ഭാഷാ സാഹിത്യം ആഗോള പശ്ചാത്തലത്തില്‍

ഭാഷാ സാഹിത്യം ആഗോള പശ്ചാത്തലത്തില്‍
എം. മുകുന്ദന്‍

ന്യൂയോര്‍ക്ക് നഗരത്തില്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്ന് വന്ന എൺപത്തിയഞ്ച്  ലക്ഷം ആളുകള്‍ ജീവിക്കുന്നുണ്ട്. അവര്‍ എണ്ണൂറ് ഭാഷകള്‍ സംസാരിക്കുന്നവരാണ്. കൂട്ടത്തിൽ മലയാളവുമുണ്ട്. ഈ എണ്ണൂറ് ഭാഷകളിലാണ് അവരുടെ സംസ്‌കാരവും ഓര്‍മ്മകളും ജീവിത മൂല്യങ്ങളും സൂക്ഷിച്ചു വെച്ചിരിക്കുന്നത്. ഇപ്പോള്‍ അവര്‍ ക്രമേണയായി അവരുടെ അമ്മ ഭാഷകള്‍ മറക്കുകയും ഇംഗ്ലീഷ് ഭാഷ മാത്രം സംസാരിക്കുന്നവരുമായി മാറുകയുമാണ്. അപ്പോള്‍ അവരുടെ മാതൃ ഭാഷകളില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന അവരുടെ ജീവിത മൂല്യങ്ങള്‍ക്ക് എന്ത് സംഭവിക്കും ?

നമ്മുടെ ഇന്ത്യയില്‍ 22 ഷെഡ്യൂള്‍ഡ് ഭാഷകള്‍ക്ക് പുറമെ 1600 ഓളം പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്നവരുണ്ട്. നമ്മുടെ പൈതൃക സ്‌മരണകളും മൂല്യങ്ങളും ഈ ഭാഷകളിലാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ സ്വത്വത്തിന്റെയും സാംസ്‌കാരിക വൈവിധ്യത്തിന്റെയും അടയാളങ്ങളായ ഈ പ്രാദേശിക ഭാഷകള്‍ ഒന്നൊന്നായി തിരോധാനം ചെയ്യുകയാണ്.

നമ്മുടെ സാഹിത്യത്തില്‍ മൂല്യ പരിണാമങ്ങൾ സംഭവിച്ചിട്ടുണ്ടോ? ഉണ്ട് എന്നാണ് ഉത്തരം. ഒട്ടും ആലോചിക്കാതെ തന്നെ നമുക്ക് കിട്ടുന്ന ഉത്തരമാണത്. കലയിലും സാഹിത്യത്തിലും വലിയ മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. ഈ പരിവര്‍ത്തനങ്ങള്‍ വളരെ പ്രകടവുമാണ്. ഒന്നു കണ്ണു തുറന്നു ചുറ്റും നോക്കിയാല്‍ മതി, നമുക്കത് കാണാം.

ലോകത്തിലെല്ലായിടങ്ങളിലേയും, പ്രത്യേകിച്ചു പാശ്ചാത്യ രാജ്യങ്ങളിലെ, സാഹിത്യത്തില്‍ മൂല്യങ്ങള്‍ ഇല്ലാതെയായിരിക്കുന്നു. ന്യൂയോര്‍ക്ക് ടൈംസിലോ ഗാര്‍ഡിയനിലോ ന്യു സ്റ്റെയിറ്റ്സുമാനിലോ വരുന്ന പുസ്‌തക നിരൂപണങ്ങൾ നോക്കുക. മൂല്യങ്ങള്‍, പ്രതിബദ്ധത, ജനങ്ങള്‍ തുടങ്ങിയ വാക്കുകള്‍ ഒരിടത്തും കാണുകയില്ല. ജോ അപ്ഡൈക്കിനേയും മാര്‍ഗരറ്റ് ആറ്റ്‌വുഡിനേയും പോലുള്ളവരാണ് ഈ പ്രശസ്‌തമായ പ്രസിദ്ധീകരണങ്ങളില്‍ പുതിയ പുസ്‌തകങ്ങൾക്കു വിമര്‍ശന പഠനങ്ങള്‍ എഴുതുന്നത്. സമൂഹം, മൂല്യം, പ്രതിരോധം തുടങ്ങിയ പ്രയോഗങ്ങള്‍ പോലും പാശ്ചാത്യ രാജ്യങ്ങളിലെ സാഹിത്യ വിമര്‍ശകര്‍ മറന്നു പോയിരിക്കുന്നു.

