കേരളത്തില്‍ ഉയിര്‍ക്കുന്ന മാതൃകകള്‍
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്‌തമായി കേരളം ആവിഷ്‌കരിച്ച വികേന്ദ്രീകൃത-ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണ് വൃത്തി – വെള്ളം – വിളവ് ക്യാമ്പെയിന്‍
ഷിബു കെ. എന്‍.
പരിസ്ഥിതി പ്രവര്‍ത്തകന്‍
ഭൗമാന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, മീഥേയ്ന്‍, നൈട്രിക് ആസിഡ് തുടങ്ങിയ ഹരിത ഗൃഹ വാതകങ്ങളുടെ അളവിലുണ്ടാകുന്ന വര്‍ധന ആഗോള താപനമെന്ന കാലാവസ്ഥാ വ്യതിയാന പ്രഭാവത്തിലേക്ക് ഭൂമിയെ നയിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ ഹരിത ഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം നിയന്ത്രിക്കുന്നതിനും അതുവഴി ആഗോള താപനത്തെ വരുതിയിലാക്കുന്നതിനുമുള്ള ശ്രമത്തിലാണ് ലോക രാഷ്ട്രങ്ങളെല്ലാം. 2040ഓടു കൂടി ആഗോള താപനം 1.5 ഡിഗ്രി സെല്‍ഷ്യസിനു താഴെ നിയന്ത്രിച്ചു നിര്‍ത്താനുള്ള കര്‍മ്മ പദ്ധതികളാണ് ഇന്ന് ലോകം ചര്‍ച്ച ചെയ്യുന്നത്.
ആഗോള താപനത്തിന് കാരണമാകുന്ന വാതകങ്ങളില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിനു ശേഷം രണ്ടാം സ്ഥാനത്തുള്ളത് മീഥേയ്ന്‍ എന്ന വാതകമാണ്. അളവില്‍ വളരെ കുറവാണെങ്കിലും ആഗോള താപനമെന്ന പ്രഭാവത്തില്‍ ഈ വാതകം കാര്യമായ പങ്കു വഹിക്കുന്നുണ്ട്. ആകെയുള്ള മീഥേയ്ന്‍ ബഹിര്‍ ഗമനത്തിന്റെ 20 ശതമാനവും മനുഷ്യ ഇടപെടലുകള്‍ മൂലമുണ്ടാകുന്നതാണ്. ഫോസില്‍ ഇന്ധനങ്ങള്‍, കൃഷി, നഗര ഖര മാലിന്യങ്ങള്‍ എന്നിവയാണ് പ്രധാന സ്രോതസ്സുകള്‍. അല്‍പായുസ്സുകളായ മീഥേയ്ന്‍ വാതകം ഭൗമാന്തരീക്ഷത്തില്‍ ഏകദേശം പത്തു വര്‍ഷത്തോളം നിലനിൽക്കുമെന്ന് കണക്കാക്കപ്പെടുന്നു. ഇവ ഭൗമോപരിതലത്തില്‍ ഓസോണ്‍ വാതകങ്ങളുടെ രൂപവല്‍ക്കരണത്തിന് വഴി വെക്കുന്നു.
അപകടകാരിയായ നഗര ഖര മാലിന്യങ്ങള്‍
മനുഷ്യരുടെ ഇടപെടല്‍ കൊണ്ടുണ്ടാകുന്ന മീഥേയ്ന്‍ വാതകത്തിന്റെ 20 ശതമാനവും നഗര ഖര മാലിന്യങ്ങളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ ഖര മാലിന്യങ്ങളിലെ ജൈവാവഷിഷ്‌ടങ്ങളെ സമയാ സമയം സംസ്‌കരിക്കാതിരിക്കുന്നത് മൂലം അവയില്‍ നിന്നും മീഥേയ്ന്‍ വാതകങ്ങളുണ്ടാകുന്നു. ഡല്‍ഹിക്ക് സമീപമുള്ള വന്‍കിട മാലിന്യക്കൂനകളിലൊന്നായ ഗാസിപ്പൂര്‍ ലാന്‍ഡ് ഫില്‍ വന്‍ തോതില്‍ മീഥേയ്ന്‍ പുറന്തള്ളുന്നതായി തെളിവുകള്‍ സൂചിപ്പിക്കുന്നു. ഗാസിപ്പൂര്‍ ലാൻഡ് ഫില്ലിൽ നിന്നുള്ള മീഥേയ്ന്‍ ബഹിര്‍ഗമനം മാത്രം ഏകദേശം മൂന്നര ലക്ഷം കാറുകളില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ ഗമനത്തിന് തുല്യമാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്.
