകാല ചലച്ചിത്ര പ്രസിദ്ധീകരണങ്ങള്‍, ചലച്ചിത്ര ഉപകരണങ്ങള്‍, പ്രിൻ്റുകൾ, ഫിലിം പെട്ടികള്‍, ചലച്ചിത്ര പ്രവര്‍ത്തകരുടെ കത്തുകള്‍, തിരക്കഥകളുടെ കൈയെഴുത്തു പ്രതികള്‍ എന്നിവ എക്‌സിബിഷന്‍ ഹാളില്‍ പ്രദര്‍ശനത്തിനായി സജ്ജീകരിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ ചലച്ചിത്ര ഗവേഷകര്‍ക്കു വരെ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന പദ്ധതിക്ക് മുന്‍ഗണന നല്‍കും.
ഇത്തവണത്തെ ഐ.എഫ്.എഫ്‌കെ കോവിഡിൻ്റെ പശ്ചാത്തലത്തില്‍ മാറ്റി വച്ചിരിക്കുകയാണല്ലോ?
ഇപ്പോഴത്തെ സാഹചര്യങ്ങള്‍ മാറിയാല്‍ ഉടന്‍ ഫെസ്റ്റിവല്‍ നടത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. മേളയ്ക്കായി ഒരുക്കങ്ങള്‍ നടക്കുന്നുണ്ട്. പുതുക്കിയ തീയതി കോവിഡ് സാഹചര്യം മാറുന്നതിന് അനുസരിച്ച് പ്രഖ്യാപിക്കും.
എന്താണ് ഇത്തവണത്തെ മേളയുടെ സവിശേഷത?
ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മത്സര വിഭാഗം, മാസ്റ്റേഴ്‌സ് ഉള്‍പ്പെടെയുള്ളവരുടെ ഏറ്റവും പുതിയ സിനിമകള്‍ ഉള്‍പ്പെടുത്തിയ ലോക സിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ ഇന്ന്, മലയാള സിനിമ ഇന്ന് എന്നിവയൊക്കെ ഇക്കുറി ഉണ്ടാകും. അന്തരിച്ച നടന്‍ നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള റെട്രോസ്‌പെക്റ്റീവും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ഫിപ്രസ്‌കി പുരസ്‌കാരം കിട്ടിയ സിനിമകളുടെ പാക്കേജ് ഫിപ്രസ്‌കി ക്രിട്ടിക്‌സ് വീക്ക് എന്ന പേരില്‍ പ്രദര്‍ശിപ്പിക്കും. സംഘര്‍ഷ ഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന ഫിലിംസ് ഫ്രം കോണ്‍ഫ്‌ളിക്റ്റ് എന്ന പാക്കേജ് ഇത്തവണത്തെ ആകര്‍ഷണങ്ങളിലൊന്നാണ്. അഫ്‌ഗാനിസ്ഥാൻ, ബര്‍മ, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുര്‍ദിഷ് ഭാഷയില്‍ നിന്നുള്ള സിനിമകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ചലച്ചിത്ര മേള കഴിഞ്ഞ തവണത്തെ പോലെ വിവിധ മേഖലകളിലായാണോ നടത്തുന്നത് ?
അല്ല. സ്ഥിരം വേദിയായ തിരുവനന്തപുരത്ത് തന്നെയാകും നടക്കുക.
ആര്‍ക്കാണ് മേളയില്‍ മുന്‍തൂക്കം നല്‍കുന്നത്?
മേളയുടെ കാഴ്‌ചക്കാരായി ഒരു പുതിയ തലമുറയെ സൃഷ്‌ടിക്കുന്നതിനാണ് അക്കാദമി മുന്‍ തൂക്കം നല്‍കുന്നത്. അതു കൊണ്ടു തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന ഡെലിഗേറ്റ് പാസുകളുടെ എണ്ണം ഇക്കുറി വര്‍ധിപ്പിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനും അനുവദിക്കുന്നുണ്ട്.
ലോക സിനിമാ ഭൂപടത്തില്‍ നമ്മുടെ മേളയുടെ ഇടവും പ്രസക്തിയും ഇനിയും ഉറപ്പിക്കേണ്ടതുണ്ടോ?
ലോക സിനിമയിലെ മാറ്റങ്ങള്‍ മലയാളിക്ക് പരിചയപ്പെടുത്തിക്കൊണ്ട് മലയാള സിനിമയെ പ്രമേയപരമായും സാങ്കേതികമായും നവീകരിക്കുന്നതില്‍ ഐ.എഫ്.എഫ്.കെ നിര്‍ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. മലയാളത്തിലെ സമാന്തര സിനിമയുടെ മാത്രമല്ല മുഖ്യധാരാ സിനിമയുടെ രൂപവും ഉള്ളടക്കവും അഴിച്ചു പണിയുന്നതിലും ഈ മേള സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതു കൊണ്ടു കൂടിയാണ് നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലേക്ക് മലയാള സിനിമകള്‍ തിരഞ്ഞെടുക്കപ്പെടുന്നത്. മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ശ്രദ്ധയും പരിഗണനയും ലഭിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കും.
മലയാള സിനിമയ്ക്ക് ലോക വിപണി ഒരുക്കാന്‍ അക്കാദമിയുടെ ഫിലിം മാര്‍ക്കറ്റിലൂടെ എത്ര മാത്രം സാധിച്ചിട്ടുണ്ട്?
ഫിലിം മാര്‍ക്കറ്റ് എന്നത് ഐ.എഫ്.എഫ്.കെയോടനുബന്ധിച്ചുള്ള ഒരു സംവിധാനമാണ്. മലയാള സിനിമയുടെ അന്തര്‍ ദേശീയ തലത്തിലുള്ള വിപണനം എന്നത് ഒരു സ്ഥിരം സംവിധാനമാക്കിയാല്‍ മാത്രമേ അതിൻ്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുകയുള്ളൂ. അതിനായി മലയാള സിനിമ പ്രൊമോഷന്‍ യൂണിറ്റ് എന്ന ഒരു സ്ഥിരം സംവിധാനം ഒരുക്കാനുള്ള നിര്‍ദേശം നടപ്പു സാമ്പത്തിക വര്‍ഷത്തെ പദ്ധതി നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അന്തര്‍ ദേശീയ, ദേശീയ തലത്തിലുള്ള ചലച്ചിത്ര മേളകളുടെ പ്രോഗ്രാമര്‍മാര്‍, സെയില്‍സ് ഏജൻ്റുമാർ, ക്യുറേറ്റര്‍മാര്‍ എന്നിവരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുകയും മലയാളത്തിലെ പുതിയ സിനിമകളെ പരിചയപ്പെടുത്തുകയും ചെയ്യുന്ന ഇത്തരമൊരു സ്ഥിരം സംവിധാനത്തിൻ്റെ സാധ്യത പരിശോധിക്കും.