നാളെയുടെ നഗര പഥങ്ങള്‍

2027 ജൂണില്‍ പൂര്‍ത്തീകരിക്കപ്പെടുന്ന പദ്ധതിയുടെ ട്രാക്ക്-1 പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, നഗര സഭകളിലെ മാലിന്യ പരിപാലനത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു
യു.വി. ജോസ് ഐ എ എസ് (റി.ട്ട)
ഡെപ്യൂട്ടി പ്രോജക്‌ട് ഡയറക്‌ടർ, കേരള ഖര മാലിന്യ പരിപാലന പദ്ധതി

ഗ്രാമങ്ങള്‍ക്കും നഗരങ്ങള്‍ക്കുമിടയില്‍ വളരെ നേര്‍ത്ത അതിരുകള്‍ മാത്രമുള്ള സംസ്ഥാനമെന്ന സവിശേഷതയുണ്ട്‌ കേരളത്തിന്. നഗര ജീവിതത്തിന്റെ ഭാഗമായ മാലിന്യങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. കേരളത്തില്‍ പ്രതി വര്‍ഷം ഉല്‍പാദിപ്പിക്കപ്പെടുന്ന 37 ലക്ഷം ടണ്‍ ഖര മാലിന്യത്തില്‍ 22 ലക്ഷം ടണ്ണും നഗരങ്ങളില്‍ നിന്നുള്ളവയാണ്.

നഗരങ്ങളിലെ മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും പരിപാലനത്തിനുമായി തനതായ പദ്ധതികള്‍ സംസ്ഥാനത്ത് കാലങ്ങളായി നിലവിലുണ്ട്. എന്നാല്‍ ഉയരുന്ന ഖര മാലിന്യ നിക്ഷേപത്തിന് ആനുപാതികമായ, ആധുനികവും ശാസ്ത്രീയവുമായ സംവിധാനങ്ങളുടെ കുറവുണ്ട്. നമ്മുടെ മാലിന്യ പരിപാലന രംഗത്തെ പരിമിതികള്‍ പൂർണമായും പരിഹരിക്കുന്നതിന് സമഗ്രമായ മാറ്റമാണ്ആവശ്യം.

കേരളത്തിന്റെ നഗരങ്ങളില്‍ നില നില്‍ക്കുന്ന ഖര മാലിന്യ പ്രശ്‌നങ്ങൾക്ക് ശാസ്‌ത്രീയവും  സമഗ്രവുമായ പരിഹാരം മുന്നില്‍ കണ്ടാണ്‌ സംസ്ഥാന സര്‍ക്കാര്‍ കേരള ഖര മാലിന്യ പരിപാലന പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. നിലവില്‍ നടന്നു വരുന്ന വിവിധ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും തുടര്‍ച്ചയാണ് ഈ പദ്ധതി. നഗര സഭകളില്‍ നിലവിലുള്ള മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനും പദ്ധതി സഹായിക്കും. ഇതോടൊപ്പം ഖര മാലിന്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മ സേന, ഹരിത സഹായ സ്ഥാപനങ്ങള്‍, കുടുംബ ശ്രീ അടക്കമുള്ള ഏജന്‍സികളെ ഈ പദ്ധതിയിലൂടെ ശക്തിപ്പെടുത്തും.

പുരോഗതിയുടെ ട്രാക്കില്‍

2027-ജൂണില്‍ പൂര്‍ത്തീകരിക്കപ്പെടുന്ന പദ്ധതിയുടെ ട്രാക്ക്-1 പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, നഗര സഭകളിലെ മാലിന്യ പരിപാലനത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ഇതിനായി 93 നഗര സഭകളും പദ്ധതികള്‍ തയ്യാറാക്കി നല്‍കുകയും ഇവയ്‌ക്ക് അംഗീകാരം നല്‍കുകയും ചെയ്‌തിട്ടുണ്ട്. ഈ പദ്ധതികളുടെ വിശദ പദ്ധതി രേഖ തയ്യാറാക്കി നടപ്പിലാക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ അതി വേഗം പുരോഗമിക്കുകയാണ്. ഇത്തരത്തില്‍ ഏകദേശം 90 കോടി രൂപയുടെ പ്രവൃത്തികള്‍ ആദ്യ ഘട്ടത്തില്‍ത്തന്നെ പൂര്‍ത്തീകരിക്കാനാകും.

ഇതോടൊപ്പം ഓരോ നഗര സഭയ്ക്കും പ്രത്യേകമായി തയ്യാറാക്കുന്ന ഖര മാലിന്യ പരിപാലന മാസ്റ്റര്‍ പ്ലാനുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതോടെ പദ്ധതി കാലയളവിനുള്ളില്‍ തന്നെ എല്ലാ നഗര സഭകളിലും പരിപൂര്‍ മാലിന്യ സംസ്‌കരണം ഉറപ്പാക്കാനാകും. ഇതിനായുള്ള വിവര ശേഖരണം സംസ്ഥാനത്തെ എല്ലാ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും നടന്നു വരികയാണ്.