മീഥേയ്ന്‍ വാതകത്തിൻ്റെ അളവ് 2040ഓടെ 45% കുറയ്ക്കാന്‍ സാധിച്ചാല്‍ ആഗോള താപനത്തില്‍ 0.3 ഡിഗ്രി കുറക്കാന്‍ കഴിയും. താരതമ്യേന ചെലവു കുറഞ്ഞതും എന്നാല്‍ കാര്യമായ പ്രയോജനം സാധ്യമാക്കുകയും ചെയ്യുന്ന മീഥേയ്ന്‍ തോതു കുറയ്ക്കല്‍ ലോക രാജ്യങ്ങളൊക്കെയും ഏറ്റെടുക്കുകയാണ്.
ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന നഗര ഖര മാലിന്യങ്ങളുടെ മൂന്നില്‍ രണ്ടു ഭാഗവും കൈകാര്യം ചെയ്യപ്പെടാതെ മാലിന്യക്കൂനകളില്‍ അവസാനിക്കുകയാണ്. മീഥേയ്ന്‍ വാതകത്തിൻ്റെ വലിയൊരു സ്രോതസ്സാണിത്. ഇത് ഒഴിവാക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ വലിയ നേട്ടമായിരിക്കും.
ഉറവിട മാലിന്യ സംസ്‌കരണം
കേരളം ആവിഷ്‌കരിച്ച വികേന്ദ്രീകൃത-ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായുള്ള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ജനകീയ മുന്നേറ്റമാണ് വൃത്തി-വെള്ളം-വിളവ് ക്യാമ്പെയ്ന്‍. ഹരിത കേരളം മിഷൻ്റെ നേതൃത്വത്തില്‍ ശുചിത്വ മിഷൻ്റെ സഹകരണത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കുന്ന ഈ പ്രവര്‍ത്തനങ്ങള്‍ ദേശീയ, അന്തര്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു.
ഖര മാലിന്യങ്ങളെ ഉറവിടത്തില്‍ത്തന്നെ വേര്‍തിരിക്കുകയും ജൈവ മാലിന്യങ്ങളെ പരമാവധി ഉറവിടത്തിലോ ഉറവിടത്തിനടുത്തോ അതുമല്ലെങ്കില്‍ പൊതു സംവിധാനങ്ങളിലോ കമ്പോസ്റ്റ് അല്ലെങ്കിൽ ബയോഗ്യാസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് സംസ്‌കരിക്കുകയും ചെയ്യുന്ന മാതൃകാ പദ്ധതി വിജയകരമായി നടപ്പിലാക്കാന്‍ കഴിയുമെന്ന് ആലപ്പുഴ നഗര സഭയും തിരുവനന്തപുരം നഗര സഭയും തെളിയിച്ചു. അതിനെത്തുടര്‍ന്ന് സംസ്ഥാനത്തുടനീളം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കി വരികയാണ്.
ഖര മാലിന്യങ്ങളാണ് ദ്രവ മാലിന്യങ്ങൾക്ക് കാരണം. ഖര മാലിന്യങ്ങളുടെ സമയോചിതവും ശാസ്ത്രീയവുമായ പരിപാലനം ജല മലിനീകരണത്തിനുള്ള സാധ്യതകളെ ചെറുക്കുന്നു. പദ്ധതിയുടെ ഭാഗമായി നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും ഇന്ന് ഒരു പോലെ പ്രചരിപ്പിക്കപ്പെടുന്ന പച്ചക്കറിക്കൃഷി ജൈവ ഖര മാലിന്യങ്ങളില്‍ നിന്നുള്ള കമ്പോസ്റ്റിനെ പ്രയോജനപ്പെടുത്തുകയും അതുവഴി മണ്ണിലെ കാർബണിൻ്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കുന്നുണ്ട്.
മാലിന്യ മുക്ത കേരളത്തിനു വേണ്ടിയുള്ള ക്യാമ്പെയിന്‍ ജല സ്രോതസ്സുകളുടെ പുനരുജ്ജീവനത്തിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കും ഇടയാക്കി. അമ്പതിനായിരത്തിലധികം ആളുകള്‍ക്ക് നേരിട്ട് തൊഴിലും വരുമാനവും നല്‍കുന്ന സാമ്പത്തിക പ്രവര്‍ത്തന മേഖലയെയും അത് രൂപപ്പെടുത്തിയിരിക്കുന്നു. മാലിന്യ സംസ്‌കരണം, കൃഷി, പരിസ്ഥിതി മേഖലകളിലെ പ്രശ്നങ്ങള്‍ക്ക് നൂതനവും സുസ്ഥിരവുമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കെഡിസ്‌കിൻ്റെ നേതൃത്വത്തില്‍ കേരളാ സ്റ്റാര്‍ട്ടപ്പ് മിഷൻ്റെ സഹകരണത്തോടെ നടപ്പിലാക്കി വരികയാണ്.
സീറോ വേസ്റ്റ് കേരളം സാധ്യമാകണമെങ്കില്‍ കേരളത്തിലെ ആബാല വൃദ്ധം ജനങ്ങളുടെയും ക്രിയാത്മകമായ പങ്കാളിത്തം കൂടിയേ തീരൂ.