ഒന്നാമത് തന്നെ
വീണാ ജോര്‍ജ്
ആരോഗ്യ വകുപ്പ് മന്ത്രി
കോവിഡ്, നിപ, സിക വൈറസ്, ഒമിക്രോണ്‍ തുടങ്ങി സമാനതകളില്ലാത്ത നിരവധി വെല്ലുവിളികളാണ് സംസ്ഥാനം ആരോഗ്യ രംഗത്ത് അടുത്തിടെ അഭിമുഖീകരിച്ചത്. എങ്കിലും അവയെയെല്ലാം തന്നെ ശാസ്ത്രീയമായി, ഫലപ്രദമായി പ്രതിരോധിച്ചു വരികയാണ് കേരളം. നമ്മുടെ പ്രതിരോധ മാര്‍ഗങ്ങള്‍ പലപ്പോഴും ദേശീയവും അന്തര്‍ ദേശീവുമായ ശ്രദ്ധ നേടി. തുടര്‍ച്ചയായ വെല്ലുവിളികള്‍ നേരിട്ടപ്പോഴും നമ്മുടെ ആരോഗ്യ രംഗത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം നില നിര്‍ത്താനായത് അഭിമാനാര്‍ഹമായ കാര്യമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് വളരെ കുറച്ച് മാസങ്ങള്‍ മാത്രമേ ആയുള്ളൂവെങ്കിലും വളരെയേറെ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരോഗ്യ വകുപ്പിനായി. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ച വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനും പുതിയത് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാനുമായി.
പബ്ലിക് അഫയേഴ്‌സ് സെന്റര്‍ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേഴ്‌സ് ഇൻഡക്‌സ് 2021-ല്‍ വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച സംസ്ഥാനമായി കേരളം തിരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ മേഖലയില്‍ കേരളം മികച്ച പ്രവര്‍ത്തനം കാഴ്‌ച വച്ചതായാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. കോവിഡ് പ്രതിരോധവും ദേശീയാരോഗ്യ ദൗത്യം പദ്ധതിയുടെ നടത്തിപ്പും ഉള്‍പ്പെടെയുള്ള മേഖലകളിലെ മികവും പഠന വിധേയമാക്കിയിട്ടുണ്ട്. ആരോഗ്യ മേഖലയിലെ പ്രകടനം അടിസ്ഥാനമാക്കിയുള്ള നീതി ആയോഗ് സൂചികയില്‍ തുടര്‍ച്ചയായ നാലാം തവണയും കേരളം ഒന്നാമതാണ്. ഏറ്റവും കുറവ് ശിശു മരണമുള്ള സംസ്ഥാനം കേരളമാണ്. ഇന്ത്യയിലെ ശരാശരി ശിശു മരണം 30 ആകുമ്പോള്‍ കേരളത്തിലത് ആറ് മാത്രമാണ്. ഇത് ഇനിയും കുറച്ച് കൊണ്ടു വരാനുള്ള കഠിന പ്രയത്നത്തിലാണ് കേരളം.
ഈ കുറഞ്ഞ നാളുകള്‍ കൊണ്ട് ആരോഗ്യ വകുപ്പിന് നിരവധി പുരസ്‌കാരങ്ങളും ബഹുമതികളുമാണ് ലഭിച്ചത്. ദേശീയ തലത്തില്‍ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ഏറ്റവും കൂടുതല്‍ കരസ്ഥമാക്കിയ സംസ്ഥാനങ്ങളില്‍ കേരളത്തിന് രണ്ട് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ 3.0-ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡും കേരളത്തിനായിരുന്നു. കൂടാതെ ആയുഷ്‌മാൻ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ ലഭ്യമാക്കിയ സര്‍ക്കാര്‍ ആശുപത്രിക്കുള്ള അവാര്‍ഡ് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരസ്ഥമാക്കി. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഏറ്റവും കൂടുതല്‍ എബി - പിഎം - ജെഎവൈ -കാസ്‌പ് കാര്‍ഡ് ലഭ്യമാക്കിയ പ്രധാന്‍ മന്ത്രി ആരോഗ്യ മിത്രക്കുള്ള അവാര്‍ഡ് ആലപ്പുഴ മെഡിക്കല്‍ കോളേജും സ്വന്തമാക്കി.
