ജില്ലയല്ല ജഗജില്ലി!

ജില്ലയല്ല ജഗജില്ലി!
ജി. ആര്‍. ഇന്ദുഗോപന്‍
എഴുത്തുകാരന്‍

പ്രൈമറി സ്‌കൂള്‍ കാലത്ത് ഞാന്‍ ഇരവിപുരം കടപ്പുറത്തെ ഒരു വീട്ടിൽ ട്യൂഷന് പോയിരുന്നു. ടീച്ചര്‍ പഠിപ്പിക്കുക മാത്രമായിരുന്നില്ല ചെയ്‌തിരുന്നത്. ഞങ്ങളുമായി കടപ്പുറത്തേക്ക് യാത്ര ചെയ്യും. ഒരു ദിവസം പറഞ്ഞു: വാ. കടപ്പുറത്ത് വേളാപ്പാര ചാകര. ഒരെണ്ണം വാങ്ങിക്കണം. ചുമക്കാന്‍ ആളു വേണം. എന്തൊരു സന്തോഷം! കടപ്പുറത്ത് ആദ്യ വെയിലിന്റെ തിളക്കം. പൊന്നു പോലെ മിന്നുന്ന മണല്‍. മീതെ പത്തിരുനൂറ് വലിയ വേളാപ്പാരകള്‍. അന്നത്തെ കുഞ്ഞു ഭാവനയില്‍ ആ കടപ്പുറം മുഴുവന്‍ കണ്ണെത്താ ദൂരത്തോളം മഞ്ഞ വേളാപ്പാരകള്‍ നിറഞ്ഞു കിടക്കുന്നതായാണ് അനുഭവപ്പെട്ടത്. കൂട്ടത്തിൽ സഞ്ചരിക്കുന്ന ഒരു കുട്ടി അന്നേരം കടപ്പുറത്തു പുതഞ്ഞു കിടന്നിരുന്ന ഒരു നാണയം എടുത്തു. അതില്‍ അറിയാത്ത ഭാഷയില്‍ എന്തോ എഴുതിയിരുന്നു. ആരോ ഒരു ക്രൈം ചെയ്‌തതു പോലെ ടീച്ചറെ അറിയിച്ചു. ടീച്ചര്‍ ആ നാണയം വാങ്ങി തിരിച്ചും മറിച്ചും നോക്കിയിട്ട് നിസ്സാരമായിട്ട് പറഞ്ഞു: ഓ റോമാ കോയിനാ….

ചരിത്രം ഇങ്ങനെ വളരെ നിസ്സാരമായിട്ടാണ് കൊല്ലത്തെ മണ്ണില്‍ കിടന്നിരുന്നത്. നമ്മളും ആ ചരിത്രത്തില്‍ ഒരു മണൽത്തരിയാകുന്നു. കടന്നു പോകുന്നു. ഈ നിസ്സാരതയാണ് കൊല്ലത്തുകാരുടെ പൊതു അടയാളം. കൂളാണ്. അതിന് കൊല്ലത്തെ ‘നാക്കിന്റെ ആശാന്‍’ വി. സാംബശിവനെ വച്ച് എളുപ്പം ഉദാഹരിക്കാം.

സാംബന്‍ കഥാപ്രസംഗം അവതരിപ്പിക്കുകയാണ്. ഷേക്‌സ്‌പിയർ ഒരുപാട് ബുദ്ധിമുട്ടി വില്ലനാക്കി അവതരിപ്പിച്ച് കഷ്‌ടപ്പെട്ട് വളര്‍ത്തിക്കൊണ്ടു വന്ന ഇയാഗോയെ പരിചയപ്പെടുത്താന്‍ സാംബന് മൂന്നു വരി മതിയായിരുന്നു: ‘ഇയാഗോ. ആയിരം നാരദന് സമം. നൂറു ശകുനിക്കു സമം. വളരെ നല്ല സ്വഭാവം.’ ഈ നിസ്സാരവല്‍ക്കരണം കൊല്ലത്തുകാരുടെ ഒരു രീതിയാണ്. ഏത് മഹാനേയും സാധാരണക്കാരേയും ഒരേപോലെ ഉള്‍ക്കൊള്ളും. തോളേല്‍ കൈയിടാന്‍ പറ്റുന്ന മനുഷ്യര്‍ക്കാണ് ഇങ്ങോട്ട് സ്വാഗതം. ഈഗോയും അവന്റെ ഇയാഗോയുമെല്ലാം സ്വന്തം ‘പാക്കറ്റി’ലിരിക്കത്തേയൊള്ളൂ.

