വൈവിധ്യങ്ങളുടേതാണ് ഭാഷയും സംസ്‌കാരവും

വൈവിധ്യങ്ങളുടേതാണ് ഭാഷയും സംസ്‌കാരവും
ഡോ. എസ്.കെ. വസന്തന്‍ / ഡോ. സ്വപ്‌ന സി. കോമ്പാത്ത്

? കേരളപ്പിറവി നേരിട്ട് അറിഞ്ഞിട്ടുള്ള ഒരാളാണ്. വിദ്യാര്‍ഥി ആയും അധ്യാപകനായും കേരളപ്പിറവി ആഘോഷങ്ങളെ കണ്ടറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കേരളപ്പിറവിക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കുകയും ചെയ്‌തു. മാഷ് കടന്നു പോയിട്ടുള്ള കേരളപ്പിറവി ആഘോഷങ്ങളെക്കുറിച്ച് പറയാമോ?

കേരളപ്പിറവി വലിയ ആഘോഷമായിട്ട് അത്ര പെരുത്ത് കാലമായിട്ടൊന്നുമില്ല. ചില വായന ശാലകളില്‍ മീറ്റിംഗ് ഉണ്ടാകും. ചില സ്‌കൂളുകളില്‍ ആ ദിവസം പ്രസംഗ മത്സരവും കവിത പാരായണ മത്സരവും നടത്താറുണ്ട്. പക്ഷേ 1960-കള്‍ ആയപ്പോള്‍-ഞാന്‍ കോളേജില്‍ പഠിപ്പിക്കാന്‍ തുടങ്ങി-കാലടി അടുത്തുള്ള ചില സ്‌കൂളുകളില്‍ മീറ്റിങ്ങുകള്‍ ഉണ്ടാവും. അവസാനത്തെ രണ്ട് പീരിയഡ് എടുത്ത് ഭാഷയെ കുറിച്ചും കേരളത്തെക്കുറിച്ചും പറയും. അന്ന് മിക്കവാറും മഹാബലിയുടെ കഥയാണ് പറയാറ് പതിവ്. ഇക്കാലത്താണ് അത് വാരാചരണം പോലെ വലിയൊരു ഉത്സവമായി കൊണ്ടാടാന്‍ തുടങ്ങുന്നത്.

? കേരളപ്പിറവി സാംസ്‌കാരികമായ ഏകീകരണത്തിനും വഴി തെളിച്ചില്ലേ ?

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ പൊളിറ്റിക്കലി അത് ശരിയായിരിക്കാം. പക്ഷേ സാംസ്‌കാരികമായിട്ട് വലിയ വ്യത്യാസമുള്ള ഒരുപാട് ഘടകങ്ങളുണ്ട്. ഉദാഹരണത്തിന് ഓണത്തെപ്പറ്റിയാണെങ്കില്‍ മധ്യ തിരുവിതാംകൂറില്‍ ഓണം വലിയ ആഘോഷമാണ്. വടക്കേ മലബാറില്‍ ഓണത്തിന് അത്ര വലിയ ആഘോഷമൊന്നും ഇല്ല. അതു പോലെ തന്നെ തിരുവാതിര. എറണാകുളം തൃശൂര്‍ ജില്ലയില്‍ മാത്രമേ ഈ ഉത്സവത്തിന് പ്രാധാന്യമുള്ളൂ. കാസര്‍ഗോഡ് കണ്ണൂര്‍ ഭാഗത്തൊന്നും തിരുവാതിര ആഘോഷമില്ല.

സംസ്‌കാരം എന്ന് പറയുന്നതിന്റെ വൈവിധ്യമാണ് പ്രധാനം. ഒരു പൊളിറ്റിക്കല്‍ യൂണിയനാണെങ്കിലും എല്ലാ കള്‍ച്ചറും ഒന്നാണ് എന്ന് പറയുന്നതിൽ അര്‍ഥമുണ്ടോ? ഉദാഹരണമായി തെയ്യം. തെയ്യത്തിന് തൃശൂരുമായി എന്തെങ്കിലും ബന്ധമുണ്ടോ. പടയണി, തൃശ്ശൂരുമായി എന്തെങ്കിലും ബന്ധമുണ്ടോ. തൃശ്ശൂരിലെ കുമ്മാട്ടിക്ക് തിരുവനന്തപുരവുമായി വല്ല ബന്ധവും ഉണ്ടോ? ഒന്നുമില്ല. ഓരോ പ്രത്യേക ഭാഗങ്ങളില്‍ ഓരോ തരം ആചാരങ്ങളും അനുഷ്‌ഠാനങ്ങളുെ കലകളുമൊക്കെ ഉണ്ടാകും. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നടക്കുന്നു എന്നുള്ളതു കൊണ്ട് കേരളത്തിൽ നടക്കുന്നു എന്നതേയുള്ളൂ. അല്ലാതെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ഒരേപോലെ നടക്കുന്ന ഒരു ആഘോഷവും നമ്മള്‍ മലയാളികള്‍ക്കില്ല. ഓണം പോലുമങ്ങനെയല്ല.

