കേരളത്തിന് ഒരു വിവര്‍ത്തന പദ്ധതി
കേരളത്തിന് ഒരു വിവര്‍ത്തന പദ്ധതി
ഡോ. സത്യന്‍ എം.
ഡയറക്‌ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
വിവര്‍ത്തനമൊല്‍ വികാരങ്ങളുടെ മൊഴിമാറ്റമാണ്, അപരിചിതമായ ദേശങ്ങളുടെ, അതിന്റെ തീര്‍ത്തും അപരിചിതമായ പുരാവൃത്തങ്ങളുടെ മറ്റൊരു ഭാഷയിലേക്കുള്ള പരിഭാഷാ പ്രവേശമെന്ന മാന്ത്രിക വിദ്യയാണ് വിവര്‍ത്തനം. എഴുത്തിന്റെ മാന്ത്രിക ദേശങ്ങളിലൂടെ, അപര ഭാഷയുടെ അപരിചിതത്വമേതുമില്ലാതെ ആ ഭാഷയുടെ ഒരടുത്ത ബന്ധു നടത്തുന്ന അത്ര ലളിതമല്ലാത്ത ഒരു ഗൂഢസഞ്ചാരമാണ് വിവര്‍ത്തനം. ഭാഷയുടെ രഹസ്യങ്ങളിലേക്ക് വിവര്‍ത്തകര്‍ ഒളിച്ചു നോക്കും, ചിലപ്പോള്‍ കഥയുടെ സംഘർഷങ്ങളിൽപ്പെട്ട് നിസ്സഹായരായി കരയും, കഥാപാത്രങ്ങളുടെ വേദനകളോ, നിഗൂഢതകളോ വിവര്‍ത്തകരെ അത്രത്തോളം തന്നെ ആഴങ്ങളില്‍ എത്തിക്കും. കാരണം വിവര്‍ത്തന പദ്ധതിയെന്നത് അത്രമാത്രം സര്‍ഗാത്മകമായ ഒരു പ്രവൃത്തിയാണ്.
വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ പരിഭാഷയില്‍ പക്ഷേ വികാരങ്ങളുടെ വേലിയേറ്റങ്ങളില്‍ വിവര്‍ത്തകര്‍ അകപ്പെടാറില്ല, പക്ഷേ അപ്പോഴും ഭാഷയുടെ എണ്ണിത്തീര്‍ക്കാനാവാത്ത അടരുകളിലൂടെ വിവര്‍ത്തകര്‍ക്ക് അതേ ജ്ഞാന ഭാഷയാല്‍ തന്നെ പലവട്ടം സ്‌നാനപ്പെടേണ്ടി വരാറുണ്ട്. കാരണം അറിവുകളും അതുൾക്കൊള്ളുന്ന ജ്ഞാന മണ്ഡലങ്ങളും അതത് എഴുത്തു സംസ്‌കാരങ്ങളുമായി ഇഴ ചേർന്നു കിടക്കുകയാവും: അത്തരമൊരു വിദൂര സംസ്‌കാര ഭൂമികയെ പ്രാദേശികസംസ്‌കാരവുമായും അതിന്റെ ജ്ഞാന മണ്ഡലങ്ങളുമായും കണ്ണി ചേർക്കുന്ന പ്രക്രിയയാണ് ഓരോ വിവര്‍ത്തകരും ചെയ്‌തു പോരുന്നത്.