ചവറ തെക്കും ഭാഗത്ത് അവധി ദിവസങ്ങളില്‍ രാവിലെ ചെന്നാൽ രസമുള്ള കാഴ്‌ചകൾ കാണാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒരു കേന്ദ്രം കൂടിയാണ് ഇവിടം. എസ്.ഐയും സൂപ്രണ്ടും എൽ.ഡി.ക്ലർക്കുമെല്ലാം ചൂണ്ടയുമായി കരയിലുണ്ട്.

സ്വന്തമായി ചൂണ്ടയിട്ടു കിട്ടുന്ന കരിമീനുമായി ഉണ്ണാനിരിക്കുന്നതിന്റെ ഒരു അഭിമാനം വേറെയാണ്. കരിമീനിനു മുന്നിൽ എല്ലാ ഉദ്യോഗവും അലിയും. എല്ലാവരും വെറും ചൂണ്ടക്കാര്‍ മാത്രം. കരിമീന്‍ സോഷ്യലിസം..

എന്റെ ഒരു വായനക്കാരന്‍ പറഞ്ഞു: അയ്യോ നിങ്ങടെ കഥയിലെ പെണ്ണുങ്ങള്‍. ഒരുമ്പെട്ട ഉരുപ്പടികളാ… ഇങ്ങനെയും പെണ്ണുങ്ങളുണ്ടോ?

അദ്ദേഹത്തിന് അറിയാഞ്ഞിട്ടാണ്. ഞങ്ങള്‍ അങ്ങനെ ആണും പെണ്ണുമായി വേറിട്ട് കണ്ട് എഴുതുന്നവരല്ല. ഇടപെടുന്നവരുമല്ല. കാരണം അല്ലെങ്കില്‍ തന്നെ ഇത്ര കണ്ട് പെണ്ണുങ്ങള്‍ ശാക്തീകരിക്കപ്പെട്ട ഒരു ജില്ല വേറെയുണ്ടോ എന്ന് സംശയമാണ്. അതാണ് കൊല്ലം.

ഒരു ജില്ലയെ പുകഴ്ത്തുകയോ ഇകഴ്ത്തുകയോ ചെയ്യേണ്ട കാര്യമില്ല. കൊല്ലവും ആലപ്പുഴയും എറണാകുളവുമൊക്കെ വേറിട്ടതല്ല. ഭരണ സൗകര്യത്തിനുള്ള മനുഷ്യ നിര്‍മ്മിത അതിര്‍ത്തികള്‍ മാത്രമാണ്. എല്ലാം ഒന്നായി കിടക്കുകയാണ്. ഓരോയിടത്തും ഓരോ മേന്മ കാണും. എന്നാലും വനിതാത്തൊഴിലാളികളുടെ ചരിത്രത്തില്‍ കൊല്ലത്തിന് കൂടുതല്‍ സവിശേഷതയുണ്ട്.

കയര്‍ മേഖലയില്‍ തൊണ്ടു തല്ലുന്നവർ, കായല്‍ മേഖലയില്‍ മുങ്ങി കക്ക വാരുന്നവർ, തഴപ്പാ നെയ്യുന്നവർ, കശുവണ്ടി മേഖലയില്‍ അണ്ടി തല്ലുന്നവർ,  തൊലി കളയുന്നവർ, മീന്‍ വില്‍പനക്കാര്‍.. ഇങ്ങനെ യന്ത്രവൽക്കൃതമാകുന്നതിന് മുമ്പു തന്നെ ഇത്രയും പണിയെടുത്ത പെണ്ണുങ്ങള്‍ അധികം ഇടങ്ങളിലുണ്ടാകില്ല. ആണായാലും പെണ്ണായാലും കയ്യില്‍ പത്തു പുത്തന്‍ തടഞ്ഞാല്‍ താന്‍ പോരിമ വരും. തല താഴ്ത്തി, ഭര്‍ത്താവിന്റെ ഇടിയും കൊണ്ടു കിടക്കുന്ന പെണ്ണുങ്ങളെ ഞാനധികം കണ്ടിട്ടില്ല. അവരുടെ കൈയില്‍ നിന്ന് ഒരു കെട്ട് ബീഡി വാങ്ങിക്കാനോ, ഒരു നൂറിനുള്ള കാശിനോ തല ചൊറിഞ്ഞു നിൽക്കുന്ന പുരുഷന്മാരെ ഒരുപാട് കണ്ടിട്ടുമുണ്ട്.