? ഭാഷാപരമായ ഏകീകരണമോ?

ഇന്നിപ്പോൾ തിരുവനന്തപുരത്ത് അടിക്കുന്ന പത്രം നിമിഷങ്ങള്‍ക്കുള്ളില്‍ കാസര്‍ഗോഡ് കിട്ടും. പണ്ടൊക്കെയാണെങ്കില്‍ തിരുവനന്തപുരത്ത് അടിക്കുന്ന ഒരു പുസ്‌തകം കാസര്‍ഗോഡ് എത്തണമെങ്കില്‍ മാസങ്ങള്‍ എടുക്കും. ഇത്രയധികം സാങ്കേതിക സാധ്യതകള്‍ വികസിച്ചിട്ടും, ഭാഷാപരമായ ഏകീകരണം നടന്നിട്ടുണ്ടോ?. എല്ലാ ദിക്കുകളിലും ഇതു തന്നെയാണ് സ്ഥിതി. ഇംഗ്ലണ്ടിലും ഇതു തന്നെയാണ് സ്ഥിതി’. ഇംഗ്ലണ്ടിന്റെ പല പ്രദേശങ്ങളിലും നമ്മള്‍ പഠിക്കുന്ന ഇംഗ്ലീഷല്ല. വടക്കന്‍ ഇംഗ്ലണ്ടില്‍ പറയുന്ന ഇംഗ്ലീഷല്ല, ലണ്ടനില്‍ പറയുന്ന ഇംഗ്ലീഷ്. ഏകീകരണത്തെക്കുറിച്ച് ദുഃഖിക്കേണ്ട കാര്യമില്ല. വൈവിധ്യമാണ് ഭാഷയുടെയും സംസ്‌കാരത്തിന്റെയും സ്വഭാവം.

? മാഷിന്റെ അഭിപ്രായത്തില്‍ മലയാള ഭാഷ ഇന്ന് ഏത് തരത്തിലുള്ള ഭീഷണിയാണ് നേരിടുന്നത്?

എന്തിനാണ് ഭാഷ പഠിക്കുന്നത്? എന്തിനാണ് സാഹിത്യം പഠിക്കുന്നത്? ഒറ്റ ഉത്തരമേയുള്ളൂ. എനിക്കപ്പുറം ഒരു ലോകമുണ്ട്. മറ്റുള്ളവരുടേതായിട്ടുള്ള ഒരു ലോകമുണ്ട് എന്ന ബോധ്യമുണ്ടാവുന്നതിന് വേണ്ടി. ഞാന്‍ മാത്രമല്ല ഈ ലോകത്തുള്ളത് എന്ന് മനസ്സിലാക്കുകയാണ് സാഹിത്യം പഠിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം. അത് നമ്മുടെ കുട്ടികളിലും ഇല്ലാതെയായിരിക്കുന്നു. ഇന്ന് കണ്ടിട്ടുണ്ടോ. ഇന്ന് കണ്ടിട്ടുണ്ടോ, 10 മണിക്ക് സ്‌കൂളില്‍ എത്തേണ്ട കുട്ടിയെ 7 മണിക്ക് തന്നെ ബസ്സില്‍ കയറ്റിയിരിത്തുകയാണ്. അവന് ലോകമറിയാതാകുന്നു. ഞങ്ങളുടെ കാലത്ത് സമപ്രായക്കാരായ കുട്ടികളുടെ കൂടെ ഒരുപാട് ദൂരം നടന്നാണ് സ്‌കൂളുകളിലൊക്കെ പോയിരുന്നത്. ചിലപ്പോള്‍ ഒരു മണിക്കൂര്‍, ഒന്നര മണിക്കൂർ ഒക്കെ എടുത്തായിരിക്കും സ്‌കൂളിലെത്തുന്നുണ്ടാവുക. പക്ഷേ മുതിർന്നതിനു ശേഷം തിരിഞ്ഞ് ആലോചിക്കുമ്പോള്‍ ഞാന്‍ പഠിച്ച ഒരു പാഠമുണ്ട് ആ നടത്തത്തില്‍ നിന്ന്. ഞാന്‍ മാത്രമല്ല ഈ ലോകത്ത് ഉള്ളത്, ഒരുപാട് വ്യത്യസ്‌തരായ ആളുകളുണ്ട്. അവരൊക്കെ കൂടിയതാണ് ലോകം. പുതിയ കുട്ടികൾക്ക് അതൊക്കെ നഷ്‌ടപ്പെടുന്നു.

