വൈവിധ്യങ്ങളിലൂടെ ഹൃദയ സഞ്ചാരം
വൈവിധ്യങ്ങളിലൂടെ ഹൃദയ സഞ്ചാരം
പ്രൊഫ. സി. പി. അബൂബക്കര്‍
സെക്രട്ടറി, കേരള സാഹിത്യ അക്കാദമി
സാഹിത്യത്തിന്റെ വിദൂരമായ രണ്ടു വന്‍കരകളെ (സമുദ്രങ്ങളെയും) ഒന്നിപ്പിക്കുകയെന്ന വലിയ ദൗത്യമാണ് വിവര്‍ത്തകനുള്ളത്. വായനയിലൂടെയുള്ള സംസ്‌കാര നിര്‍മ്മിതിയെയും പുരോഗതിയെയും വിവര്‍ത്തകരോളം മുന്നോട്ടു നയിച്ചവരുണ്ടാകില്ല. വൈവിധ്യങ്ങളെ തിരിച്ചറിയുകയും അംഗീകരിക്കുകയുമാണ് പരിഭാഷയുടെ കാതല്‍-സാംസ്‌കാരികവും ഭാഷാപരവുമായി വിഭിന്നരായ മനുഷ്യരില്ലെങ്കില്‍ പരിഭാഷയ്ക്കു പ്രസക്തിയില്ല. ഈ വൈവിധ്യങ്ങളിലൂടെ സാര്‍വ ജനീനമായ സഹൃദയത്വത്തിന്റെ ഒരു വെള്ളിവര കടന്നു പോകുന്നു. അതിലൂടെയാണ് നമ്മുടെ ഹൃദയ സഞ്ചാരം സാധ്യമാകുന്നത്. അതി സൂക്ഷ്‌മമായ ഈ ആനന്ദമാണ് വിവർത്തനമെന്ന പ്രക്രിയയുടെ ഫല ശ്രുതി.
ഇരുപതിലേറെ പുസ്‌തകങ്ങൾ ഞാന്‍ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്. വിഖ്യാതമായ The Wonder That Was India എന്ന എല്‍ ബാഷാം കൃതിയുടെ വിവര്‍ത്തനമാണ് ഇന്ത്യ എന്ന വിസ്‌മയം. ബിരുദ പഠന കാലം മുതല്‍ ഏറെ ഇഷ്‌ടപ്പെട്ട ചരിത്ര കൃതിയാണത്. ജനപ്രിയ ചരിത്ര ഗ്രന്ഥങ്ങള്‍ ഏറെയുണ്ട്. അവയുടെ ലഘുതയല്ല ഈ ഗ്രന്ഥത്തിനുള്ളത്. പുസ്തകത്തിന്റെ ആമുഖത്തില്‍ നിന്ന് ഉദ്ധരിക്കാം:’ അടുക്കും ചിട്ടയുമുണ്ട്, ശാസ്ത്രീയതയുണ്ട്. ക്രമേണ വായന രസകരമായി മാറിത്തുടങ്ങി. ബി എ ക്കു പഠിക്കുന്ന ഒരു യുവാവ് സാമാന്യമായി The Wonder That was India എന്ന ഗ്രന്ഥം വായിക്കുകയില്ല. ചരിത്രത്തോടൊപ്പം സാമ്പത്തിക ശാസ്ത്രവും സാഹിത്യവും ദര്‍ശനവും കലയും ജന ജീവിതവും എല്ലാം കൈകാര്യം ചെയ്യുന്നുണ്ടല്ലോ ഈ ഗ്രന്ഥം എന്ന് അന്ന് തോന്നിയിരുന്നുവോ, ആവോ. മുനിഞ്ഞു കത്തുന്ന മുട്ടവിളക്കിന്റെ വെളിച്ചത്തില്‍ അങ്ങനെയൊരു ഗ്രന്ഥം വായിച്ചു തീര്‍ക്കുക സാമാന്യമായി അസാധ്യമായിരുന്നു. തുടക്കത്തില്‍ പിളര്‍ക്കാനാവാത്ത അടയ്ക്കയായിരുന്ന ആ പുസ്‌തകം പിന്നീട് ഹൃദയത്തിനും മസ്‌തിഷ്‌കത്തിനും ഒരു പോലെ ലാളിക്കാവുന്ന ഒരു കൃതിയായി മാറിയത് അങ്ങനെയായിരുന്നു.
