കാവ്യപൂര്‍ണ്ണിമ

കാവ്യപൂര്‍ണ്ണിമ
എസ്. മഹാദേവന്‍ തമ്പി
എഴുത്തുകാരന്‍

കവിതയെക്കുറിച്ച് വ്യക്തമായ ഒരു നിലപാടുണ്ടാവുക. മാറി വരുന്ന കാലത്തിന്റെ ഫാഷനുകളില്‍ ഭ്രമിക്കാതെ അതില്‍ ഉറച്ചു നില്‍ക്കുക, തനിക്ക് കവിത എങ്ങനെ വരുന്നുവോ അങ്ങനെ തന്നെ എഴുതുക, മാര്‍ക്കറ്റിലെ സ്വീകാര്യതയെക്കുറിച്ച് ഉത്‌കണ്‌ഠപ്പെടാതെ സ്വന്തം കാവ്യ സ്വത്വത്തോട് സത്യസന്ധത പുലര്‍ത്തുക- ഇതാണ് പ്രഭാവര്‍മ്മയുടെ പ്രത്യേകത. ആ സ്വത്വബോധ സത്യസന്ധതയില്‍ നൂറു കണക്കിനു ചെറു കവിതകള്‍ മുതല്‍ വലിയ കാവ്യാഖ്യായികകള്‍ വരെ പിറന്നു. അവ കൂട്ടായി നവീനമായ ഒരു ഭാവുകത്വത്തെ തന്നെ രൂപപ്പെടുത്തി. അതാകട്ടെ, ഇപ്പോള്‍ സരസ്വതീ സമ്മാനിലൂടെ ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു-രൗദ്ര സാത്വികത്തിലൂടെ.

അധികാരവും കലയും തമ്മിലുള്ള ചിരന്തന സംഘര്‍ഷത്തെ കലാത്മകവും ദാര്‍ശനികവുമായ തലങ്ങളില്‍ സര്‍ഗാത്മകമായി ആവിഷ്‌കരിക്കുന്ന കാവ്യാഖ്യായികയാണ് പ്രഭാവര്‍മ്മയുടെ രൗദ്ര സാത്വികം. രൗദ്രം, സാത്വികം എന്നീ വിരുദ്ധ ഭാവദ്യോതക പദങ്ങളെ സമന്വയിപ്പിച്ച് രൂപപ്പെടുത്തിയ ശീര്‍ഷകം പോലെ തന്നെ മൗലികമാണ് 15 അധ്യായങ്ങളുള്ള ഈ കാവ്യാഖ്യായിക ആകെത്തന്നെ കലയും അധികാരവുമെന്ന പോലെ, വ്യക്തിയും രാഷ്ട്രവും, ജനങ്ങളും അധികാരവും, സമാധാനവും അക്രമവും, നിഷ്‌കളങ്ക വൈകാരികതയും ഗൂഢ ഭരണ തന്ത്രവും തുടങ്ങിയ നിരവധി ദ്വന്ദ്വാത്മക വൈരുദ്ധ്യങ്ങളെ അനനുകരണീയമായ ഭാഷാ ശൈലിയില്‍, അനുപമമായ ഭാവ വൈവിധ്യത്തില്‍ ആവിഷ്‌കരിക്കുന്നുണ്ട് ഇതില്‍.

പൗരോഹിത്യ പശ്ചാത്തലത്തിലുള്ള ഒരു യുവ കവിക്ക് മാറുന്ന ഭൗതിക-സാമൂഹിക സാഹചര്യങ്ങളില്‍ നേരിടേണ്ടി വരുന്ന മനഃ സംഘര്‍ഷങ്ങളിലാണ് ഇതിവൃത്തം ഇതള്‍ വിരിയുന്നത്. പിന്നീട് നിരന്തരമായ അലച്ചിലായും സ്വത്വാന്വേഷണമായും അത് പുതിയ മാനങ്ങളിലേക്കു പടർന്നു കയറുന്നു. നാടകീയമായ നിരവധി മുഹൂര്‍ത്തങ്ങള്‍ കൊണ്ട് പിരിമുറുക്കമാർന്ന കൃതിയുടെ ഇതിവൃത്തം പല ഭൂഖണ്ഡങ്ങളിലെ സഞ്ചാരങ്ങളിലൂടെയാണ് അതിന്റെ സ്വാഭാവിക പരിണതയിലെത്തുന്നത്.

