മാലിന്യം സംരംഭ സാധ്യതയുമാണ്
മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളെ പ്രാദേശിക സാമ്പത്തിക വികസനത്തിന്റെ പുതിയ സാധ്യതകളുമായി ചേര്‍ത്തു പിടിക്കുന്നതിനുള്ള ആലോചനകളാണ് സർക്കാർ നടത്തുന്നത്
സി.പി. വിനോദ്
സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി,
തദ്ദേശ ഭരണ വകുപ്പ് മന്ത്രി
അതിവേഗം നഗരവല്‍ക്കരണം നടക്കുന്ന സംസ്ഥാനമാണ് കേരളം. ഔദ്യോഗിക കണക്കനുസരിച്ച് 2030 ഓടെ 90 ശതമാനത്തില്‍ കൂടുതല്‍ നഗരവല്‍ക്കരിക്കപ്പെട്ട പ്രദേശമായി കേരളം മാറും. നഗര-ഗ്രാമങ്ങള്‍ക്കിടയില്‍ കൃത്യമായ വേര്‍ തിരിവില്ലാത്തതിനാല്‍ മാലിന്യ പ്രശ്‌നം കേരളത്തിന്റെയാകെ പ്രശ്‌നമായി മാറുന്നു. മാലിന്യം ഗുരുതരമായ സാമൂഹിക, ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴി വെയ്ക്കുമെങ്കിലും സാമ്പത്തിക അവസരങ്ങളും പുതിയ സാധ്യതകളും സൃഷ്‌ടിക്കുന്നതുമാണ്.
സാങ്കേതിക വിദ്യയില്‍ അധിഷ്‌ഠിതമായ പുതിയ സംരംഭക ആശയങ്ങളെ മാലിന്യ സംസ്‌കരണത്തിന്റെ ആവശ്യകതയുമായി കൂട്ടി യോജിപ്പിക്കുന്നതിനുള്ള ചിന്തകളും ആശയങ്ങളും പ്രാദേശികമായി സൃഷ്‌ടിക്കുന്നതിനുള്ള അന്തരീക്ഷം നിര്‍മ്മിക്കുക എന്നത് ഭരണ നിര്‍വഹണ രംഗത്തെ പുതിയ ചുമതലയാവുന്നു.
മാലിന്യ ഉല്‍പാദനം വര്‍ധിക്കുന്നു
കേരളത്തിലെ ആകെ നഗര ഖര മാലിന്യ ഉല്‍പാദനം പ്രതിവര്‍ഷം 3.7 ദശ ലക്ഷം ടണ്‍ ആണ്. ഇതില്‍ ഓരോ സിറ്റി കോര്‍പ്പറേഷനും ഉല്‍പാദിപ്പിക്കുന്നത് പ്രതിദിനം ശരാശരി 1415 ടണ്‍ ആണ്. ദിനംപ്രതി 4523 ടണ്‍ നഗര സഭകളിലും 4106 ടണ്‍ 941 ഗ്രാമ പഞ്ചായത്തുകളിലുമാണ്. മൊത്തം അറവ് മാലിന്യം വര്‍ഷത്തില്‍ 38100 ടണ്ണും ആശുപത്രി മാലിന്യം 83000 ടണ്ണും 71058 ടണ്‍ വ്യവസായങ്ങളില്‍ നിന്നുള്ള മാലിന്യവുമാണ്. ഏകദേശം 827 ടണ്‍ തലമുടിയും കേരളത്തില്‍ നിന്നും വര്‍ഷത്തില്‍ ഉണ്ടാകുന്നുണ്ട്. 2030 ഓടെ ശരാശരി 1.032 കിലോ ഗ്രാം ആയിരിക്കും രാജ്യത്തെ ആളോഹരി നഗര ഖര മാലിന്യം എന്നാണ് കണക്കാക്കുന്നത്.
ഖരമാലിന്യ പരിപാലന നയം
2018-ല്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് പുറത്തിറക്കിയ ഖര മാലിന്യ പരിപാലന നയം മാലിന്യ മുക്തവും പാരിസ്ഥിതികാരോഗ്യവുമുള്ള ഒരിടമായി കേരളത്തെ പരിവര്‍ത്തിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം എന്നു വ്യക്തമാക്കുന്നു. മാലിന്യം വിഭവമായി കണക്കാക്കപ്പെടുമെന്നും മാലിന്യം ഉൽപാദിപ്പിക്കുന്നവർക്ക് അതിൽ ഉത്തരവാദിത്വമുണ്ടെന്നും നയം വ്യക്തമാക്കുന്നുണ്ട്. മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് റെഡ്യൂസ്, റീയൂസ്, റീസൈക്കിള്‍ എന്നീ 3 ആര്‍ തത്വം മുന്നോട്ട് വയ്ക്കുന്നു. മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട വ്യത്യസ്‌ത ഭാഗങ്ങളെ ബന്ധപ്പെടുത്തി സംരംഭകത്വ വികസനം പ്രോത്സാഹിപ്പിക്കണമെന്നത് ഒരു ലക്ഷ്യമാണ്.
