രാമു കാര്യാട്ട്

ഇരുപത്തി രണ്ടു വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ 12 സിനിമകള്‍ മാത്രമാണ് മലയാള ചലച്ചിത്ര ചരിത്രത്തിലെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായ രാമു കാര്യാട്ടിന്റെ പേരിലുള്ളത്. മികച്ച സിനിമയ്ക്കുള്ള പ്രസിഡന്റിന്റെ സ്വര്‍ണ മെഡല്‍ ദക്ഷിണേന്ത്യയിലേക്കു ആദ്യമായി കൊണ്ടു വന്ന, ക്ലാസിക്കായി മാറിയ ചെമ്മീന്‍ മുതല്‍ കാവ്യാത്മകമായ അഭയവും കുട്ടികള്‍ക്കു വേണ്ടിയുള്ള ചെറു സിനിമ അമ്മുവിന്റെ ആട്ടിന്‍ കുട്ടിയും വരെയുള്ള ചലച്ചിത്രങ്ങള്‍ ഇവയിലുണ്ട്. ജനങ്ങള്‍ അന്ന് തീരെ സ്വീകരിക്കാത്ത സിനിമകളും അദ്ദേഹത്തിന്റേതായുണ്ട്. എന്നാല്‍ ഈ സിനിമകളെല്ലാം തന്നെ ചലച്ചിത്ര കലയോട് അടങ്ങാത്ത അഭിനിവേശമുള്ള, സാമ്പ്രദായികതയുടെ മടുപ്പിക്കുന്ന നിശ്ചലതയെ മറി കടന്നു പുതിയ ഒഴുക്കുകളിലേക്കു കൂപ്പു കുത്താന്‍ ധീരത കാണിച്ച ഒരാളുടെ സൃഷ്‌ടികളായി ഇന്ന് അംഗീകരിക്കപ്പെടുന്നു. സ്റ്റുഡിയോകള്‍ക്കുള്ളില്‍ പടച്ചു വിടുന്ന തമിഴ് സിനിമകളുടെ വികലമായ അനുകരണങ്ങളില്‍ തളഞ്ഞു കിടന്ന മലയാള സിനിമയെ യാഥാര്‍ഥ്യത്തിന്റെ പരുപരുപ്പിലേക്കു മുഖം തിരിപ്പിച്ച നീലക്കുയില്‍ (1954) മുതല്‍ തുടങ്ങുന്നു ആ പുതുവഴി വെട്ടല്‍. പി.ഭാസ്‌കരന്‍ മാഷിനൊപ്പം നീലക്കുയില്‍ സംവിധാനം ചെയ്യുമ്പോള്‍ 25 വയസ്സ് മാത്രമായിരുന്നു രാമുവിന്. ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ആദ്യ മലയാള സിനിമ മാത്രമല്ല വാതില്‍പ്പുറ ചിത്രീകരണത്തിലേക്കു നീങ്ങിയ ആദ്യ മലയാള ചിത്രം കൂടിയാണത് എന്ന സവിശേഷതയുമുണ്ട്. കേരളീയ ഭൂപ്രകൃതിയും സാധാരണ മനുഷ്യരും അവരുടെ ജീവിതവും നിറഞ്ഞ ആദ്യ മലയാള സിനിമയായിരുന്നു നീലക്കുയില്‍.

തോപ്പില്‍ ഭാസിക്കൊപ്പം മുടിയനായ പുത്രന്‍, തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീന്‍, കെ.സുരേന്ദ്രന്റെ മായ, എസ്.കെ.പൊറ്റെക്കാടിന്റെ മൂടുപടം, പി. വത്സലയുടെ നെല്ല്, കാലടി ഗോപിയുടെ ഏഴു രാത്രികള്‍, പെരുമ്പടവം ശ്രീധരന്റെ അഭയം എന്നിവയാണ് രാമു കാര്യാട്ടിന്റെ മറ്റു പ്രധാന സിനിമകള്‍. അതോടെ മികച്ച സാഹിത്യ സൃഷ്‌ടികളെ അഭ്രപാളികളിലെത്തിക്കുന്ന പ്രവണതക്കും തുടക്കം കുറിക്കുകയായിരുന്നു. അദ്ദേഹത്തിന് ദേശീയ, അന്തര്‍ ദേശീയ ശ്രദ്ധ നേടിക്കൊടുത്ത ചിത്രമായി ചെമ്മീന്‍. മാര്‍ക്കസ് ബര്‍ട്ലിയുടെ ക്യാമറയും സലില്‍ ചൗധുരിയുടെ സംഗീതവും ഋഷികേശ് മുഖര്‍ജിയുടെ ചിത്ര സന്നിവേശവും സത്യന്‍, മധു, ഷീല, കൊട്ടാരക്കര ശ്രീധരന്‍ നായര്‍ തുടങ്ങിയവരുടെ അഭിനയത്തികവു കൊണ്ടും ഇന്നും വിസ്‌മയം ഉണര്‍ത്തുന്ന നമ്മുടെ ആദ്യ കളര്‍ ചിത്രം. മലയാളത്തിനായി നിരവധി പുരസ്‌കാരങ്ങള്‍ നേടിയ രാമുകാര്യാട്ട് അകാലത്തില്‍, 51-ാം വയസ്സിലാണ് വിട പറയുന്നത്.