മൗലിക ചിന്തയ്ക്ക് മാതൃഭാഷ വേണം
മൗലിക ചിന്തയ്ക്ക് മാതൃഭാഷ വേണം
പ്രൊഫ. എം.കെ. സാനു / എം.എന്‍. സുനില്‍ കുമാര്‍ ഐപിആര്‍ഡി
? മാഷിന്റെ അധ്യാപകരെക്കുറിച്ചുള്ള ഓര്‍മ്മകള്‍?
സ്വകാര്യ സ്‌കൂളിലായിരുന്നു സ്‌കൂള്‍ പഠനം തുടക്കം. അവിടെ കുട്ടികളെ തല്ലുന്നത് ഞാനിഷ്‌ടപ്പെട്ടിരുന്നില്ല. തെറ്റു ചെയ്യാതെ പലപ്പോഴും ഞാനും തല്ലു കൊണ്ടിട്ടുണ്ട്. അന്ന് എന്നെ വളരെ കാരുണ്യത്തോടെ നോക്കിയ രാമസ്വാമി അയ്യര്‍ എന്നൊരു അധ്യാപകനെ ഓർക്കുന്നു. ബയോളജിയും ഇംഗ്ലീഷുമായിരുന്നു അദ്ദേഹം പഠിപ്പിച്ചിരുന്നത്. വളരെ സ്നേഹത്തോടെ പെരുമാറിയിരുന്ന അദ്ദേഹം മിക്ക ദിവസവും വൈകിട്ട് ഞങ്ങള്‍ക്ക് കുറച്ച് ഫിലോസഫി ക്ലാസൊക്കെ എടുക്കുമായിരുന്നു. ഗീതയും ബൈബിളുമൊക്കെ അദ്ദേഹം പഠിപ്പിക്കുമായിരുന്നു. ഫിസിക്‌സും കെമിസ്ട്രിയും പഠിപ്പിച്ച സഖറിയ സാറിനെയും ഓർക്കുന്നു. അദ്ദേഹം പഠിപ്പിക്കുന്നത് ഒരു തവണ കേട്ടാൽ പിന്നെ എനിക്ക് വീണ്ടും വായിക്കേണ്ടതില്ലായിരുന്നു. ആ വിഷയങ്ങള്‍ക്ക് എനിക്ക് നല്ല മാര്‍ക്കും കിട്ടി.
? മാഷിന്റെ പ്രിയപ്പെട്ട ശിഷ്യരെക്കുറിച്ച്… എല്ലാ ശിഷ്യരെയും ഇഷ്‌ടമായിരുന്നു.
ശിഷ്യരില്‍ പ്രശസ്‌തരും അപ്രശസ്‌തരുമുണ്ട്. സേവന മേഖലയില്‍ പ്രവർത്തിക്കുന്നവരോട് പ്രത്യേക ഇഷ്‌ടമുണ്ട്. തൊടുപുഴയിലെ ഒരു മാനസിക രോഗാശുപത്രിയില്‍ ഒരു രോഗിയെ സന്ദര്‍ശിക്കാനായി പോയപ്പോള്‍ അവിടെ എന്റെ ഒരു ശിഷ്യ മാനസികാസ്വാസ്ഥ്യമുള്ളവര്‍ക്ക് ഭക്ഷണം നല്‍കുകയും അവരെ പരിചരിക്കുകയും ചെയ്യുന്നത് കണ്ടു. അത്തരം ജോലികള്‍ ചെയ്യുന്നവരെ എനിക്ക് വലിയ ഇഷ്‌ടമാണ്. ഒരിക്കല്‍ തിരുവന്തപുരത്തെ ഒരു അനാഥ മന്ദിരത്തില്‍ ചെന്നപ്പോൾ എന്റെ ശിഷ്യനായ ഒരു ഉയർന്ന ഉദ്യോഗസ്ഥനെ കണ്ടു. താന്‍ ആ അനാഥ മന്ദിരത്തില്‍ നിന്നാണ് വിവാഹം കഴിക്കുന്നതെന്നും മാഷ് അതില്‍ പങ്കെടുക്കണമെന്നും പറഞ്ഞു. അയാളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ അന്ന് അവിടെ തങ്ങി വിവാഹത്തില്‍ പങ്കെടുത്തു. അത്തരം ശിഷ്യരോട് ഒരു പ്രത്യേക വാത്സല്യം തോന്നും.