അന്നുവരെ ഇന്ത്യാ ചരിത്ര കൃതികളില്‍ നിലനിന്നിരുന്ന അസംബന്ധങ്ങള്‍ക്കെതിരെ ആശയപരവും സൗന്ദര്യാത്മകവുമായ ഒരു സമരം നടത്തുകയായിരുന്നു എ. എല്‍. ബാഷാം. ഇന്ത്യ എന്ന വിസ്‌മയത്തിന്റെ സവിശേഷത ബാഷാം ഈ ഗ്രന്ഥത്തിലൂടെ സാമ്രാജ്യത്വ ചരിത്ര ദുര്‍വ്യാഖ്യാനത്തെ വസ്‌തുതകൾ നിരത്തി ചോദ്യം ചെയ്യുന്നുവെന്നതാണ്. അതിനുള്ള പശ്ചാത്തലമൊരുക്കുന്ന തരത്തിലുള്ള ഗഹനമായ ആമുഖാധ്യായമാണ് ഗ്രന്ഥത്തിനുള്ളത്. ആമുഖത്തിന്റെ എട്ടാം ഖണ്ഡിക ഞാന്‍ ഇപ്രകാരമാണ് വിവര്‍ത്തനം ചെയ്‌തത്. കാലാവസ്ഥയുടെ വിശകലനത്തിലേക്ക് കടക്കുകയായിരുന്നു ഇവിടെ ബാഷാം: ‘പിന്നെ ആകാശത്തിന്റെ ഉയരങ്ങളില്‍ മേഘങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. അൽപ ദിവസങ്ങളിൽ മേഘ മാലകളുടെ എണ്ണം വർധിക്കുന്നു. അവ ശ്യാമ നിബിഡമാവുന്നു. കടലിൽ നിന്ന് തീരങ്ങളിലേക്ക് ഉരുണ്ടു കൂടി വരുന്നു. അവസാനം ജൂൺ മാസത്തിൽ കനത്ത ഇടി മിന്നലുകളുടെ അകമ്പടിയില്‍, മഹാ പ്രവാഹങ്ങളായി മഴ വന്നെത്തുന്നു. ഊഷ്‌മാവ് പെട്ടെന്ന് താഴുന്നു. കുറച്ചു ദിവസങ്ങള്‍ കൊണ്ട് ലോകം വീണ്ടും ഹരിതാഭമാവുന്നു, പുഞ്ചിരി തൂകുന്നു, വന്യ ജീവികളും പക്ഷികളും കീടങ്ങളും വീണ്ടും പ്രത്യക്ഷമാവുന്നു. മരങ്ങള്‍ വീണ്ടും തളിർക്കുന്നു, ഭൂമിയെ പുതിയ പുല്ല് പുതയ്‌ക്കുന്നു. കുറെ മാസങ്ങള്‍ ഇടവിട്ട് ഇടമഴകൾ പെയ്യുന്നു; പിന്നെ അവ ക്ഷയിക്കുന്നു; യാത്രയും വാതില്‍പ്പുറ ജീവിതവും ദുഷ്‌കരമാവുന്നു; പലപ്പോഴും പകര്‍ച്ച വ്യാധികള്‍ ഉണ്ടാവുന്നു. ഈ ദുരിതങ്ങളെല്ലാമുണ്ടെങ്കിലും ഇന്ത്യന്‍ മനസ്സിന് മൺസൂണിന്റെ ആഗമനം യൂറോപ്യര്‍ക്ക് വസന്താഗമനം പോലെയാണ്’. രസിച്ചും ലയിച്ചുമാണ് ഈ മഹാ ചരിത്ര ഗ്രന്ഥം ഞാന്‍ വിവര്‍ത്തനം ചെയ്‌തത്.
