ഭാഷയുടെ നിറമുള്ള സമൃദ്ധ ലോകങ്ങള്‍
ഭാഷയുടെ നിറമുള്ള സമൃദ്ധ ലോകങ്ങള്‍
പ്രൊഫ അന്നക്കുട്ടി ഫിന്‍ഡൈസ് / ഡോ. അപര്‍ണ അജിത്
പരിഭാഷ അന്നും ഇന്നും എനിക്ക് സന്തോഷം തരുന്ന പ്രക്രിയയാണ്. ഇന്ത്യന്‍ മത-ദാര്‍ശനിക, സാഹിത്യ പശ്ചാത്തലത്തില്‍ ഒരു ഉപമ ഉപയോഗിക്കുകയാണെങ്കില്‍ എനിക്ക് അതൊരു ”ലീല” ആണ്. സൃഷ്‌ടിപരമായ സന്തോഷം ഒരു ഭാഷയില്‍ നിന്ന് മറ്റൊരു ഭാഷയിലേക്ക് ഒരു കവിത വിവര്‍ത്തനം ചെയ്യുന്നത് ഒരു ആനന്ദം തന്നെ. അത് എന്റെ പ്രിയപ്പെട്ട ബൊമ്മക്കുട്ടിയെ ഓരോ രൂപത്തിലും ആകൃതിയിലും മാറ്റാനുള്ള ഒരു ശ്രമം പോലെയാണ്, അവളുടെ ആത്മാവോ ജീവവായ്പ്പോ, പ്രത്യേകതയോ നഷ്‌ടമാക്കാതെ. അതു കൊണ്ട് ഒരു കവിതയുടെ വിവര്‍ത്തനം എന്റെ ഭാഷയില്‍ ”ലീല” ആണ്. സൃഷ്‌ടിപരമായി ആനന്ദം പകരുന്ന ഒരു പ്രവൃത്തിയും. വിവര്‍ത്തനം ചെയ്‌തു കൊണ്ടാണ് ഞാന്‍ വിവര്‍ത്തനം പഠിച്ചത്. വിവര്‍ത്തനത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് ഞാന്‍ രണ്ടാം സ്ഥാനമാണ് കൊടുക്കുന്നത്. തീര്‍ച്ചയായും അത് സഹായകമാണെങ്കില്‍ പോലും ആദ്യം സിദ്ധാന്തം വരികയാണെങ്കില്‍, അത് ഒരു പക്ഷെ ഒഴുകി വരുന്ന, ശുദ്ധമായ ക്രിയാത്മകതക്ക്, ആ നിഷ്‌കളങ്ക പ്രവൃത്തിക്ക് ഹാനിയായേക്കാം.
വിദേശ ഭാഷകള്‍ പഠിച്ചപ്പോള്‍, ജര്‍മ്മന്‍ ഭാഷയിലും ഇന്‍ഡോളജിയിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ സാഹിത്യത്തെയും മറ്റു പണ്ഡിത സമ്പ്രദായങ്ങളെയും പരിഭാഷപ്പെടുത്തുന്നതിന്റെ പ്രാധാന്യം ഞാന്‍ തിരിച്ചറിഞ്ഞു. എന്നാൽ, ഇന്ത്യന്‍ സാഹിത്യത്തെ ജര്‍മ്മനി സ്വീകരിച്ചത് അത്യന്തം പരിമിതമായിട്ടായിരുന്നു. പരിഭാഷകളുടെ അഭാവം ആകാം കാരണം.. ദ്രാവിഡ ഭാഷകളെയും ദക്ഷിണേന്ത്യന്‍ സംസ്‌കാരത്തിനെയും പരിഭാഷകളിലൂടെ പരിചയപ്പെടുത്തേണ്ടതുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ഞാന്‍ മലയാള സാഹിത്യ പരിഭാഷകളിലേക്ക് ശ്രദ്ധ തിരിച്ചത്. അതില്‍ കവിതകള്‍ ഏറെ ഇഷ്‌ടമായതിനാൽ മലയാള കവിതകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
2006-ലെ ഫ്രാങ്ക്ഫർട്ട് പുസ്‌തകോത്സവത്തിൽ ഡോ. കെ. സച്ചിദാനന്ദന്റെ കവിതകള്‍ ജര്‍മന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ എന്നോട് അഭ്യർത്ഥിച്ചിരുന്നു. അങ്ങനെ സച്ചിദാനന്ദന്റെ തെരഞ്ഞെടുത്ത കവിതകളുടെ ജര്‍മന്‍ പരിഭാഷ ജര്‍മന്‍ പ്രസാധകരായ ക്രിസ്റ്റിയന്‍ വൈസ്സ് പ്രസിദ്ധീകരിച്ചു. പിന്നീട് ഒ.എന്‍.വി. കുറുപ്പ് (2012), സുഗത കുമാരി (2020). കവിതാ പരിഭാഷകളും ആസ്വാദകര്‍ നല്ല രീതിയില്‍ സ്വീകരിച്ചു. എന്റെ എല്ലാ വിവര്‍ത്തനങ്ങളും നേരിട്ട് മലയാളത്തില്‍ നിന്ന് ജര്‍മന്‍ ഭാഷയിലേക്കാണ്. ഈ കവികളെ കാണാനും പരിചയപ്പെടാനും അവരുടെ പ്രശ്‌നങ്ങൾ ചര്‍ച്ച ചെയ്യാനുമുള്ള സുവര്‍ണ്ണാവസരം എനിക്ക് ലഭിച്ചു. വിജ്ഞാനവും സ്നേഹവും നിറഞ്ഞ വിലയേറിയ അനുഭവങ്ങളായിരുന്നു അവ. ഈ കവികളുമായി നടത്തിയ അഭിമുഖങ്ങളും പുസ്‌തകത്തോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. സുഗതകുമാരി ചേച്ചിയുടെ 55 കവിതകള്‍ ഞാന്‍ വിവര്‍ത്തനം ചെയ്‌തു. കേരളത്തിന്റെ മന:സാക്ഷി, ഇന്ത്യയുടെ മന:സാക്ഷി ആയ സുഗത കുമാരിയുടെ കവിതകള്‍ ഞാന്‍ ഒരു സമാന ഹൃദയ വികാരത്തോടെയാണ് മൊഴിമാറ്റം വരുത്താന്‍ ശ്രമിച്ചത്. സൈലന്റ് വാലി സമര കവിതകള്‍ ഒക്കെ എന്റെ തിരഞ്ഞെടുത്ത കവിതകളില്‍ പെടും. സുഗത കുമാരിച്ചേച്ചിയുമായി കവിതകള്‍ ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിച്ചു. അതും മൊഴി മാറ്റത്തിന് സഹായകമായി. അവരുടെ മരണം വലിയ നഷ്‌ടമാണ്.
