മാതൃകയാണ് കേരളം

ബ്രട്ടീഷ് പാഠ്യപദ്ധതികളില്‍ നിന്ന് മോചനം നേടുക എന്ന ലക്ഷ്യത്തോടെ 1964ല്‍ സ്ഥാപിതമായ കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള എന്‍.സി.ഇ.ആര്‍.ടി മതനിരപേക്ഷത, ജനാധിപത്യം, ശാസ്ത്രബോധം, സാമൂഹികനീതി എന്നിവ വിദ്യാര്‍ഥികളിലുളവാക്കുന്ന പാഠപുസ്തകങ്ങളാണ് പുറത്തിറക്കിയിരുന്നത്. ഈ പുസ്തകങ്ങളാണ് വികസിത രാജ്യങ്ങളെപ്പോലും വിസ്‌മയിപ്പിക്കുന്ന വിധത്തില്‍ നമ്മളുടെ രാജ്യത്തെ മുന്നോട്ടു നയിച്ചത്. എന്നാല്‍ എന്‍ സി ഇ ആര്‍ ടി 2023-24 അക്കാദമിക വര്‍ഷത്തേക്കുള്ള സ്‌കൂള്‍ പാഠപുസ്‌തകങ്ങളിലെ ചില ഭാഗങ്ങള്‍ ഒഴിവാക്കുകയായിരുന്നു. ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ പ്രാധാന്യത്തോടെ പഠിക്കേണ്ട വിഷയങ്ങളാണിവയെല്ലാം. എന്‍ സി ഇ ആര്‍ ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തി സംസ്ഥാനം പൂരക പാഠപുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുകയാണ് ഇപ്പോള്‍. ഏറെ പ്രസക്തമാണ് കേരളത്തിന്റെ നടപടി.

എന്താണ് വെട്ടിക്കുറച്ചത്?

നിലവിലുള്ള പ്ലസ് വണ്‍ പ്ലസ് ടു പാഠപുസ്‌തകങ്ങളിലെ ചരിത്രം, സാമ്പത്തിക ശാസ്ത്രം, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി പാഠങ്ങള്‍ക്കാണ് ഈ നടപടിയില്‍ മാരകമായ പരുക്കുകളേറ്റത്. ചരിത്ര പാഠങ്ങളില്‍ മനുഷ്യോല്‍പത്തി, മധ്യ-ഏഷ്യന്‍ ഇസ്ലാമിക പ്രദേശങ്ങള്‍, സംസ്‌കാരങ്ങളുടെ സംഘട്ടനം, വ്യവസായിക വിപ്ലവം, രാജാക്കന്‍മാരും കൊട്ടാരം രേഖകളും, ഇന്ത്യാവിഭജനത്തെ മനസ്സിലാക്കല്‍ തുടങ്ങിയവയാണ് നീക്കം ചെയ്തിരിക്കുന്നത്. പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്‌തകത്തിൽ നിന്ന് സമാധാനം, വികസനം എന്നീ ഭാഗങ്ങളും ജനകീയ പ്രസ്ഥാനങ്ങള്‍, ശീതയുദ്ധം, അമേരിക്കന്‍ സര്‍വാധിപത്യം എന്നിവയും നീക്കം ചെയ്‌തിരിക്കുന്നു. മഹാത്മാഗാന്ധിയും ഇന്ത്യാവിഭജനവും എന്ന ഭാഗത്തുണ്ടായിരുന്ന ഗാന്ധി വധത്തില്‍ രാഷ്ട്രീയ സ്വയം സേവക് സംഘിനുള്ള പങ്കാളിത്തം പറയുന്ന ഭാഗവും അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളും ഒഴിവാക്കി. ‘ഇന്ത്യന്‍ എക്കണോമിക് ഡവലപ്പ്മെന്റ് ‘എന്ന പുസ്‌തകത്തിലെ ‘പോവര്‍ട്ടി’ അഥവാ ദാരിദ്ര്യം എന്ന ഭാഗവും നീക്കം ചെയ്യുകയുണ്ടായി. തന്റെ ചുറ്റുപാടുകളെ ശാസ്ത്രീയമായും പുരോഗമനപരമായും മനസ്സിലാക്കിയെടുക്കുവാനുതകുന്ന പല ഭാഗങ്ങളും സോഷ്യോളജി പാഠപുസ്‌തകത്തിൽ വെട്ടിച്ചുരുക്കി.