മലയാള ഭാഷയുടെ ആധുനികതയിലേക്കുള്ള വളര്‍ച്ചയ്ക്ക് നെടും തൂണായി വര്‍ത്തിച്ചത് വിവര്‍ത്തന കൃതികളാണ്. മഹാഭാരതം, രാമായണം, മൂലധനം, പാവങ്ങള്‍ തുടങ്ങി ആദ്യകാല കാളിദാസ-ഭാസ കൃതികളുമെല്ലാം തന്നെ മലയാള ഭാഷയെ അതിന്റെ ഭാവുകത്വ പരിണാമ പ്രക്രിയയില്‍ അടയാളപ്പെടുത്തിയതു കൊണ്ടാണ് നമ്മുടെ ഭാഷ ഇത്രമാത്രം ജ്ഞാന ഭാഷയായി മാറിയതും മലയാള ഭാഷയ്ക്ക് മറ്റ് ലോക ഭാഷകളില്‍ സ്വാധീനം ചെലുത്താന്‍ കഴിയും വണ്ണം നട്ടെല്ലുണ്ടായതും. കാഫ്‌കയും, കാമുവും, സാര്‍ത്രും, ബ്രാംസ്റ്റോക്കറും, ആര്‍തര്‍ കോനല്‍ ഡോയലും, അഗതാ ക്രിസ്റ്റിയുമെല്ലാം നമുക്ക് മലയാളികളായി മാറിയ ഇന്ദ്രജാലം ചെറുതല്ല. അവ ഭാഷയില്‍ ചെലുത്തിയ സ്വാധീനം തിരിച്ചറിയണമെങ്കില്‍ ലാറ്റിനമേരിക്കന്‍ സാഹിത്യം എത്രമാത്രം ആധുനിക മലയാള സാഹിത്യത്തെ സ്വാധീനിച്ചിട്ടുണ്ട് എന്ന് നിരീക്ഷിച്ചാല്‍ മാത്രം മതി. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് ഒരു മലയാളിയാണെ് വിശ്വസിച്ചു പോകാവുന്ന അത്രയുമാഴത്തില്‍ വിവര്‍ത്തനത്തിലൂടെ നമ്മുടെ ഭാഷയെ സ്വാധീനിച്ചിട്ടുണ്ട്. പ്രസിദ്ധ കവി സച്ചിദാനന്ദന്‍ വിവര്‍ത്തനം ചെയ്‌ത ലാറ്റിനമേരിക്കന്‍ കവിതകള്‍ മലയാളിയുടെ കവിതാസ്വാദനത്തെയും എഴുത്തിനെയും ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട്. ഒരു കാലത്ത് റഷ്യയില്‍ നിന്നും പുറത്തിറങ്ങിയ നൂറു കണക്കിന് മലയാള വിവര്‍ത്തന ഗ്രന്ഥങ്ങളും മലയാളിയുടെ ഭാഷാ ഭാവുകത്തെ സ്വാധീനിച്ചിട്ടുണ്ട്. ഇവ മലയാള ഭാഷയെ ഭാവനയുടെ സ്ഥലകാല ദേശങ്ങള്‍ക്കപ്പുറം സഞ്ചരിക്കാന്‍ ജ്ഞാനബന്ധിതമായി ദൃഢീകരിച്ചിട്ടുണ്ട് എന്നു കാണാം.
തനതായൊരു പരിഭാഷാ നയം
അന്തര്‍ ദേശീയ തലത്തില്‍ ആർജിക്കപ്പെട്ടതും വിനിമയം ചെയ്യപ്പെട്ടതുമായ വിജ്ഞാനത്തെ മലയാള ഭാഷാ സമൂഹത്തിന്റെ ഭാഗമാക്കുന്നതിനും അതിനുതകുന്ന വ്യവഹാര രീതികള്‍ മാതൃ ഭാഷയില്‍ വളര്‍ത്തിയെടുക്കുകയും വേണം. അതു വഴി കേരള സമൂഹത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കി ഒരു ജ്ഞാന സമൂഹമാക്കി മാറ്റിയെടുക്കുക എന്ന ബൃഹദ് ലക്ഷ്യമാണ് കേരള ട്രാന്‍സലേഷന്‍ മിഷനിലൂടെ സര്‍ക്കാര്‍ മുന്നോട്ടു വയ്‌ക്കുന്നത്. ഇതിനായി സംസ്ഥാനത്തിന് തനതായൊരു പരിഭാഷാ നയം രൂപീകരിക്കേണ്ടതുണ്ട്. ട്രാന്‍സലേഷന്‍ മിഷന്റെ പ്രാഥമിക പദ്ധതികളിലൊന്ന് ഈയൊരു സമഗ്ര പരിഭാഷാ നയം രൂപീകരിക്കുകയാണ്. ഇതിനു വേണ്ടി മൈസൂരുവിലെ സെന്‍ട്രല്‍ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസുമായി മിഷന്‍ ഉടന്‍ തന്നെ ധാരണാ പത്രം ഒപ്പിടും.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്
