ഭാഷയിലെ രാഷ്ട്രീയ കൃത്യത
ഭാഷയിലെ രാഷ്ട്രീയ കൃത്യത
ഡോ. ആര്‍. ശിവകുമാര്‍
ഭാഷാ വിദഗ്‌ധൻ, ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര(ഔദ്യോഗിക ഭാഷ) വകുപ്പ്
ഒരു രാജ്യത്തിന്റെ രാഷ്ട്രീയ സംവിധാനവും അവിടത്തെ ഭാഷയുടെ ഉപയോഗ രീതിയും തമ്മിലുള്ള ബന്ധം പരസ്‌പര പൂരകമാണ്. ഒരു ഭൂവിഭാഗത്തിന്റെ ഭരണ സംവിധാനത്തിന് ആ സ്ഥലത്തെ വ്യക്തികളോടുള്ള കാഴ്‌ചപ്പാടുമായി അഭേദ്യമായ ബന്ധമുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളാണ് പരമാധികാരികള്‍. ഭരണ ഘടനയിലും നിയമ വ്യവസ്ഥയിലും അധിഷ്‌ഠിതമായ ഭരണ വ്യവസ്ഥ നിലവിലുള്ളതിനാല്‍, ജനാധിപത്യ സംവിധാനത്തില്‍ വ്യക്തികളോടുള്ള കാഴ്‌ചപ്പാട് മറ്റേതു ഭരണ സംവിധാനത്തെക്കാളും മികച്ചതാണ്. വ്യക്തികളെയോ ഒരു സമൂഹത്തെയോ അവമതിക്കുന്ന പദങ്ങളും പ്രയോഗങ്ങളും സ്റ്റീരിയോ ടൈപ്പുകളും ഒഴിവാക്കി രാഷ്ട്രീയ കൃത്യത അല്ലെങ്കില്‍ രാഷ്ട്രീയ ശരി (Political correctness) കണ്ടെത്താന്‍ ആധുനിക സമൂഹങ്ങള്‍, പ്രത്യേകിച്ച് ജനാധിപത്യ സമൂഹങ്ങള്‍ ശ്രമിക്കുന്നത് അതു കൊണ്ടാണ്. ഒരു ജഡ്‌ജി ഉപയോഗിക്കുന്ന ഭാഷ നിയമത്തെക്കുറിച്ചുള്ള അവരുടെ വ്യാഖ്യാനം മാത്രമല്ല, സമൂഹത്തെക്കുറിച്ചുള്ള അവരുടെ ധാരണയെയും പ്രതിഫലിപ്പിക്കുന്നു എന്നാണ് സുപ്രീം കോടതി പരാമർശിച്ചിട്ടുള്ളത്.
ലിബറല്‍ അല്ലെങ്കില്‍ നിലവിലുള്ള റാഡിക്കല്‍ അഭിപ്രായവുമായി പൊരുത്തപ്പെടല്‍, പ്രത്യേകിച്ച് സാമൂഹികമായി പിന്നാക്കം നിൽക്കുന്ന അല്ലെങ്കില്‍ വിവേചനം നേരിടുന്ന ആളുകളുടെ ഗ്രൂപ്പുകളെ ഒഴിവാക്കുകയോ പാര്‍ശ്വവല്‍ക്കരിക്കുകയോ അപമാനിക്കുകയോ ചെയ്യുന്ന തരത്തിലുള്ള ആവിഷ്‌കാരങ്ങളോ പ്രവര്‍ത്തനങ്ങളോ ശ്രദ്ധാപൂര്‍വം ഒഴിവാക്കുക എന്നതാണ് രാഷ്ട്രീയ കൃത്യത അല്ലെങ്കില്‍ രാഷ്ട്രീയ ശരി എന്നതിലൂടെ ഉദ്ദേശിക്കുന്നത്. അതായത്, സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെ വ്രണപ്പെടുത്താതിരിക്കാനോ അസ്വസ്ഥരാക്കാതിരിക്കാനോ അവരുടെ ലിംഗം, വംശം, വര്‍ണ്ണം, ജാതി, മതം, പ്രായം, സാമൂഹിക-സാമ്പത്തിക പദവി, വൈവാഹിക സ്ഥിതി, ദേശീയത, ശരീര പ്രകൃതം, പരിമിതികള്‍ തുടങ്ങിയവ കാരണം വ്യത്യസ്‌തമായി കണക്കാക്കാതിരിക്കാനോ അങ്ങേയറ്റം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ, ചിലപ്പോള്‍ നമ്മുടെ ചിന്തകളിലും സംഭാഷണങ്ങളിലും രാഷ്ട്രീയ കൃത്യതയില്ലാത്ത പദങ്ങളും പ്രയോഗങ്ങളും കടന്നു വരാറുണ്ട്. സാമൂഹികവും സാംസ്‌കാരികവും പാരിസ്ഥിതികവുമായ കാരണങ്ങളാല്‍ ഇത്തരം പ്രയോഗങ്ങള്‍ നമ്മുടെ ചിന്തകളില്‍ വേരൂന്നിയിട്ടുണ്ട്. രാഷ്ട്രീയ കൃത്യതയില്ലാത്ത പദങ്ങളെ തിരിച്ചറിഞ്ഞ് ഒഴിവാക്കുക എന്നത് ശ്രമകരമാണ്. എന്നാലും, തുല്യതയും ഉള്‍ച്ചേര്‍ക്കലും അനുകമ്പ നിറഞ്ഞതുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനു വേണ്ടി ഇത്തരം പ്രയോഗങ്ങളെ തിരിച്ചറിഞ്ഞ് മറി കടക്കേണ്ടത് പ്രധാനമാണ്. നീതിന്യായ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ജഡ്‌ജിമാർ തീരുമാനമെടുക്കുന്നതിലും വിധിന്യായങ്ങളെഴുതുന്നതിലും ഇത്തരം പ്രയോഗങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കുക മാത്രമല്ല, ദോഷകരമായ പ്രയോഗങ്ങളെ സജീവമായി വെല്ലുവിളിക്കുകയും ഇല്ലാതാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
വ്യക്തിയുടെ അന്തസ്സ്
മുമ്പ്, സാമ്പത്തിക മാര്‍ഗങ്ങളില്ലാത്ത വ്യക്തികളെ ‘പാപ്പര്‍’ (pauper ദരിദ്രര്‍, പാവപ്പെട്ടവർ, നിരാശ്രയര്‍) എന്നാണ് 1908-ലെ സിവില്‍ പ്രൊസീജ്യര്‍ കോഡില്‍ പരാമർശിച്ചിരിക്കുന്നത്. ഭാഷ അതതു വിഷയത്തെക്കുറിച്ചുള്ള ചില ആശയങ്ങള്‍ പ്രകാശിപ്പിക്കുമെന്നും അതിലൂടെ വ്യക്തികളുടെ അന്തസ്സ് തിരിച്ചറിയുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന വസ്‌തുത അംഗീകരിക്കുകയും ചെയ്‌തു കൊണ്ട്, സിവില്‍ പ്രൊസീജ്യര്‍ കോഡ് 1976-ല്‍ ഭേദഗതി ചെയ്യുകയും ‘പാപ്പര്‍’ (pauper) എന്ന വാക്കിനു പകരം ‘indigent’ (നിര്‍ധനര്‍) എന്ന് ഉപയോഗിക്കുകയും ചെയ്‌തു. ഈ ഭേദ ഗതിക്ക് കര്‍ശനമായ നിയമോദ്ദേശ്യമില്ലെങ്കിലും, പരാമർശിക്കപ്പെടുന്ന ജനങ്ങളോടുള്ള മാനുഷിക പരിഗണന പ്രകടമാക്കാനാണ് അതിലൂടെ ലക്ഷ്യമിടുന്നത്. ഡല്‍ഹി ഹൈക്കോടതിയില്‍ സിവില്‍ പ്രൊസീജ്യര്‍ കോഡ് പ്രകാരം സമര്‍പ്പിച്ച അപേക്ഷയിലെ ‘പാപ്പര്‍’ എന്ന പദം നീക്കണമെന്ന് രാംസരൂപ് Vs യൂണിയന്‍ ഓഫ് ഇന്ത്യ & അദേര്‍സ് എന്ന കേസിന്റെ വിധി ന്യായത്തില്‍ സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഇത് ഭാഷോപയോഗത്തിലെ രാഷ്ട്രീയ കൃത്യതയുടെ ആവശ്യകതയ്ക്ക് അടിവരയിടുന്നു.