ഐതിഹാസികമാനങ്ങള്‍

വ്യവസ്ഥിതിക്കെതിരായ പോരാട്ടം, പോരാട്ടത്തിനിടയിലെ ഒറ്റി കൊടുക്കപ്പെടല്‍, തെറ്റിദ്ധരിക്കപ്പെട്ടുള്ള വിചാരണ, അഭയാര്‍ഥി പ്രവാഹത്തിൽപ്പെട്ടുള്ള ലക്ഷ്യമറിയാത്ത സഞ്ചാരം, പല തീരദേശങ്ങളിലുണ്ടാവുന്ന അനുഭവങ്ങള്‍, യഥാര്‍ഥ വിപ്ലവകാരിയാകാന്‍ കഴിയാത്തതിലുള്ള പോരാളിയുടെ വ്യഥ, യഥാര്‍ഥ ക്രിസ്ത്യാനിയാകാന്‍ കഴിയാത്തതിലുള്ള പുരോഹിത വ്യഥ, തന്നെ രക്ഷിക്കാനായി സ്വന്തം മകനെ പട്ടാളത്തിന്റെ ബുള്ളറ്റിന് വിട്ടു കൊടുക്കുന്ന ഒരു അമ്മയുടെ ദയനീയതയ്ക്കു മുമ്പില്‍ ഇതികര്‍ത്തവ്യതാ മൂഢനായി നില്‍ക്കേണ്ടി വരുന്നവന്റെ ദൈന്യം, കുരുതിക്ക് ഓങ്ങിയ വാളിനു മുമ്പിലെ കുട്ടിയുടെ ചിരിയില്‍ ഒളിഞ്ഞു നിന്ന ദര്‍ശന പരത, ജീവിതത്തെയും മരണത്തെയും വ്യാഖ്യാനിക്കുന്ന ഒരു യതിയുടെ ദര്‍ശനം, യതിയുടെ വിരല്‍ത്തുമ്പിലൂടെയുള്ള ഒരു ഗൃഹാതുര യാത്ര, ഒറ്റുകാരനോ രക്ത സാക്ഷിയോ എന്ന് സമൂഹത്തിന് തിരിച്ചറിയാന്‍ കഴിയാതെ പോകുന്ന ഒരു വിപ്ലവകാരിയുടെ തിരിച്ചു വരവ്, സ്വന്തം പ്രതിമയ്ക്കു മുമ്പില്‍ അസ്‌ത്ര പ്രജ്ഞനായി നിൽക്കേണ്ടി വരുന്ന തിരിച്ചറിവിന്റെ മുഹൂര്‍ത്തം….. എന്നിങ്ങനെ മലയാള സാഹിത്യം ഇന്നേവരെ കണ്ടിട്ടും അറിഞ്ഞിട്ടുമില്ലാത്ത ഭാവനയുടെ, സാഹിതീയതയുടെ, ദാര്‍ശനികതയുടെ, മൂല്യബോധത്തിന്റെ അജ്ഞേയ തലങ്ങളിലൂടെയാണ് ഈ കാവ്യാഖ്യായിക സഞ്ചരിക്കുന്നത്. ഐതിഹാസിക മാനങ്ങളുള്ള ബൃഹദാഖ്യാന രീതി, സ്വപ്‌നാത്മക ദൃശ്യങ്ങളുടെ നിരന്തര പ്രവാഹം, നിസ്സര്‍ഗ സുന്ദരമായ കാവ്യാംശ തിളക്കങ്ങള്‍, സവിശേഷമായ ബിംബ വിന്യാസ രീതി, ഭാവ ഗീതാത്മക രചനാ ശൈലി തുടങ്ങി നിരവധി കാര്യങ്ങളില്‍ ഈ കൃതി വേറിട്ടു നിൽക്കുന്നു.

ധര്‍മ്മം എന്തെന്നറിഞ്ഞിട്ടും അത് ജീവിതത്തില്‍ ആചരിക്കാന്‍ കഴിയാതെ പോകുന്നതിന്റെയും അധര്‍മ്മം എന്താണെന്നറിഞ്ഞിട്ടും അതിൽ നിന്ന് നിവൃത്തിയാകാന്‍ കഴിയാതിരിക്കുന്നതിന്റെയും പരമമായ ധര്‍മ്മ സങ്കടം കടഞ്ഞുണ്ടാക്കിയ കൃതിയാണിത്. പല കാലങ്ങളിലൂടെയും പല ഭൂഖണ്ഡങ്ങളിലൂടെയും സഞ്ചരിക്കുന്നതും പുതിയ കാല പ്രമാണവും പുതിയ സ്ഥല രാശി രൂപകവും കണ്ടെത്തുന്നതുമായ വേറിട്ട കൃതിയാകുന്നു രൗദ്ര സാത്വികം. സ്വന്തം കൂട്ടരാലും ശത്രുക്കളാലും ഒരേ പോലെ വേട്ടയാടപ്പെടുന്നതിന്റെയും ന്യായീകരണം പറയാന്‍ അവസരമില്ലാതെ ശിക്ഷിക്കപ്പെടുന്നതിന്റെയും സ്വന്തം സ്വത്വമെന്താണെന്ന് തിരിച്ചറിയപ്പെടാതെ പോകുന്നതിന്റെയും വൈഷമ്യങ്ങളെ ഈ കൃതി അനാവരണം ചെയ്യുന്നു. പരീക്ഷണാത്മകതയും അനുഭവാത്മകതയും കൂടിക്കലർന്ന് ഒരു സര്‍റിയലിസ്റ്റ്- സൈക്കഡലിക്ക് വിഭ്രമാത്മകത സൃഷ്‌ടിക്കുന്ന ഭാവാന്തരീക്ഷം ഈ കൃതിയെ മാജിക് റിയലിസത്തിന്റെ സാങ്കേതിക തലത്തിനുമപ്പുറത്തേക്ക് ഉയര്‍ത്തി നിർത്തുന്നു. പാശ്ചാത്യവും പൗരസ്ത്യവുമായ ജീവിത സമീപനങ്ങള്‍, ദര്‍ശന സവിശേഷതകള്‍, ആത്മീയ മനോഭാവങ്ങള്‍, ഭൗതിക വിലയിരുത്തലുകള്‍ എന്നിവയൊക്കെ ഇടകലർന്ന് ഇതു വരെ അറിയാത്ത ഒരു അനുഭൂതി പ്രപഞ്ചവും അനുഭവ ലോകവും സാക്ഷാത്കരിക്കുന്നുണ്ട്., ഈ കൃതി. ജീവിതത്തിന്റെ സാരസത്തകള്‍ ഉൾച്ചേർന്ന മൂല്യവത്തായ ഈരടികള്‍ കൊണ്ടും കാവ്യ ഖണ്ഡങ്ങള്‍ കൊണ്ടും ഈ കൃതി ഒരു പ്രത്യേക കാലത്തിനു വേണ്ടിയുള്ളതല്ല, മറിച്ച് കാലാതീതമായ മനുഷ്യാവസ്ഥയ്ക്കാകെ വേണ്ടിയുള്ളതാണ്.

കടപ്പാട്: മീഡിയ
കേരള മീഡിയ അക്കാദമി
പ്രസിദ്ധീകരണം

പ്രഭാവര്‍മ്മ എഴുത്തും ജീവിതവും

കവിയും ഗാന രചയിതാവും മാധ്യമ പ്രവര്‍ത്തകനുമാണ് പ്രഭാവര്‍മ്മ. കേന്ദ്ര സാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, വയലാര്‍ അവാര്‍ഡുകള്‍, ആശാന്‍ പ്രൈസ്, വള്ളത്തോള്‍-ഉള്ളൂര്‍ സാഹിത്യ സമ്മാനങ്ങള്‍, ചലച്ചിത്ര ഗാന രചനയ്ക്കുള്ള ദേശീയ പുരസ്‌കാരം, മൂന്ന് സംസ്ഥാന അവാര്‍ഡുകള്‍, നാടക ഗാന രചനയ്ക്കുള്ള സംഗീത നാടക അക്കാഡമി അവാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെ എഴുപതിലധികം പുരസ്‌കാരങ്ങള്‍. ശ്യാമ മാധവം, കനല്‍ച്ചിലമ്പ്, രൗദ്ര സാത്വികം എന്നീ കാവ്യാഖ്യായികകള്‍ ഉള്‍പ്പെടെ പതിനഞ്ചോളം കാവ്യ കൃതികള്‍, എട്ട് ഗദ്യ സാഹിത്യ പ്രബന്ധങ്ങള്‍, കാവ്യ പ്രബന്ധ സമാഹാരം, സ്‌മൃതി രേഖ, മാധ്യമവും സംസ്‌കാരവും എന്ന പഠന ഗ്രന്ഥം. ഇംഗ്ലീഷിലും മലയാളത്തിലും ഓരോ നോവല്‍. ഒരു തിരക്കഥയും പ്രഭാവര്‍മ്മയുടേതായുണ്ട്.