പ്രതിരോധത്തിന്റെ സാഹിത്യവും ആഗോളവല്‍ക്കൃത സാഹിത്യവും

ഭാഷയുടെയും സംസ്‌കാരത്തിന്റെയും വിനാശത്തെ ചെറുത്തു നിൽക്കുന്ന ഇന്ത്യ പോലുള്ള അപൂര്‍വം ചില രാജ്യങ്ങളിലെ എഴുത്തുകാര്‍ മാത്രമാണ് ഇന്നും അവരുടെ സാഹിത്യ വ്യവഹാരങ്ങളില്‍ മൂല്യങ്ങള്‍, പ്രതിബദ്ധത തുടങ്ങിയ ആശയങ്ങള്‍ സൂക്ഷിക്കുന്നത്. ലോകത്തിലെ വലിയൊരു ഭാഗത്തെ പൊതു ധാരയിലുള്ള എഴുത്തുകാര്‍ക്ക് ഇതു പോലുള്ള സംജ്ഞകള്‍ ക്ളീഷേകളായി മാറിയിരിക്കുന്നു.

ഇന്ന് അന്ത്യ വിശകലനത്തില്‍ രണ്ടുതരം സാഹിത്യം മാത്രമേയുള്ളുവെന്നു നമുക്കു മനസ്സിലാകും. ഒന്ന് പ്രതിരോധത്തിന്റെ സാഹിത്യമാണ്. മറ്റൊന്ന് ആഗോളവല്‍ക്കൃത സാഹിത്യവും. ആദ്യത്തേത് കോളണി വാഴ്‌ചയിൽ നിന്നു സ്വതന്ത്രമായ ആഫ്രിക്കയിലേയും ഏഷ്യയിലേയും രാജ്യങ്ങളിലാണ് കണ്ടു വരുന്നത്. അധിനിവേശത്തിന്റെ ദുസ്വപ്‌നങ്ങൾ പേറി നടക്കുന്ന ആസ്‌ട്രേലിയയിലും ദുര്‍ബലമെങ്കിലും പ്രതിരോധത്തിന്റെ ഒരു സാഹിത്യം വികസിച്ചു വന്നിട്ടുണ്ട്. മിക്കവാറും മറ്റെല്ലാ രാജ്യങ്ങളിലും നാമിന്നു കണ്ടു വരുന്നത് അനു ദിനം ശക്തിപ്പെട്ടു വരുന്ന ആഗോളവല്‍ക്കൃത സാഹിത്യമാണ്.

ഇത് നമ്മില്‍ ആശങ്കയുളവാക്കുന്നുണ്ട്. കാരണം പ്രതിരോധത്തിന്റെ സാഹിത്യം മൂല്യാധിഷ്‌ഠിതമാണെങ്കിൽ ആഗോളവല്‍ക്കൃതവും വിപണി നിയന്ത്രിതവുമായ സാഹിത്യം മൂല്യ രഹിതമാണ്. മുന്‍ തലമുറകള്‍ മൂല്യാധിഷ്‌ഠിത സാഹിത്യ കൃതികള്‍ എഴുതിയും വായിച്ചും വളര്‍ത്തിയെടുത്ത പ്രകാശ പൂര്‍ണ്ണമായ ഒരു പാരമ്പര്യമാണ് മലയാള സാഹിത്യത്തിന്റെത്. കുമാരനാശാന്റേയും വള്ളത്തോളിന്റെയും തലമുറയില്‍ നിന്നു തുടങ്ങി തകഴിയുടെയും കേശവ ദേവിന്റെയും തലമുറയിലൂടെ സഞ്ചരിച്ച് എംടിയുടെയും വിജയന്റെയും ആനന്ദിന്റെയും തലമുറ കടന്ന് നാലാം തലമുറയില്‍ വന്നു നിൽക്കുകയാണ് നമ്മുടെ സാഹിത്യം ഇന്ന്. ഒരു നൂറ്റാണ്ടിലേറെ കാലം സഞ്ചരിച്ച്, തലമുറകള്‍ പിന്നിട്ട് വര്‍ത്തമാന കാലത്തില്‍ വന്നു നിൽക്കുന്ന മലയാള സാഹിത്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം മൂല്യ വ്യവസ്ഥകള്‍ക്കു നേരെയുണ്ടാകുന്ന ആക്രമണമാണ്.