പെണ്ണുങ്ങള്‍ക്ക് അക്കാലം വായന രസമായിരുന്നു. ഹൈറേഞ്ചുകളിലെ വായനയെക്കുറിച്ചു മാത്രമേ നമ്മള്‍ സാധാരണ പറയാറുള്ളൂ. കശുവണ്ടിക്കമ്പനിയില്‍ പോകുന്ന പെണ്ണുങ്ങളുടെ തൂക്കു പാത്രത്തിന്റെ വള്ളിയില്‍ ഒരു വാരിക ഇരിപ്പുണ്ടാകും. ഞങ്ങള്‍ക്ക് വായിക്കാനറിയാം എന്ന അന്തസ്സ് അതിലുണ്ടായിരുന്നു.

എന്റെ വീടിനടുത്ത് ഒരു സാധാരണ പപ്പട നിര്‍മ്മാണത്തൊഴിലാളിയായി തുടങ്ങിയ ആളായിരുന്നു കെ. എ. വി. ഭദ്രന്‍. കൊല്ലത്ത് ചിന്നക്കടയിൽ ഒരു ചെറിയ കട. കൂടുതല്‍ വാരികകള്‍. മംഗളം വാരികയുടെ തുടക്ക കാലത്ത് അതിന്റെ മുതലാളിവന്ന് ഏജന്റായി ചേര്‍ത്തു. ലക്ഷം കോപ്പിയിലേറെ കൊല്ലത്തു മാത്രം ലോറികളില്‍ ഭദ്രന്‍ ചേട്ടൻ ഇറക്കിയ കാലമുണ്ട്. കട വളർന്നു. നാട്ടുകാരനെന്ന നിലയില്‍ ഇടയ്ക്ക് അവിടെ ചെന്നു നില്‍ക്കുമ്പോ, മഞ്ജുള വിദ്യാധരന്‍ ചേട്ടൻ സ്ഥിരമായി വരുമായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ രണ്ടു പുസ്‌തകങ്ങളുടെ പ്രസാധകനായിരുന്നു. ബഷീര്‍ കഴിഞ്ഞ കസബ പൊലീസ് സ്റ്റേഷന്‍ ഇന്നത്തെ താലൂക്ക് ഓഫീസായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്‍ഡിനടുത്തുണ്ട്.

എത്ര പത്ര സ്ഥാപനങ്ങള്‍, പ്രസിദ്ധീകരണ ശാലകള്‍, എത്രയോ വലിയ ബിസിനസ് സംരംഭങ്ങള്‍…. കൊല്ലത്ത് വന്നു, ഓടി, നശിച്ചു. കശുവണ്ടി, മത്സ്യ മേഖല പിടിച്ചു നിൽക്കുന്നു. കശുവണ്ടി ഉൽപാദിപ്പിക്കുന്ന ജില്ലയല്ല കൊല്ലം. പക്ഷേ ആഫ്രിക്കയില്‍ നിന്ന് തോട്ടണ്ടി കൊണ്ട് സംസ്‌കരിച്ച്, ലോകത്തിലെ ഭൂപടത്തില്‍ ഒന്നാമതെത്തിയ ജില്ലയായി. എന്റെയൊരു മാമനുണ്ടായിരുന്നു: അദ്ദേഹത്തിന്റെ വീടിനു മുന്നിൽ രാവിലെ മുതല്‍ സില്‍ബന്ധികള്‍ ധാരാളം കാണും. ചീട്ടു കളിയാണ് സ്ഥിരം. ഇടയ്ക്ക് മാമന് ഫോൺ വരും. രണ്ട് മിനിട്ട് സംസാരിക്കും. തിരികെ വന്നിരുന്നു കളി തുടരും. തുറമുഖത്ത് വന്നു കിടക്കുന്ന തോട്ടണ്ടിയുടെ ഇടനിലയുമായി ബന്ധപ്പെട്ട് മുതലാളിമാരെ വിളിക്കുന്നതാണ്. വൈകുരേം കളി കഴിയുമ്പോൾ മൂന്നാല് കപ്പല്‍ കശുവണ്ടി വിറ്റിട്ടുണ്ടാകും.