ഇന്ത്യാ ടുഡേയുടെ ഈ വര്‍ഷത്തെ ഹെൽത്ത് ഗിരി അവാര്‍ഡ് കേരളത്തിന് ലഭിച്ചു. രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് വാക്‌സിനേഷൻ ഡ്രൈവിനാണ് സംസ്ഥാന ആരോഗ്യ വകുപ്പിന് അവാര്‍ഡ് ലഭിച്ചത്. സംസ്ഥാനത്തെ ഇ-സഞ്ജീവനി, കാരുണ്യ ബനവലന്റ് ഫണ്ട് എന്നീ രണ്ട് സംരംഭങ്ങള്‍ക്ക് ഗവേര്‍ണസ് നൗവിന്റെ നാലാമത് ഡിജിറ്റല്‍ ട്രാൻസ്‌ഫർമേഷൻ അവാര്‍ഡ് ലഭിച്ചു. കോവിഡ് മാനേജ്മെന്റില്‍ ടെലി മെഡിസിന്‍ സേവനങ്ങള്‍ നൂതനമായി അവതരിപ്പിച്ചതിനും കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി കാസ്‌പ് പദ്ധതിയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോമായ ട്രാന്‍സാക്ഷന്‍ മാനേജ്‌മെന്റ് സിസ്റ്റവുമായി ബന്ധിപ്പിച്ചതിനുമാണ് അവാര്‍ഡ് ലഭിച്ചത്.
കോവിഡ് കാലത്തും ആരോഗ്യ മേഖലയിലെ വികസന പദ്ധതികള്‍ക്ക് കോട്ടം തട്ടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. സര്‍ക്കാരിന്റെ നൂറു ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 217 ആരോഗ്യ സ്ഥാപനങ്ങളിലായി 94.2 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം നടത്താനായി. ഇതു കൂടാതെ സംസ്ഥാന ആയുഷ് വകുപ്പിന് കീഴിലുള്ള ആയുഷ് സ്ഥാപനങ്ങളിലെ 5.17 കോടി രൂപയുടെ 12 പദ്ധതികളുടെ ഉദ്ഘാടനവും നടത്തി.
ഇതുവരെ കേരളത്തിലെ 132 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് എന്‍.ക്യു.എ.എസ്. അംഗീകാരം ലഭിച്ചു. നാല് വീതം ജില്ലാ, താലൂക്ക് ആശുപത്രികള്‍, ഏഴ് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 83 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 34 നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍.ക്യു.എ.എസ്. നേടിയിട്ടുള്ളത്. രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വിഭാഗത്തില്‍ ആദ്യത്തെ 12 സ്ഥാനവും കേരളം നില നിര്‍ത്തുകയാണ്. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ എന്‍.ക്യു.എ.എസ്. നേടിയ സംസ്ഥാനവും കേരളമാണ്.
തുടരും ഈ മുന്നേറ്റം
വരുന്ന അഞ്ചു വര്‍ഷക്കാലത്തേക്കുള്ള കൃത്യമായ ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പ് പ്രവര്‍ത്തിക്കുന്നത്. 2023 ഓടെ സമ്പൂര്‍ണ ആന്റി ബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാക്കി. സമൂഹത്തില്‍ മറഞ്ഞിരിക്കുന്ന ക്ഷയ രോഗികളെ കണ്ടെത്താനായി എന്റെ ക്ഷയ രോഗമുക്ത കേരളം പദ്ധതിയുടെ ഭാഗമായി അക്ഷയ കേരളം ക്യാമ്പയിന്‍ വീണ്ടും ആരംഭിച്ചു. അവയവ ദാനം സുതാര്യമാക്കാന്‍ കേരള സോട്ടോ (സ്റ്റേറ്റ് ഓര്‍ഗണ്‍ ആന്റ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍) രൂപീകരിച്ചു. ജീവിത ശൈലീ രോഗങ്ങള്‍ കണ്ടു പിടിക്കുന്നതിനായി പ്രത്യേക ക്യാമ്പയിന്‍ ആരംഭിച്ചു. കാന്‍സര്‍ രോഗികള്‍ക്കായി കാന്‍സര്‍ രജിസ്ട്രി തയ്യാറാക്കും.
കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജിനെ സജ്ജമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉടന്‍ സജ്ജമാകും. കോഴിക്കോട് മെഡിക്കല്‍ കോളേജിലും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സജ്ജമാക്കും.
സംസ്ഥാനത്തെ മാതൃ ശിശു സൗഹൃദമാക്കുന്നതിന് സമഗ്ര രൂപരേഖയുണ്ടാക്കാന്‍ തീരുമാനിച്ചു. ന്യൂമോകോക്കല്‍ രോഗങ്ങള്‍ക്കെതിരായി കുഞ്ഞുങ്ങള്‍ക്കായി ഒക്ടോബര്‍ ഒന്ന് മുതല്‍ പുതിയൊരു വാക്‌സിനേഷൻ കൂടി ആരംഭിച്ചു. യൂണിവേഴ്‌സൽ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി പുതുതായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിൻ (പിസിവി) ആണ് അടുത്ത മാസം മുതല്‍ നല്‍കിത്തുടങ്ങുന്നത്.