ആദ്യം പഠിപ്പിക്കേണ്ടത് ഭാഷാ സ്നേഹം
? ഭാഷ പഠിപ്പിക്കുമ്പോള്‍ അധ്യാപകര്‍ എന്തൊക്കെ ശ്രദ്ധിക്കണം?
ഭാഷയെ സ്നേഹിക്കാനാണ് ആദ്യം പഠിപ്പിക്കേണ്ടത്. ബ്രിട്ടീഷ് ഭരണത്തിനു ശേഷം ഇംഗ്ലീഷ് ഭാഷയോട് വലിയ ഭ്രമമുണ്ടായി. ഈ ഭ്രമം ഒരു കൊടുങ്കാറ്റു പോലെ വീശി. സര്‍ക്കാര്‍ ഓഫീസില്‍ ചെന്നാൽ ഇംഗ്ലീഷ് ഭാഷ, കത്തെഴുതാന്‍ ഇംഗ്ലീഷ് ഭാഷ അങ്ങനെ ഇംഗ്ലീഷ് ഭാഷാ ഭ്രമം കൊടുങ്കാറ്റു പോലെ വീശിയപ്പോഴും ഭദ്രദീപം പോലെ ഭാഷയെ കാത്തു സൂക്ഷിച്ചത് ഭാഷാധ്യാപകരാണ്. അതേക്കുറിച്ച് ഉള്ളൂര്‍ എഴുതിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷാ ഭ്രമം സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷവും തുടർന്നു. കുറച്ച് നാള്‍ മുന്‍പ് വരെ മക്കള്‍ക്ക് മലയാളം അറിയില്ല എന്നതിൽ അഭിമാനിക്കുന്ന അച്ഛനമ്മമാരെ ഞാന്‍ കണ്ടിട്ടുണ്ട്. മലയാളം എഴുതാനും വായിക്കാനും അറിയാത്ത നിരവധി പേരുണ്ടായിരുന്നു. ഞങ്ങളൊക്കെ അതിനെതിരായി പ്രചാരണം നയിച്ചവരാണ്. സ്വന്തം അമ്മയ്ക്ക് സൗന്ദര്യം പോര എന്നു പറഞ്ഞ് മറ്റൊരാള്‍ അമ്മയാണെന്ന് പറയുന്നതു പോലെയാണ് മലയാളത്തെ തള്ളിപ്പറയുന്നത്. ഇത് വളരെ മോശമായ വാസനയാണ്. അതിനെതിരേ നാടു മുഴുവന്‍ നിരവധി പ്രസംഗങ്ങള്‍ നടത്തി. സര്‍ക്കാരിനും എഴുതിക്കൊടുത്തു. വളരെക്കാലത്തിനു ശേഷം ടി.എന്‍. ജയച്ചന്ദ്രന്‍, ഒ.എന്‍.വി കുറുപ്പ്, പുതുശ്ശേരി രാമചന്ദ്രന്‍, നബീസ ഉമ്മാള്‍, പിന്നെ ഞാനുമൊക്കെ ഭാഷാ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ചവരുടെ കൂട്ടത്തിലുണ്ട്. ഞങ്ങള്‍ എല്ലാ മന്ത്രി സഭയിലും മലയാളം നിര്‍ബന്ധമായി പഠിക്കണമെന്ന് ആവശ്യപ്പെട്ടു. ഇ.എം.എസ് ആദ്യം മുതലേ മാതൃ ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് വാദിച്ച വ്യക്തിയാണ്. സ്വാതന്ത്ര്യം മാതൃ ഭാഷയുമായി ബന്ധപ്പെട്ടതാണ്. മറ്റൊരു ഭാഷ അടിച്ചേല്‍പ്പിക്കുമ്പോള്‍ സ്വാതന്ത്ര്യം നഷ്‌ടപ്പെട്ട് നാം അടിമയാകുകയാണ്.
? ഇംഗ്ലീഷ് പോലെ വലിയ ഭാഷകള്‍ക്കു മുന്നിൽ മലയാളത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടോ?