കൊല്ലം ബീച്ചിലെ പഴയ വൈകുന്നേരങ്ങൾ ഓര്‍ത്തു. നിരൂപകന്‍ കെ. പി. അപ്പന്റെ ഏകാന്ത സഞ്ചാരം അങ്ങോട്ടാണ്. അധ്യാപകനാണ്. ഒരു ചിരി. ചിലപ്പോ ഒരു തമാശ. രവി മുതലാളിയും മൂന്നാലു കൂട്ടുകാരും കടപ്പുറത്തു കാണും. അരവിന്ദന്റെയും അടൂരിന്റെയുമൊക്കെ നിര്‍മ്മാതാവ്. പബ്ലിക് ലൈബ്രറിയുടെയും സോപാനം നാടക കേന്ദ്രത്തിന്റെയും നിര്‍മ്മാതാവ്. അവിടെ വെടിവട്ടമില്ല. അവാര്‍ഡ് സിനിമ പോലെയാണ് ഇരിപ്പ്. മൗനം മണ്ണില്‍ കുത്തി നിര്‍ത്തിയ കുടകള്‍ പോലെ ചുറ്റമുണ്ടാകും.

എന്റെ ചെറുപ്പത്തില്‍ വഴിയിലൊക്കെ കശുവണ്ടിക്കമ്പനിയിലെ പുകക്കുഴലില്‍ നിന്നുള്ള കശുവണ്ടിത്തോടിലെ എണ്ണ കരിഞ്ഞ മണമാണ്. പല പെട്ടിക്കടകളിലും ഒരു മീശക്കാരന്റെ പടമുണ്ട്. എന്‍. ശ്രീകണ്‌ഠൻ നായർ, ആർ.എസ്.എസ്‌പിയുടെ മുതിർന്ന നേതാവ്. പ്രീഡിഗ്രി കാലത്ത് തകഴി ശിവശങ്കരപ്പിള്ളയെ കാണാന്‍ പോയി. കൊല്ലത്തു നിന്നാണെന്ന് പറഞ്ഞപ്പോ തകഴി ചിരിച്ചു: നമ്മടെ ഏരിയയല്ലേ. അങ്ങനിരിക്കുമ്പോ തെക്കോട്ടൊരു വലിവ് വരും. വച്ചു പിടിക്കും. ശ്രീകണ്‌ഠൻ അവിടല്ലേ…

കശുവണ്ടി തല്ലി കറ പിടിച്ച കൈകളുള്ള പെണ്ണുങ്ങളുടെ കൈ പിടിക്കാന്‍ ചെറുപ്പക്കാര്‍ കാത്തിരുന്നു. ആഴ്‌ചയ്‌ക്കാഴ്‌ച ശമ്പളം കിട്ടും അവര്‍ക്ക്. കാശ് വരുമെന്ന് പയ്യന്മാര്‍ക്കറിയാം. കമ്പനിപ്പണിയുള്ള പെണ്ണുങ്ങള്‍ക്ക് കെട്ടു കമ്പോളത്തിൽ വലിയ ഡിമാന്റായിരുന്നു. ഓട് വ്യവസായം മറ്റൊന്നാണ്. ഓട്ടു കമ്പനിയിലെ ഒരു സമരത്തിന് ഞങ്ങളുടെ പരിസരത്തുള്ള ഒരാളിന്റെ പണി പോയി. ചെളി ഇടേണ്ട മെഷീനില്‍ സമരത്തിന്റെ ഭാഗമായി ഇരുമ്പുണ്ട എടുത്തിട്ടു. യൂണിയന്‍കാര്‍ പോലും വിചാരിച്ചില്ല; ഈ ദ്രോഹം. ചെളിപ്പണിക്കാരുടെ കൈകളിലെ തഴമ്പ് ഭയങ്കരമാണ്. ഇതു കൊണ്ടു തന്നെ അധ്വാനിച്ചുണ്ണാത്തവരോട് അക്കാലത്തു വലിയ പുച്ഛമായിരുന്നു. അതൊരു പ്രകൃതമായി ഇപ്പോഴും കിടപ്പുണ്ട്. ചുമ്മാ കാശുണ്ടാക്കുന്നവരെ ഇഷ്‌ടമല്ല. വേഷം കെട്ടലുകാരോടും സമ്പന്നരോടും തലയില്‍ കെട്ടഴിച്ചു നിൽക്കുന്ന ഒരു പരിപാടി അവിടെ ഇല്ല.