വിവിധ ഭാഷകളില്‍ ലക്ഷക്കണക്കിന് കോപ്പി വിറ്റഴിഞ്ഞ എന്ന വിശേഷണത്തോടെയാണ് Story of Mankind എന്ന ഗ്രന്ഥം മനുഷ്യ രാശിയുടെ കഥയെന്ന പേരിൽ മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടത്. മലയാളത്തില്‍ ആദ്യമായിട്ടായിരുന്നു വാന്‍ ലൂണിന്റെ ഈ വിഖ്യാത ചരിത്ര കൃതി വരുന്നത്. ഇന്ത്യ എന്ന വിസ്‌മയവും അതു പോലെ ആദ്യ പരിഭാഷയായിരുന്നു. ഹെൻറിക്ക് വില്യം വാന്‍ ലൂണിന്റെ മൂന്നു ഗ്രന്ഥങ്ങള്‍ ഞാന്‍ വിവര്‍ത്തനം ചെയ്‌തു. Story of Mankind, The Story of The Bible, The Ancient Man എന്നിവ. മൂന്നും എന്റെ മുന്‍ കൈയില്‍ തന്നെയാണ് വിവര്‍ത്തനത്തിനായി സ്വീകരിക്കപ്പെട്ടത്. കുട്ടികൾക്ക് വേണ്ടി വാൻലൂൺ രചിച്ച ഈ ഗ്രന്ഥം മുതിർന്നവർക്കും നല്ലൊരു വായനാ വസ്‌തുവാണ്.
രംഗ വേദി ഒരുക്കപ്പെടുന്നുവെന്ന ഒന്നാമധ്യായം ഇപ്രകാരം തുടങ്ങുന്നു,
‘ഭീമാകാരമായ ഒരു ചോദ്യ ചിഹ്നത്തിന്റെ നിഴലിലാണ് നാം ജീവിക്കുന്നത്.
ആരാണ് നമ്മള്‍?
എവിടെ നിന്നാണ് നാം വരുന്നത്?
എവിടേക്കാണ് പോവുന്നത്?
പതുക്കെ, എന്നാൽ ധീരമായി, സ്ഥിരതയാർന്ന, ചക്രവാളത്തിനപ്പുറത്തുള്ള വിദൂരസ്ഥമായ രേഖയിലേക്ക്
തള്ളിക്കൊണ്ടു പോവുകയായിരുന്നു. അവിടെ നിന്നാണ് നാം ഒരു ഉത്തരം പ്രതീക്ഷിക്കുന്നത്.
നാം വളരെ അകലെയൊന്നും പോയിട്ടില്ല.
ഇപ്പോഴും നമുക്ക് വളരെ, വളരെ കുറച്ചേ അറിയൂ. എങ്കിലും ഒരുപാട് കാര്യങ്ങള്‍ ഊഹിച്ചെടുക്കാന്‍ കഴിയുന്ന ഒരു ബിന്ദുവില്‍ (ഏതാണ്ട് കൃത്യമായിത്തന്നെ നാം എത്തിച്ചേർന്നിരിക്കുന്നു.
ഈ അധ്യായത്തില്‍ മനുഷ്യന്റെ ആവിര്‍ ഭാവത്തിനു യോജിച്ച രംഗ വേദി ഒരുക്കപ്പെട്ടതെങ്ങനെയെന്ന് (നമ്മുടെ ഏറ്റവും ശരിയായ വിശ്വാസമനുസരിച്ച്) ഞാന്‍ പറഞ്ഞു തരാം.