പ്രതിരോധവുമായി കേരളം

എന്‍സിഇആര്‍ടി യുടെ പ്രഖ്യാപനം വന്ന ഉടനെ തന്നെ നീക്കം ചെയ്ത പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്‌തകങ്ങൾ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുമെന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങ് അഥവാ എസ് സിഇആര്‍ടി ഇതിന്റെ ചുമതല ഏറ്റെടുക്കുകയും തുടര്‍ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തു. സാമൂഹിക ശാസ്ത്ര പഠനം വിദ്യാര്‍ഥികളില്‍ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളും മാനവികതയും ശാസ്ത്ര ബോധവും നിര്‍മ്മിക്കുന്നവയായിരിക്കണമെന്ന നിലപാടാണ് എസ്.സി.ഇ.ആര്‍.ടി കൈക്കൊണ്ടത്. വിഷയ വിദഗ്‌ധരെ കണ്ടെത്തി പാഠപുസ്‌തകങ്ങൾ പുസ്തകങ്ങൾ തയ്യാറാക്കുവാന്‍ എസ് സി ഇ ആര്‍ ടി ക്കു സാധിച്ചു. ചരിത്രം, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്ക് രണ്ട് വീതവും സോഷ്യോളജി, സാമ്പത്തിക ശാസ്ത്രം എന്നിവക്ക് ഓരോന്നുമായി ആറ് പുസ്‌തകങ്ങളുമാണ് ഇങ്ങനെ രൂപം കൊണ്ടത്.

ഇന്ത്യയുടെ ചരിത്രം ശാസ്ത്രീയ കാഴ്‌ചപ്പാടുകളിലൂടെ അവതരിപ്പിക്കുന്ന പുസ്‌തകം ഇവയില്‍ ശ്രദ്ധേയമാണ്. Origin of Humans, Cultural Formations in the Middle Ages, Age of Discoveries and Inventions, Culture and Polity through Court Chronicles, A Country Torn Apart എന്നീ അഞ്ച് പാഠഭാഗങ്ങള്‍ രണ്ട് പാഠപുസ്‌തകങ്ങളായിട്ടാണ് ലഭ്യമാക്കിയിരിക്കുന്നത്. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വം, പഞ്ചവത്സര പദ്ധതികള്‍, അടിയന്തരാവസ്ഥ, സ്വാതന്ത്ര്യാനന്തര കാലത്തെ ജനകീയ മുന്നേറ്റങ്ങള്‍, ഗുജറാത്ത് കലാപം, ശീതസമരം, അമേരിക്കന്‍ മേധാവിത്തം, തുടങ്ങിയ പാഠങ്ങളാണ് പൊളിറ്റിക്കല്‍ സയന്‍സിന്റെ പുസ്‌തകത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചവത്സരപദ്ധതികള്‍ ശാസ്ത്രീയമായി വിലയിരുത്തുന്നതിനൊപ്പം കേരളത്തിന്റെ ലോകശ്രദ്ധ നേടിയ വികസന മുന്നേറ്റവും പാഠഭാഗമായി ചേര്‍ത്തിട്ടുണ്ട്. ഇന്ത്യയിലെ ഹരിത- ധവള വിപ്ലവങ്ങള്‍ക്കൊപ്പം 2002-ലെ ഗുജറാത്ത് കലാപം, ശീതയുദ്ധങ്ങള്‍, ഇന്ത്യയുടെ ചേരിചേരാനയം അമേരിക്കന്‍ സര്‍വാധിപത്യ ശ്രമങ്ങള്‍ തുടങ്ങിയവയും ലളിതമായ രീതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

എങ്ങനെയായിരിക്കണം വിഷയം പഠിക്കേണ്ടതെന്നു പറയുന്നതാണ് സോഷ്യോളജി പാഠപുസ്തകത്തിലെ ആദ്യ അധ്യായം. പാര്‍ശ്വവല്‍ക്കരണം, പിന്നാക്കവിഭാഗങ്ങളുടെ ജീവിതം, സാമൂഹിക സ്ഥാപനങ്ങള്‍ എന്നിവയെ നാം നേടിയെടുക്കുന്ന സാമാന്യ അറിവില്‍കൂടിയല്ല പരിശോധനയിലൂടെയും വിമര്‍ശനാത്മക പഠനത്തിലൂടെയുമാണ് മനസ്സിലാക്കേണ്ടത് എന്നതാണ് ഇതിലെ ഉള്ളടക്കം. ഈ പാഠഭാഗങ്ങള്‍ വഴി ഭരണഘടനാ മൂല്യങ്ങളും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വളര്‍ച്ചാ വഴികളും വിദ്യാര്‍ഥികള്‍ക്ക് ഗ്രഹിച്ചെടുക്കാം.