മീനുകളുടെ തലസ്ഥാനമാണ് കൊല്ലം. ചവറ തെക്കും ഭാഗത്തെ നടയ്ക്കാവ് മാര്‍ക്കറ്റിനെ കുറിച്ച് ഞാന്‍ മുന്‍പ് എഴുതിയിട്ടുണ്ട്. കാഴ്‌ചയിൽ സാധാരണം. പക്ഷേ ‘കൂയാവാലി’ ഭക്തരുടെ തീര്‍ഥാടന കേന്ദ്രമാണ്. അഷ്‌ടമുടിയുടെ സ്വന്തം മീനാണ് കൂയാവാലി.

കണ്ടാലൊരു ബര്‍ക്കത്തുള്ള മീനല്ല. പുള്ളിക്കുത്തുകള്‍. കഞ്ഞി വെള്ളത്തിന്റെ നിറം. വല്ലാത്ത തല. വിരലിനേക്കാള്‍ അല്‍പം കൂടി വലിപ്പം. 20 എണ്ണത്തിന് 100 രൂപ. പക്ഷേ വിദേശത്തു നിന്ന് അവധിക്കു വന്ന രണ്ടോ മൂന്നോ പേരെ കണ്ടാല്‍ പിന്നെ ആ മീന് മോഹ വിലയാണ്.

അഷ്‌ടമുടിക്കായലിൽ  മഴ പെയ്‌ത് വെള്ളത്തില്‍ ഉപ്പു കുറയുമ്പോള്‍, മണ്ണിനടിയില്‍ നിന്ന് കൂയാവാലി പൊങ്ങി വരും. ഇടയ്ക്കൊരു ചെറുമഴ പെയ്‌തതിന്റെ വരവാണ്. ചരുവത്തില്‍ കിടപ്പാണ്. എല്ലാം ഇനിയും ചത്തിട്ടില്ല. മീന്‍ വിൽക്കുന്ന ചേച്ചി പറഞ്ഞു: സ്ഥിരം പാർട്ടികളുണ്ട്. എന്തോ ചെയ്യാനാ. സാധനം ഉണ്ടേല്‍ അവരെ കാണത്തുമില്ല.

വേറൊരു ചേച്ചി പറഞ്ഞു: കഴിക്കണേ യോഗം വേണമെടീ.

ഞാനെന്റെ സഹപാഠി ജയന്‍ ഇഗ്നുവിനെ ഓര്‍ത്തു. എനിക്കറിയാവുന്ന കൂയാവാലി ഭ്രാന്തന്മാരിലൊരാള്‍. അവന്റെ ഇരട്ടപ്പേരും അതു തന്നെ കൂയാവാലി. ജയന്‍ ഇപ്പോള്‍ വിദേശത്തെവിടെയോ ആണ്. പക്ഷേ അവനും അവന്റെ കൊതിയും തലയില്‍ കിടക്കുന്നു.

ജയന്‍ പറഞ്ഞിട്ടുണ്ട്: അളിയാ കൂയാവാലി തല കളഞ്ഞ് മുളകരച്ച് വടക്കന്‍പുളി (കുടംപുളി)യിട്ട് വറ്റിക്കണം. ഒരു കുട്ട ചോറുണ്ണാം. നടയ്ക്കാവ് മാര്‍ക്കറ്റില്‍ ചെന്നാൽ കിട്ടും. കൊല്ലത്തിന്റെ ഭൂമികയെ അടയാളപ്പെടുത്തുന്ന നാലഞ്ച് ചെറുപ്പക്കാര്‍ എന്ന നോവലിലും അത് പൊന്മാന്‍ എന്ന ചലച്ചിത്രമായപ്പോഴും ഞാന്‍ ‘കൂയാവാലി’ എന്ന് ഇരട്ടപ്പേരുള്ള ജയനെ ഒരു കഥാപാത്രമായി ചേര്‍ത്തു. ചുമ്മാ ഒരു നൊസ്റ്റാള്‍ജിയ.

ഇരവിപുരം. കൊല്ലം ബീച്ചില്‍ നിന്ന് തെക്കോട്ട് മൂന്നു കിലോമീറ്റര്‍. എന്റെ നാട്. കടലും കായലും ചേരുന്നിടം. പരവൂര്‍ കായലിന്റെ തുടക്കം ഇവിടെ നിന്നാണ്. കൊല്ലം തോട് അതിനെ അഷ്‌ടമുടിക്കായലുമായി ബന്ധിക്കുന്നു. സത്യത്തില്‍ എന്റെ ജീവിതം ഈ രണ്ടു കായലുകളെയും അതിന് കാവല്‍ നിൽക്കുന്ന ഈ കടലിനെയും ചുറ്റിപ്പറ്റിയാണ്. ആകയാല്‍ എന്റെ പല കൃതികളിലും ഇവിടുത്തെ ഈ നനവ് കാണാം: ഇരവിപുരം മുതല്‍ വാടി കടപ്പുറം വരെയുള്ള കഥ പറയുന്ന ‘പടിഞ്ഞാറേക്കൊല്ലം ചോരക്കാലം, അഷ്‌ടമുടിക്കായലിലെ പുണ്യാളന്‍ തുരുത്തിനെ അവംലബിച്ചുള്ള ‘ട്വിങ്കിള്‍ റോസയും 12 കാമുകന്മാരും’… തുടങ്ങിയവ അതില്‍ പെടും.

‘പൊന്മാന്‍’ എന്ന എന്റെ കഥ സിനിമയായപ്പോള്‍ എന്റെ നാട്ടിൽ തന്നെ സെറ്റിട്ടതും ചിത്രീകരിച്ചതും സന്തോഷമുള്ള കാര്യമായിരുന്നു. നായികയുടെ വീട് അവിടെയായിരുന്നു. താന്നിയിൽ. പാലത്തിനപ്പുറം മയ്യനാട് ഗ്രാമത്തിലായിരുന്നു എന്റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. ഹൈസ്‌കൂളില്‍ ചേര്‍ക്കാന്‍ സൈക്കിളില്‍ കൊണ്ടു പോകവേ അച്ഛന്‍ പറഞ്ഞിരുന്നു, പഠിക്കുന്നേൽ മയ്യനാട്ടുകാരെ കണ്ടു പഠിക്കണം. ഒരു മുഖ്യമന്ത്രി, വലിയൊരു പത്രം, ഒരുപാടു കലാകാരന്മാര്‍, എന്‍ജിനീയര്‍മാര്‍ ഒക്കെ ഉണ്ടായത് ഈ ചെറിയ നാട്ടിൽ നിന്നാണ്.

മൺട്രോത്തുരുത്തിൽ എന്റെ കഥയുടെ സിനിമാ ഷൂട്ടിങ്ങിനിടയിൽ നെറ്റിയില്‍ വിളക്കു കെട്ടി വെച്ച് കരിമീന്‍ കോരിയെടുക്കുന്നവർക്കൊപ്പം ഞാന്‍ സ്ഥലം വിട്ടു പോകാറുണ്ടായിരുന്നു. അവിടെ രാത്രി ഷൂട്ട് കൊടുമ്പിരി കൊള്ളുകയാണ്. സംവിധായകന്‍ ജ്യോതിഷ് മൈക്കിലൂടെ എന്റെ പേരു വിളിച്ച് അലറുകയാണ്: ചേട്ടാ…. എവിടെ ചേട്ടാ…. ഡയലോഗില്‍ ഒരു തിരുത്തു വേണം. ചേട്ടോ…..  ഞാനന്നേരം പല കടവിനപ്പുറമാണ്. തിരിച്ചോടി തുടങ്ങും.