ഭൂമിയില്‍ അവസാനമായി ആവിര്‍ഭവിച്ചത് മനുഷ്യനാണ്. പക്ഷെ, പ്രകൃതി ശക്തികളെ കീഴ്പ്പെടുത്തുകയെന്ന ലക്ഷ്യത്തിനായി സ്വന്തം മസ്‌തിഷ്‌കം ആദ്യമായി ഉപയോഗിച്ചതും മനുഷ്യന്‍ തന്നെ…’.
കവിതയും യുക്തിയും സമന്വയിക്കുന്ന ഈ മനോഹരമായ ഭാഷയുടെ മലയാളം ആവിഷ്‌കരിക്കാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ഥ്യം ഇവിടെ രേഖപ്പെടുത്തട്ടെ.
(രണ്ട്)
ചരിത്രത്തില്‍ നിന്ന് കവിതയിലേക്ക് കടന്നു വരുമ്പോൾ ഡച്ച് ആഫ്രിക്കന്‍ കവിയായ യൂപ്പ് ബേഴ്‌സിയുടെ അറുപതു കവിതകള്‍ പരിഭാഷപ്പെടുത്തിയ ഓര്‍മ്മ വളരെ ആവേശകരമായനുഭവപ്പെടുന്നുണ്ട്. അതു പോലെ തന്നെ ഒരു പക്ഷെ, അതിനേക്കാള്‍ പ്രധാനമാണ് ലോര്‍ക്കയുടെ കുറെ കവിതകള്‍ സമാഹരിച്ചിരിക്കുന്ന ‘കടന്നു പോയൊരാൾ’ എന്ന പുസ്‌തകം. തുടർന്ന് വേറെ ചില കവിതകളും വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്. ‘എന്റെ ജനങ്ങള്‍ മരിച്ചു പോയിരിക്കുന്നു’വെന്ന ഖലീല്‍ ജിബ്രാന്‍ കവിതയാണ് അവയിലൊന്ന്. ഇംഗ്ലീഷിലും അറബിക്കിലും അനസ്യൂതം എഴുതിയ കവിയാണ് ജിബ്രാന്‍. ഷെയ്‌ക്ക്‌സ്‌പിയറും താവോ മതസ്ഥാപകനായ ലാവോത്സേയും കഴിഞ്ഞാല്‍ ഏറ്റവും വിൽപനാ മൂല്യമുള്ള കവിയാണ് ഖലീല്‍ ജിബ്രാന്‍. ‘
എന്റെ ജനങ്ങള്‍ മരിച്ചു പോയിരിക്കുന്നു എന്ന കവിത 1918-ലെ ലെബനന്‍ ഗിരി പ്രദേശത്തെ ക്ഷാമത്തെപ്പറ്റി എഴുതിയതാണ്. ഇന്നും പ്രസക്തമായ രചനയാണത്. ഇസ്രായേലിന്റെ ക്രൂരമായ ആക്രമണങ്ങളില്‍ ചതഞ്ഞരയുന്ന ഒരു പ്രദേശമാണ് ഇന്നും ലെബനൺ.
‘പട്ടിണി കിടക്കുന്ന സ്വന്തം ജനങ്ങള്‍ക്കായി
ഒരു രാജ്യ ഭ്രഷ്‌ടന് എന്താണ് ചെയ്യാന്‍ കഴിയുക?
സാന്നിധ്യമില്ലാത്ത കവിയുടെ വിലാപത്താൽ
എന്താണ് പ്രയോജനം?…
സ്വന്തം നാടിന്റെ വാനത്തില്‍
ഒരു പക്ഷിയായിരുന്നു ഞാനെങ്കിൽ
വിശക്കുന്ന സഹോദരൻ
എന്നെ വേട്ടയാടി, മാംസത്താല്‍
തന്റെ ശരീരത്തിലെ ശ്‌മശാനത്തിന്റെ നിഴല്‍
ഒഴിവാക്കുമായിരുന്നു’. കവിതയും രാഷ്ട്രീയവും തമ്മിലൊരു ബന്ധവുമില്ലെന്ന് ശഠിക്കുന്ന ശുദ്ധ കവികള്‍ക്കും കലാ വാദികള്‍ക്കും നേരെ ഖലീല്‍ ജിബ്രാന്‍ എയ്യുന്ന കത്തുന്ന അസ്ത്രങ്ങളാണ് ഈ കവിതയിലുള്ളത്.
ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് ബള്‍ഗേറിയയുടെ വൈസ് പ്രസിഡന്റായിരുന്നു ബ്ലാഗാ ദിമിത്രോവ. ആധുനിക ബള്‍ഗേറിയന്‍ കവികളില്‍ പ്രഥമഗണനീയ സ്ഥാനമുള്ള കവിയാണ് അവര്‍. കവിതയും കഥയും നോവലും നാടകവും ഉള്‍പ്പെടെ ഏറെ എഴുതിയിട്ടുണ്ട് ബ്ലാഗ. ബ്ലാഗയുടെ കവിതകളുമായി പ്രസിദ്ധ ഇറാനിയന്‍ കവി ഫരീദ ഹസന്‍ സാദേ നടത്തിയ സല്ലാപമാണ് ‘ബ്ലാഗാ പ്രിയങ്കരീ എന്ന രചന. ഫരീദയുടെ ചോദ്യങ്ങള്‍ക്ക്’ ബ്ലാഗയുടെ കവിതകളില്‍ നിന്ന് ഉത്തരം ഉരുത്തിരിയുന്ന രീതിയിലാണ് ഇതിന്റെ രചന. വടുക്കള്‍, അവസാനത്തെ മലങ്കഴുകന്‍, നിഷിദ്ധ സാഗരം തുടങ്ങിയ കവിതകളാണ് ഫരീദ ഈ രചനയ്ക്കായി ഉപയോഗിച്ച ബ്ലാഗാ കൃതികള്‍. ചോദ്യോത്തരങ്ങളുടെ രീതിയാണ് ഫരീദ ഈ രചനയ്ക്ക് സ്വീകരിച്ചിരിക്കുന്നത്. ചില ഭാഗങ്ങള്‍ നോക്കാം:
‘ചോദ്യം: ബ്ലാഗാ, എന്താണ് യഥാര്‍ഥ സ്നേഹം?
ബ്ലാഗ – സ്വര്‍ണ്ണക്കടലിന്റെ നിറമുള്ള അരി പ്രാവിന്റെ വിയര്‍പ്പു മണക്കുന്ന (ഹോ, അതെന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു)
തലമുടിയുടെ പേരില്‍ ആരെങ്കിലും എന്നെ സ്‌നേഹിച്ചിരുന്നുവെങ്കിൽ
അയാള്‍ ബോധമറ്റ ഉറക്കത്തിലെന്ന പോലെ കാറ്റിന്റെ നിഴലുകളെ സ്‌നേഹിക്കുമായിരുന്നു
ആരെങ്കിലും ഒരാള്‍ ഒരിക്കലെങ്കിലും എന്റെ ദു:ഖങ്ങളുടെ പേരില്‍
ഒരു കുയിലിന്റേതു പോലെ അവര്‍ണ്ണനീയവും അകാരണവുമായ
ദു:ഖങ്ങളുടെ പേരില്‍ എന്നെ സ്‌നേഹിച്ചിരുന്നുവെങ്കിൽ
അയാള്‍ എന്റെ സ്വത്വത്തെ സ്‌നേഹിച്ചിരുന്നു
അയാള്‍ എന്നെ യഥാര്‍ഥമായി സ്‌നേഹിച്ചിരുന്നു. വീണ്ടും
‘ചോദ്യം: ഇത്തെ കവികള്‍ക്കുള്ള നിന്റെ സന്ദേശം…?
ബ്ലാഗ- നിങ്ങളുടെ ഓരോ കവിതയും അവസാനത്തേതാണെന്ന വിചാരത്തോടെ എഴുതുക….