ആശങ്കയില്ല. ഇംഗ്ലീഷ് ഭാഷ വേണം. ഇംഗ്ലീഷ് പഠിക്കാതെ കേരളത്തില്‍ നിന്ന് പുറത്തു പോകാന്‍ കഴിയില്ല. വിദേശ പഠനത്തിനും ഇംഗ്ലീഷ് ഭാഷ വേണം. ഇംഗ്ലീഷ് അനുപേക്ഷണീയമാണെന്നതു കൊണ്ട് മാതൃ ഭാഷ ഉപേക്ഷിക്കണമെന്നില്ല. എവിടെയെല്ലാം രാജ്യത്തെ കീഴടക്കുന്നുവോ അവിടെയൊക്കെ ആദ്യം നശിപ്പിക്കുന്നത് മാതൃ ഭാഷയെയാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സ്‌പാനിഷ്, ഫ്രഞ്ച് ഒക്കെയാണ് ഭാഷ. അവരുടെ മാതൃ ഭാഷ നശിച്ചു കഴിഞ്ഞു. അവര്‍ അടിമയുമായി. അത്തരത്തിലുള്ള പ്രവണതയുണ്ടാകരുത്. നമ്മുടെ മാതൃ ഭാഷയ്ക്ക് അതിന്റേതായ മാധുര്യമുണ്ട്. എഴുത്തച്ഛന്റെ ഭാഷയാണിത്. കുമാരനാശാനും ചന്തു മേനോനും ഒക്കെ എഴുതിയ വരികള്‍ പഠിച്ച് നമ്മുടേതായ സംസ്‌കാരം വളര്‍ത്തിയെടുക്കണം. യഥാര്‍ഥ ചിന്ത എന്നത് എപ്പോഴും മാതൃ ഭാഷയിലാണ്. ഒരു ജാതി, ഒരു മതം മനുഷ്യന്, മതമേതായാലും മനുഷ്യന്‍ നന്നായാൽ മതി തുടങ്ങിയ ചിന്തകള്‍ ഒരു സ്വതന്ത്ര മനസ്സില്‍ നിന്നേ ഉത്ഭവിക്കൂ. ഇന്ത്യ ഇനിയും ഒരു രാഷ്‌ട്രമായിരുന്നില്ല, പല പല ജാതിക്കാരേ ഉള്ളൂ എന്ന് സഹോദരന്‍ അയ്യപ്പന്‍ അഭിപ്രായപ്പെട്ടു. അതെല്ലാം മലയാളത്തില്‍ ചിന്തിച്ച് മലയാളത്തില്‍ എഴുതുന്നവയാണ്. ഇത്തരത്തില്‍ പുതിയ ആശയങ്ങള്‍ മാതൃ ഭാഷയിലാണ് വരുന്നത്. ശ്രീനാരായണ ഗുരു ഇതിന് മികച്ച ഉദാഹരണമാണ്. അദ്ദേഹത്തിന്റെ കൃതികളില്‍ വളരെ ഗഹനമായ ആശയങ്ങളുണ്ട്.
? മലയാളം പഠിക്കാതിരിക്കാന്‍ പലരും പല കാരണങ്ങള്‍ പറയാറുണ്ട്.
ആരും ഇംഗ്ലീഷ് പഠിക്കണ്ട എന്നു പറയുന്നില്ല. വിദേശത്തേക്ക് പോകാനും ജോലി സാധ്യതകള്‍ക്കും ആവശ്യമായ ഭാഷ പഠിക്കാം. പക്ഷേ മലയാളം വേണം. മലയാളം പഠിക്കണം. മാതൃ ഭാഷ നമ്മുടെ ആത്മാവുമായി അഭേദ്യമാം വിധം ബന്ധപ്പെട്ടിരിക്കുന്നു. മാതൃ ഭാഷയില്‍ നിന്നാണ് മനുഷ്യന്റെ ഏറ്റവും വലിയ സിദ്ധിയായ ചിന്ത ഉണരുന്നത്, വളരുന്നത്, അഭിവൃദ്ധി പ്രാപിക്കുന്നത്. അതു കൊണ്ട് മൗലികമായ ചിന്ത ഉണ്ടാകണമെങ്കില്‍ മാതൃ ഭാഷയിലൂടെ വിദ്യാഭ്യാസം തുടർന്നെങ്കിലേ സാധിക്കൂ.
? പദാവലിയുടെ കാര്യത്തില്‍ മലയാളത്തിന് പരിമിതിയുണ്ടോ? മിക്ക ഇംഗ്ലീഷ് വാക്കുകള്‍ക്കും തമിഴ് പോലുള്ള ഭാഷകളില്‍ സമാന പദങ്ങളുണ്ട്?