മീനിന്റെ കാര്യത്തില്‍ കടുത്ത പിടിവാശിക്കാരുണ്ട്. കൊഞ്ചും കരിമീനുമുണ്ടെങ്കിലും ചില പ്രത്യേക മീന്‍ വേണം. കടിയില്‍ പപ്പൂള്ള എന്ന കഥാപാത്രമുണ്ട്. ദേഷ്യം വന്നാൽ വാശിയാണ്. വാശി തീരണമെങ്കില്‍ അഷ്‌ടമുടിക്കായലിലെ കടിമീന്‍ തന്നെ വേണം ഊണിന്. ഇല്ലെങ്കില്‍ അഷ്‌ടമുടിക്കായലിലെ ചാവറ്റ. ഒരിക്കല്‍ ഞങ്ങള്‍ സാക്ഷാല്‍ നടയ്ക്കാവ് മാര്‍ക്കറ്റില്‍ ചെന്നപ്പോ മൂന്ന് അഷ്‌ടമുടി കടിയൻ കിടക്കുന്നു. അത് വില്‍ക്കാന്‍ കാത്തു നിൽക്കുന്ന മീന്‍പിടിത്തക്കാരന്‍ കയ്യിലെ മൂന്നോ നാലോ പാട് കാണിച്ചു തന്നിട്ട  പറഞ്ഞു: ഞണ്ടിന്റെ ഇറുക്കൊക്കെ പിന്നേം നമ്മക്ക് ഇളക്കാം. എവന്റെ ലോക്കാണ് ലോക്ക്. കടിച്ചു പറിച്ചു കളയും. എന്നാലും കടിയില്‍ പപ്പൂള്ളമാര്‍ക്കു വേണ്ടി നമ്മളിവന്റെ പുറകെ നടക്കും. പപ്പൂള്ള ചത്തിട്ട് കാലം കുറെയായി. പുതിയ പപ്പൂള്ളമാരെ കാത്തിരിക്കുകയാണ് മീന്‍പിടിത്തക്കാരന്‍.

കക്കയുടെ കാര്യത്തിലും ഈ പുച്ഛമുണ്ട്. ചിപ്പിച്ചാകര കണ്ടു. പുറ്റുപോലെ ഒരു പ്രദേശം മുഴുവന്‍ പുറ്റുപോലെ കക്കകള്‍ വിളഞ്ഞു. തെര്‍മോള്‍ പെട്ടികൾ തോളിലിട്ട് അതില്‍ വാരി നിറയ്‌ക്കുന്നവർ. ഒരു നാട്ടുകാരൻ പറഞ്ഞു: അയ്യേ. കാട്ടുചിപ്പിയാ. ഞങ്ങളു കഴിക്കത്തില്ല. അതൊക്കെ അധിനിവേശ കക്കകളാ. ഞങ്ങള് നീലയും മഞ്ഞക്കക്കയൊക്കെ കഴിച്ചു കിടക്കുന്നവരാ. അഷ്‌ടമുടിയിലെ സ്വന്തം കക്ക.

ഭാഗ്യവാന്മാര്‍. ലോകത്തെങ്ങുമില്ലാത്ത സ്വന്തം രുചികളുടെ വാഹനങ്ങളാണ് കൊല്ലത്തുകാരുടെ നാവുകള്‍.

തിരുവനന്തപുരത്ത് ഞാന്‍ വീട്ടിലിരിക്കുകയാണ്. രാവിലെ പത്തു മണിയാകുമ്പോ അമ്മയുടെ ഒരു വിളി. ടാ കടപ്പുറത്തു നിന്ന് നല്ല ഊളിപ്പൊടി കിട്ടി. പൊടിമീനാണ്. ഞാന്‍ പറഞ്ഞു: വറ്റിച്ചു വച്ചേരെ. ഉച്ചയ്ക്കങ്ങ് എത്താം. വായില്‍ അതു കേള്‍ക്കുമ്പോ തന്നെ ഒരു കായലുണ്ടായിരിക്കുന്നു.. അതില്‍ വള്ളമിറക്കി തിരുവനന്തപുരത്തു നിന്ന് കൊല്ലത്തെത്താം. പെട്ടെന്നു തന്നെ.