ഭൂഖണ്ഡങ്ങളിലേക്കു പടരുന്ന മലയാളം

ഭൂഖണ്ഡങ്ങളിലേക്കു പടരുന്ന മലയാളം
മുരുകന്‍ കാട്ടാക്കട
ഡയറക്‌ടർ, മലയാളം മിഷന്‍

ഭാഷ ഒരിക്കലും പദവികള്‍ കൊണ്ട് നില നില്‍ക്കില്ല. ഭാഷ ഒരിക്കലും വിശേഷണങ്ങള്‍ കൊണ്ട് നില നില്‍ക്കില്ല. നാളെ മറ്റന്നാൾ മലയാള ഭാഷ പുരാ രേഖകളില്‍ അടയാളപ്പെടുത്താതെ പോകണമെങ്കില്‍ അത് സാധാരണക്കാരുടെ ഹൃദയത്തിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. സഞ്ചരിക്കണമെന്നുണ്ടെങ്കിൽ സാധാരണക്കാരന്റെ ജൈവ ഭാഷയില്‍ കവിതയായും വാക്കായും വര്‍ത്തമാനമായും പാട്ടായും സഞ്ചരിക്കേണ്ടതുണ്ട്. ലോകത്തെവിടെയുമുള്ള മനുഷ്യനും എന്റെ സ്വന്തം ഭാഷ, എന്റെ സംസ്‌കാരം, എന്റെ അഭിമാനം എന്ന് മറ്റേതൊരു ഭാഷയിലും വിളിച്ചു പറയാനുള്ള ശേഷി ഉണ്ടാക്കിക്കൊടുക്കേണ്ടതുണ്ട്.

ഭൂഗോളത്തെ ഭാഷ കൊണ്ടടയാളപ്പെടുത്തുകയാണെങ്കില്‍ എല്ലാ ഭൂഖണ്ഡങ്ങളിലും പടർന്നു കിടക്കുന്ന ഭാഷ മലയാളമായിരിക്കും. അത്രമേല്‍ ദീര്‍ഘവും വിപുലവുമാണ് പ്രവാസ ലോകത്തേക്കുള്ള മലയാളികളുടെ കുടിയേറ്റം. ജീവിതോപാധി തേടിയുള്ള ഈ യാത്ര ഇന്നും അതി ശക്തമായി തുടർന്നു കൊണ്ടിരിക്കുന്നു. ഒറ്റയ്‌ക്കൊറ്റയ്ക്കായുള്ള കുടിയേറ്റത്തില്‍ നിന്നും കുടുംബങ്ങള്‍ ഒന്നാകെ നടത്തു കുടിയേറ്റമായി മാറിയതോടെ മലയാള സംസ്‌കാരത്തിന്റെ പരിച്ഛേദം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ടു. സംസ്‌കാരത്തിന് ജീവന്‍ പകരുന്നത് അതാത് സമൂഹങ്ങളുടെ മാതൃ ഭാഷയാണല്ലോ. അതു കൊണ്ടു തന്നെ മലയാള സംസ്‌കാരത്തിന്റെ തുടര്‍ച്ച അറ്റു പോകാതിരിക്കാന്‍ പ്രവാസ ലോകത്തെ പുതു തലമുറ മലയാള ഭാഷ പഠിക്കേണ്ടത് അത്യന്താപേക്ഷിതമായി തീർന്നു. ലോകത്തെമ്പാടുമുള്ള വിവിധ മലയാളി സംഘടനകളും കൂട്ടായ്‌മകളും അനൗപചാരികമായി സംഘടിപ്പിച്ചു പോന്നിരുന്ന മലയാള ഭാഷാ പഠനത്തിന് ഔപചാരിക രൂപം നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിക്കുന്നത് ഈ സാഹചര്യത്തിലാണ്. 2005-ല്‍ ഡല്‍ഹിയിലെ വിവിധ സംഘടനകളുടെ പങ്കാളിത്തത്തോടെ ആരംഭിച്ച ഭാഷാ പഠന കേന്ദ്രങ്ങള്‍ക്ക് പ്രവാസ സമൂഹത്തില്‍ വന്‍ സ്വീകാര്യത ലഭിച്ചതിനെ തുടർന്ന് 2008-ല്‍ പ്രൊഫ. ഒ.എന്‍.വി. കുറുപ്പ്, സുഗതകുമാരി, പിരപ്പന്‍കോട് മുരളി, എഴുമറ്റൂര്‍ രാജരാജവര്‍മ്മ, ഓംചേരി എന്‍.എന്‍.പിള്ള എന്നിങ്ങനെ സാംസ്‌കാരിക പ്രമുഖര്‍ നേതൃത്വം നൽകുന്ന സമിതി രൂപവത്കരിച്ചു. സമിതി സമര്‍പ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട മലയാളം മിഷന്റെ ഉദ്ഘാടനം 2009 ഒക്ടോബര്‍ 22ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നിര്‍വ്വഹിച്ചു. ‘എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം’ എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനു വേണ്ടി പ്രവാസികളുടെ ഇടയില്‍ മലയാള ഭാഷയും സംസ്‌കാരവും പഠിപ്പിക്കുന്നതിനാവശ്യമായ സമഗ്രമായ സമീപന രേഖയ്ക്കും പാഠ്യ പദ്ധതിക്കും തുടർന്ന് രൂപം നല്‍കി. മലയാളം മിഷന്റെ നാല് കോഴ്‌സുകളിലായി പത്ത് വര്‍ഷം നീണ്ടു നിൽക്കുന്ന പഠനത്തിലൂടെ കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പത്താം ക്ലാസ് നിലവാരത്തിലേക്ക് പ്രവാസി പഠിതാവിന് എത്താന്‍ കഴിയുന്ന രീതിയിലാണ് പാഠ്യ പദ്ധതി തയാറാക്കിയത്.

