ഭാഷയും ജനാധിപത്യവും
ഭാഷയും ജനാധിപത്യവും
പിണറായി വിജയന്‍
മുഖ്യമന്ത്രി
ഒരു നാടിന്റെ സ്വാഭിമാനത്തിന്റെ അടയാളങ്ങളിലൊന്നാണ് മാതൃ ഭാഷ. പിറവിയില്‍ തന്നെ നമ്മിലേക്ക് അലിഞ്ഞു ചേരുന്ന ആ ഭാഷ നമ്മുടെ സംസ്‌കാരത്തിന്റെയും സ്വാതന്ത്ര്യ ബോധത്തിന്റെയും ജീവ വായുവാണ്. ഏതു വിദൂര ദേശത്താണെങ്കിലും അടിസ്ഥാനപരമായി നാം മലയാളിയാണ്. നമ്മളെ ഒരുമിപ്പിക്കുന്ന വികാരമാണത്.
അതി സമ്പന്നമായ പാരമ്പര്യവും സാഹിത്യവുമുള്ള നമ്മുടെ ഭാഷ നമ്മുടെ അഭിമാനമാവണം. ഭാഷാ ഭ്രാന്ത് മലയാളിക്കില്ല. അത് ആവശ്യവുമില്ല. എന്നാൽ ഭാഷാ സ്നേഹം ഉണ്ടാവണം. മാതൃ ഭാഷയെ അവഗണിക്കുന്ന സമൂഹമായി മലയാളി മാറാതിരിക്കാന്‍ ജാഗ്രത ആവശ്യമുണ്ട്.
ഒരു ജനാധിപത്യ വ്യവസ്ഥയില്‍ ഭരണ ഭാഷ ജനങ്ങളുടെ ഭാഷയിലായിരിക്കണം. അവരുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ മാതൃ ഭാഷയിലായിരിക്കണം. അവരെ ഭരണ സംവിധാനവുമായി അടുപ്പിക്കാന്‍ മാതൃഭാഷയാണ് വേണ്ടത്.
കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സര്‍ക്കാര്‍ മുതല്‍ ഭരണ നടപടികള്‍ മലയാളത്തിലായിരിക്കണമെന്ന നയമാണ് സ്വീകരിച്ചിരുന്നത്. ഇഎംഎസ് സര്‍ക്കാരാണ് കേരളത്തിലെ ഭരണ ഭാഷ അനുക്രമമായി മലയാളമാക്കുന്നതിനുള്ള നടപടിയാരംഭിച്ചത്. നിയമപരമായി ഇംഗ്ലീഷും ന്യൂനപക്ഷ ഭാഷകളും ഉപയോഗിക്കേണ്ട സാഹചര്യങ്ങളിലൊഴികെയുള്ള എല്ലാ ആവശ്യങ്ങള്‍ക്കും ഭരണ രംഗത്ത് മലയാളമാണ് ഉപയോഗിക്കേണ്ടതെന്നാണ് നമ്മുടെ നയം. ഇതിന് അനുസൃതമായി കാലാ കാലങ്ങളില്‍ ഒട്ടേറെ ഉത്തരവുകള്‍ സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്. ഔദ്യോഗിക ഭാഷ സംബന്ധിച്ച ഉത്തരവുകള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
മാതൃ ഭാഷാ പഠനത്തിനും ഭരണ ഭാഷാ വ്യാപനത്തിനുമായി ശക്തമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടു വരുന്നത്. എന്നാൽ സേവന സംബന്ധമായ അച്ചടക്കത്തിന്റെ ഭാഗമായല്ലാതെ, നമ്മുടെ മലയാളം നമ്മുടെ അഭിമാനമാണെന്ന ചിന്തയുടെ ഭാഗമായി മലയാളം ഭരണ ഭാഷയായി മാറുകയാണ് വേണ്ടത്. മലയാളം പഠിക്കുന്നതും നിർബന്ധമെന്നതിനേക്കാൾ, ഭാഷാ സ്നേഹത്തിന്റെ ഭാഗമായി സ്വയമേവ രൂപപ്പെടേണ്ട ഒന്നാണ്. അപ്പോഴാണ് മലയാളി എന്ന അഭിമാന ബോധം പൂർണ്ണമാകുന്നത്.