ത്രിതല സംവിധാനം

പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിനും വിലയിരുത്തലിനും നിരീക്ഷണത്തിനുമായി ത്രിതല സംവിധാന സജ്ജീകരണം പൂര്‍ത്തിയായിട്ടുണ്ട്. സംസ്ഥാന പ്രോജക്‌ട് മാനേജ്‌മെന്റ് യൂണിറ്റും ഇതിനു കീഴില്‍ ജില്ലാ പ്രോജക്‌ട് മാനേജ്‌മെന്റ്‌ യൂണിറ്റും പ്രവര്‍ത്തിക്കുന്നു. ജില്ലാ തല പ്രവര്‍ത്തനങ്ങള്‍ അതത് ജില്ലാ വികസന കമ്മിഷണര്‍ ഏകോപിപ്പിക്കുകയും നിരീക്ഷിക്കുകയും ചെയ്‌തു വരുന്നു. ഇതു കൂടാതെ 93 നഗര സഭകളില്‍ പദ്ധതി നിര്‍വഹണ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടൊപ്പം മാലിന്യ പരിപാലന രംഗത്ത്‌ വൈദഗ്ധ്യം നേടിയിട്ടുള്ള വിവിധ ഏജന്‍സികളെയും വിന്യസിച്ചിട്ടുണ്ട്.

നഗര സഭകളില്‍ മാലിന്യ പരിപാലന എന്‍ജിനീയര്‍മാര്‍

എല്ലാ നഗര സഭകളിലും മാലിന്യ പരിപാലനത്തിന് മാത്രം ഇതാദ്യമായി ഖര മാലിന്യ സംസ്‌കരണ എന്‍ജിനീയര്‍മാരെ നിയമിച്ചിട്ടുണ്ട്. പ്രാദേശിക പ്രത്യേകതകള്‍ക്കനുസരിച്ചുള്ള മാലിന്യ സംസ്‌കരണ മാസ്റ്റര്‍ പ്ലാനുകള്‍ വിവിധ മേഖലകളിലുള്ളവരുമായി കൂടിയാലോചിച്ച് തയ്യാറാക്കുന്നതിനും നടപ്പിലാക്കുന്നതിനും മേല്‍ നോട്ടം വഹിക്കുന്നതിനും ഈ എന്‍ജിനീയര്‍മാര്‍ നഗര സഭകള്‍ക്ക് പിന്തുണ നല്‍കും.

ഓരോ നഗര സഭകള്‍ക്കും അവര്‍ക്ക് മാത്രമായി കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരുന്ന മാലിന്യങ്ങളെ മേഖലാടിസ്ഥാനത്തില്‍ കേന്ദ്രീകൃതമായി കൈകാര്യം ചെയ്യുന്നതിനുള്ള നടപടികളും പുരോഗമിച്ചു വരുന്നു. ശാസ്ത്രീയമായ, ലോകോത്തര നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന സാനിറ്ററി ലാൻഡ് ഫില്ലുകളും റീസൈക്ലിംഗ് പാര്‍ക്കുകളും വികസിപ്പിക്കും.

നഗരങ്ങളിലെ പരമ്പരാഗത മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ മാലിന്യ മുക്തമാക്കി ഭൂമി വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇത്തരം 35 മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ കണ്ടെത്തി ഇവിടങ്ങളിലെ സാങ്കേതിക പരിശോധനകള്‍ പുരോഗമിക്കുകയാണ്.

സംസ്ഥാനത്തെ നഗരങ്ങളെ ഖര മാലിന്യ മുക്തമാക്കുന്നതിനായുള്ള ദീര്‍ഘ വീക്ഷണത്തോടെയുള്ള സമഗ്രമായ പ്രവര്‍ത്തനങ്ങളാണ്‌ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്‌തിരിക്കുന്നത്. നിലവിലെ ഖര മാലിന്യ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനൊപ്പം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആഗോള തലത്തില്‍ വിജയിച്ച ഖര മാലിന്യ പരിപാലന മാതൃകകള്‍ ഓരോ തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഇണങ്ങും വിധമാണ് നടപ്പാക്കുക. ശുചിത്വമുള്ള നഗര പഥങ്ങളിലേക്ക് ഒപ്പം ചേര്‍ന്ന് നടക്കുന്ന ഒരു നാളെയാണ്‌ കേരള ഖര മാലിന്യ പരിപാലന പദ്ധതി കേരളത്തിന് നല്‍കുന്ന ഉറപ്പ്.