ഈ പ്രശ്‌നം മലയാളഭാഷ മാത്രം അഭിമുഖീകരിക്കുന്ന ഒന്നല്ല. ഇന്ത്യന്‍ സാഹിത്യം മാത്രം നേരിടുന്ന ഒരു പ്രശ്‌നവുമല്ല. അധിനിവേശങ്ങളുടെ ചരിത്രമുള്ള എല്ലാ രാജ്യങ്ങളും അത് അഭിമുഖീകരിക്കുന്നുണ്ട്. സാമ്പത്തിക വികസനം കൈവരിക്കുകയും ഉയർന്ന ജീവിത നിലവാരം പുലര്‍ത്തുകയും ചെയ്യുന്ന ആസ്ട്രേലിയ പോലുള്ള രാജ്യങ്ങള്‍ പോലും ഈ പ്രതിസന്ധിയ്ക്കു പുറത്തല്ല.

ആധുനികതയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ സഞ്ജയ് സുബ്രഹ്‌മണ്യം അടിവരയിടാറുള്ള ഒരു വസ്‌തുതയാണ് ഇത്. ആധുനികത, അധിനിവേശ രാജ്യങ്ങളുടെ സൃഷ്‌ടിയാണെന്നിരിക്കവേ കൊളോണിയലിസത്തിനിരയായ എല്ലാ നാടുകളുടേയും സമഗ്രമായ സാംസ്‌കാരിക പരിസരത്തില്‍ മാത്രമേ ആധുനികതയെ സമീപിക്കാനാകു എന്നതാണ് സുബ്രഹ്‌മണ്യത്തിന്റെ നിലപാട്. ആഗോളവല്‍ക്കൃത, മൂലൃ രഹിത സാഹിത്യത്തെ കുറിച്ചുള്ള അന്വേഷണങ്ങളും അങ്ങനെ നിര്‍വഹിക്കേണ്ടവയാണ്.

ഒരിക്കല്‍ രണ്ട് ആസ്ട്രേലിയന്‍ എഴുത്തുകാരെ ഒന്നിച്ചു കാണുവാന്‍ എനിയ്ക്കു സന്ദര്‍ഭം ലഭിക്കുകയുണ്ടായി. ദല്‍ഹിയിലെ ആസ്ട്രേലിയന്‍ ഹൈ കമ്മിഷണറുടെ വസതിയില്‍ വെച്ചായിരുന്നു അത്. പീറ്റര്‍ കേറിയും കിം സ്‌കോട്ടുമായിരുന്നു ആ എഴുത്തുകാര്‍. പീറ്റര്‍ കേറി ആഗോള തലത്തില്‍ അറിയപ്പെടുന്ന നോവലിസ്റ്റാണ്. അദ്ദേഹത്തെക്കുറിച്ചു നാം ധാരാളം കേട്ടിട്ടുണ്ട്. പക്ഷേ, ബെനാങ്ങ് എന്ന ശക്തമായ നോവലെഴുതിയ കിം സ്‌കോട്ടിനെക്കുറിച്ച് കേട്ടിട്ടുള്ളവർ വിരളം. എന്തു കൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്?