ഒരു ജനാധിപത്യ വ്യവസ്ഥയിലെ ഭരണത്തിലുപയോഗിക്കുന്ന ഭാഷാ പ്രയോഗങ്ങള്‍ ജനാധിപത്യ ബോധം പ്രതിഫലിപ്പിക്കുന്നതായിരിക്കണം എന്ന കാഴ്‌ചപ്പാടാണ് ആധുനിക സമൂഹത്തിന്റേത്. ജന്മിത്ത, കൊളോണിയല്‍ ഭരണ കാലങ്ങളുടെ അവശേഷിപ്പുകളായി ഭരണ ഭാഷയില്‍ തുടർന്നിരുന്ന ചില പ്രയോഗങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഈ ജനാധിപത്യ കാഴ്‌ചപ്പാടിലാണ്. ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കാണ് പ്രാമുഖ്യം.
അവരുടെ ആവശ്യങ്ങള്‍ നടപ്പാക്കിക്കിട്ടുന്നതിന് അവര്‍ ഉദ്യോഗസ്ഥരോട് എന്തിനാണ് ‘താഴ്‌മയായി’ അപേക്ഷിക്കുന്നത്? വിവിധ ആവശ്യങ്ങള്‍ക്കായി സംസ്ഥാനത്തെ സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ നൽകുന്ന അപേക്ഷാ ഫാറങ്ങളില്‍ ‘താഴ്‌മയായി അപേക്ഷിക്കുന്നു’ എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് ഒഴിവാക്കി പകരം ‘അപേക്ഷിക്കുന്നു/അഭ്യർത്ഥിക്കുന്നു’ എന്നുപയോഗിക്കണമെന്ന് എല്ലാ വകുപ്പു മേധാവികള്‍ക്കും കേരള സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത് ഇത്തരമൊരു നടപടിയാണ്.
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി നിർദിഷ്‌ട സമയ പരിധിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കാലതാമസം വരുന്ന സാഹചര്യത്തില്‍ അപേക്ഷ സമര്‍പ്പിക്കാറുണ്ട്. അവയില്‍ ‘കാല താമസം മാപ്പാക്കുന്നതിന്’ എന്നതിനു പകരം ‘കാല താമസം പരിഗണിക്കാതെ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന്’ എന്ന് രേഖപ്പെടുത്തണമെന്ന് പുതിയ നിര്‍ദേശം നല്‍കുകയുണ്ടായി. മാപ്പ്, മാപ്പപേക്ഷ, മാപ്പാക്കുക തുടങ്ങിയ വാക്കുകള്‍ നിർദിഷ്‌ട അപേക്ഷാ ഫാറങ്ങളില്‍ നിന്ന് നീക്കം ചെയ്‌തിട്ടുണ്ട്. പല വിധ കാരണങ്ങളാല്‍ അപേക്ഷകര്‍ക്ക് ഉണ്ടാകാവുന്ന കാല താമസത്തെ ഗുരുതര കുറ്റകൃത്യം പോല കാണുന്ന ഉദ്യോഗസ്ഥ മേധാവിത്ത മനോഭാവം കൂടിയാണ് ഇവിടെ തിരുത്തപ്പെടുന്നത്.
അതുപോലെ പ്രധാനമാണ് വിവിധ വിഭാഗങ്ങള്‍ ഉൾക്കൊള്ളുന്ന ഒരു സമൂഹത്തില്‍ വിവേചനപരമായ പ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടത്. അതു കൊണ്ടാണ് പട്ടിക വിഭാഗക്കാര്‍ കൂടുതലായി അധിവസിക്കുന്ന മേഖലകളെ കോളനി, സങ്കേതം, ഊര് എന്നീ പേരുകളില്‍ അഭി സംബോധന ചെയ്യുന്നത് അവമതിപ്പിന് കാരണമാകുന്നതായി ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തില്‍ ആ പേരുകളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പകരം നഗര്‍, ഉന്നതി, പ്രകൃതി മുതലായ പേരുകളോ ഓരോ സ്ഥലത്തും പ്രാദേശികമായി താല്‍പര്യമുള്ള പേരുകളോ കാലാനുസൃതമായി തന്നെ തെരഞ്ഞെടുക്കാവുന്നതാണ് എന്നാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.