മാലിന്യത്തിലെ സംരംഭക സാധ്യതകള്‍
പതിനാലാം പദ്ധതിയുടെ പ്രധാന ലക്ഷ്യമായി പ്രാദേശിക സാമ്പത്തിക വികസനത്തെ സര്‍ക്കാര്‍ കാണുന്നു. പ്രാദേശിക സാമ്പത്തിക വികസനത്തിന് സഹായകമായ വിധത്തില്‍ പദ്ധതി മാര്‍ഗ രേഖയും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. സാരംഭക വികസനത്തിന് പുതിയതായി ഒട്ടേറെ വ്യവസ്ഥകള്‍ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സബ്‌സിഡികള്‍ക്ക് പുറമേ, ടെക്‌നോളജി കൈമാറ്റ ഫണ്ട്, ടെക്‌നോളജി അപ്ഗ്രഡേഷന്‍ ഫണ്ട്, ഇന്നവേഷന്‍ ഫണ്ട്, ക്രൈസിസ് മാനേജ്‌മെന്റ് ഫണ്ട്, സംരംഭക പുനരുജ്ജീവന സമാശ്വാസ ഫണ്ട്, ഇന്‍കുബേഷന്‍ ഫണ്ട്, സീഡ്‌സപ്പോര്‍ട്ട് ഫണ്ട് എന്നീ ഇനങ്ങളില്‍ സംരംഭക വികസനത്തിനും വിപുലീകരണത്തിനുമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ സാമ്പത്തിക ധന സഹായം നല്‍കുന്നുണ്ട്.
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പൊതു സ്വകാര്യ ഉടമസ്ഥതയില്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുള്ള സാധ്യതകളും പുതുതായി തുറന്നിട്ടുണ്ട്.
ഇത് കൂടാതെ വിജ്ഞാനാധിഷ്‌ഠിത സമ്പദ് വ്യവസ്ഥയുടെ സാധ്യതകളെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലടക്കം എത്തിക്കുകയും മാലിന്യമടക്കമുള്ള പ്രശ്‌നങ്ങളെ പുതിയ ആശയ രൂപീകരണത്തിനും സംരംഭക സാധ്യതകളിലേക്ക് നയിക്കുകയും ചെയ്യുന്നതിനുള്ള പദ്ധതികള്‍ കെ-ഡിസ്‌ക് മുഖാന്തിരം സര്‍ക്കാര്‍ ആസൂത്രണംചെയ്യുന്നുമുണ്ട്. ഏറ്റവും മെച്ചപ്പെട്ട സ്റ്റാർട്ടപ്പ് അന്തരീക്ഷമുള്ള ലോകത്തെ തന്നെ ഒരിടം എന്ന നിലയില്‍ മാലിന്യമടക്കമുള്ള വിഷയങ്ങള്‍ സംരംഭക സാധ്യതയായി മാറ്റുന്നതിനുള്ള പുതിയ സംരംഭക കൂട്ടായ്‌മകൾ യുവാക്കള്‍ക്കിടയില്‍ വളര്‍ന്നു വരുന്നുണ്ട്.
കേരളത്തില്‍ ഉരുത്തിരിഞ്ഞു വന്നിരിക്കുന്ന ആഴത്തില്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ട സാമൂഹിക, സാമ്പത്തിക പരിസരത്താണ് മാലിന്യ പരിപാലനം ഒരു സാമ്പത്തിക പ്രക്രിയയായി പരിവര്‍ത്തിപ്പിക്കുന്നതിന്റെ സാധ്യതകളും അന്വേഷിക്കേണ്ടത്. നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വം എന്ന ബോധമാണ് ഒരേ സമയം സേവനവും ഉപജീവന പ്രവര്‍ത്തനവുമാകുന്ന ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയാവുക. തലമുടിയും ചകിരിയും കോഴിപ്പൂടയും മുട്ടത്തോടുമടക്കം ഏതുതരം മാലിന്യത്തിലും ശാസ്ത്ര-സാങ്കേതിക സാധ്യതകളെ ഉപയോഗപ്പെടുത്തുമ്പോള്‍ ഉയര്‍ന്നു വരുന്ന സംരംഭക ആശയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഈ ആശയങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പ്രാദേശിക സംരംഭക താല്‍പര്യമുള്ള യുവാക്കളിലേക്കും എത്തിക്കുന്നതും പ്രധാന പ്രവര്‍ത്തനമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്.