ഗ്രാമങ്ങള്‍ കാര്‍ബണ്‍ ന്യൂട്രലാകുമ്പോള്‍

ഡോ.മനോജ്. പി. സാമുവല്‍,
ഡോ. ശ്രുതി. കെ.വി

ലോകം ഇന്ന് ചര്‍ച്ച ചെയ്യുന്നത് കാര്‍ബണ്‍ ന്യൂട്രല്‍ ആവാസ വ്യവസ്ഥയെയും അനുബന്ധ സമ്പദ് വ്യവസ്ഥയെക്കുറിച്ചുമാണ്. ഇക്കഴിഞ്ഞ ഗ്ലാസ്‌ഗോ ഉച്ചകോടിയിലെ പ്രധാന നിര്‍ദേശം 'നെറ്റ് സീറോ ' എന്നതാണ്, അതായത് പുറന്തള്ളുന്ന കാര്‍ബണ്‍ അതേ അളവില്‍ വലിച്ചെടുത്തു നിര്‍വീര്യമാക്കാനുള്ള സംവിധാനങ്ങളും ഒരുക്കുക. ഒപ്പം അടുത്തിടെ വന്ന കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള എ ആര്‍ -6 റിപ്പോര്‍ട്ട് കൂടി ചേര്‍ത്ത് വായിക്കണം. ഈ റിപ്പോര്‍ട്ട് അനുസരിച്ച് കാര്യങ്ങള്‍ ഇതേ പോലൊക്കെയാണ് തുടരുന്നതെങ്കില്‍ അടുത്ത രണ്ട് ദശകങ്ങള്‍ക്കുള്ളില്‍ അന്തരീക്ഷ ഊഷ്‌മാവ് ഒന്നര ഡിഗ്രിയോളം വര്‍ധിക്കും. താപം ഒരു ഡിഗ്രി കൂടുമ്പോള്‍ ഏഴു മടങ്ങായിട്ടാണ് കാലാവസ്ഥാ കെടുതികള്‍ സംഭവിക്കാനുള്ള സാധ്യത വര്‍ധിക്കുന്നത്.

അറബിക്കടലില്‍ ഇപ്പോള്‍ തന്നെ ന്യൂന മര്‍ദ്ദം മുഖേനയുള്ള ചുഴലിക്കാറ്റുകള്‍ നാനൂറ് ഇരട്ടിയായാണ് വര്‍ധിച്ചത്. ആഗോള താപനം കൂടുന്തോറും മഴയുടെയും മറ്റു കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും അളവും ക്രമവും മാറും. ഹിമാലയം തുടങ്ങിയ പര്‍വത ശിഖരങ്ങളിലേയും ധ്രുവ പ്രദേശങ്ങളിലെയും മഞ്ഞു കട്ടകള്‍ കൂടുതല്‍ ഉരുകും. തീരങ്ങള്‍ കടലെടുക്കും, വെള്ളപ്പൊക്കവും വരള്‍ച്ചയും തുടര്‍ക്കഥയാകും. ഈ പ്രതിസന്ധിയുടെ ആഴവും പരപ്പും ഇനിയും ഏറാന്‍ തന്നെയാണ് എല്ലാ സാധ്യതകളും. ഇവിടെയാണ് കാലാവസ്ഥാ മാറ്റത്തെ പ്രതിരോധിക്കാനുള്ള പുത്തന്‍ ആശയങ്ങളും സാധ്യതകളും പ്രസക്തമാകുന്നത്.