കേരളമാതൃകയുടെ പെരുമ

കേരളം കൈവരിച്ച നേട്ടങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് പാഠഭാഗങ്ങള്‍ തയ്യാറാക്കിയത്. ജാതിവിരുദ്ധ മുന്നേറ്റങ്ങള്‍ വിജയിച്ച കേരളത്തിലെ അയ്യന്‍കാളിയുടെ വിദ്യാഭ്യാസത്തിനായുള്ള പ്രക്ഷോഭവും പി.കെ റോസിയെന്ന ആദ്യകാല സിനിമാ പ്രവര്‍ത്തകയുടെ ജീവിതവും വസ്ത്രം ധരിക്കുവാന്‍ സ്ത്രീകള്‍ നടത്തിയ ചാന്നാര്‍ പ്രക്ഷോഭവും കല്ലുമാല സമരവും ഉള്‍പ്പെടുത്തി. കേരളത്തിലെ ഗോത്രവിഭാഗങ്ങളിലുണ്ടായ പുരോഗതിക്ക് തെളിവായ ശ്രീധന്യ സുരേഷ് ഐ എ എസ് നെയും തൊഴിലാളി മുന്നേറ്റങ്ങളുണ്ടാക്കിയ മാറ്റത്തേയും പുന്നപ്ര-വയലാര്‍സമരം ദേശീയ സമരത്തെ ശക്തമാക്കിയതിനെയും പരാമര്‍ശിക്കുന്നുണ്ട്. കേരളത്തിന്റെ വികസന നയത്തിലെ നാഴികക്കല്ലായ ട്രാൻസ്‌ജെൻഡർ നയവും അവതരിപ്പിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യയെ നയിച്ച ജവഹര്‍ലാല്‍ നെഹ്റുവിന്റെ പ്രവര്‍ത്തനങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

സാമ്പത്തിക ശാസ്ത്ര പാഠപുസ്തകം ‘ദാരിദ്ര്യം’ എന്ന വിഷയത്തെ കേന്ദ്രീകരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. വര്‍ത്തമാന ഇന്ത്യയിലെ ജനജീവിതത്തെ സാരമായി ബാധിക്കുന്ന ദാരിദ്ര്യത്തിന്റെ വര്‍ധനവ് ഏവരും തിരിച്ചറിയേണ്ടതാണ്. ഇതു പഠനവിധേയമാക്കുന്നതിനു പകരം പാഠ്യപദ്ധതിയില്‍ നിന്ന് വെട്ടിമാറ്റുന്ന പ്രര്‍ത്തനമാണ് ഏവരെയും അത്ഭുതപ്പെടുത്തുക. സ്വാതന്ത്ര്യാനന്തരവും വര്‍ത്തമാന കാലത്തും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികള്‍ ദാരിദ്ര്യത്തെ ഇല്ലാതാക്കുന്നതില്‍ വേണ്ടത്ര വിജയിച്ചിട്ടില്ല. എന്നാല്‍ 2023ലെ ദേശീയ കണക്കുകളനുസരിച്ച് (NMDPI) ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവായ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. കേരളത്തിന്റെ ദാരിദ്ര്യത്തിന്റെ അളവ് വെറും 0.55 ശതമാനം മാത്രമാണെന്നും പാഠഭാഗത്ത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

വിദ്യാര്‍ഥികളുടെ പാഠഭാരം വര്‍ധിക്കാതെയും എന്നാല്‍ അടിസ്ഥാന മൂല്യങ്ങളും ശാസ്ത്രീയജ്ഞാനവും കൈവിട്ടു പോകാതെയുമാണ് ഈ പുസ്തകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. മറ്റേത് സംസ്ഥാനത്തിനെക്കാളും വിദ്യഭ്യാസ മേഖലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കേരളം ആ മികവ് പ്രദര്‍ശിപ്പിച്ചു കൊണ്ടു തന്നെയാണ് പൂരക പാഠപുസ്‌തകങ്ങൾ പുറത്തിറക്കിയിരിക്കുന്നത്. നമ്മളുടെ രാജ്യം പുലര്‍ത്തുന്ന ജനാധിപത്യ-മതനിരപേക്ഷ ശാസ്ത്രീയ മൂല്യങ്ങള്‍ നാടിന്റെ ഭാവികാല ജീവിതത്തിന് അത്യന്താപേക്ഷിതമാണ് എന്നതാണ് കേരളത്തിന്റെ പാഠപുസ്തകങ്ങള്‍ നല്‍കുന്ന സന്ദേശം. ജനാധിപത്യവും മതനിരപേക്ഷതയും ബഹുസ്വര ജീവിതവും ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തില്‍ അത്തരം വെല്ലുവിളികളെ നേരിടുവാന്‍ കെല്‍പുള്ള തലമുറ വളര്‍ന്നു വരേണ്ടതുണ്ട്. ഈ ലക്ഷ്യങ്ങളോടെ കേരളം തയ്യാറാക്കിയ പൂരക പാഠപുസ്തകങ്ങള്‍ ഇതര സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ്.