മലയാളം മിഷന്‍ കോഴ്‌സുകള്‍

നിലവില്‍ 50 രാജ്യങ്ങളിലും 24 സംസ്ഥാനങ്ങളിലുമായി 102 ചാപ്റ്ററുകളിലേക്ക് മലയാളം മിഷന്‍ പ്രവര്‍ത്തനം വ്യാപിച്ചു കഴിഞ്ഞു. ലോകമെമ്പാടും അറുപതിനായിരത്തോളം വിദ്യാര്‍ഥികള്‍ മലയാളം മിഷന്റെ വിവിധ പഠന കേന്ദ്രങ്ങളില്‍ മലയാള ഭാഷ പഠിച്ചു വരുന്നു. ആറു വയസ്സു മുതല്‍ ചേരാവുന്ന രീതിയില്‍ നാല് കോഴ്‌സുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കണിക്കൊന്ന സർട്ടിഫിക്കറ്റ് കോഴ്‌സ്-2വര്‍ഷം, സൂര്യകാന്തി ഡിപ്ലോമ കോഴ്‌സ്-2 വര്‍ഷം, ആമ്പല്‍ ഹയര്‍ ഡിപ്ലോമ കോഴ്‌സ്-3 വര്‍ഷം, നീലക്കുറിഞ്ഞി സീനിയര്‍ ഹയര്‍ ഡിപ്ലോമ-3 വര്‍ഷം എന്നിങ്ങനെ 10 വര്‍ഷം കൊണ്ട് പൂർത്തിയാവുന്ന പാഠ്യ പദ്ധതിയാണ് ഉള്ളത്. എസ്.സി.ഇ.ആര്‍.ടി. അംഗീകരിച്ചതാണ് മലയാളം മിഷന്റെ പാഠ്യ പദ്ധതിയും പാഠ പുസ്‌തകങ്ങളും. നാലാമത്തെ കോഴ്‌സായ നീലക്കുറിഞ്ഞി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പത്താം തരത്തിന് തത്തുല്യമാക്കി ഭാഷാ പ്രാവീണ്യ തുല്യത നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിനുള്ള ഭാഷാ പ്രാവീണ്യ യോഗ്യതയായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നീലക്കുറിഞ്ഞി കോഴ്‌സിനെ അംഗീകരിച്ചിട്ടുണ്ട്.

മലയാളം മിഷന്റെ മിക്ക പഠന കേന്ദ്രങ്ങളിലും പ്രവേശനോത്സവങ്ങള്‍ ഉത്സവാന്തരീക്ഷത്തില്‍ സംഘടിക്കപ്പെടുന്നു. ചിലയിടങ്ങളില്‍ മേഖലാ തലത്തിലും ചാപ്റ്റര്‍ തലത്തിലും മുഴുവന്‍ ദിവസവും നീണ്ടു നിൽക്കുന്ന കലാ പരിപാടികളോടെയാണ് പ്രവേശനോത്സവം നടക്കുന്നത്. വിവിധ കോഴ്‌സുകളുടെ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് വാര്‍ഷിക പഠനോത്സവങ്ങള്‍ സംഘടിപ്പിച്ചു വരുന്നു.