ആഗോള താപനത്തില്‍ ഭൂമിയുടെ താപനില എങ്ങനെയാണ് കൂടുന്നത് എന്ന് നോക്കാം. അന്തരീക്ഷത്തിലേക്ക് കാര്‍ബണും മറ്റു വാതകങ്ങളും ധാരാളമായി പുറന്തള്ളപ്പെടുമ്പോള്‍ ഭൂമിയോട് ചേര്‍ന്ന അന്തരീക്ഷ ഭാഗത്ത് ഇവയുടെ സാന്ദ്രത കൂടുന്നു. ഇത്തരം വാതകങ്ങളെ ഒരുമിച്ചു ചേര്‍ത്ത് ഹരിത ഗൃഹ വാതകങ്ങള്‍ എന്നാണ് പറയാറ്. മീഥൈന്‍, നൈട്രസ് ഓക്‌സൈഡ് എന്നിവയൊക്കെ ഇക്കൂട്ടത്തില്‍പെടുന്നു. ഭൗമാന്തരീക്ഷത്തിലെ ഹരിത ഗൃഹ വാതകങ്ങളുടെ സാന്ദ്രത കൂടിയ പാളി ഭൂമിയിലേക്ക് വരുന്നതും പ്രതിഫലിച്ച് തിരിച്ചു പോകുന്നതുമായ വികിരണങ്ങളെ പിടിച്ചുവെച്ച് അന്തരീക്ഷ ഊഷ്‌മാവ് കൂട്ടുന്നു. ഒരു നൂറ്റാണ്ടിലധികം എടുത്താണ് ഭൂമിയുടെ ഊഷ്‌മാവ് ഒരു ഡിഗ്രിയോളം വര്‍ധിച്ചത്. പക്ഷേ മുന്‍ പറഞ്ഞതു പോലെ ഇനി അത് ഇരട്ടിയാക്കാന്‍ ഏതാനും ദശകങ്ങള്‍ മാത്രമേ വേണ്ടി വരൂ. അതു കൊണ്ടു തന്നെ കാര്‍ബണ്‍ ഡയോക്‌സൈഡിൻ്റെയും മീഥൈന്‍ ഉള്‍പ്പെടെയുള്ള മറ്റു ഹരിത ഗൃഹ വാതകങ്ങളുടെയും അന്തരീക്ഷത്തിലെ സാന്ദ്രത കുറച്ചേ തീരു. ഇതിനായി നമുക്ക് വ്യക്തിപരമായും സാമൂഹികപരമായും എന്ത് ചെയ്യാം എന്ന് നോക്കാം.

കാര്‍ബണ്‍ മാപ്പ് എങ്ങനെ തയ്യാറാക്കും?

നാം ഉള്‍പ്പെടുന്ന പ്രദേശത്തിൻ്റെ സമഗ്രമായ ഒരു കാര്‍ബണ്‍ മാപ്പ് തയ്യാറാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഒരു ഗ്രാമം അടിസ്ഥാനമാക്കിയോ, ഒരു പഞ്ചായത്ത് വാര്‍ഡ് അടിസ്ഥാനമാക്കിയോ മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ ഡിവിഷന്‍ അടിസ്ഥാനമാക്കിയോ കുറേക്കൂടെ ശാസ്ത്രീയമായി ഒരു വാട്ടര്‍ ഷെഡ് അതായത് നീര്‍മറി പ്രദേശം അടിസ്ഥാനമാക്കിയോ കാര്‍ബണ്‍ മാപ്പിങ്ങ് നടത്താവുന്നതാണ്. ഇതിനായി പ്രദേശത്തെ എല്ലാ പ്രകൃതി വിഭവങ്ങളും പരിസ്ഥിതിയെയും സമൂഹത്തെയും ബാധിക്കുന്ന പ്രവര്‍ത്തനങ്ങളും അടയാളപ്പെടുത്തണം.

പ്രദേശത്തെ നദികള്‍, തോടുകള്‍, കായലുകള്‍, കുളങ്ങള്‍ തുടങ്ങിയ ജല വിഭവങ്ങള്‍, കാട്, കാവ്, ചതുപ്പു നിലങ്ങള്‍ തുടങ്ങിയ പ്രദേശങ്ങള്‍, കൃഷി രീതി, ഭൂവിനിയോഗം, മൃഗ സംരക്ഷണം, ഈര്‍ജ ഉപഭോഗം, മോട്ടോര്‍ വാഹനങ്ങള്‍, മലിനീകരണം തുടങ്ങിയവയെല്ലാം രേഖപ്പെടുത്തണം. ഒപ്പം കാലാ കാലങ്ങളില്‍ ഇവയിലുണ്ടാകുന്ന വ്യത്യാസങ്ങളും വ്യതിയാനങ്ങളും കൂടി അടയാളപ്പെടുത്തേണ്ടതാണ്. ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും അനുസൃതമായ തത്തുല്യമായ കാര്‍ബണ്‍ ഡയോക്‌സൈഡ് കണ്ടെത്താനുള്ള സൂത്രവാക്യങ്ങള്‍ ലഭ്യമാണ്. ഉദാഹരണത്തിന് ഊര്‍ജ ഉപഭോഗം, മോട്ടോര്‍ വാഹനങ്ങളുടെ എണ്ണത്തില്‍ ഉണ്ടാവുന്ന മാറ്റം, കൃഷി രീതിയിലും ഭൂവിനിയോഗത്തിലും ഉണ്ടാവുന്ന വ്യത്യാസം എന്നിവയൊക്കെ അനുസരിച്ച് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ബഹിർഗമനത്തിൻ്റെ  അളവും വ്യാപ്‌തിയും മാറുന്നു.