ലിംഗ സമത്വവും ലിംഗ നിഷ്‌പക്ഷതയും ഭാഷാ പ്രയോഗത്തില്‍ ഉറപ്പാക്കുന്നത് പൊതുവേ ശ്രദ്ധ വേണ്ട കാര്യമായി ഇന്ന് ലോക വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
കേരള സര്‍ക്കാരും വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാ ഫാറങ്ങളില്‍ ‘ന്റെ/യുടെ ഭാര്യ’ (Wife of) എന്നു രേഖപ്പെടുത്തുന്നതിനു പകരം ‘ന്റെ/യുടെ ജീവിത പങ്കാളി’ (Spouse of) എന്നു രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷാ ഫാറങ്ങളില്‍ രക്ഷാകര്‍ത്താക്കളുടെ വിശദാംശങ്ങള്‍ ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളില്‍ ഒരാളുടെയോ ഒന്നിലധികം രക്ഷാകര്‍ത്താക്കളുടെയോ വിവരം രേഖപ്പെടുത്തുന്നതിനുള്ള സൗകര്യം നല്‍കണം. അതുപോലെ, ഫാറങ്ങളില്‍ ‘അവന്‍/അവന്റെ’ എന്നു മാത്രം ഉപയോഗിക്കുന്നതിനു പകരം ‘അവന്‍/അവള്‍’, ‘അവന്റെ/അവളുടെ’ എന്ന രീതിയിൽ ഉപയോഗിക്കുന്നതിനു വേണ്ടി നിയമങ്ങള്‍, വിവിധ ചട്ടങ്ങളിലെ മാര്‍ഗ നിര്‍ദേശങ്ങള്‍, ഫാറങ്ങള്‍ എന്നിവ പരിഷ്‌കരിക്കാനും നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വികലാംഗര്‍ എന്ന പദത്തിനു പകരം ഭിന്നശേഷിക്കാരായ വ്യക്തികള്‍ എന്ന് വിശേഷിപ്പിക്കുന്നതിന് ഇന്ന് എല്ലാ തലങ്ങളിലും സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളെ ഭിന്ന ലിംഗം, മൂന്നാം ലിംഗം, ഭിന്ന ലൈംഗികം എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നതും ഔദ്യോഗിക രേഖകളില്‍ ഉപയോഗിക്കുന്നതും പ്രസ്‌തുത വിഭാഗക്കാര്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് തത്തുല്യമായ പദം ലഭിക്കുന്നതുവരെ ‘ട്രാന്‍സ് ജെന്‍ഡര്‍’ എന്നുപയോഗിക്കണമെന്ന പൊതു നിര്‍ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചത്.
പരിഭാഷകളിലൂടെ ഭാഷകള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ വ്യാപകമായ കാലഘട്ടമാണിത്. ഭാഷയുടെ പദ സമ്പത്തും വർധിപ്പിക്കുന്നതിൽ പരിഭാഷകള്‍ സുപ്രധാന പങ്ക് വഹിക്കുന്നു. സാഹിത്യ കൃതികളുടെ ധാരാളം പരിഭാഷകള്‍ ഉണ്ടാവുന്നുണ്ട്. ശാസ്ത്രവും സാങ്കേതിക വിദ്യയും ഉള്‍പ്പെടെയുള്ള വൈജ്ഞാനിക മേഖലകളിലും കൂടുതല്‍ കൃതികള്‍ മലയാളത്തിലാവണം. ഈ മേഖലകളിലെ പദ നിര്‍മ്മിതിയില്‍ മലയാളത്തിനുള്ള പരിമിതി മറി കടക്കേണ്ടതുണ്ട്. അത് കേവലം ഒന്നോ രണ്ടോ പേരുടെ പ്രയത്നം കൊണ്ടു സാധിക്കുന്നതല്ല. പരിഭാഷകരുടെയും ബഹു ഭാഷാ പണ്ഡിതരുടെയും അക്കാദമിക ലോകത്തിന്റെയുമൊക്കെ കൂട്ടായ പ്രവര്‍ത്തനം ഇതിനാവശ്യമാണ്. മറ്റു ഭാഷകളിലെ ഗുണ നിലവാരമുള്ള വിജ്ഞാനം ഇങ്ങനെ മലയാളത്തിലും ലഭ്യമാക്കാനാവും. ദേശീയ തലത്തില്‍ ഈ ലക്ഷ്യത്തോടെ ദേശീയ പരിഭാഷാ മിഷന്‍ പ്രവർത്തിക്കുന്നുണ്ട്. ഇതേ മാതൃകയില്‍ കേരളത്തിലും കേരള ട്രാൻസ്‌ലേഷൻ മിഷന്‍ രൂപവൽക്കരിക്കാനായി സര്‍ക്കാര്‍ പ്രാരംഭ നടപടികളിലേക്കു കടക്കുകയാണ്. സംസ്ഥാനത്തിന് ഒരു പരിഭാഷാ നയം രൂപവല്‍ക്കരിക്കാനും മിഷന്‍ യാഥാര്‍ഥ്യമാക്കാനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ എല്ലാ തലങ്ങളിലും മലയാളത്തെ ശക്തിപ്പെടുത്താനും ജനാധിപത്യപരമായ രീതിയിലുള്ള ഭാഷയുടെ ഉപയോഗം വ്യാപിപ്പിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.