ചേര്‍ത്തുപിടിക്കാം വയനാടിനെ
ടി.വി. സുഭാഷ് ഐ എ എസ്
ഡയറക്ടര്‍
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ
ഒരു മഹാദുരന്തത്തിന്റെ നടുക്കുന്ന, നൊമ്പരമുണർത്തുന്ന കാഴ്‌ചകളിലാണ് നാമിപ്പോഴും. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവുമധികം മനുഷ്യ ജീവന്‍ കവര്‍ന്ന പ്രകൃതി ദുരന്തമായ, വയനാട്ടിലെ ഉരുൾപൊട്ടൽ സൃഷ്‌ടിച്ച ആഘാതം അത്ര വേഗം മനസ്സിൽ നിന്ന് മായുന്ന ഒന്നല്ല. ജൂലൈ 30ന് പ്രതീക്ഷിക്കാതെ അലച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ മുണ്ടക്കൈയിലെയും ചൂരൽമലയിലെയും പല കുടുംബങ്ങളും ഒരാളെപോലും അവശേഷിപ്പിക്കാതെ വേരോടെ പിഴുതെറിയപ്പെട്ടു. രക്ഷപ്പെട്ടവരിൽ പലരും ഓമനമക്കൾ ഉൾപ്പെടെ പ്രിയപ്പെട്ടവർ ഇല്ലാതായതിന്റെ തീവ്ര വേദനയിലാണ്. അധ്വാനത്തിലൂടെ നേടിയ വസ്‌തു വകകളും സമ്പ്യാദവുമൊക്കെ ഒലിച്ചു പോയി.
ദുരന്തത്തെപ്പറ്റി അറിഞ്ഞ ഉടൻ തന്നെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ സംസ്ഥാനത്തിനായി. പരമാവധി ജീവൻ രക്ഷിക്കാനായിരുന്നു മുന്‍ഗണന. ഫയർഫോഴ്‌സും പോലീസും എൻ ഡി ആർ എഫും തുടങ്ങി വിവിധ സേനകൾ യോജിച്ചു പ്രവർത്തിച്ചു. സംസ്ഥാനത്തിന്റെ ആവശ്യപ്രകാരം സൈന്യം കൂടിയെത്തിയതോടെ രക്ഷാ പ്രവർത്തനത്തിന് ഗതിവേഗമേറി. ആരോഗ്യവകുപ്പ് ഉൾപ്പെടെ മറ്റു സർക്കാർ സംവിധാനങ്ങളും ചിട്ടയോടെ മുന്നോട്ടു നീങ്ങി. ജീവിതത്തിലെ തീവ്രനഷ്‌ടങ്ങളിൽ ഉഴലുന്ന ദുരന്തബാധിതരെ ചേർത്തു പിടിക്കുകയാണ് കേരളം. ഉരുൾപൊട്ടലിൽ സർവ്വതും പൊയ്പ്പോയവരെ കൈപിടിച്ചുയർത്തുന്നതിനും അവരുടെ പുനരധിവാസത്തിനുമാണ് ഇപ്പോൾ നടപടി സ്വീകരിച്ചു വരുന്നത്.
2018 ലെ പ്രളയശേഷമെന്ന പോലെ ഇക്കാര്യത്തിൽ അഭിമാനം പകരുന്ന ചില മാതൃകകൾ ഇതിനകം ഉണ്ടായിട്ടുണ്ട്. വിവിധ ഭാഷകളിലെ സിനിമാ താരങ്ങൾ മാത്രമല്ല കുടുക്ക പൊട്ടിച്ച സമ്പ്യാദവുമായെത്തുന്ന സ്‌കൂൾ കുട്ടികളും മൂന്നു മണിക്കൂർ തുടർച്ചയായി നൃത്തം ചെയ്‌തു നേട്ടിയ തുക വയനാടിനായി മാറ്റിവെച്ച തമിഴ്‌നാട്ടിലെ 13 വയസ്സുകാരി പെൺകുട്ടിയുമൊക്കെ തങ്ങളാലാവും വിധം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ മുന്നോട്ടു വന്നത് മനുഷ്യ സ്‌നേഹത്തിന്റെ ഇനിയും വറ്റാത്ത ഉറവുകളാണ് സൂചിപ്പിക്കുന്നത്. പ്രകൃതി ദുരന്തം തകർത്തെറിഞ്ഞ ജനതയ്‌ക്ക് ആശ്വാസമേകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സംഭാവനകൾ നൽകി ഒപ്പം നിൽക്കാം.