വൈറസ് വകഭേദങ്ങള്‍ വരുമ്പോള്‍

ഡോ. എസ്.എസ്. സന്തോഷ് കുമാര്‍
ഡെപ്യൂട്ടി സൂപ്രണ്ട്, തിരുവനന്തപുരം മെഡിക്കല്‍കോളേജ്‌

ലോകം കോവിഡ് മൂന്നാം തരംഗത്തിന്റെ പിടിയലമര്‍ന്നത് പ്രതീക്ഷിച്ചതിലും വൈകിയാണെന്നു പറയാം. വുഹാന്‍ വകഭേദത്തിനും ഡെല്‍റ്റാ വകഭേദത്തിനും ശേഷമെത്തിയ ഒമിക്രോണെന്ന പുതിയ വകഭേദം അതിവേഗത്തിലുള്ള വ്യാപനത്തിലൂടെ ജനങ്ങളെ പിടിച്ചുലച്ചുകൊണ്ടിരിക്കുകയാണ് ഈ ലേഖനമെഴുതുമ്പോള്‍. രണ്ടാം തരംഗത്തില്‍ നിന്ന് ഘട്ടം ഘട്ടമായി മുക്തി നേടിക്കൊണ്ടിരുന്ന കേരളത്തില്‍, ഇക്കഴിഞ്ഞ ജനുവരി ഒന്നിന് ആകെ പരിശോധിക്കുന്ന സാംപിളുകളില്‍ അഞ്ചു ശതമാനം മാത്രമാണ് കോവിഡ് പോസിറ്റീവായിരുന്നത്. രണ്ടാഴ്‌ച പിന്നിട്ടപ്പോള്‍ ഇത് മുപ്പത് ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നു. ചുറ്റിനുമുള്ള മൂന്നിലൊന്നു പേര്‍ക്കെങ്കിലും കോവിഡ് രോഗം സ്ഥിരീകരിച്ച വാര്‍ത്തയുമായാണ് നാം ജനുവരി മാസം പിന്നിടുന്നത്.

വുഹാന്‍ വകഭേദവും ഡെല്‍റ്റാ വൈറസുമായി താരതമ്യം ചെയ്യുമ്പോള്‍ ഒമിക്രോണിന് പകര്‍ച്ചാ ശേഷി വളരെ കൂടുതലാണെന്നതു തന്നെയാണ് അതിന്റെ പ്രത്യേകതയും ഏക ഭീഷണിയും. ശ്വാസകോശ ഭിത്തികളിലേക്ക് പെട്ടെന്ന് പകര്‍ന്നെത്താന്‍ സഹായിക്കുന്ന സ്‌പൈക് പ്രോട്ടീനുകളിലാണ് വൈറസിന് കാര്യമായ ജനിതക വ്യതിയാനം സംഭവിച്ചിട്ടുള്ളത്. വുഹാന്‍ വൈറസിനേക്കാള്‍ വേഗത്തില്‍ ഡെല്‍റ്റാ വൈറസ് പകര്‍ന്നുവെങ്കില്‍ അതിനേക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുന്നതാണ് നാം കണ്ടത്. എന്നാല്‍ ഈ വൈറസ് വകഭേദത്തിന് രോഗതീവ്രതാ ശേഷി വളരെ കുറവാണെന്നത് ഏറെ ആശ്വാസകരമായ കാര്യമാണ്. അതുകൊണ്ടാണ് രോഗം ബാധിച്ചവരില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും മരണ നിരക്കും വളരെയേറെ കുറഞ്ഞു നില്‍ക്കുന്നത്.

ഒപ്പം വ്യാപകമായ വാക്‌സിനേഷനും ഇക്കാര്യത്തില്‍ ഗുണകരമായിട്ടുണ്ട്. വൈറസിന്റെ വുഹാന്‍ വകഭേദത്തെ അടിസ്ഥാനപ്പെടുത്തിയാണ് നാം വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. വാക്‌സിനെടുക്കുമ്പോള്‍ വൈറസിന്റെ ഏതെങ്കിലുമൊരു ഘടകത്തിനെതിരായി മാത്രമല്ല ശരീരം ആന്റിബോഡി സൃഷ്‌ടിക്കുന്നത്. സെല്‍ മീഡിയേറ്റഡ് ഇമ്യൂണിറ്റി എന്ന, വൈറസിനെതിരായ വ്യാപകമായ രോഗപ്രതിരോധ ശേഷിയാണ് കോവിഡ് വാക്‌സിന്‍ ഉണ്ടാക്കുന്നത്. മിക്കവാറും വൈറസുകളെ ആക്രമിക്കാനുള്ള ശേഷി ഈ ആന്റിബോഡികള്‍ക്കുണ്ടാകും. ഡെല്‍റ്റ വൈറസ് വ്യാപകമായപ്പോഴും വാക്‌സിനേഷന്റെ ശക്തിയില്‍ തന്നെയാണ് നാം പിടിച്ചു നിന്നത്. വാക്‌സിനെടുത്താലും രോഗം വരാം. പക്ഷേ, രോഗം വന്നാലും അവയുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ശക്തികുറഞ്ഞവയായിരിക്കും.

ദക്ഷിണാഫ്രിക്കയെ കുറ്റം പറയണോ?

ഒമിക്രോണ്‍ എന്ന പുതിയ വൈറസ് വകഭേദത്തെ ദക്ഷിണാഫ്രിക്കന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയപ്പോള്‍ ലോക മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്‌തതും പ്രചരിപ്പിച്ചതും അവിടെ പുതിയ വൈറസ് എന്നാണ്. ഇതോടെ ഒമിക്രോണ്‍ ഉണ്ടായത് അവിടെയാണെന്നും അവിടെ നിന്നും രോഗം പുറം ലോകത്തേക്കു പകരുമെന്നുമുള്ള തെറ്റായ ധാരണ പരന്നു.

പല രാജ്യങ്ങളും അങ്ങോട്ടും അവിടെ നിന്നുമുള്ള യാത്രകള്‍ വിലക്കി. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ ശാസ്ത്ര സാങ്കേതിക ശേഷിയാണ് ഒമിക്രോണ്‍ എന്ന വൈറസ് വകഭേദത്തെ തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ സഹായിച്ചതെന്നതാണ് വാസ്‌തവം.

നവംബര്‍ ആദ്യം വൈറസ് വകഭേദം കണ്ടെത്തിയ ഉടന്‍ ദക്ഷിണാഫ്രിക്ക അത് റിപ്പോര്‍ട്ട് ചെയ്യുകയും അവയുടെ പകര്‍ച്ചാ വേഗത ഉള്‍പ്പെടെ നിര്‍ണയിക്കുകയും ചെയ്‌തിരുന്നു. വുഹാനില്‍ കണ്ടെത്തിയ വൈറസുകളുടേയും ഡെല്‍റ്റാ വൈറസുകളുടേയും പകര്‍ച്ചാ വേഗത നിശ്ചയിക്കുന്ന ജീനുകളുമായി ഒമിക്രോണിന്റെ ജീനുകള്‍ താരതമ്യം ചെയ്‌ത് അവയുടെ ഘടനയും വ്യത്യസ്‌തതകളും കണ്ടെത്തിയാണ് പകര്‍ച്ചാ വേഗതയുടെ കാരണങ്ങള്‍ നിര്‍ണയിച്ചത്. ദക്ഷിണാഫ്രിക്കയുടെ ഈ ശേഷിയും കരുതലും അവര്‍ക്കു വിനയാകുന്നതാണ് പിന്നീട് കണ്ടത്. കോവിഡ് തുടങ്ങിയപ്പോള്‍ ചെനയും ഇറ്റലിയുമൊക്കെ ഒറ്റപ്പെടുത്തപ്പെട്ടതുപോലെ ദക്ഷിണാഫ്രിക്കയും ലോക രാഷ്ട്രങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്ന സ്ഥിതി വന്നു. ദക്ഷിണാഫ്രിക്കയില്‍ പുതിയ വകഭേദം കണ്ടെത്തി എന്നു പറയുമ്പോള്‍ അത് അവിടെയാണ് ആവിര്‍ഭവിച്ചതെന്നോ അവരാണ് ഇത് പകര്‍ത്തുന്നതെന്നോ ആരോപിക്കുന്നത് അടിസ്ഥാനരഹിതമാണ്. വൈറസ് ലോകമെമ്പാടുമുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കു പിന്നാലെ ഇന്ത്യയുള്‍പ്പെടെ മറ്റു രാജ്യങ്ങളിലും കണ്ടെത്തിയ ഒമിക്രോണ്‍ വകഭേദം ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയതല്ല, മറിച്ച് അതതു രാജ്യങ്ങളില്‍ തന്നെ ജനിതകമാറ്റം വന്നവയാണ്. പുതിയ ഒരു വൈറസ് കടന്നു വന്ന് ജീവിതമാകെ താറുമാറാക്കാന്‍ പോകുകയാണെന്ന പരിഭ്രാന്തിയുടെ യാതൊരു ആവശ്യവുമില്ല. പുതിയൊരു പനിയെ നേരിടുന്നതുപോലെ ഇതിനേയും നേരിടാനാകുമെന്ന ഉറച്ച വിശ്വാസം ശാസ്ത്ര സമൂഹത്തിനുണ്ടായിരുന്നു.

വാക്‌സിന്‍ തുല്യതയില്ലായ്‌തമയുടെ സന്തതിയാണ് യഥാര്‍ഥത്തില്‍ ഒമിക്രോണ്‍. ലോകത്ത് ഏറെ രാജ്യങ്ങള്‍ കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതില്‍ വളരെയധികം പിന്നിലാണെന്ന യാഥാര്‍ഥ്യം നാം കാണാതിരുന്നുകൂടാ. ലോകത്തെ മുഴുവന്‍പേരും വാക്‌സിനെടുത്താല്‍ മാത്രമേ നാം സുരക്ഷിതരാകൂ എന്നതാണ് വസ്‌തുത. ബഹുഭൂരിപക്ഷം രാജ്യങ്ങളിലും ആരോഗ്യ മേഖലയിലെ മുന്‍നിരക്കാര്‍ക്കു പോലും വാക്‌സിന്‍ ലഭിച്ചിട്ടില്ലെന്നതാണ് വാസ്‌തവം.

ഡെല്‍റ്റാ ഒരു ഇന്ത്യന്‍ വകഭേദം

കോവിഡിന്റെ ഡെല്‍റ്റാ വകഭേദം പൊതുവേ ഇന്ത്യന്‍ വകഭേദമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യ വാക്‌സിനേഷന്‍ തുടങ്ങാന്‍ വൈകിയതു തന്നെയാണ് ഡെല്‍റ്റാ വകഭേദം ഉണ്ടാകാനുള്ള പ്രധാന കാരണം. വൈറസിന് പകരാനുള്ള അവസരവും ധാരാളമായി ഉണ്ടായി. വൈറസ് എത്രമാത്രം പെരുകുന്നുവോ അത്രയും വകഭേദങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വൈറസിന് വളരെ വേഗത്തിലാണ് ജനിതകമാറ്റം സംഭവിക്കുന്നത്. സാഹചര്യത്തിനനുസൃതമായി ആളുകളിലേക്ക് പകരാന്‍ കൂടുതല്‍ ശേഷിയുള്ള വകഭേദം ഉണ്ടാകുകയും അവ പെട്ടെന്നു പെരുകുകയും ചെയ്യും.

കോവിഡ് വൈറസ് ലോകത്തെ കീഴടക്കിത്തുടങ്ങിയപ്പോഴേ വാക്‌സിനുവേണ്ടിയുള്ള ഗവേഷണങ്ങള്‍ ആരംഭിച്ചതാണ്. അധികം വൈകാതെ അതു കണ്ടെത്തുകയും ചെയ്തു. വിവിധ വാക്‌സിനുകള്‍ ലോകത്ത് പലയിടത്തും ഉല്‍പാദിപ്പിക്കപ്പെട്ടപ്പോഴും ഇന്ത്യയിലെത്താന്‍ വൈകി. ഫൈസറും മൊഡേണയും സ്പുട്‌നികും ചൈനീസ് വാക്‌സിനുമൊക്കെ ലഭ്യമായിരുന്നിട്ടും അതൊന്നും വാങ്ങാന്‍ ഇന്ത്യ തയ്യാറായില്ല. തുടക്കത്തില്‍ തന്നെ ഇവ വാങ്ങി ആളുകളെ വാക്‌സിനേറ്റ് ചെയ്‌ത രാജ്യങ്ങളിലൊന്നും ഡെല്‍റ്റാ വകഭേദം വലിയ സംഹാര താണ്ഡവം ആടിയില്ല. പക്ഷേ, ഇന്ത്യയില്‍ അതായിരുന്നില്ല സ്ഥിതി. ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനം പകുതിയോളമെത്തിയപ്പോഴാണ് നാം വാക്‌സിനേഷന്‍ തുടങ്ങുന്നതു പോലും. യു.എ.ഇ, അമേരിക്ക, യൂറോപ്യ എന്നിവിടങ്ങളിലൊക്കെ അപ്പോഴേക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞിരുന്നു.