ട്രാന്‍സലേഷന്‍ മിഷന്റെ ചുമതലയുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1968 മുതല്‍ ഈ മേഖലയില്‍ നിരന്തരം നവീകരണം നടത്തിക്കൊണ്ടിരിക്കുന്ന കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വിവര്‍ത്തന ഏജന്‍സിയാണ്. അതു കൊണ്ടു തന്നെ പദ്ധതിയുടെ മുന്നോട്ടുള്ള നടത്തിപ്പ് കാലവിളംബമേതുമില്ലാതെ, പകരം വയ്ക്കാനില്ലാത്ത ഫല പ്രാപ്‌തിയോടെ മുന്നോട്ടു കൊണ്ടു പോകാൻ കഴിയുമെന്നുറപ്പാണ്. അതിനു വേണ്ടി വരുന്ന മാനവ വിഭവ ശേഷി വർധിപ്പിക്കുന്നതിലൂടെ വിവര്‍ത്തന മേഖലയില്‍ അഭ്യസ്‌ത വിദ്യരായ നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതി കൂടിയായി വിവര്‍ത്തന മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മാറും. ആധുനിക വിവര്‍ത്തന പദ്ധതികള്‍ പരിചയപ്പെടുത്തുന്നതിനും വിവര്‍ത്തകരുടെ കഴിവുകള്‍ കാലാനുസൃതമായി വർധിപ്പിക്കുന്നതിനും യുവ തലമുറയെ വാര്‍ത്തെടുക്കേണ്ടതുണ്ട്. വിവര്‍ത്തനത്തില്‍ ബേസിക്, അഡ്വാന്‍സ് ലെവല്‍ ഡിപ്ലോമാ കോഴ്‌സുകൾ, പി.ജി ഡിപ്ലോമാ കോഴ്‌സുകൾ തുടങ്ങിയവ ആരംഭിക്കുന്നതും മിഷന്റെ പദ്ധതികളിലൊന്നാണ്. ക്രമേണ പ്രസ്‌തുത വിഷയത്തില്‍ ബിരുദം, പിജി, ഡോക്‌ടറൽ ഡിഗ്രി ഉള്‍പ്പെടെയുള്ള കോഴ്‌സുകൾ നടത്തുകയും അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടും വിധമുള്ള ഒരു റിസര്‍ച്ച് സെന്ററായി ഉയര്‍ത്തിക്കൊണ്ടു വരികയും മിഷന്റെ ലക്ഷ്യങ്ങളില്‍ പ്രധാനമാണ്.
വിവര്‍ത്തനം ചെയ്യേണ്ട പുസ്‌തകങ്ങൾ തിരഞ്ഞെടുക്കുക എന്നത് വെല്ലുവിളി നിറഞ്ഞതാണ്; എന്നാൽ മിഷന്‍ രൂപവൽക്കരക്കുന്ന വിദഗ്‌ധ സമിതിയുടെ സഹായത്തോടെ ലോക ഭാഷകളിലെ ഏറ്റവും മികച്ച വൈജ്ഞാനിക ഗ്രന്ഥങ്ങള്‍ തിരഞ്ഞെടുക്കുക ഭാഷയുടെ ഭാവിക്കു വേണ്ടിയുള്ള ശക്തമായ ഇടപെടലായിരിക്കും. വിവര്‍ത്തന മേഖലയില്‍ എത്രയൊക്കെ മുന്നേറിയെന്ന് അവകാശപ്പെട്ടാലും ലോക വൈജ്ഞാനിക മണ്ഡലത്തിലെ പല മൗലിക കൃതികളും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടില്ല എന്നത് യാഥാര്‍ഥ്യമാണ്.
ഉദാഹരണത്തിന് മിഷേല്‍ ഫൂക്കോയുടെയോ ലക്കാന്റെയോ വാൾട്ടർ ബെന്‍യാമിന്റേയോ സിസക്കിന്റെയോ ദല്യൂസിന്റെയോ മൗലിക കൃതികള്‍ മലയാള ഭാഷയില്‍ ലഭ്യമല്ല എന്നു തന്നെ പറയാം. ലഭ്യമായവയില്‍ തന്നെ പലതും പഠനമോ നിരീക്ഷണങ്ങളോ ആണ്. ഇത്തരമൊരു ഘട്ടത്തിൽ യഥാര്‍ഥ രചനകള്‍ മലയാള ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടേണ്ടുന്നതിന്റെ ഉത്തരവാദിത്വം കേരള ട്രാന്‍സലേഷന്‍ മിഷന്‍ ഏറ്റെടുക്കുക തന്നെ ചെയ്യും. ചുരുക്കത്തില്‍ കേരള ട്രാന്‍സലേഷന്‍ മിഷനു മുന്നിലുള്ളത് ഒരു ബൃഹദ് പദ്ധതിയാണ്. അറിവിനെയും ഭാഷയെയും സംസ്‌കാരങ്ങളുടെ പാലം കൊണ്ട് ബന്ധിപ്പിക്കുന്ന സമാനതകളില്ലാത്ത ഈ പദ്ധതി മലയാള ഭാഷയ്ക്ക് ചെറുതല്ലാത്ത ഗുണം ചെയ്യുമെന്നുറപ്പാണ്.