പ്രഭാവര്‍മ്മയുടെ ‘ഒരു ചെമ്പനീര്‍പ്പൂവിറുത്തു ഞാനോമലേ’ എന്ന ഗാനം ഏറെ ജന പ്രിയമായി. നൂറു കണക്കിന് ഗാനങ്ങള്‍ക്കു പുറമേ, കര്‍ണ്ണാടക സംഗീത കൃതികള്‍, ഭരതനാട്യം-മോഹിനിയാട്ടം എന്നിവയ്‌ക്കുള്ള പദങ്ങള്‍ തുടങ്ങിയവ വേറെ. പരീക്ഷണാത്മകതയെയും അനുഭവാത്മകതയെയും സമന്വയിപ്പിക്കുന്ന ആ സവിശേഷ രചനാ രീതി ഒരു ആധുനിക ഭാവുകത്വത്തിന് അടിവരയിടുന്നുവെന്ന് ഒരിക്കല്‍ ഒ.എന്‍.വി എഴുതി. ജന്മനാ കവിയാണ് പ്രഭാവര്‍മ്മ എന്നാണ് സാഹിത്യ നിരൂപകന്‍ എം.കൃഷ്‌ണൻ നായര്‍ ‘സാഹിത്യ വാരഫല’ത്തില്‍ എഴുതിയത്. പ്രഭാവര്‍മ്മയുടെ കൃതികള്‍ നിരവധി ഇന്ത്യന്‍ ഭാഷകളിലേക്കും ഇംഗ്ലീഷിലേക്കും ചില വിദേശ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തുന്നു.

പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ് പ്രഭാവര്‍മ്മ. അച്ചടി-ദൃശ്യ മാധ്യമങ്ങളില്‍ ദീര്‍ഘ കാലം പ്രധാന ചുമതലകള്‍ വഹിച്ചു. ജനറല്‍ റിപ്പോർട്ടിങ്ങിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ചേരി ചേരാ സമ്മേളനം മുതല്‍ കോമൺ വെൽത്ത് സമ്മേളനം വരെ റിപ്പോർട്ടു ചെയ്‌തിട്ടുണ്ട്. ‘എമേര്‍ജിങ് ഡെമോക്രസീസ്’ എന്ന വിഷയത്തില്‍ ഐക്യ രാഷ്ട്ര സഭയുടെ ദോഹ ഇന്റര്‍ നാഷണല്‍ മീറ്റില്‍ പ്രഭാഷണം നടത്തി. കേരള സാഹിത്യ അക്കാഡമി വൈസ് പസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി നിര്‍വാഹക സമിതി അംഗം, ജ്ഞാന്‍പീഠ് ജൂറി അംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുള്ള പ്രഭാവര്‍മ്മ, കേന്ദ്ര സാഹിത്യ അക്കാഡമി ദക്ഷിണ മേഖലാ ബോര്‍ഡിന്റെ കൺവീനറുമായിരുന്നു. പയ്യന്നൂർ അതിയിടത്ത് ടി.കെ നാരായണന്‍ നമ്പൂതിരിയുടെയും, തിരുവല്ല തുളിശാല കോയിക്കല്‍ എന്‍. പങ്കജാക്ഷി തമ്പുരാട്ടിയുടെയും മകനായി 1959-ല്‍ ജനനം. 1980-ലെ സര്‍വകലാശാല യുവജനോത്സവത്തില്‍ കവിതയ്ക്ക് ഒന്നാം സമ്മാനം നേടിയതിനു ശേഷമിങ്ങോട്ട് മലയാള കവിതയിലെ സജീവ സാന്നിദ്ധ്യം. ഭാര്യ: ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന മനോരമ. മകള്‍ ജ്യോത്സ്ന. മരുമകന്‍: കേണല്‍ കെ.വി മഹേന്ദ്ര.