മൂല്യമുള്ള മാലിന്യം

അജൈവ മാലിന്യത്തില്‍ നിന്ന് ക്ലീന്‍ കേരള കമ്പനി സമ്പാദിച്ചത് കോടികള്‍
ജി.കെ.സുരേഷ്‌ കുമാര്‍
മാനേജിംഗ് ഡയറക്‌ടർ ,
ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ്

ഫലപ്രദമായി മാലിന്യ സംസ്‌കരണം നടത്താനുള്ള കടമ പ്രാദേശിക സര്‍ക്കാരുകള്‍ ഏറ്റെടുക്കുമ്പോള്‍ തന്നെ ”എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം” എന്ന തിരിച്ചറിവ് ജനങ്ങള്‍ക്കും ഉണ്ടാകണം. അതിനുതകുന്ന തരത്തിലുള്ള പിന്തുണാ സംവിധാനമായാണ് ക്ലീന്‍ കേരള കമ്പനി പ്രവര്‍ത്തിക്കുന്നത്.

പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വിവേചന പൂര്‍വം ഉപയോഗിക്കുക എന്നതാണ് പോംവഴി. പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക. ദൈനംദിന ജീവിതത്തില്‍ വരുന്ന 90% പ്ലാസ്റ്റിക്കും ഒറ്റത്തവണ ഉപയോഗിക്കുന്നവയാണ്.

ഉപയോഗിക്കേണ്ടി വന്നാല്‍ തന്നെ അവ വീണ്ടും വീണ്ടും ഉപയോഗിക്കുക. അവസാനം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതെ ഹരിത കര്‍മ്മ സേനയ്ക്ക്‌ കൈമാറുക. അവ പുനഃചംക്രമണത്തിനായി  ഉപയോഗിക്കാന്‍ കഴിയും. ഇത്തരത്തില്‍ ശേഖരിക്കുന്ന വസ്‌തുക്കൾ തരം തിരിച്ച് പുനഃചംക്രമണം ചെയ്യാവുന്നവ ഉരുക്കിയും ചെറുതരികളാക്കിയും പുതിയ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാം.

അങ്ങനെ മാറ്റാനാവാത്തവ ചെറുതരികളാക്കി റോഡു നിര്‍മ്മാണത്തിന് ഉപയോഗിക്കാം. അതിനും കഴിയാത്തവ സിമൻ്റ് ഫാക്‌ടറികളുടെ ഉപയോഗത്തിനോ അല്ലെങ്കില്‍ ശാസ്ത്രീയമായ രീതിയില്‍ നികത്തല്‍ ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാനാവും. തരം തിരിച്ച് മൂല്യവത്താക്കുന്നു.  ഉറവിടത്തില്‍ നിന്ന് ശേഖരിക്കുന്ന അജൈവ പാഴ് വസ്‌തുക്കൾ പ്രാഥമിക തരം തിരിവിനു ശേഷം എം സി എഫില്‍ (മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി) എത്തിച്ച്‌ വീണ്ടും തരം തിരിക്കുന്നു. തുടർന്ന് ആർ ആർ എഫിൽ (റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി) എത്തിച്ച് തരം തിരിച്ച് ബണ്ടിലുകളാക്കി കൂടുതല്‍ മൂല്യവത്താക്കുന്നു. നന്നായി തരം തിരിച്ച് ബണ്ടിലുകളാക്കി വരുന്ന പാഴ് വസ്‌തുക്കൾ കൂടുതല്‍ മൂല്യവത്താകുന്നു. റീസൈക്ലിങ്ങിന് തരം തിരിച്ച പാഴ് വസ്‌തുക്കൾ ആവശ്യാനുസരണം വില ഈടാക്കി ലഭ്യമാക്കുകയും ആ തുക ഹരിത കര്‍മ്മ സേനയ്ക്ക് നല്‍കുകയുമാണ് ക്ലീന്‍ കേരള കമ്പനി ചെയ്യുന്നത്.വീടുകളില്‍ നിന്നും പാഴ് വസ്‌തുക്കൾ ശേഖരിക്കുന്നതിന് സംസ്ഥാനത്ത് ഏകീകൃത കലണ്ടര്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ ക്ലീന്‍ കേരള കമ്പനി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ക്ലീന്‍ കേരള കമ്പനി

നഗര സഭകളുടെ 76% ഓഹരിയും, സർക്കാരിൻ്റെ 24% ഓഹരിയും സ്വരൂപിച്ചു കൊണ്ടാണ് കമ്പനി രൂപീകരിച്ചിട്ടുള്ളത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പിന്തുണാ സംവിധാനമായാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. 2016 ല്‍ വന്ന ഖര മാലിന്യ പരിപാലന നിയമങ്ങളും സർക്കാരിൻ്റെ ഇടപെടലും കമ്പനിയുടെ പ്രവര്‍ത്തനം കരുത്തുറ്റതാക്കി. എല്ലാ ജില്ലകളിലും ഓഫീസുകളും ജില്ലാ മാനേജരുടെ നേതൃത്വത്തില്‍ കൂടുതല്‍ ജീവനക്കാരെയും നിയോഗിച്ചു. ഇത് തദ്ദേശ തല പാഴ് വസ്‌തു ശേഖരണ നടപടികളെ ത്വരിതപ്പെടുത്തി. ജില്ലയെ ബ്ലോക്കു തലത്തില്‍ സമീപ നഗര സഭകളെ ഉള്‍പ്പെടുത്തി നാല്‌ മേഖലകളായി വിഭജിച്ച് ഓരോ മേഖലയിലെയും പാഴ് വസ്‌തുക്കൾ എൽ എസ് ജികളിലെ എം സി എഫ്/ആര്‍ ആര്‍ എഫുകളില്‍ നിന്നും മാറ്റുന്നതിന് മുന്‍ കൂട്ടി കലണ്ടര്‍ തയ്യാറാക്കി നല്‍കി, കൃത്യത ഉറപ്പു വരുത്തുന്നു. സംസ്ഥാനത്ത് ഗ്രാമ, നഗര പ്രദേശങ്ങളിലായി 195 ആര്‍ ആര്‍ എഫ് പ്രവര്‍ത്തിക്കുന്നു. റീസൈക്ലിങ്ങ്‌ യൂണിറ്റുകള്‍ ആരംഭിക്കുന്നതിൻ്റെ ഭാഗമായി എല്ലാ ജില്ലകളിലും സംയോജിത പാഴ് വസ്‌തു സംസ്‌കരണ കേന്ദ്രം ആരംഭിക്കുകയാണ്‌.