? ഇപ്പോഴത്തെ ഭാഷാ സാഹിത്യ പഠിതാക്കളെക്കുറിച്ച് മാഷിന്റെ നിരീക്ഷണമെന്താണ്?

കൂടുതല്‍ പേര്‍ക്കും ഒന്നിലും താൽപര്യമില്ല എന്നതാണ് സത്യം. ഞാനിവിടെ നെറ്റിന്റെ ക്ലാസ് എടുത്തിരുന്നു. മലയാളത്തില്‍ എം. എ കഴിഞ്ഞു വന്ന ഒരു ബാച്ചിന് ഓടയില്‍ നിന്ന് എന്ന നോവല്‍ അറിയുകയേ ഇല്ല. വായിച്ചിരിക്കണം എന്ന് ഞാന്‍ നിര്‍ബന്ധം പറയില്ല. എങ്കിലും കേട്ടിട്ടില്ല എന്നത് എനിക്ക് അത്ഭുതമായി തോന്നി. അത് എന്താ വായിക്കാത്തത് എന്ന് ഞാനവരോട് ചോദിച്ചു. അത് സിലബസില്‍ ഉണ്ടായിരുന്നില്ല എന്നായിരുന്നു ഉത്തരം. അതായത് സിലബസില്‍ ഇല്ലാത്തത് വായിക്കില്ല. ഇതാണ് സ്ഥിതി. എല്ലാവരുടെയും എന്ന് പറയുന്നില്ല. കുറ്റിപ്പുറത്ത് കേശവന്‍ നായര്‍ എന്ന് കേട്ടിട്ടേ ഇല്ല. അതുപോലെ വള്ളത്തോളിന്റെ നാല് പുസ്‌തകങ്ങളുടെ പേര് പറയാന്‍ പറഞ്ഞു. അപ്പോള്‍ ഒരു കുട്ടി എഴുന്നേറ്റ് നിന്ന് പറഞ്ഞു.. മാതൃഭാഷ എന്ന ഒരു പുസ്‌തകമില്ലേ? ഞാന്‍ പറഞ്ഞു, ഉണ്ടായിരിക്കാം. ബാക്കി ആര്‍ക്കും ഒന്നും അറിയില്ല. ഞാന്‍ ചോദിച്ചു, നിങ്ങള്‍ എം.എയ്ക്ക് വള്ളത്തോളിനെ പഠിച്ചിട്ടില്ലേ? ഉടനെ ഒരു കുട്ടി പറഞ്ഞു, ശിഷ്യനും മകനും എന്ന ഒരു പുസ്‌തകത്തിലെ എട്ടു ശ്ലോകങ്ങള്‍ പഠിച്ചിട്ടുണ്ട്. എം. എ കഴിഞ്ഞു വരുന്ന കുട്ടികളാണ്.

? തമിഴ്‌നാട്ടിലെ സ്ഥിതി വ്യത്യസ്‌തമാണെന്നു തോന്നാറുണ്ടോ?

തമിഴര്‍ക്ക് അവരുടെ ഭാഷ കഴിഞ്ഞ് വേറെ എന്തുമുള്ളൂ. എല്ലാ ഭാഷകള്‍ക്കും ഒരു സ്വന്തം സംസ്‌കാരത്തില്‍ നിന്ന് വാക്കുകള്‍ ഉണ്ടാക്കാനുള്ള പ്രവണതയുണ്ട്. ചില ഭാഷകളില്‍ അത് കൂടുതലാണ്, ചില ഭാഷകളില്‍ അത് കുറവുമാണ്. തമിഴില്‍ അത് വളരെ കൂടുതലാണ്. അത്രയ്ക്ക് പോകേണ്ട കാര്യമില്ല. നമുക്ക് ആ വാക്ക് അങ്ങനെ തന്നെ എടുക്കാവുന്നതേയുള്ളൂ.