നിങ്ങളുടെ ഓരോ വാക്കും വധ ശിക്ഷയ്ക്കു മുമ്പുള്ള സന്ദേശമായി അയക്കുക……’.
പ്രത്യക്ഷ രാഷ്ട്രീയത്തിനപ്പുറം കവിതയ്ക്ക് അഗാധമായ മാനവികതയുള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് ബ്ലാഗയുടെ കവിത തെളിയിക്കുന്നത്. ചോര ചൊരിച്ചിലില്ലാത്ത, വാക്കുകളുടെ പ്രശാന്തി ദായകമായ അവസ്ഥയില്‍ മനുഷ്യ വംശത്തിനു നിലനിൽക്കാനായേക്കുമെന്ന പ്രതീക്ഷയാണ് ബ്ലാഗയുടെ കവിതയെ സവിശേഷമാക്കുന്നത്.
(മൂന്ന്)
സിയാറ്ററില്‍ മൂപ്പന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഫ്രാന്‍സിസ് പിയേഴ്‌സ് എഴുതിയതായി പരിഗണിക്കപ്പെടുന്ന കത്ത്, ഉയർന്ന പരിസ്ഥിതി ബോധത്തിന്റെയും മാനവികതയുടെയും മാനിഫെസ്റ്റോവാണ്. എന്റെ വിവര്‍ത്തന ശ്രമങ്ങളില്‍ ഏറ്റവും നന്നായി ഇഷ്‌ടപ്പെട്ട ഒരു ദൗത്യത്തിന്റെ സാക്ഷാത്‌കാരമായിരുന്നു അത്. ‘നക്ഷത്രങ്ങള്‍ പോലെ ഋതുക്കള്‍ പോലെ’ എന്നാണ് മലയാളത്തില്‍ ആ രചനയ്ക്ക് നല്‍കിയ തലക്കെട്ട്. ‘എങ്ങനെയാണ് തിരുമനസ്സേ, ആകാശവും ഭൂമിയും കച്ചവടം ചെയ്യാന്‍ കഴിയുക? ആകാശത്തിന്റെ വിശാലത? ഭൂമിയുടെ ഊഷ്‌മളത? നമുക്കിതാലോചിക്കാനേ വയ്യ. വായുവിന്റെ കുളുര്‍മ്മയോ വെള്ളത്തിന്റെ തിളക്കമോ നമ്മുടെയാരുടെയും സ്വത്തല്ല. എങ്ങനെയാണ് തിരുമനസ്സേ, അവിടുത്തേക്ക് ഇതൊക്കെ ഞങ്ങളില്‍ നിന്ന് വാങ്ങാന്‍ കഴിയുക? ഈ മണ്ണിന്റെ ഓരോ തരിയും ഞങ്ങള്‍ക്ക് പാവനമാണ്. ചൊമന്ന മനുഷ്യന്റെ ഓര്‍മ്മകളില്‍, അനുഭവങ്ങളില്‍, എല്ലാം പരിപാവനമാണ്. മരച്ചില്ലയും മണല്‍ത്തീരവും ഇരുൾ പരത്തുന്ന മൂടല്‍ മഞ്ഞും വനവും ശലഭ ഗീതവും തിര്യക്കുകളുടെ ആരവവും എല്ലാം….. പൊയ്‌കകളിൽ, പുഴകളില്‍ ചിന്നിയൊഴുകുന്ന ജലം, വെറും വെള്ളമല്ല ഞങ്ങള്‍ക്ക്, ഞങ്ങളുടെ പിതൃക്കളുടെ ചോരയാണ്. ജലത്തിന്റെ മര്‍മ്മരം എന്റെ പിതാമഹന്റെ വിളിയാണ്’.
ഡോക്‌ടർ രതി സാക്സേനയുടെ ഭ്രാന്താലയത്തില്‍ നിന്നുള്ള കത്തുകൾ എന്ന രചനയാണ് മറ്റൊരു ഇഷ്‌ട പരിഭാഷ.
(നാല്)
എഴുത്ത് എന്ന പ്രക്രിയയില്‍ ഏതാണ് എന്റെ ഇടം? കവിയാണോ, നോവലിസ്റ്റാണോ, വിവര്‍ത്തകനാണോ? ഇനിയുമെനിക്കത് നിർണ്ണയിക്കാനായിട്ടില്ല. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി പരിഭാഷയിലേർപ്പെടുന്നത്. എച്ച് ഡബ്ള്യൂ ലോങ്ഫെലോവിന്റെ ദി സ്ളേവ്സ് ഡ്രീം ആയിരുന്നു കവിത. വടകര എം യു എം ഹൈസ്‌ക്കൂളില്‍ ചാണ്ടി മാഷുടെ ഇംഗ്ലീഷ് ക്ലാസിന്റെ ഓര്‍മ്മയിലാണ് ഈ കവിത എന്നിൽ കുടി പാര്‍ത്തത്. കവിത ഇങ്ങനെ തുടങ്ങുന്നു.
Besides the ungathered rice he lay.
His sickle in his hand
His breast was bare
his matted hair was buried in the sand
ഉറങ്ങാന്‍ കിടക്കുമ്പോഴാണ് പഠനം നടന്നിരുന്നത്. അങ്ങനെ പഠനമൊന്നുമില്ല. ആലോചനകളാണ്. ചിലപ്പോള്‍ ഏതെങ്കിലും പുസ്‌തകമുണ്ടാവും. വീട്ടിലെല്ലാവരുമുറങ്ങിക്കഴിയുമ്പോൾ ഞാന്‍ ഉണർന്നിരിക്കുകയാവും. അങ്ങനെയാണ് ഈ കവിത എന്നിൽ ചിറകു വിരുത്തിയത്:
ചിതറിക്കിടക്കുന്ന നെല്‍ക്കതിരി-
ന്നിടയിലരിവാള് കൈയിലേന്തി
പലപാട് ചിതറിയ മുടിയുമായി
പാവമാ നീഗ്രോ കിടന്നുറങ്ങി.
ഈ വരികള്‍ ശരിയാണോ എന്നൊന്നും എനിക്ക് അന്നും ഇന്നും അറിയില്ല. ഒരു കാര്യം മാത്രമറിയാം, കവിതയായും പരിഭാഷയായും ജീവിതത്തിലാദ്യമായി എഴുതിയത് ഈ വരികളായിരുന്നു. രണ്ടു രാത്രിയെടുത്തു പരിഭാഷ പൂരിപ്പിക്കാന്‍. അതങ്ങനെ കിടന്നു. വര്‍ഷങ്ങളോളം പിന്നീട് സാഹിത്യ പ്രവർത്തനമൊന്നും നടന്നില്ല. ഈ വിവര്‍ത്തനത്തോടെയാണ് ഞാന്‍ സാഹിത്യ പ്രവര്‍ത്തനത്തിലേക്ക് എഴുത്തിനിരുത്തപ്പെട്ടത്. പിന്നെ അനേകം കൃതികള്‍ പരിഭാഷപ്പെടുത്തി. സ്വന്തമായ കാവ്യ സമാഹാരങ്ങളും നോവലുകളും ഉണ്ടായി. സമ്പൂര്‍ണ്ണ കവിതകളും വാക്കുകള്‍ എന്ന ആത്മ കഥയും എഴുതി. അപ്പോഴും ആ കവിതയുടെ ആദ്യ നാലുവരി മറന്നു പോയില്ല. സത്യത്തില്‍, ഇന്നു നോക്കുമ്പോൾ ആ വരികള്‍ അപൂര്‍ണ്ണമാണ്. എഴുത്തകാരനെന്ന നിലയില്‍ ഞാന്‍ വിവര്‍ത്തകനും വിവർത്തകനെന്ന നിലയിൽ ഞാന്‍ എഴുത്തുകാരനുമായി.