ക്ലീനാകാം കുരീപ്പുഴ മാതൃകയില്‍

ഇന്ത്യയില്‍ ആദ്യമായാണ് ഒരു റാംസര്‍ സൈറ്റിലെ പരമ്പരാഗത മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നത്
ആദർശ് ഓണാട്ട്
മാധ്യമ പ്രവര്‍ത്തകന്‍

സംസ്ഥാനത്തെ പരമ്പരാഗത മാലിന്യ കേന്ദ്രങ്ങളിലെ മാലിന്യക്കൂമ്പാരങ്ങള്‍ വൃത്തിയാക്കി ആ ഭൂമി വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ കേരള ഖര മാലിന്യ പരിപാലന പദ്ധതിയിലൂടെ (കെ എസ് ഡബ്ലു എം പി) സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. വര്‍ഷങ്ങള്‍ പഴക്കമുള്ളതും ദോഷകരവുമായ മിശ്ര മാലിന്യങ്ങളുടെ കൂമ്പാരങ്ങള്‍ വൃത്തിയാക്കിയെടുക്കുന്നതിനു കൊല്ലം കുരീപ്പുഴ ചണ്ടി ഡിപ്പോയില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ അനുകരണീയ മാതൃകയാണ്.

കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ മാലിന്യ ശേഖരത്തിന് ഏകദേശം 70 വര്‍ഷത്തോളം പഴക്കമുണ്ടായിരുന്നു. ഇവിടുത്തെ മാലിന്യം നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് തദ്ദേശ വാസികൾ ഉന്നയിച്ച്തദ്ദേശവാസികള്‍ പതിറ്റാണ്ടുകളായി സമര പോരാട്ടത്തിലുമായിരുന്നു. 2012 വരെ പ്രതിഷേധം തുടര്‍ന്നു. തുടർന്ന് ഡിപ്പോയുടെ പ്രവർത്തനം നിലച്ചുവെങ്കിലും മാലിന്യം അവശേഷിച്ചു. റാംസര്‍സൈറ്റ് ആയ അഷ്‌ടമുടിക്കായലിനരികിൽ സ്ഥിതി ചെയ്‌തിരുന്ന ഈ മാലിന്യ നിക്ഷേപ കേന്ദ്രം വലിയ പാരിസ്ഥിതിക ഭീഷണിയാണ്‌ സൃഷ്‌ടിച്ചിരുന്നത്.

ദ്രവ രൂപത്തിലുള്ള മലിനാംശങ്ങള്‍ കാരണം ജലാശയങ്ങളും കിണറുകളും മലിനമാകുകയും ഇത്‌ രൂക്ഷമായ കുടിവെള്ള പ്രതിസന്ധി സൃഷ്‌ടിക്കുകയും ചെയ്‌തു. സമീപവാസികള്‍ നേരിട്ട ആരോഗ്യ പ്രശ്‌നങ്ങളും അനവധിയായിരുന്നു. കൊല്ലം കോര്‍പ്പറേഷന്റെ നിരന്തര ശ്രമഫലമായാണ് പതിറ്റാണ്ടോളം പഴക്കമുള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞത്.

രക്ഷയായത് ബയോ മൈനിങ്ങ്

ഡിപ്പോയിലെ 1.04 ലക്ഷം ക്യുബിക് മീറ്റർ പരമ്പരാഗത മാലിന്യം നീക്കം ചെയ്യുന്നതിനുള്ള പദ്ധതി 2022 ജനുവരി 24 നാണു ആരംഭിച്ചത്. ഇവിടുത്തെ മുഴുവന്‍ മിശ്ര മാലിന്യക്കൂമ്പാരങ്ങളും പൂര്‍ണ്ണമായും നീക്കം ചെയ്‌ത് ഭൂമി ഇപ്പോള്‍ വീണ്ടെടുത്തിരിക്കയാണ്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു റാംസര്‍ സൈറ്റിലെ പരമ്പരാഗത മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യുന്നത്. പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങളിലൂടെ മാലിന്യങ്ങളെ വിവിധ ഘടകങ്ങളായി വേര്‍തിരിച്ച്‌ വെവ്വേറെ സംസ്‌കരിക്കുന്ന ബയോമൈനിങ്ങ്‌ സാങ്കേതിക വിദ്യയാണ് കുരീപ്പുഴയിൽ നടപ്പിലാക്കിയത്.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരുന്നു പ്രവര്‍ത്തനം. ഖര മാലിന്യ സംസ്‌കരണത്തിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ചട്ടങ്ങള്‍ക്കനുസൃതമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അംഗീകാരത്തോടെ തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും കൊല്ലം കോര്‍പ്പറേഷനിലെ എഞ്ചിനീയറിങ്ങ് ആരോഗ്യ വകുപ്പുകളുടെയും നേരിട്ടുള്ള മേല്‍ നോട്ടത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍.

റെഫ്യൂസ്‌ഡെറൈവ്ഡ് ഫ്യുവല്‍ (ആര്‍ഡിഎഫ്) മാലിന്യങ്ങള്‍, വിവിധതരം മണ്ണ്, കല്ല്, ലോഹങ്ങള്‍, ഗ്ലാസ്, ടയറുകള്‍, മരം, ബാഗുകള്‍, ചെരുപ്പുകള്‍, പേനകള്‍, കോണ്‍ക്രീറ്റ് മാലിന്യങ്ങള്‍, ഇ-മാലിന്യം തുടങ്ങിയവയാണ് കൂമ്പാരത്തില്‍ നിന്ന്‌ വേര്‍തിരിച്ചെടുത്തത്. പ്രതിദിനം 500 മുതല്‍ 800 മെട്രിക് ടണ്‍ വരെ മാലിന്യം സംസ്‌കരിച്ചു.

ഈ മാലിന്യക്കൂമ്പാരത്തില്‍ നിന്ന്‌ വേര്‍തിരിച്ചെടുക്കുന്ന ആര്‍ഡിഎഫ്‌ സിമന്റ് ഫാക്‌ടറികളിലെ ചൂളകളില്‍ ഉപയോഗിക്കുന്നു. പ്രകൃതിദത്ത ഇന്ധനങ്ങളായ കരി, വിറക് എന്നിവയ്‌ക്ക് പകരമായും ഇത് ഉപയോഗിക്കുന്നുണ്ട്.