വൃത്തിയുള്ള ബത്തേരിയായ കഥ

നഗര സഭകൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് ആദ്യമായി  ഏര്‍പ്പെടുത്തിയ സ്വരാജ് ട്രോഫി നേടിയ വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയുടെവിശേഷങ്ങള്‍
രമേഷ്‌കുമാര്‍ വെള്ളമുണ്ട

ചരിത്രത്തില്‍ ടിപ്പു സുൽത്താൻ്റെ പടയോട്ടവുമായി ബന്ധപ്പെട്ടായിരുന്നു വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി അറിയപ്പെട്ടിരുന്നതെങ്കില്‍ ഇന്ന്‌ വൃത്തിയുടെ കാര്യത്തിലാണ് ഈ നഗരം പുതിയ മേല്‍വിലാസമുണ്ടാക്കുന്നത്.

നഗരയിടങ്ങളിലെ പൊതു സ്ഥലത്ത് തുപ്പുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയ സംസ്ഥാനത്തെ ഏക നഗരമായി സുല്‍ത്താന്‍ ബത്തേരി വളര്‍ന്നിരിക്കുന്നു. അന്തര്‍ സംസ്ഥാന ദേശീയപാത കടന്നു പോകുന്ന മൂന്ന്‌ സംസ്ഥാനങ്ങളുടെ സംഗമ സ്ഥലമായ സുല്‍ത്താന്‍ ബത്തേരി ഇന്ന് ആരെയും അമ്പരിപ്പിക്കും.

തെരുവ് ഒരു പാഠശാല

ആറ്‌ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സുല്‍ത്താന്‍ ബത്തേരി ശുചിത്വ നഗരത്തിലേക്കുള്ള യാത്ര തുടങ്ങിയത്. വൃത്തിയുള്ള നഗരമായി എങ്ങനെ ഇവിടം മാറ്റാം എന്നതായിരുന്നു ഭരണ കര്‍ത്താക്കളുടെ ചോദ്യം. അതിനുത്തരമായി നാടൊന്നാകെ ഈ ഉദ്യമത്തിലേക്ക്‌ കൈയടിച്ചു. വ്യാപാരികളെല്ലാം ആദ്യ ഘട്ടത്തില്‍ തന്നെ സഹകരിക്കാമെന്ന് ഉറപ്പു നല്‍കി. കടകളില്‍ നിന്നുള്ള ഒരു തുണ്ട് കടലാസ് മാലിന്യം പോലും റോഡിലേക്ക്‌ വീഴില്ലെന്ന് ഇവർ നഗര സഭയ്ക്ക് ഉറപ്പു നൽകി. മാലിന്യം വലിച്ചെറിയുന്നില്ല എന്നു മാത്രമല്ല മനോഹരമായ പൂച്ചെട്ടികളും വ്യാപാരികള്‍ തന്നെ സ്ഥാപിച്ചു. ദിവസവും വെള്ളമൊഴിച്ച് ഇവയെ സംരക്ഷിക്കുന്ന കാര്യത്തിലും കടകള്‍ തമ്മില്‍ മത്സരമായി. നഗരം മോടിയണിഞ്ഞ് തുടങ്ങിയപ്പോൾ പൊതു ജനങ്ങള്‍ക്കും ആവേശമായി. നഗരത്തിരക്കുകളില്‍ വന്നെത്തുന്നവരും തീരുമാനിച്ചു, ഇനിയിവിടെ മാലിന്യം വേണ്ട. നഗരത്തിൻ്റെ വിവിധയിടങ്ങളില്‍ മാലിന്യം നിക്ഷേപിക്കാനുള്ള ബിന്നുകളുണ്ട്. ഒരു മിഠായിക്കടലാസ് പോലും വലിച്ചെറിയാതെ കുട്ടികളടക്കം ശ്രദ്ധിച്ചപ്പോള്‍ പുതു സംസ്‌കാരമാണ് രൂപപ്പെട്ടത്.

തുപ്പരുത്  വലിയ വില കൊടുക്കണം

സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ റോഡില്‍ തുപ്പിയാല്‍ 500 രൂപ പിഴ ചുമത്തും. നിയമ ലംഘനത്തിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നഗര സഭ കര്‍ശനമായി പിഴ ഈടാക്കും. മുറുക്കാന്‍ കടകള്‍ക്കും നിയമാവലി അനുസരിച്ച് മാത്രമാണ് തുറന്ന്  പ്രവര്‍ത്തിക്കാന്‍ സാധിക്കുക. കടയുടെ 50 മീറ്റര്‍ ചുറ്റളവില്‍ മുറുക്കിത്തുപ്പിയത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടയുടമ പിഴ അടയ്ക്കേണ്ടി വരും. സംസ്ഥാന മുനിസിപ്പല്‍ ആക്‌ട് 341 പ്രകാരമാണ് ഈ നിയമം നടപ്പാക്കുന്നത്. ജനപ്രതിനിധികള്‍ രാത്രിയിലും കാവലിരുന്ന് നിയമ ലംഘകരെ വലയിലാക്കും.

ബോധവല്‍ക്കരണം അന്യ ഭാഷകളിലും

പ്ലാസ്റ്റിക് പൂര്‍ണ്ണമായും ഒഴിവാക്കി തുണി സഞ്ചി ഉപയോഗം പ്രചരിപ്പിക്കുക എന്നതാണ് അടുത്ത തീരുമാനം. കേരളത്തിൻ്റെ രണ്ട് അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഏക താലൂക്കായതിനാല്‍ അവിടുത്തെ ജനങ്ങളും വ്യാപാരാവശ്യങ്ങള്‍ക്ക് സുല്‍ത്താന്‍ ബത്തേരിയെ ആശ്രയിക്കുന്നു. അതിനാല്‍ അന്യ ഭാഷകളിലടക്കം ബോധവല്‍ക്കരണം വേണ്ടി വന്നു.

നിലവില്‍ മാലിന്യ സംസ്‌കരണത്തിനുള്ള വിപുലമായ പ്ലാൻ്റ് സുല്‍ത്താന്‍ ബത്തേരിയിലുണ്ട്. നിര്‍മ്മാണ ഘട്ടത്തിലുള്ള ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ അധിഷ്‌ഠിതമായ ആധുനിക മാലിന്യ സംസ്‌കരണ പ്ലാൻ്റ് യഥാര്‍ഥ്യമാകുന്നതോടെ മാലിന്യത്തില്‍ നിന്നും വളവും ബയോഗ്യാസും വൈദ്യുതിയും ഉണ്ടാക്കാന്‍ കഴിയും.