തീര്‍ച്ചയായും പദാവലിയുടെ കാര്യത്തില്‍ മലയാളത്തിന് പരിമിതിയുണ്ട്. ഇപ്പോള്‍ നല്ലൊരളവോളം അത് ഇല്ലാതായിട്ടുണ്ട്. മുണ്ടശ്ശേരി, കുട്ടികൃഷ്‌ണമാരാർ തുടങ്ങിയവരൊക്കെ ഏതൊരു ആശയവും മലയാളത്തില്‍ എഴുതുമായിരുന്നു. പരിഭാഷയുടെ കാര്യമെടുത്താല്‍, പാവങ്ങള്‍ പരിഭാഷ ചെയ്‌ത നാലാപ്പാട്ട് നാരായണ മേനോനാണ്. നോവലിന്റെ മുഴുവന്‍ സാരാംശവും ഉള്‍ക്കൊണ്ടാണ് ആ പരിഭാഷ തയ്യാറാക്കിയിരിക്കുന്നത്. ശ്രമിച്ചാല്‍ ഭാഷയ്‌ക്കകത്ത് സാധിക്കുമെന്നതിന്റെ തെളിവാണത്. സംസ്‌കൃതത്തില്‍ നുന്നുവരെ നല്ല പരിഭാഷകള്‍ മലയാളത്തിലുണ്ട്. വാത്മീകി രാമായണം വള്ളത്തോളാണ് പരിഭാഷപ്പെടുത്തിയത്. മഹാഭാരതം കുഞ്ഞിക്കുട്ടൻ തമ്പുരാനാണ് തര്‍ജമ ചെയ്‌തത്. കാവ്യ രസത്തേക്കാള്‍ സാഹസികതയാണ് അതില്‍ പ്രധാനം.
? മലയാള പദാവലിയുടെ പരിമിതി ശാസ്ത്രം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ പഠനത്തിന് തടസ്സമാകുന്നുണ്ടോ?
ശാസ്ത്രം കൈകാര്യം ചെയ്യുമ്പോള്‍ മലയാള പദാവലിയില്‍ പുതിയ പുതിയ പദങ്ങളുണ്ടാകും. മറ്റു ഭാഷകളില്‍ നിന്ന് നിരവധി പദങ്ങള്‍ നമുക്ക് സ്വീകരിക്കാനാകും. റോമനില്‍ നിന്നും ഗ്രീക്കില്‍ നിന്നുമൊക്കെ വാക്കുകള്‍ കടമെടുത്താണ് ഇംഗ്ലീഷ് ഭാഷ വളർന്നത്. പുതിയ ആശയങ്ങള്‍ ഉണ്ടാകുമ്പോള്‍ പുതിയ ഭാഷയും പുതിയ വാക്കുകളും ഉണ്ടാകും. അങ്ങനെയാണ് ഭാഷ വളരുന്നത്.
ചങ്ങമ്പുഴയും വൈലോപ്പിള്ളിയും
? ചങ്ങമ്പുഴയെക്കുറിച്ച് നക്ഷത്രങ്ങളുടെ സ്നേഹഭാജനം എഴുതി, സമകാലികനായ വൈലോപ്പിള്ളിയെ വിലയിരുത്തുമ്പോള്‍?
രണ്ടുപേരും 1911-ലാണ് ജനിച്ചത്. ഇരുവരും രണ്ടു തരം കവികളായിരുന്നു. ചങ്ങമ്പുഴ കുട്ടിക്കാലത്തു തന്നെ കവിതയെഴുതി തുടങ്ങി. വൈലോപ്പിള്ളിയും കുട്ടിക്കാലത്തു തന്നെ കവിതയെഴുത്ത് തുടങ്ങിയെങ്കിലും പ്രസിദ്ധീകരിക്കുമായിരുന്നില്ല. ചങ്ങമ്പുഴയ്ക്ക് ജന്മ സിദ്ധമായ വാസനയുണ്ടായിരുന്നു. അതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ എഴുത്തു രീതി ജനങ്ങളെ വളരെയധികം ആകര്‍ഷിച്ചു.
”ആരുവാങ്ങുമിന്ന് ആരുവാങ്ങുമിന്നാരാമത്തിന്റെ രോമാഞ്ചം….” തുടങ്ങിയ വരികള്‍ ആരെയും ആകര്‍ഷിക്കും. തീമും വളരെ മികച്ചതായിരിക്കും. ഞാന്‍ അത് ആസ്വദിക്കുന്നു. അഭിരുചിയിലും ഏറെ വ്യത്യാസമുണ്ട്. ഗാനാത്മകത, കേരളത്തിന്റെ മണ്ണിലുറങ്ങിക്കിടന്ന ഈണങ്ങള്‍ ചങ്ങമ്പുഴയില്‍ പുനര്‍ ജനിക്കുകയായിരുന്നു. സ്വതേ വിഷാദാത്മകത്വം ഉള്ളയാളാണ് ഞാന്‍. ഇന്നും ഉണ്ട്. എന്തു കൊണ്ടാണെന്ന് അറിയില്ല. വിഷാദാത്മകത്വം എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു. കുട്ടിക്കാലം മുതലുണ്ട്. അത് മനോരോഗമാണോ എന്ന് അറിയില്ല. അതുകൊണ്ടു തന്നെ ചങ്ങമ്പുഴയെ ഞാന്‍ ഏറെ ഇഷ്‌ടപ്പെടുന്നു. വൈലോപ്പിള്ളി കുറേക്കൂടി ഗൗരവമേറിയ കവിയാണ്. മരണം എന്നത് എനിക്ക് കുട്ടിക്കാലം മുതലേ ഒരു ചിന്താ വിഷയമാണ്. എന്റെ ആത്മ കഥയില്‍ ഞാന്‍ അത് എഴുതിയിട്ടുണ്ട്. വീട്ടിലെ ഒരു പശു മരിച്ചപ്പോള്‍ പോലും കരഞ്ഞിട്ടുണ്ട്. ഓരോ മരണവും എന്നെ ചിന്താധീനനാക്കും. ചങ്ങമ്പുഴയും മരണത്തിന് പ്രാധാന്യം നൽകിയിരുന്നു. മരണത്തിനോടുള്ള ആഭിമുഖ്യം വിഷാദാത്മകതയുടെ ഒരു ഭാഗമാണ്. ”ഒരു മരതകപ്പച്ചയായ് കാട്ടിലെൻ മരണ ശയ്യ വിരിക്കൂ സഖാക്കളേ വസുധയോട് ഒരു വാക്ക് ചൊന്നിട്ട് ദാ വരികയായ് ഞാന്‍ അല്‍പ്പം ക്ഷമിക്കവേ….” എന്നാൽ വൈലോപ്പിള്ളി ”ഹാ വിജിഗീഷു മൃത്യുവിന്നാമോ ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍…’ എന്നെഴുതി. ഏതു യോദ്ധാവിനു മുന്നിലും അത് മരണത്തിനു മുന്നിലായാലും ജീവിതത്തിന്റെ കൊടിപ്പടം ഉയർത്തിപ്പിടിക്കുന്ന കവിയാണ് വൈലോപ്പിള്ളി. മരണത്തിനെതിരായാണ് അദ്ദേഹം എഴുതിയത്. ആശാന്റെ കവിതകളിലെ ഗൗരവവും പ്രാധാന്യവും ചിന്തോദ്ദീപകമായ സ്വഭാവവും അത്രത്തോളം വൈലോപ്പിള്ളിയില്‍ കാണാനാകില്ല. എങ്കിലും വൈലോപ്പിള്ളിയെയും എനിക്കിഷ്‌ടമാണ്. വൈലോപ്പിള്ളിയിലും വിഷാദമുണ്ടായിരുന്നു. ആത്മഹത്യക്ക് പ്രേരിപ്പിക്കുന്ന വ്യഥ കൊണ്ട് എന്റെ നട്ടെല്ല് വളഞ്ഞു പോയെന്ന് വൈലോപ്പിള്ളി എഴുതുന്നു. അതില്‍ ഞാന്‍ പ്രത്യാശയോടെ ഞാൺ വലിച്ചു കെട്ടി മരണത്തിനെതിരേ അസ്ത്രമെയ്യും എന്നാണ് അദ്ദേഹമെഴുതിയത്.
? മലയാളത്തില്‍ ഇനിയും ശ്രദ്ധിക്കപ്പെടാതെ പോയ എഴുത്തുകാരനോ എഴുത്തുകാരിയോ ഉണ്ട് എന്ന് തോന്നിയിട്ടുണ്ടോ?
വികെഎന്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ എഴുത്തുകാരനാണ്. ലോകത്തില്‍ തന്നെ മികച്ച രീതിയില്‍ ഫലിതം കൈകാര്യം ചെയ്‌തിരുന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം. ആവര്‍ത്തിച്ചു വായിക്കാന്‍ കഴിയുന്ന പ്രത്യേക തരം ഫലിത പ്രയോഗമായിരുന്നു അദ്ദേഹത്തിന്റേത്. പിന്നെ കെ. സരസ്വതിയമ്മ നല്ല എഴുത്തുകാരിയായിരുന്നു. എന്നാൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. നിരണം കവികളുടെ ഭാഷയുടെ പ്രത്യേകത ശ്രദ്ധിക്കാതെ പോയിട്ടുണ്ടെന്ന് തോന്നിയിട്ടുണ്ട്. അവരുടെ ജാതിയും അതിന് ഒരു കാരണമായിരുന്നിരിക്കാം.
? ഇനിയും കൂടുതല്‍ പഠിക്കാനും എഴുതാനും താല്‍പര്യമുള്ള എഴുത്തുകാര്‍?
മലയാളത്തില്‍ എഴുതാന്‍ ആഗ്രഹിച്ചത് ഉള്ളൂരിനെക്കുറിച്ചായിരുന്നു. ഉള്ളൂര്‍ നല്‍കിയ സംഭാവനകള്‍ ആശാനോ വള്ളത്തോളോ നൽകിയിട്ടില്ല. അവര്‍ണര്‍ക്ക് ക്ഷേത്ര പ്രവേശനം നൽകണമെന്നെഴുതിയ ഉള്ളൂരിന്റെ മകളുടെ വിവാഹത്തിന് ബ്രാഹ്‌മണര്‍ ആരും പങ്കെടുത്തില്ല. ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞത്, ഇന്നലെ വരെ ഞാൻ ബ്രാഹ്മണനായിരുന്നു, ഇന്ന് ഞാന്‍ മനുഷ്യനായി എന്നാണ്. സ്വാതന്ത്ര്യ സമരത്തിനായും ഉള്ളൂര്‍ എഴുതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഏറ്റവും ഉയർന്ന നിലയിലെത്തി. എങ്കിലും അധികം പണമൊന്നും അദ്ദേഹം സമ്പാദിച്ചില്ല. കഠിന പ്രയത്നം ചെയ്‌ത വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ കവിതകള്‍ക്ക് അതിന്റെ പരിമിതിയുണ്ടായിരിക്കാം. കര്‍ണ ശപഥത്തെക്കുറിച്ച് എഴുതിയ ഉള്ളൂര്‍ തന്നെയാണ് കാക്കേ കാക്കേ കൂടെവിടെ എന്ന കുട്ടികളുടെ കവിതയും എഴുതിയത്. ഉള്ളൂരിനെക്കുറിച്ച് എഴുതാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും അതിന് സാധിച്ചില്ല.
എ. ആര്‍. രാജ രാജവര്‍മ്മയെക്കുറിച്ചും എഴുതണമെന്നുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തെക്കുറിച്ച് എഴുതാന്‍ വേണ്ടത്ര സാമഗ്രികള്‍ എനിക്ക് ലഭിച്ചില്ല. അദ്ദേഹമാണ് മലയാളത്തിന്റെ നവോത്ഥാന നായകന്‍. ഭാഷയുടെ പ്രാധാന്യം ബ്രിട്ടീഷുകാരോട് വാദിച്ച് നേടിയെടുത്ത് ഭാഷ പഠിപ്പിക്കാനുള്ള അവകാശം നേടി. മലയാളം പഠിപ്പിക്കുന്നവർക്കും പ്രൊഫസറാകുന്നതിനുള്ള അവകാശം നേടി. വളരെ ഉത്‌പതിഷ്‌ണുവായ വ്യക്തിയായിരുന്നു അദ്ദേഹം.
? പുതിയ കാലത്ത് എഴുത്തിന്റെ ഗൗരവം കുറഞ്ഞോ?
എഴുത്ത് ഒരുതരം ആത്മാര്‍പ്പണമാണ്. എഴുതാതെ ജീവിക്കാന്‍ പറ്റാത്ത ഒരു മനുഷ്യനുണ്ടാകുമ്പോഴാണ് എഴുതുന്നത്. എല്ലാ കാലഘട്ടങ്ങളിലും അതുണ്ടാകണമെന്നില്ല. എഴുത്തച്ഛന്റെ കാലം കഴിഞ്ഞാല്‍ പിന്നെ വരുന്നത് ഉണ്ണായി വാര്യരാണ്. അതിനു ശേഷം കുമാരനാശാന്‍. ഇതിനിടയില്‍ നിരവധി പേര്‍ എഴുതിക്കൂട്ടി. സര്‍ഗാത്മകത എന്നത് ചില കാലഘട്ടങ്ങളിലേ ഉണ്ടാകാറുള്ളൂ. എല്ലാ സാഹിത്യ മേഖലയിലും ഇതു തന്നെയാണ് അവസ്ഥ.