ലോകത്തിലെ എല്ലാ ഭാഷകളും അങ്ങോട്ടുമിങ്ങോട്ടും വാക്കുകള്‍ കടമെടുക്കുന്നുണ്ട്. ബൗദ്ധികമായി ഉയർന്ന സംസ്‌കാരം ഉള്ള ഒരു ഭാഷയില്‍ നിന്നും ബൗദ്ധികമായി ഉയർന്നതല്ലാത്ത ഒരു ഭാഷയിലേക്ക് ധാരാളം വാക്കുകള്‍ വരും. ഇംഗ്ലീഷില്‍ ഒരുപാട് വാക്കുകള്‍ ഫ്രഞ്ച് ആണ്. ഫ്രഞ്ചുകാരന്റെ ആയിരുന്നു ഉയർന്ന കള്‍ച്ചര്‍. ഒരുകാലത്ത് ഇംഗ്ലണ്ടിലെ രാജ കുടുംബങ്ങളില്‍ ഫ്രഞ്ചേ സംസാരിച്ചിരുന്നുള്ളൂ. അത് നിർബന്ധമായിരുന്നു. അവരുടെ ഒരുപാട് വാക്കുകള്‍. ഉദാഹരണത്തിന് ഡെസ്‌ക്, അല്‍മിറ, ചെയര്‍, ടേബിള്‍ ഇതൊക്കെ ഫ്രഞ്ച് വാക്കുകളാണ്. ഇംഗ്ലീഷുകാരനുണ്ടായിരുന്നത് സ്റ്റൂള്‍ ആണ്. മലയാളത്തില്‍ ഇംഗ്ലീഷില്‍ നിന്നുള്ള വാക്കുകള്‍ എടുക്കുന്നത് വളരെ സ്വാഭാവികമാണ്.സംസ്‌കൃതത്തിലുള്ള വാക്കുകള്‍ എടുക്കുന്നതും വളരെ സ്വാഭാവികമാണ്. അതിന് തടസ്സം നില്‍ക്കേണ്ട കാര്യമില്ല. മാരാര് മലയാളം ശൈലിയില്‍ ഒരു വാചകം പറയുന്നുണ്ട്. ബ്രദറിന്റെ വൈഫിനെ ഹോസ്‌പിറ്റലിൽ അഡ്‌മിറ്റ് ചെയ്‌തു എന്ന് പറഞ്ഞാല്‍ ഒരു സായിപ്പിനും മനസ്സിലാവില്ല. എന്നാൽ എല്ലാ മലയാളിക്കും ബോധ്യമാവും. പ്രത്യയം ചേര്‍ത്താല്‍ അത് മലയാളമായി. നമ്മള്‍ പകരം വാക്കുകള്‍ ഉണ്ടാക്കിയെടുക്കുന്നതാണെങ്കിലോ ഭൂരിഭാഗവും സംസ്‌കൃതമായിരിക്കും മലയാളം ആയിരിക്കില്ല. നമ്മുടെ ഭാഷയില്‍ നിരവധി സംസ്‌കൃത വാക്കുകള്‍ ഉണ്ട്. ഉദാഹരണത്തിന് തമാശയായി പറഞ്ഞാല്‍ മൂത്രം-അതൊരു സംസ്‌കൃത വാക്കാണ്. അതിന് ഒരു മലയാളം വാക്കുണ്ടായിരുന്നില്ലേ. ഉണ്ട് അതാണ് ചെറുനീര്. ഇനിയിപ്പോ അതിലേക്ക് പോകേണ്ട കാര്യമുണ്ടോ?

ഉപയോഗിച്ചാണ് ഭാഷ വളരേണ്ടത്. എന്‍ വി കൃഷ്‌ണവാര്യർ പറഞ്ഞതാണ് സത്യം. ഭാഷ വളരുന്നത് നീന്താന്‍ പഠിക്കുന്നതു പോലെയാണ്. നീന്തല്‍ മുഴുവന്‍ പഠിച്ചാല്‍ പിന്നെ വെള്ളത്തില്‍ ഇറങ്ങി നീന്തലുണ്ടാവില്ല. ഭാഷ ഉപയോഗിച്ച് ഉപയോഗിച്ചാണ് ശീലമാകേണ്ടത്.

മാഷ് ഇപ്പോഴും പുതിയ എഴുത്തിന്റെയും വായനയുടെയും അധ്യാപനത്തിന്റെയും തിരക്കിലാണ്. ചങ്ങമ്പുഴയെക്കുറിച്ചുള്ള സുദീര്‍ഘമായ പ്രബന്ധം അവസാന ഘട്ടത്തിലാണ്. കേരള സംസ്‌കാര നിഘണ്ടുവിന്റെ അടുത്ത പതിപ്പില്‍ ഒരു വാല്യം കൂടെ ഉണ്ടാകുമെന്ന് പറയുന്നു. അടുത്തിറങ്ങാന്‍ പോകുന്ന താളിയോല രൂപത്തിലുള്ള വള്ളത്തോളിന്റെ തെരഞ്ഞെടുത്ത വരികളുള്ള തേനും വയമ്പും എന്നു പേരിട്ട പുസ്‌തകമാണ് മറ്റൊന്ന്. തൊട്ടടുത്തിരിക്കുന്നത് ഇത്തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് കരസ്ഥമാക്കിയ ഹരിത സാവിത്രിയുടെ സിന്‍ എന്ന നോവലാണ്. വായിച്ചു തീരാറായി എന്നു പറയുന്നു. പുതിയ എഴുത്തിലും പൂക്കാലങ്ങള്‍ കണ്ടെത്തുകയാണ് ഭാഷയിലെ ഈ വസന്ത ഋതു.