കിം സ്‌കോട്ട് ആഗോളവല്‍ക്കൃത സാഹിത്യത്തോടൊപ്പം സഞ്ചരിക്കുന്ന ഒരെഴുത്തുകാരനല്ല എന്നതു തന്നെ. ആസ്ട്രേലിയയിലെ ജന സംഖ്യയില്‍ രണ്ടു ശതമാനത്തിലേറെ ഇപ്പോഴും ആദിവാസികളാണ്. നിയൂന്‍ഗാര്‍ എന്ന ഒരു പ്രധാന ആദിവാസി സമുദായത്തില്‍ പെട്ട എഴുത്തുകാരനാണ് കിം സ്‌കോട്ട്. അധിനിവേശ കാലം ഇംഗ്ലീഷുകാര്‍ തുടച്ചു മാറ്റുവാന്‍ ശ്രമിച്ച ആദിവാസി സമൂഹത്തിന്റെയും അവരുടെ പാരമ്പര്യങ്ങളുടെയും നിലനിൽപിനു വേണ്ടിയുള്ള പൊരുതലിന്റെ കഥയാണ് കിം സ്‌കോട്ടിന്റെ എഴുത്തിന്റെ ബലം.

ഒരേ നാട്ടുകാരാണെങ്കിലും ഒരേ ഭാഷയില്‍ എഴുതുന്നവരാണെങ്കിലും പീറ്റര്‍ കേറി കിം സ്‌കോട്ടിനെ ഇതുവരെ കണ്ടിരുന്നില്ല. ആ കണ്ടുമുട്ടൽ സംഭവിച്ചത് ആസ്ട്രേലിയയില്‍ വെച്ചല്ല , ദല്‍ഹിയില്‍ വെച്ചാണ്. ദല്‍ഹിയിലെ ഒരു സാഹിത്യ സംഘടനയായിരുന്നു അവരെ ക്ഷണിച്ചു വരുത്തിയത്. ലോകം മുഴുവന്‍ യാത്ര ചെയ്യുന്ന പീറ്റര്‍ കേറി അതു പറഞ്ഞപ്പോള്‍ കേട്ടു നിന്നവർ അത്ഭുതപ്പെട്ടു പോയി. പീറ്റര്‍ കേറിയ്ക്കു തന്റെ നാട്ടുകാരനായ, സ്വന്തം പാരമ്പര്യങ്ങളെയും ഭാഷയേയും സംരക്ഷിക്കുവാനായി പൊരുതുന്ന ഒരു സാഹിത്യകാരനെ കാണുവാന്‍ ഒരു ഇന്ത്യന്‍ സാഹിത്യ സംഘടനയുടെ സഹായം വേണ്ടി വന്നു. മാര്‍ക്കറ്റിന്റെയും മാധ്യമങ്ങളുടെയും പിന്‍ബലത്തോടെ ആഗോള സാഹിത്യം നടത്തുന്ന തള്ളിക്കയറ്റത്തില്‍ പ്രതിരോധത്തിന്റെ സാഹിത്യം പ്രാന്തവൽക്കരിക്കപ്പെടുന്നുവെന്ന തിരിച്ചറിവാണ് ഈ സംഭവം പറഞ്ഞു തരുന്നത്. മാധ്യമങ്ങളും മാര്‍ക്കറ്റും ആഗോളവല്‍കൃത സാഹിത്യകാരന്മാരെയും അവരുടെ സാഹിത്യത്തേയും ആഘോഷിക്കുന്ന കാഴ്‌ചയാണ് ഇന്നു നാമെല്ലായിടത്തും കണ്ടു വരുന്നത്. ഈ വലിയ ആഘോഷങ്ങള്‍ക്കിടയില്‍ നഷ്‌ടപ്പെടുന്ന മാതൃ ഭാഷകളേയും പാരമ്പര്യങ്ങളേയും നില നിര്‍ത്താന്‍ വേണ്ടി എഴുതുന്നവർ ഒറ്റപ്പെട്ടു പോകുന്നു. പൂര്‍ണ്ണമായി മുല്യങ്ങള്‍ നഷ്‌ടപ്പെടുന്ന ഒരു വ്യവസ്ഥിതിയില്‍ മാത്രമേ ഇതു സംഭവിക്കുകയുള്ളൂ.