വിവര്‍ത്തനം ഒരു സാംസ്‌കാരികപ്രവര്‍ത്തനം
വിവര്‍ത്തനത്തിന്റെ ഭാഷ പ്രാദേശികമല്ല, അന്തര്‍ ദേശീയമാണ് അത് മറ്റ് സാഹിത്യങ്ങളിലേക്കുള്ള ദൃഷ്‌ടി കോണുകൾ ആഴവും പരപ്പുമുള്ളതാക്കാന്‍ സഹായിക്കുന്നു. ഭൂമി ശാസ്ത്രപരമായ വ്യത്യാസങ്ങളും ദൂരങ്ങളുമൊക്കെ നിലനിൽക്കുമെങ്കിലും, ലോകമെമ്പാടുമുള്ള വാക്കുകള്‍ ഭൂഗോളത്തില്‍ എവിടെയും കേള്‍ക്കപ്പെടുകയും കാണപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുന്നു. പരിഭാഷ ഭാഷയുടെ വിസ്‌തൃതി വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. പുതിയ പദാവലികള്‍ സൃഷ്‌ടിക്കുന്നു. ഇതു വഴി വിദേശ സാഹിത്യം, സംസ്‌കാരം, ആചാരാനുഷ്‌ഠാനങ്ങൾ, ദാര്‍ശനികത എന്നിവയെ മാതൃ ഭാഷയിലൂടെ മനസ്സിലാക്കുന്നതിനോടൊപ്പം, ആധുനിക വിജ്ഞാനം, ക്വാണ്ടം ഫിസിക്‌സ് മുതല്‍ നാനോ ടെക്നോളജി, കമ്പ്യൂട്ടർ സയന്‍സ് മുതല്‍ മോളികുലാര്‍ ബയോളജി വരെയുള്ള വിഷയങ്ങള്‍ പ്രാദേശിക ഭാഷയില്‍ ചര്‍ച്ച ചെയ്യാനും ഒരാള്‍ പഠിക്കുന്നു. വിവര്‍ത്തനം ഒരു സാഹിത്യ സംരംഭം മാത്രമല്ല, അതൊരു സാംസ്‌കാരിക പ്രവര്‍ത്തനമാണ്. അത് ബൗദ്ധികവും സൃഷ്‌ടിപരവുമായ പ്രവര്‍ത്തനമാണ്, ശ്രോത ഭാഷയിലുള്ള സാഹിത്യത്തില്‍ നിന്ന് ലക്ഷ്യ ഭാഷാ വായനക്കാരിലേക്ക് പ്രചോദനം കൈമാറുകയോ അനുഭവിപ്പിക്കുകയോ ചെയ്യുന്നു. പരിഭാഷ ഒരു വിജ്ഞാന പ്രചാരണ ശക്തിയാണ്, അന്ധകാരത്തിനും നിശ്ശബ്‌ദതക്കും ശബ്‌ദം നല്‍കുകയും അഭാവത്തിനു സാന്നിധ്യം നല്‍കുകയും ചെയ്യുന്ന വികാസപരമായ പ്രക്രിയയാണ്.
അത് സാഹിത്യ ലിപിക്ക് പുതിയ ജീവന്‍ നൽകുന്നു. എല്ലാ ആശയങ്ങളും അനുഭവങ്ങളും എല്ലാ ഭാഷകളിലും പ്രകടിപ്പിക്കാവുന്നതാണെന്നും, അവ വ്യത്യസ്‌തതകൾക്കിടയിലും പരസ്‌പരം കൈമാറ്റം ചെയ്യാവുന്നതാണെന്നും അത് തെളിയിക്കുന്നു. ഒപ്പം, സമൂഹത്തിലെ പാര്‍ശ്വല്‍ക്കൃത വിഭാഗങ്ങളെ സ്വമേധയാ സംസാരിക്കാന്‍ സഹായിക്കുന്നു, അവരുടെ നാടന്‍ ഭാഷകളെ ബൃഹത്തായ ഭാഷകളിലേക്ക് മൊഴിമാറ്റാനാകുന്നു. ഇങ്ങനെ, പിന്നാക്കവും അവസരം പരിമിതവും ആയിട്ടുള്ള വിഭാഗങ്ങളുടെ മോചനത്തിന് തര്‍ജമ സംഭാവന നൽകുന്നു.
സഹൃദയത്വവും സമാന ഹൃദയവും
ഭാഷയുടെ ഘടന, സാംസ്‌കാരിക, പ്രാദേശിക, ദേശീയ വ്യത്യാസങ്ങള്‍ ഇവയൊക്കെ ഒരു പാഠം വിവര്‍ത്തനം ചെയ്യുമ്പോള്‍ ഗൗരവമേറിയതായിത്തീരും. ഹെർമന്യൂട്ടിക്കൽ തത്വങ്ങളിലൂടെ ഒരു പാഠം മനസ്സിലാക്കാന്‍ പശ്ചാത്തലം വളരെ പ്രധാനമാണെന്ന് തോന്നുന്നു. കവിതകള്‍ അല്ലെങ്കില്‍ കവിത എന്ന പാഠം വിവര്‍ത്തനം ചെയ്യുന്നത് ചില വിമര്‍ശകരുടെയും പണ്ഡിതരുടെയും അഭിപ്രായത്തില്‍ സവിശേഷമായ വെല്ലുവിളിയാണ്. ചിലര്‍ കാവ്യ ഭാഷ വിവർത്തനാതീതമാണെന്ന് അഭിപ്രായപ്പെടുന്നുമുണ്ട്. മറ്റു ചിലര്‍ പറയുന്നതു പോലെ ഒരു കവിതയെ പാഠം വിവര്‍ത്തനം ചെയ്യാന്‍ പരമ പ്രധാനം നിങ്ങള്‍ ഒരു കവിയാകണം എന്നതു തന്നെയാണ്. ഓരോ സാഹിത്യ വിവര്‍ത്തകനും ഒരു എഴുത്തുകാരനാണ്. വിവര്‍ത്തനം വളരെ സൃഷ്‌ടിപരമായ പ്രവൃത്തിയാണ്. വിവര്‍ത്തകരുടെ മൂല്യം അത് തീര്‍ച്ചയായും ആദരിക്കണം. അത് അവഗണിക്കരുത്. നാനാതാരത്തിലുള്ള ആധികാരികമായ പാഠങ്ങള്‍ കവിതാ രൂപത്തില്‍ തന്നെയാണ്! ആദ്യം കവിതയായിരുന്നു, പ്രത്യേകിച്ച് ഇന്ത്യയില്‍, നാം അതുപോലെ പറയും. വിവര്‍ത്തകര്‍ക്ക് സഹൃദയത്വവും സമാന ഹൃദയവും ഉണ്ടായിരിക്കണം. കവിതയുടെ കാര്യത്തില്‍ ഇത് കൂടുതല്‍ പ്രാധാന്യമുള്ളതാണ്. കവിതയും ഒരു ”ലീല” ആണ്. ഈ സൃഷ്‌ടി മുഴുവനും ദൈവത്തിന്റെ ലീല എന്നു പറയുമ്പോലെ.
വിവര്‍ത്തനം എന്നെ സംബന്ധിച്ചിടത്തോളം പ്രബുദ്ധമായ ഒരനുഭവമാണ്. ഭാഷയുടെ ഗഹനതയും പോരായ്‌മയും കണ്ടെത്തുന്നത് അത്ഭുതകരമാണെന്ന് ഞാന്‍ കണ്ടെത്തി. ഭാഷ എന്ന പ്രതിഭാസം എനിക്ക് എന്നും വിസ്‌മയമാണ്. ഭാഷകളുടെ ഈ സമൃദ്ധമായ, നിറമുള്ള ലോകത്തെ നാം സംരക്ഷിക്കണം. കുറച്ച് ഭാഷകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും മേൽക്കോയ്‌മ ലഭിക്കുന്നത് ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും വൈവിധ്യം ഇല്ലാതാക്കും.. അതിനാല്‍, വ്യത്യാസങ്ങളുണ്ടായിരുന്നാലും, മനുഷ്യനും സംസ്‌കാരങ്ങളും ഒരുമിച്ച് നില നില്‍ക്കാനും പരസ്‌പരം ഇടപെടാനും സങ്കടമില്ലാതെ, സംഘര്‍ഷം ഇല്ലാതെ ജീവിക്കാനുമുള്ള ഒരു മാതൃക നാം തിരയുകയാണ്. ഭാവനയില്‍ ഞാന്‍ ഒരു ”പുതിയ ബാബേല്‍ ഗോപുര പദ്ധതി” വിഭാവന ചെയ്യുന്നു. ഇവിടെ ഭാഷകളും സംസ്‌കാരങ്ങളും ദൈവികമായ അനുഗ്രഹമാകുകയും ശാപമാകാതിരിക്കുകയും ചെയ്യണമെന്ന് ഞാന്‍ ആശിക്കുന്നു. ”വിവര്‍ത്തനം” അഥവാ ”പരിഭാഷ” അതിനൊരു പാലമാകട്ടെ.