ലിംഗ സമത്വം
ലിംഗ സമത്വം എന്നതിലൂടെ എല്ലാ ലിംഗങ്ങളിലുമുള്ള ആളുകള്‍ക്ക് തുല്യ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും അവസരങ്ങളും നല്‍കുക എന്നാണ് ഉദ്ദേശിക്കുന്നത്. പ്രബന്ധങ്ങളിലുള്‍പ്പെടെ എല്ലാ മേഖലകളിലും വ്യക്തികളെ പൊതുവായി പരാമര്‍ശിക്കുമ്പോള്‍ ലിംഗ നിഷ്‌പക്ഷ പദങ്ങളുണ്ടെങ്കിൽ തീര്‍ച്ചയായും അവ ഉപയോഗിക്കണം. ഇന്ത്യയിലിപ്പോള്‍ ലിംഗ നിഷ്‌പക്ഷത ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. നിയമ വ്യവസ്ഥയില്‍ ലിംഗ നിഷ്‌പക്ഷത ഉറപ്പു വരുത്തുന്ന വ്യവസ്ഥയെക്കുറിച്ച് പ്രതിപാദിപ്പിക്കുന്നത് 1897-ലെ പൊതുഖണ്ഡങ്ങള്‍ ആക്റ്റിലാണ്. വിഷയത്തിലോ സന്ദര്‍ഭത്തിലോ വിരുദ്ധമായ ഒുമില്ലെങ്കില്‍ എല്ലാ കേന്ദ്ര ആക്റ്റുകളിലും റഗുലേഷനുകളിലും പുല്ലിംഗത്തെ സൂചിപ്പിക്കുന്ന വാക്കുകളില്‍ സ്ത്രീകളും സ്ത്രീ ലിംഗത്തെ സൂചിപ്പിക്കുന്ന വാക്കുകളില്‍ പുരുഷന്മാരും ഉൾപ്പെടുന്നതാണ് എന്നാണ് 1897-ലെ പൊതു ഖണ്ഡങ്ങള്‍ ആക്റ്റില്‍ പറയുന്നത്.
കേരള സര്‍ക്കാരും വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാ ഫാറങ്ങള്‍ ലിംഗ നിഷ്‌പക്ഷത (Gender neutral)യുള്ളതാക്കാന്‍ വകുപ്പു മേധാവികള്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. അതു പ്രകാരം, എല്ലാ അപേക്ഷാ ഫാറങ്ങളിലും ‘ന്റെ/യുടെ ഭാര്യ’ എന്നു രേഖപ്പെടുത്തുന്നതിനു പകരം ‘ന്റെ/യുടെ ജീവിത പങ്കാളി’ എന്നു രേഖപ്പെടുത്താം. രക്ഷാകര്‍ത്താക്കളുടെ വിശദാംശങ്ങള്‍ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ഒരാളുടെയോ ഒന്നിലധികം രക്ഷാകര്‍ത്താക്കളുടെയോ വിവരം രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം നല്‍കണം. ഫാറങ്ങളില്‍ ‘അവന്‍/അവന്റെ’ എന്നു മാത്രം ഉപയോഗിക്കുന്നതിനു പകരം ‘അവന്‍/അവള്‍’, ‘അവന്റെ/അവളുടെ’ എന്ന രീതിയില്‍ ഉപയോഗിക്കുന്നതിനു വേണ്ടി നിയമങ്ങള്‍, വിവിധ ചട്ടങ്ങളിലെ മാര്‍ഗ നിര്‍ദേശങ്ങള്‍, ഫാറങ്ങള്‍ എന്നിവ പരിഷ്‌കരിക്കാനും നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 1897-ലെ പൊതു ഖണ്ഡങ്ങള്‍ ആക്റ്റിലെ വ്യവസ്ഥകള്‍ നിലവിലുള്ളതിനാല്‍ ലിംഗ നിഷ്‌പക്ഷത പ്രകടമാക്കുന്നതിനുള്ള നടപടിയായി ഈ നിര്‍ദേശത്തെ കണക്കാക്കാം.
ഒരു വ്യക്തിയുടെ വൈകല്യം അഥവാ വികലതയെ മറക്കുകയും ആ വ്യക്തിയുടെ ഇതര കഴിവുകളെ അംഗീകരിക്കുകയും പോഷിപ്പിക്കുകയും ചെയ്യേണ്ടത് ഉത്തരവാദിത്വ ബോധമുള്ള ഒരു സമൂഹത്തിന്റെ കടമയാണ്. അതോടൊപ്പം വൈകല്യം അഥവാ വികലത തുടങ്ങിയ പദങ്ങളും തിരസ്‌കരിക്കേണ്ടതുണ്ട്. ‘വികലാംഗര്‍’ തുടങ്ങിയ പദങ്ങള്‍ക്കു പകരം വ്യക്തികളുടെ ഇതര കഴിവുകളെ അംഗീകരിക്കുന്ന വിധത്തിൽ ‘ഭിന്നശേഷിക്കാരായ വ്യക്തികള്‍’ (persons with disabilities) എന്നെഴുതുന്ന രീതിയാണ് ഇന്ന് ഇന്ത്യന്‍ സമൂഹത്തിലുള്ളത്. ‘ഭിന്നശേഷിക്കാരുടെ അവകാശ ആക്‌ട് 2016’ (The Rights of Persons with Disabilities Act 2016), ‘ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മിഷണറേറ്റ്’ (The State Commissionerate For Persons With Disabilities) എന്നിങ്ങനെയാണ് മലയാളത്തിൽ രേഖപ്പെടുത്തുന്നത്. എന്നാൽ, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പ്പറേഷന്‍ (The Kerala State Handicapped Persons’ Welfare Corporation) എന്ന പേരില്‍ ഇപ്പോഴും ‘വികലാംഗര്‍’ എന്ന പദം ഉപയോഗിക്കുന്നുണ്ട്. ഇതിലും മാറ്റം ആവശ്യമാണ്.
ഭരണഘടനാ വിരുദ്ധവും വിവേചനപരവുമായ പദങ്ങള്‍
ജനാധിപത്യ വിരുദ്ധവും ഭരണ ഘടനാ വിരുദ്ധവും വിവേചനപരവുമായ പദങ്ങളും പ്രയോഗങ്ങളും ഭരണ രംഗത്ത് തിരസ്‌കരിക്കേണ്ടതുണ്ട്. ‘ഹരിജന്‍’, ‘ഗിരിജന്‍’, ‘ദളിത്’ എന്നീ പദങ്ങള്‍ ഭരണ ഘടനാ വിരുദ്ധമായതിനാല്‍ അപ്രകാരമുള്ള പദങ്ങള്‍ക്കു പകരം എല്ലാ കത്തിടപാടുകളിലും പ്രസിദ്ധീകരണങ്ങളിലും പട്ടികജാതി, പട്ടിക ഗോത്രവർഗ്ഗം എന്നീ പദങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഒരു വിഭാഗം ജനങ്ങളില്‍ അപകര്‍ഷ ബോധം ജനിപ്പിക്കുന്ന ‘കീഴാളര്‍’ എന്ന പദം ഒഴിവാക്കണമെന്നും കത്തിടപാടുകളിലും പ്രസിദ്ധീകരണങ്ങളിലും പട്ടികജാതി പട്ടിക ഗോത്ര വർഗം എന്നീ പദങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും നിര്‍ദേശമുണ്ട്.
ജനാധിപത്യ സംവിധാനത്തില്‍ വ്യക്തികളുടെ ആവശ്യങ്ങള്‍ നടപ്പാക്കിക്കിട്ടുന്നതിന് അവര്‍ ഉദ്യോഗസ്ഥരോട് ‘താഴ്‌മയായി’ അപേക്ഷിക്കേണ്ട ആവശ്യമില്ല. വിവിധ ആവശ്യങ്ങള്‍ക്കായി സംസ്ഥാനത്തെ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ നൽകുന്ന അപേക്ഷാ ഫാറങ്ങളില്‍ ‘താഴ്‌മയായി അപേക്ഷിക്കുന്നു’ എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കി പകരം ‘അപേക്ഷിക്കുന്നു/അഭ്യർത്ഥിക്കുന്നു’ എന്നുപയോഗിക്കണമെന്ന് എല്ലാ വകുപ്പു മേധാവികള്‍ക്കും കേരള സര്‍ക്കാര്‍ നിര്‍ദേശം നൽകിയിട്ടുണ്ട്.
കുറ്റം ചെയ്‌ത ഒരു കുട്ടിയെ പരാമർശിക്കുന്നതിന് 1986-ലെ ബാലാവകാശ ആക്റ്റില്‍ ‘delinquent juvenile’ എന്നാണ് പ്രയോഗിച്ചിരുന്നത്. മലയാളത്തില്‍ കുട്ടിക്കുറ്റവാളി, ബാല കുറ്റവാളി എന്നൊക്കെയാണ് ഇതിന് പരിഭാഷ നൽകിയിരുന്നത്. എന്നാൽ, സാമൂഹിക മാറ്റത്തിന്റെ ഭാഗമായി കുട്ടികളുടെ നേര്‍ക്ക് ഇത്തരം പദങ്ങളുപയോഗിക്കുന്നത് ഒഴിവാക്കിക്കൊണ്ടാണ് 2000-ല്‍ ബാലാവകാശ (കുട്ടികളുടെ പരിരക്ഷയും സംരക്ഷണവും) ആക്റ്റ് രൂപപ്പെടുത്തിയത്. ‘Delinquent juvenile’ എന്നതിനു പകരം ‘juvenile in conflict’ എന്നാണ് മാറ്റം വരുത്തിയത്. 2015-ലെ ബാലാവകാശ (കുട്ടികളുടെ പരി രക്ഷയും സംരക്ഷണവും) ആക്റ്റു പ്രകാരം ‘നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടി’ (child conflict with law) എന്നാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.
സുപ്രീം കോടതി നിര്‍ദേശങ്ങള്‍
ഹര്‍ജികളിലും ഉത്തരവുകളിലും വിധി ന്യായങ്ങളിലും ലിംഗ അസമത്വം പ്രകടമാക്കുന്ന, പ്രത്യേകിച്ച് സ്ത്രീകളുമായി ബന്ധപ്പെട്ട പതിവു പ്രയോഗങ്ങള്‍ പരിഷ്‌കരിക്കുന്നതിന് കൈപ്പുസ്‌തകം പ്രസിദ്ധീകരിച്ച സുപ്രീം കോടതിയുടെ ഇടപെടല്‍ കാലത്തിന്റെ അനിവാര്യതയാണ്. ഇത്തരം പതിവു പ്രയോഗങ്ങളുടെ ഉപയോഗം ഒരു കേസിന്റെ ഫലത്തെ മാറ്റുന്നില്ലെങ്കിലും അത് നമ്മുടെ ഭരണ ഘടനാ ധാര്‍മ്മികതയ്ക്ക് വിരുദ്ധമായ ആശയങ്ങളെ ശക്തിപ്പെടുത്തിയേക്കാം എന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡോ. ഡി. വൈ. ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടത്.
നിയമ ഭാഷയിലൊഴിവാക്കേണ്ട സ്റ്റീരിയോ ടൈപ്പുകളെക്കുറിച്ച് സുപ്രീം കോടതി പ്രസിദ്ധീകരിച്ച കൈപ്പുസ്‌തകത്തിൽ പരാമർശിച്ചിട്ടുണ്ട്. വ്യഭിചാരിണി (adulteress) എന്നതിനു പകരം വിവാഹേതര ലൈംഗിക ബന്ധമുള്ള സ്ത്രീ (Woman who has engaged in sexual relations outside marriage), വേശ്യ (prostitute, hooker) എന്നതിനു പകരം ലൈംഗികത്തൊഴിലാളി (Sex worker) എന്നിങ്ങനെ പദ പ്രയോഗത്തില്‍ മാറ്റം വരുത്തണമെന്നാണ് കൈപ്പുസ്‌തകം സൂചിപ്പിച്ചത്.
വേശ്യ (prostitute) എന്നതിനു പകരം സുപ്രീം കോടതി നിര്‍ദേശിച്ച ലൈംഗികത്തൊഴിലാളി (Sex worker) എന്ന പ്രയോഗം ലിംഗപരമായ സ്റ്റീരിയോ ടൈപ്പുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അതിനാല്‍ ‘ലൈംഗികത്തൊഴിലാളി’ എന്ന പദം ഉപയോഗിക്കുന്നത് പുനഃ പരിശോധിക്കണമെന്നും ആന്റി-ഹ്യൂമന്‍ ട്രാഫിക്കിങ് ഫോറത്തിനു കീഴിലുള്ള എന്‍ജിഒകളുടെ സംഘം ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ഥിച്ചു. Sex worker എന്നതിനു പകരം സുപ്രീം കോടതി നിര്‍ദേശിച്ചത് മനുഷ്യക്കടത്തിൽപ്പെട്ട ഇര/അതി ജീവിത അല്ലെങ്കില്‍ ലൈംഗികത്തൊഴിലില്‍ ഏർപ്പെടുന്ന സ്ത്രീ അല്ലെങ്കില്‍ വാണിജ്യപരമായി ലൈംഗിക ചൂഷണത്തിന് നിർബന്ധിതയാക്കപ്പെട്ട സ്ത്രീ (Trafficked victim/survior or woman enagaged in commercial sexual activity or woman forced into commercial sexual exploitation) എന്നുപയോഗിക്കണമെന്നാണ്. എന്നാൽ 01.07.2024-ല്‍ നിലവില്‍ വന്ന ഭാരതീയ ന്യായ സംഹിതയിലെ 98, 99 വകുപ്പുകളുടെ വിശദീകരണ ഭാഗത്ത് വേശ്യ (prostitute) എന്നുപയോഗിച്ചത് ഭാഷയിലെ ആധുനിക സമീപങ്ങള്‍ക്കു വിരുദ്ധമാണ്. ബാലവേശ്യ (child prostitute), വെപ്പാട്ടി (concubine/keep), ജാര സന്തതി (bastard), woman of loose morals, promiscuous woman തുടങ്ങി ധാരാളം പദങ്ങളില്‍ മാറ്റം നിർദ്ദേശിച്ചിട്ടുണ്ട്.
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ നേടിയെടുക്കുന്നതിന് നിർദിഷ്‌ട സമയ പരിധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കാലതാമസം വരുന്ന സാഹചര്യത്തില്‍ കാലതാമസം ഒഴിവാക്കുന്നതിനു വേണ്ടി മാപ്പ്/ക്ഷമ പറയുന്നതിനു വേണ്ടി അപേക്ഷ സമര്‍പ്പിക്കാറുണ്ട്. യഥാ സമയം അപേക്ഷ സമർപ്പിക്കുന്നതിലുണ്ടായ കാലതാമസം ‘ക്ഷമിക്കുക’ അല്ലെങ്കില്‍ ‘ഒഴിവാക്കുക’ എന്നതിലുപരി ഗുരുതരമായ കുറ്റം/വലിയ അപരാധം ചെയ്‌തു എന്ന അർഥ തലമാണ് സമൂഹത്തിൽ ഉണ്ടാക്കുന്നതെന്ന് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ‘കാല താമസം മാപ്പാക്കുന്നതിന്’ എന്നതിനു പകരം ‘കാല താമസം പരിഗണിക്കാതെ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന്’ എന്ന് രേഖപ്പെടുത്തണമെന്ന് പുതിയ നിര്‍ദേശം നല്‍കുകയുണ്ടായി. അതു പ്രകാരം മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കുക തുടങ്ങിയ വാക്കുകള്‍ നിർദിഷ്‌ട അപേക്ഷാ ഫാറങ്ങളില്‍ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്.
കേരളത്തിലെ ഭരണ രംഗത്തെ കത്തിടപാടുകളില്‍ ‘സര്‍’/’മാഡം’ എന്ന് അഭി സംബോധന ചെയ്യണമെന്നാണ് വ്യവസ്ഥ. ഓഫീസ് നടപടി ഗ്രന്ഥങ്ങളിലാണ് ഇതു സംബന്ധിച്ച പരാമര്‍ശമുള്ളത്. ഉദ്യോഗസ്ഥര്‍ തമ്മില്‍ കത്തയയ്ക്കുമ്പോഴും ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് കത്തു നല്‍കുമ്പോഴും ‘സര്‍’/’മാഡം’ എന്ന് അഭി സംബോധന ചെയ്യണമെന്നാണ് വ്യവസ്ഥ. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്ന ജനങ്ങള്‍ ഉദ്യോഗസ്ഥരെ എപ്രകാരം അഭി സംബോധന ചെയ്യണമെന്ന് പ്രത്യേക വ്യവസ്ഥയില്ലെങ്കിലും അവര്‍ ‘സര്‍’/’മാഡം’ എന്നാണ് നിലവില്‍ അഭി സംബോധന ചെയ്യുന്നത്. ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് കത്തു നല്‍കുമ്പോള്‍ ‘സര്‍’/’മാഡം’ എന്ന് അഭിസംബോധന ചെയ്യണമെന്ന് വ്യക്തമായ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയില്‍, ജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യുമ്പോഴും ‘സര്‍’/’മാഡം’ എന്നുപയോഗിക്കണമെന്ന അര്‍ത്ഥ തലമുണ്ട് എന്ന കാര്യം നാം വിസ്‌മരിക്കരുത്. ഇത്തരത്തില്‍ രാഷ്ട്രീയ കൃത്യതയില്ലാത്ത പദങ്ങളും പ്രയോഗങ്ങളും ഒഴിവാക്കി, പകരം തുല്യതയും ഉള്‍ച്ചേര്‍ക്കലും പ്രോത്സാഹിപ്പിക്കുന്ന ഭാഷ രൂപപ്പെടുത്തുന്നതിനും ഉപയോഗിക്കുന്നതിനും ഭരണ-നിയമ രംഗത്തെ ഓരോ വ്യക്തിയും പ്രത്യേകം ശ്രദ്ധ നല്‍കേണ്ടതുണ്ട്.