മാനുഷികതയുടെ മാതൃക
ഡോ. അഫീഫ ചോലയില്‍
കേരളത്തിന്റെ ക്ഷേമ, വികസന മാതൃക അതിന്റെ സവിശേഷതയാല്‍ എല്ലായ്‌പ്പോഴും ജിജ്ഞാസയും ആദരവും കലര്‍ന്ന താത്പര്യം ജനിപ്പിച്ചിട്ടുണ്ട്. ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ഈ മികവിന്റെ മറ്റൊരു ഉദാഹരണമാണ് കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട സമീപകാല സീറോ-സര്‍വൈലന്‍സ് റിപ്പോര്‍ട്ട്. വൈറസ് ബാധിച്ച രോഗികളുടെ എണ്ണം സംസ്ഥാനത്തിന്റെ ആരോഗ്യ സംവിധാനങ്ങളുടെ പരമാവധി ശേഷിയുടെ പരിധിക്ക് താഴെയായി നിലനിര്‍ത്തുക എന്നതായിരുന്നു എപ്പോഴും സംസ്ഥാനത്തിന്റെ ലക്ഷ്യം. ജനങ്ങളെ സുരക്ഷിതരാക്കുക എന്നതിനാണ് സംസ്ഥാനം പ്രഥമ പരിഗണന നല്‍കുന്നത്.
ഓക്‌സിജൻ, ഐസിയു കിടക്കകള്‍, വെന്റിലേറ്ററുകള്‍ എന്നിവയുടെ ലഭ്യത എപ്പോഴും ഉറപ്പാക്കാനായതിനാല്‍ മറ്റു സംസ്ഥാനങ്ങളിലെന്ന പോലെ രോഗബാധിതര്‍ക്ക് ഈ സൗകര്യങ്ങള്‍ ലഭിക്കാത്ത സംഭവങ്ങള്‍ ഉണ്ടായില്ല. ഈ മികവാണ് നീതി ആയോഗിന്റെ ഈയിടെ പുറത്തു വന്ന ആരോഗ്യ സൂചിക 2019-20 റിപ്പോര്‍ട്ടിലും കേരളത്തെ പ്രഥമ സ്ഥാനം നില നിര്‍ത്താന്‍ സഹായിച്ചത്. കേരളത്തിന്റെ ആരോഗ്യ സംവിധാനത്തിന്റെ അടിത്തറയ്ക്ക് ഒരു ചരിത്രപരതയുണ്ടെന്ന് നമുക്കറിയാം. സാമൂഹിക നീതിയും തുല്യതയും അടിസ്ഥാനമാക്കിയുള്ള എല്ലാവര്‍ക്കും പ്രാപ്യമായ ജനകീയമായ പൊതുജനാരോഗ്യ സംവിധാനമാണ് കേരളത്തിലുള്ളത്. സര്‍ക്കാരിന്റെ പ്രാഥമിക ചികിത്സാ പ്രവര്‍ത്തനങ്ങളിലെ അതീവ ശ്രദ്ധയോടുള്ള ഇടപെടല്‍ ഇത് പ്രതിഫലിപ്പിക്കുന്നു. മഹാമാരിയുടെ കാലത്തും പ്രതിസന്ധിയെ അതി ജീവിക്കാന്‍ സര്‍ക്കാരിനു തുണയായത് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ, അടിസ്ഥാന സൗകര്യങ്ങളുടെ ഈ കരുത്ത് കൂടിയാണ്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ നീളുന്ന ശ്രേണീ ഘടനയില്‍ അത് ദൃശ്യമാണ്. സമാന്തരമായി വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ പുരോഗതിയും ജനങ്ങളിലെ ഉയര്‍ന്ന ആരോഗ്യ അവബോധത്തിനു കാരണമാണ്. ആവശ്യമായ ഘട്ടങ്ങളില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാനാകും വിധം ശക്തമായ തദ്ദേശ സ്വയം ഭരണ സംവിധാനമാണ് മറ്റൊരു ഘടകം. സര്‍ക്കാരും ആരോഗ്യ സംവിധാനവും കൃത്യമായി ആസൂത്രണം ചെയ്യുന്ന കാര്യങ്ങള്‍ ഈ വികേന്ദ്രീകൃത രീതിയില്‍ നന്നായി നടപ്പാക്കാനാവുന്നു. കേരളത്തിലെ ആരോഗ്യ മേഖലയിലെ നില നില്‍ക്കുന്ന മറ്റ് മാതൃകകള്‍ (ഉദാഹരണമായി കുറഞ്ഞ മാതൃ മരണ നിരക്ക്, കുറഞ്ഞ ശിശു മരണ നിരക്ക്, സ്ത്രീ-പുരുഷ അനുപാതം) എന്നിവ ഈ സാഹചര്യത്തില്‍ ഓര്‍മ്മിക്കാവുന്നതാണ്. കേരളത്തിന്റെ ആരോഗ്യ മേഖലയെ ലോകാരോഗ്യ സംഘടന അടക്കം പല തവണ പ്രശംസിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളും മറ്റു ലോക രാജ്യങ്ങളും കേരളത്തിന്റെ ആരോഗ്യ മേഖലയെ ശ്രദ്ധിക്കുന്നതിന് ഇതും കാരണമാണ്. മുന്‍ വര്‍ഷങ്ങളില്‍ മികച്ച രീതിയില്‍ നമ്മുടെ പൊതുജനാരോഗ്യ മേഖലയ്ക്ക് നിപ ഉള്‍പ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാനായിട്ടുണ്ട്. മഹാമാരിയെ നേരിടാന്‍ ഈ ആരോഗ്യ സംവിധാനത്തിന് ശക്തി പകര്‍ന്ന് കേരളം വെട്ടിത്തെളിച്ച വഴി ഫലപ്രദമായിരുന്നു. കോവിഡ് രോഗബാധിതരായ ആരെയും കണ്ടെത്താനാകാതെ പോകുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കി.
ചരിത്രത്തിലെ ഏറ്റവും കഠിന കാലഘട്ടത്തില്‍ പോലും ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ എല്ലാവര്‍ക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കി. തദ്ദേശ സ്വയം ഭരണം, റവന്യൂ പോലുള്ള മറ്റ് വകുപ്പുകളും കാര്യക്ഷമമായ ഇടപെടല്‍ നടത്തി. ഇന്ത്യയില്‍ കേരളത്തിലാണ് ആദ്യത്തെ കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്‌തത്. എന്നാല്‍ സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണം പകര്‍ച്ച വ്യാധിയെ തുടക്കത്തില്‍ തന്നെ നിയന്ത്രണ വിധേയമാക്കാന്‍ സംസ്ഥാനത്തിന് സാധിച്ചു. വൈറസ് വ്യാപനത്തിന്റെ തുടക്കം മുതല്‍ തന്നെ രോഗത്തെ കുറിച്ച് അവബോധം സൃഷ്‌ടിക്കുവാനും പൊതു ജനങ്ങളുടെ പങ്കാളിത്തത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പിലാക്കാനുമായി. പ്രാഥമികാരോഗ്യ കേന്ദ്രം, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആരോഗ്യ മേഖലയെ സമന്വയിപ്പിച്ച് പൊതുജനാരോഗ്യ സംവിധാനത്തെ ഒന്നിച്ചു ചേര്‍ക്കുകയായിരുന്നു കേരളം.