350 സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കി. സംസ്ഥാനത്ത് ആദ്യമായി വെബ് പോര്‍ട്ടല്‍ വഴി ആശുപത്രി അപ്പോയ്മെന്റ് ഓണ്‍ലൈന്‍ വഴി എടുക്കാനുള്ള സംവിധാനം സജ്ജമാക്കി. 300-ല്‍ പരം ആശുപത്രികളില്‍ ഇ ഹെല്‍ത്ത് വെബ് പോര്‍ട്ടലിലൂടെ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തുംഡോക്‌ടറുടെ സേവനം ലഭിക്കുന്നു. ഒ.പി ടിക്കറ്റുകള്‍, ടോക്കണ്‍ സ്ലിപ്പുകള്‍ എന്നിവയുടെ ഓണ്‍ലൈന്‍ പ്രിന്റിംഗ് സാധ്യമാകും.
സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ ഗവേഷണം ശക്തമാക്കാന്‍ നടപടി സ്വീകരിച്ചു. നിലവിലുള്ളതും പുതിയതുമായ രോഗങ്ങള്‍ വരുമ്പോള്‍ ഫലപ്രദമായ ഗവേഷണം ഇല്ലാത്തതാണ് പ്രധാന പ്രശ്‌നം.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഗവേഷണം ശക്തമാക്കിയത്. സംസ്ഥാനത്ത് എയിംസ് (ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) സ്ഥാപിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തി. ക്ലബ് ഫൂട്ട് രഹിത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് അന്താ രാഷ്ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ വീട്ടിലിരുന്ന് ഡോക്‌ടറെ കാണാന്‍ കഴിയുന്ന ഇ-സഞ്ജീവനി സേവനം ശക്തിപ്പെടുത്തി. സ്പെഷ്യാലിറ്റി സേവനങ്ങള്‍ അനുവദിച്ചു. 4700ലധികം ഡോക്‌ടർമാർ വഴി മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് ഇ-സഞ്ജീവനി വഴി ചികിത്സ നല്‍കിയത്. സംസ്ഥാനത്തെ ഇ-സഞ്ജീവനി ഡോക്‌ടർ ടു ഡോക്‌ടർ സേവനങ്ങള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.
വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ ഓക്‌സിജൻ ലഭ്യതയും ഐസിയു വെന്റിലേറ്റര്‍ സൗകര്യങ്ങളും ഉറപ്പ് വരുത്തി.
പ്രതിദിനം 354.43 മെട്രിക് ടണ്‍ ഓക്‌സിജനാണ് സംസ്ഥാനം ഉത്പാദിപ്പിക്കുന്നത്. അതേ സമയം സംസ്ഥാനത്ത് പ്രതിദിനം 65 മെട്രിക് ടണ്‍ ഓക്‌സിജൻ മാത്രമാണ് ആവശ്യമായി വരുന്നത്. മുമ്പ് നാല് ഓക്‌സിജൻ ജനറേറ്ററുകള്‍ മാത്രമാണുണ്ടായത്. മൂന്നാം തരംഗം മുന്നില്‍ കണ്ട് 38 ഓക്‌സിജൻ ജനറേറ്ററുകള്‍ അധികമായി സ്ഥാപിച്ചു. ഇതു കൂടാതെ 18 ഓക്‌സിജൻ ജനറേറ്ററുകള്‍ സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
കോവിഡ് സാഹചര്യത്തില്‍ പരമാവധി പേര്‍ക്ക് കോവിഡ് വാക്‌സിൻ നല്‍കി സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നത്. ആദ്യ ഡോസ് വാക്‌സിനേഷൻ 100 ശതമാനത്തിലേക്കടുക്കുകയാണ്. രണ്ടാം ഡോസ് 82 ശതമാനത്തിലധികം കഴിഞ്ഞു. കുട്ടികളുടെ വാക്‌സിനേഷനും കരുതല്‍ ഡോസ് വാക്‌സിനേഷനും അതി വേഗത്തില്‍ പുരോഗമിക്കുകയാണ്. ഇങ്ങനെ ജനങ്ങളുടെ ആരോഗ്യത്തിനും ചികിത്സയ്ക്കും വികസനത്തിനും ആവശ്യമായ കരുതലോടെ ആരോഗ്യ മേഖല മുന്നേറുകയാണ്.