ചരിത്രത്തിലാദ്യമായി പ്രവാസികള്‍ക്ക് തങ്ങളുടെ മാതൃ ഭാഷയില്‍ ഭാഷാ പ്രാവീണ്യ തുല്യത ലഭിക്കുന്ന പൊതു പരീക്ഷയായ നീലക്കുറിഞ്ഞി സീനിയര്‍ ഹയര്‍ ഡിപ്ലോമ പരീക്ഷ നടത്തി. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന പരീക്ഷാ ഭവന്റെ സഹകരണത്തോടെയാണ് പരീക്ഷ നടത്തിയത്. ഡല്‍ഹി, തമിഴ്‌നാട്, മുംബൈ, പുതുച്ചേരി, ഗോവ, ബഹ്‌റൈന്‍ എന്നീ ചാപ്റ്ററുകളില്‍ നിന്നായി 10 വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ 156 കുട്ടികൾ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്‌തു. പരീക്ഷയെഴുതിയ 152 കുട്ടികളിൽ 150 പേര്‍ വിജയിച്ചു.

മലയാളം മിഷന്റെ ഏറ്റവും പുതിയ പദ്ധതിയാണ് കേവി മലയാളം. കേന്ദ്രീയ വിദ്യാലയങ്ങളിലെ കുട്ടികൾക്ക് മലയാള ഭാഷ പഠിക്കുന്നതിനുള്ള അവസരം ലഭ്യമാക്കണമെന്ന വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ദീര്‍ഘ കാലത്തെ ആവശ്യവും അവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെയും അടിസ്ഥാനത്തില്‍ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള ചുമതല സംസ്ഥാന സര്‍ക്കാര്‍ മലയാളം മിഷനെ ഏല്‍പ്പിച്ചു. മലയാളം മിഷന്റെ നാല് കോഴ്‌സുകളാണ് കേന്ദ്രീയ വിദ്യാലയങ്ങള്‍ പഠിപ്പിക്കുന്നത്. കേരളത്തിലും ലക്ഷദ്വീപിലും പ്രവർത്തിക്കുന്ന 39 കേന്ദ്രീയ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാര്‍ഥികള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി പ്രാഥമിക കോഴ്‌സായ കണിക്കൊന്നയുടെ അധ്യയനം ആരംഭിച്ചു.

വിവിധ സമയ മേഖലകളെ അടിസ്ഥാനപ്പെടുത്തി മേഖലകളായി തിരിച്ച് തയാറാക്കിയ വാര്‍ഷിക കലണ്ടറിന്റെ അടിസ്ഥാനത്തില്‍ മലയാളം മിഷന്‍ നടത്തി വരുന്ന അധ്യാപക പരിശീലന പരിപാടിയാണ് ബോധി. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തൊഴില്‍ തേടി എത്തുന്ന അതിഥി തൊഴിലാളികളെ മലയാള ഭാഷയില്‍ സാക്ഷരരാക്കുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് അനന്യ മലയാളം. പാഠ്യ പദ്ധതിയും കൈപ്പുസ്‌തകവും ഭാഷാ വിദഗ്‌ധരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ശില്‍പ്പ ശാലകളിലൂടെ തയാറാക്കി. തിരുവനന്തപുരത്ത് കഴക്കൂട്ടം മണ്ഡലത്തില്‍ പദ്ധതിയുടെ പ്രാഥമിക ഘട്ടം നടന്നു വരുന്നു.

ലോകത്തെവിടെ നിന്നും ഓൺലൈനായി മലയാളം പഠിക്കുന്നതിനായി തയാറാക്കിയതാണ് ഭൂമി മലയാളം ഓപ്പൺ ഓൺലൈൻ കോഴ്‌സ്. ഇന്ററാക്‌ടീവ് മൊഡ്യൂളിലൂടെ ഗെയിമുകളുടെ അടിസ്ഥാനത്തില്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയുന്ന ഈ കോഴ്‌സിലൂടെ നിരവധി പഠിതാക്കള്‍ ഭാഷാ പഠനം സാധ്യമാക്കുന്നു.