ആഗോളവല്‍ക്കൃത എഴുത്തുകാരുടെ ഒരു ആഗോള സൗഹൃദം ഇന്നു നിലനിൽക്കുന്നുണ്ട്. അവര്‍ക്കു ന്യൂയോര്‍ക്കിലും ലണ്ടനിലുമെന്നല്ല ദല്‍ഹിയില്‍ പോലും പൊതു വേദികളുണ്ട്. അത്തരം വേദികളില്ലാത്തവരാണ് കുടി വെള്ളത്തിനും ആദിവാസികള്‍ക്കും വേണ്ടി ശബ്‌ദിക്കുന്ന കേരളത്തിലെ എഴുത്തുകാരും അവഹേളനങ്ങളും പീഡനങ്ങളും അനുഭവിക്കുന്ന ദലിതരുടെ ജീവിതം പകർത്തുന്ന മഹാ രാഷ്ട്രയിലെ സാഹിത്യകാരന്മാരും വംശീയമായ ആക്രമങ്ങള്‍ക്കും പട്ടിണി മരണങ്ങൾക്കും ഇരയാകുന്ന ആഫ്രിക്കയിലെ കറുത്ത വംശജരെക്കുറിച്ച് പാടുന്ന കവികളും. അവര്‍ അങ്ങനെ ആഘോഷിക്കപ്പെടുന്ന ഒരു കൂട്ടായ്‌മയുടെ ഭാഗമല്ല. അവരുടെ ശബ്‌ദം ക്ഷീണിച്ചു വരുകയാണ്. പ്രതിരോധത്തിന്റെ സാഹിത്യം എഴുതുന്നവരുടെ ശബ്‌ദം ആഗോള തലത്തില്‍ കടന്നു വരുന്നത് തടയുവാനും ക്ഷീണിപ്പിക്കുവാനും ശ്രമിക്കുന്ന ശക്തികള്‍ ജാഗരൂകരായി നിൽക്കുന്നുമുണ്ട്.

പ്രാന്തവൽക്കരിക്കപ്പെട്ടവരുടെ സാഹിത്യത്തിനു വേണ്ടിയുള്ള മാസികകളും പുസ്‌തക പ്രസിദ്ധീകരണ ശാലകളും വിദേശ നാടുകളിൽ നിന്ന് ഒന്നൊന്നായി ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇറ്റലിയും ഫ്രാന്‍സും പോലുള്ള രാജ്യങ്ങളില്‍ അത്തരം സാഹിത്യം വിവര്‍ത്തനം ചെയ്‌തും മറ്റും പ്രചരിപ്പിക്കുന്ന ചില ചെറിയ മാസികകളും പ്രസാധക ശാലകളും ധാരാളമുണ്ടായിരുന്നു. എന്നാൽ അതൊക്കെ ക്ഷയിച്ചു കൊണ്ടിരിക്കുകയാണ്. യൂറോ കമ്മ്യൂണിസത്തിന്റേയും സാര്‍ത്രിന്റേയും രാജ്യമായ ഫ്രാന്‍സില്‍ കവിതാ സമാഹാരങ്ങള്‍ അച്ചടിക്കുന്നത് അഞ്ഞൂറു കോപ്പികള്‍ മാത്രമാണ്. ആ അഞ്ഞൂറു കോപ്പികള്‍ പോലും പലപ്പോഴും വിൽക്കപ്പെടുന്നില്ല. മറിച്ച് ആഗോളവല്‍ക്കൃത എഴുത്തുകാരുടെ കൃതികള്‍ ലക്ഷക്കണക്കിനു കോപ്പികള്‍ വിൽക്കുന്നു. ഈ ആഗോള അവസ്ഥകളുടെ പശ്ചാത്തലത്തില്‍ മാത്രമേ നമുക്ക് നമ്മുടെ ഭാഷയെക്കുറിച്ചുള്ള സംവാദങ്ങള്‍ വികസിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ.