മറുനാട്ടിലെ മലയാളി
എസ്. ഗോപാലകൃഷ്ണന്‍
എഴുത്തുകാരന്‍, ദല്‍ഹി
ഒന്ന്
ദുബായിയില്‍ ദയറായില്‍ മല്‍സ്യക്കടയില്‍ മീന്‍ വൃത്തിയാക്കുന്ന തോമസ്. വൈപ്പിന്‍കാരന്‍. കൊച്ചി തുറമുഖത്തു പണിയെടുക്കുമ്പോള്‍ ഏതോ ചുമട് വീണ് നട്ടെല്ലിന് പരിക്കേറ്റു. നിന്നു ജോലി ചെയ്യാന്‍ കഴിയില്ല. അതിനാല്‍ ഒരു വിസ സംഘടിപ്പിച്ചു പോന്നു. രാവിലെ ഒരു മലയാളി ഹോട്ടലില്‍ രണ്ടു പൊറോട്ട ഒരു കറിപോലുമില്ലാതെ പച്ച വെള്ളത്തോടൊപ്പം കഴിക്കും. ഉച്ചക്കു ഭക്ഷണമില്ല. രാത്രിയില്‍ മുറിയില്‍ കഞ്ഞിയും പയറും ഉണ്ടാക്കും. ഭാര്യയും പഠിക്കുന്ന രണ്ടു കുട്ടികളും നാട്ടില്‍. ഒരു മാസം കിട്ടുന്ന വരുമാനം ദുബായില്‍ അറുന്നൂറ് ദിര്‍ഹം, അതായത് ഇന്നത്തെ നിരക്കില്‍ പന്തീരായിരം ഇന്ത്യന്‍ രൂപ. ഞാന്‍ തോമസിനെ ആദ്യം ശ്രദ്ധിച്ചത് ദുബായിയില്‍ അപ്രതീക്ഷിതമായി മഴ പെയ്‌ത ഒരു രാവിലെ പച്ച വെള്ളത്തില്‍ പൊറോട്ട മുക്കി കഴിക്കുമ്പോള്‍ അയാള്‍ “Zindagi bhar nahi n bhoolegi woh barsaat ki raat’ എന്ന മുഹമ്മദ് റാഫി ഗാനം പാടുന്നതു കേട്ടപ്പോഴാണ്. അയാളുമായി ഞാന്‍ അടുത്തു. ഒരു ദിവസം അയാള്‍ പറഞ്ഞു,’തിരിച്ചു പോകണം ഇരുന്നുചെയ്യാന്‍ പറ്റുന്ന ഒരു പണി കിട്ടിയാല്‍ മതി’.
രണ്ട്
ഡല്‍ഹിയില്‍ ഞങ്ങള്‍ താമസിക്കുന്നതിനടുത്തുള്ള ക്ഷേത്രത്തിനടുത്ത് ഒരു കടയുണ്ട്. ആഴ്‌ചയിലൊരിക്കൽ മലയാള വാരികകള്‍, കപ്പ, ഏത്തപ്പഴം, ഉണക്ക മീന്‍, ചേന തുടങ്ങിയവ വരും. തൊട്ടടുത്തുള്ള മുഹമ്മദ്പൂര്‍ ചേരിയിലായിരുന്നു കട നടത്തുന്ന പ്രവാസി മലയാളിയുടെ താമസം. കഴിഞ്ഞ ദിവസം ഞാന്‍ ചോദിച്ചു : ‘മുഹമ്മദ്പൂര്‍ എന്ന പേര് മാധവപുരം എന്നാക്കാന്‍ പോകുന്നു എന്നു കേട്ടു. ശരിയാണോ’. ആരെയോ ഭയമുള്ളതു പോലെ സ്വരം താഴ്ത്തി കേശവന്‍ മറുപടി പറഞ്ഞു : ‘സാറ് ഇവിടെ വന്ന് രണ്ടു കിലോ ഓണപ്പതിപ്പു സാഹിത്യം വാങ്ങിച്ചു കൊണ്ടു പോയാല്‍ ഈ കോരന് കുമ്പിളില്‍ കഞ്ഞി കുടിയ്ക്കാം. എല്ലാവരും കൂടി നാട് കുട്ടിച്ചോറാക്കും’.
മൂന്ന്
ചണ്ഡിഗഡില്‍ വന്‍ തോതില്‍ തയ്യല്‍ മെഷീനുകള്‍ ഉണ്ടാക്കുന്ന ഫാക്‌ടറികൾ ഉണ്ട്. ഇന്ത്യയിലെ എല്ലാ പ്രമുഖ ബ്രാന്‍ഡുകളും തയ്യല്‍ മെഷീനുകള്‍ ഉണ്ടാക്കുന്നത് അവിടെയാണ്. ഈ വ്യവസായത്തിലുള്ള ഒരു സുഹൃത്തിനോടൊത്ത് ഒരു ഫാക്‌ടറിയിൽ പോയപ്പോഴാണ് സലാമിനെ കണ്ടത്. മീശ കണ്ടപ്പോള്‍ എനിക്കു മനസ്സിലായി മലയാളിയാണെന്ന്. ഇരുപതു കൊല്ലങ്ങളായി കേരളം വിട്ടിട്ട്. തുച്ഛമായ വരുമാനം. രണ്ടു മുറിയുള്ള വീട്ടില്‍ ഭാര്യയും ഒരു മകനുമായി താമസിക്കുന്നു. വൈകുന്നേരം ഞങ്ങളെ വിളിച്ചു കൊണ്ടു പോയി ചായയും ഉള്ളി പൊരിച്ചതും തന്നു. ദരിദ്രമെങ്കിലും മുറി വൃത്തിയായി വെച്ചിരുന്നു. അച്ഛന്‍ ഒരു കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു. ആസ്‌ത്മ രോഗിയായിരുന്ന അമ്മ ആത്മഹത്യ ചെയ്‌തു. അച്ഛന്‍ തയ്യല്‍ക്കാരനായിരുന്നു. അങ്ങനെയാണ് കൊല്ലത്തെ ഒരു തയ്യല്‍ മെഷീന്‍ ഏജന്‍സി ഉടമ ഈ തൊഴില്‍ ശരിയാക്കിത്തന്നത്.’
ഇറങ്ങാന്‍ നേരം ഞാന്‍ ചോദിച്ചു , നാട്ടിലൊക്കെ പോകാറുണ്ടോ? സലാമിന്‍റെ ഭാര്യയാണ് മറുപടി പറഞ്ഞത് : ‘പത്തുകൊല്ലമായി നാട്ടില്‍ പോയിട്ട്’.
നാല്
ഭോപ്പാലിനടുത്തുള്ള ഭീം ബേട്‌ക ഗുഹാ ചിത്രങ്ങള്‍ കാണാന്‍ പോയപ്പോഴാണ് രാമചന്ദ്രനെ പരിചയപ്പെട്ടത് . ഭോപ്പാലിനടുത്തുള്ള, സമ്പന്നരുടെ കുട്ടികള്‍ പഠിക്കുന്ന ഒരു സ്വകാര്യ വിദ്യാലയത്തില്‍ ഹിന്ദി അധ്യാപകനാണ് രാമ ചന്ദ്രന്‍. മധ്യപ്രദേശില്‍ ജനിച്ചയാള്‍. കുമാരനാശാന്‍റെ കവിതകളേക്കാള്‍ മൈഥിലി ശരണ്‍ ഗുപ്‌തയുടെ കവിതകള്‍ അറിയാവുന്ന മലയാളി. പക്ഷേ എല്ലാ കൊല്ലവും കേരളത്തില്‍ നെന്മാറ-വല്ലങ്ങി വേല കാണാന്‍ പോകും. ഇഷ്‌ടപ്പെട്ട ആന എന്നും ഗുരുവായൂര്‍ പത്മനാഭന്‍. ഞാന്‍ ചോദിച്ചു, എന്നെങ്കിലും കേരളത്തില്‍ തിരികെ പോകുമോ? രാമചന്ദ്രന്‍ നല്ല മലയാളത്തില്‍ വൈലോപ്പിള്ളിയെ ഉദ്ധരിച്ച് എന്നെ ഞെട്ടിച്ചു കളഞ്ഞു:
‘ ദ്യോവിനെ വിറപ്പിക്കു –
മാ വിളി കേട്ടോ, മണി –
കോവിലില്‍ മയങ്ങുന്ന
മാനവരുടെ ദൈവം?
എങ്കിലുമതു ചെന്നു
മാറ്റൊലിക്കൊണ്ടൂ, പുത്ര –
സങ്കടം സഹിയാത്ത
സഹ്യന്‍റെ ഹൃദയത്തില്‍ !’