കുട്ടി മലയാളം ക്ലബുകൾ

മലയാളം മിഷന്റെ പഠന കേന്ദ്രങ്ങളില്‍ എത്തപ്പെടാന്‍ സാധിക്കാത്ത കുട്ടികൾക്കായി വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ള കേരള സ്‌കൂളുകളില്‍ മലയാളം മിഷന്‍ ക്ലബുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. ആദ്യ കുട്ടി മലയാളം ക്ലബ് യു.എ.ഇ.യിലെ ഹാബിറ്റാറ്റ് സ്‌കൂളില്‍ ആരംഭിച്ചു. ഇപ്പോള്‍ 15 കുട്ടി മലയാളം ക്ലബുകള്‍ പ്രവർത്തിച്ചു വരുന്നു.

ലോകമെമ്പാടുമുള്ള മലയാളി സമൂഹങ്ങളെ പരിപൂര്‍ണ്ണ മാതൃഭാഷാ സാക്ഷര സമൂഹം ആക്കുന്നതിനായി മലയാളം മിഷന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ‘വിശ്വ മലയാളം’. ബഹ്‌റൈന്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

റേഡിയോ മലയാളം

മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും പ്രചാരണം റേഡിയോയിലൂടെ എന്ന ലക്ഷ്യവുമായാണ് റേഡിയോ മലയാളം പ്രക്ഷേപണം ആരംഭിച്ചത്. കിളി വാതില്‍, സസ്‌നേഹം റേഡിയോ മലയാളം, പയമേ പണലി, എഴുത്തുമുറി, റേഡിയോ മലയാളം സാഹിത്യോത്സവം, ആ വരികള്‍, ഓഡിയോ ബുക്കുകള്‍, സമം ഷീ റേഡിയോ, മനസ്സ് തുറന്ന്, കുട്ടി റേഡിയോ തുടങ്ങി വിവിധ പരിപാടികള്‍ റേഡിയോ മലയാളത്തില്‍ പ്രക്ഷേപണം ചെയ്യുന്നുണ്ട്. www.radiomalayalam.in, റേഡിയോ മലയാളം യൂട്യൂബ് ചാനല്‍ എന്നിവയിലൂടെയും മലയാളം മിഷന്‍ ആപ്പ് ഡൗൺലോഡ് ചെയ്‌തും റേഡിയോ ആസ്വദിക്കാം.

മലയാളം മിഷന്‍ എല്ലാവര്‍ഷവും അധ്യാപകര്‍ക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ചു വരുന്ന സഹവാസ പരിശീലന ക്യാമ്പുകളാണ് ഗുരു മലയാളവും കടലാസു തോണിയും.

പൂക്കാലം വെബ് മാഗസിന്‍

മികച്ച ബാലസാഹിത്യ രചനകളുടെയും ഇന്ററാക്‌ടീവ് വീഡിയോകളുടെയും സഹായത്തോടെ ഭാഷാ പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്ന ഓൺലൈൻ മാഗസിനാണ് പൂക്കാലം വെബ് മാഗസിന്‍. ‘ഭാഷ ഉടുപ്പിലും നടപ്പിലും’ എന്ന ടാഗ് ലൈനുമായി ഭാഷാ പ്രചരണത്തിന് വേണ്ടി സ്ഥാപിച്ച സുവനീര്‍ ഷോപ്പ് മലയാളം മിഷന്റെ വേറിട്ട പ്രവര്‍ത്തനമാണ്. മലയാള അക്ഷരങ്ങള്‍ ആലേഖനം ചെയ്‌ത ടീ ഷർട്ടുകൾ, മഗുകള്‍, സാരികള്‍, മുണ്ടുകള്‍, ബാഗുകള്‍ എന്നിവ മലയാളം മിഷന്‍ സുവനീര്‍ ഷോപ്പിലൂടെ ലഭ്യമാക്കുന്നുണ്ട്.

പ്രശസ്‌ത കവിയും മലയാളം മിഷന്‍ ഭരണ സമിതി അംഗവുമായിരുന്ന സുഗത കുമാരി ടീച്ചറിന് ആദരവ് അര്‍പ്പിച്ച് നടത്തി വരുന്നതാണ് സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം.

കേരളത്തിലെ നവോത്ഥാന നായകരെ മലയാളം മിഷന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കും പരിചയപ്പെടുത്താനും നഷ്‌ടപ്പെട്ടു കൊണ്ടിരിക്കുന്ന നവോത്ഥാന മൂല്യങ്ങളെ തിരികെ പിടിക്കാനും മലയാളം മിഷന്‍ ഓൺലൈനായി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയില്‍ കേരളത്തിലെ പ്രശസ്‌ത എഴുത്തുകാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവർ അറിവ് പകർന്നു.