കരള്‍ മാറ്റത്തിനും ഈ ആതുരാലയം

ശിവബിന്ദു കെ.എസ്

പ്രാണനേക്കാള്‍ പ്രിയപ്പെട്ടവരുടെ ഉള്‍ത്തുടിപ്പ് നില നിര്‍ത്താനായി കരള്‍ പകുത്തു നല്‍കുന്ന ഉറ്റവരുടെ കഥകള്‍ നാം കേള്‍ക്കാറുണ്ട്. അത്തരത്തില്‍ ഈ മാസം പിന്നിടുമ്പോഴേക്കും കോട്ടയത്ത് പ്രിയതമ പകുത്തു നല്‍കിയ കരളുമായി ജീവിതത്തിലേക്ക് മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലായിരിക്കും ഗുരുതര കരള്‍ രോഗം ബാധിച്ച ഒരു മനുഷ്യന്‍. താങ്ങാനാവാത്ത പണം നല്‍കി സ്വകാര്യ ആശുപത്രികളിലല്ല, കുറഞ്ഞ ചെലവില്‍ സംസ്ഥാനത്തിന്റെ അഭിമാനമായ ഒരു സര്‍ക്കാര്‍ ആതുരാലയത്തിലാകും ഇതിനായുള്ള ശസ്ത്രക്രിയ എന്നതാണ് വ്യത്യാസം.

സര്‍ക്കാര്‍ തലത്തിലെ ആദ്യ ഹൃദയം മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു സാക്ഷ്യം വഹിച്ചതിനു പിന്നാലെയാണ് ആദ്യ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു കൂടി കോട്ടയം മെഡിക്കല്‍ കോളേജ് തയ്യാറെടുക്കുന്നത്. ഇതോടെ സ്വകാര്യ ആശുപത്രികളില്‍ 35 മുതല്‍ 40 ലക്ഷം രൂപ വരെ ചെലവു വരുന്ന ശസ്ത്രക്രിയ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ മരുന്നുകളുള്‍പ്പെടെ ആറു മുതല്‍ പത്തുലക്ഷം രൂപയ്ക്കകം നടത്താനാകും.

നിലവിലെ കാര്‍ഡിയോ തൊറാസിക് ഓപ്പറേഷന്‍ തീയറ്ററിലാണ് ആദ്യ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തുക. അതീവ ഗൗരവമേറിയ ഏഴ് ഹൃദയം മാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയകളും 234 വൃക്കമാറ്റി വെയ്ക്കല്‍ ശസ്ത്രക്രിയകളും വിജയകരമായി പൂര്‍ത്തിയാക്കിയ അനുഭവ സമ്പത്തുമായാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ ആരോഗ്യ വിദഗ്‌ധരുടെ ടീം കരള്‍ മാറ്റ ശസ്ത്രക്രിയയ്ക്കൊരുങ്ങുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി എന്ന പുതിയ വിഭാഗം ആരംഭിക്കുകയും 1.4 കോടിയുടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും ചെയ്‌തു. ആവശ്യമുള്ള ജീവനക്കാരുടെ നിയമനവും നടത്തി. ഇതിനകം മറ്റു വിഭാഗങ്ങളുടെ സഹായത്തോടെ സങ്കീര്‍ണമായ കരള്‍, ഉദര സംബന്ധമായ 70 ലധികം സര്‍ജറികള്‍ വിജയകരമായി ഇവിടെ നടത്തിയിട്ടുണ്ട്. ആരോഗ്യമന്ത്രി വീണാ ജോര്‍ജും സഹകരണ-രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍ വാസവനും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മേധാവികളുമായി കഴിഞ്ഞ സെപ്റ്റംബറില്‍ നടത്തിയ ചര്‍ച്ചയിലാണ് കരള്‍മാറ്റ ശസ്ത്രക്രിയയുടെ രൂപരേഖ തയ്യാറായത്. ശസ്ത്രക്രിയ സമയത്ത് അനിവാര്യമായ ചില യന്ത്ര-ഉപകരണങ്ങള്‍ക്ക് പണം കണ്ടെത്തുന്നതില്‍ അനിശ്ചിതത്വം നില നിന്നിരുന്ന സാഹചര്യത്തില്‍ എം.എല്‍.എ. ഫണ്ടില്‍ നിന്ന് 12 ലക്ഷം രൂപ ഉപയോഗപ്പെടുത്താമെന്ന തീരുമാനവും കൈക്കൊണ്ടു. രക്തം കട്ട പിടിക്കുന്നതിന് സഹായിക്കുന്ന ടെഗ് മെഷീന്‍, ലിവര്‍ റീസെക്ഷന്‍ മെഷീന്‍ -ക്യൂസാ (CUSA) എന്നിവയുടെ ടെന്‍ഡര്‍ നടപടികള്‍ വൈകുന്നതിനാല്‍ ഈ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ താത്കാലികമായി ഓപ്പറേഷനായി സജ്ജമാക്കിയിട്ടുണ്ട്.

പരിശീലനം നേടി വൈദ്യ സംഘം; അത്യാധുനിക സൗകര്യങ്ങള്‍

രോഗിക്കു വേണ്ടി നേരിട്ടെത്തുന്ന ദാതാവില്‍ നിന്നും അവയവം ലഭ്യമാക്കുന്നതിനും ദാതാവിന് പൂര്‍ണ പരിരക്ഷ നല്‍കുന്നതിനുമുള്ള ഐ.സി.യുവും അനുബന്ധ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ നിലവിലെ രണ്ട് ഓപ്പറേഷന്‍ തീയറ്ററുകളാണ് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി നവീകരിച്ച് ഇവിടെ പ്രത്യേകം സജ്ജമാക്കിയിരിക്കുന്നത്. മസ്‌തിഷ്‌ക മരണം സംഭവിച്ച് അവയവ ദാനത്തിനായി സമ്മത പത്രം നല്‍കിയ മൃത സഞ്ജീവനി പദ്ധതിയിലുള്‍പ്പെട്ടവരുടെ അവയവദാന ശസ്ത്രക്രിയകളും ഈ തീയറ്ററുകളില്‍ നടത്തപ്പെടും. ആദ്യ കരള്‍മാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാകുന്നതോടൊപ്പം കരള്‍മാറ്റ സാധ്യത പട്ടികയിലെ അടുത്ത മൂന്നു നാല് സര്‍ജറികളും കാര്‍ഡിയോ തൊറാസിക് ഓപ്പറേഷന്‍ തീയറ്ററില്‍ തന്നെ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ വൃക്ക മാറ്റിവെയ്ക്കലിന് ഉപയോഗിച്ചു വരുന്ന ഓപ്പറേഷന്‍ തീയറ്റര്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു കൂടി ഉപയോഗപ്പെടുത്തുമെന്ന് കാര്‍ഡിയോ തൊറാസിക് മേധാവിയും മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമായ ഡോ. റ്റി.കെ. ജയകുമാര്‍ പറഞ്ഞു.