ആന പ്രേമികള്‍ക്ക് ആനന്ദമായി കോട്ടൂർ
ആന പ്രേമികള്‍ക്ക് ആനന്ദമായി കോട്ടൂർ
കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരു പോലെ ആകര്‍ഷകമാവും വിധം മാറ്റങ്ങളോടെ തിരുവനന്തപുരം കാപ്പുകാടിനു സമീപമുള്ള കോട്ടൂർ ആന പുനരധിവാസ കേന്ദ്രം സഞ്ചാരികള്‍ക്കായി തുറന്നു.
176 ഹെക്‌ടറിലുള്ള കേന്ദ്രത്തില്‍ 50 ആനകളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍, കുട്ടിയാനകൾക്കുള്ള പ്രത്യേക പരിചരണ കേന്ദ്രം, വെറ്റിനറി ആശുപത്രി, സന്ദര്‍ശകര്‍ക്കായി പാര്‍ക്കിംഗ്, കഫെറ്റീരിയ, ആനയൂട്ട് ഗ്യാലറി, ലോകത്തിലെ ആദ്യത്തെ ആന മ്യൂസിയം, പഠന ഗവേഷണ പരിശീലന കേന്ദ്രം എന്നിവ ഉൾക്കൊള്ളുന്നു. ഈ പ്രദേശത്തേക്ക് 25 വര്‍ഷത്തെ ഗ്യാരണ്ടിയില്‍ 1.7 കിലോമീറ്റര്‍ കോൺക്രീറ്റ് റോഡും നിർമ്മിച്ചിട്ടുണ്ട്. നിലവില്‍ 15 ആനയാണുള്ളത്. അതില്‍ ഏഷ്യയിലെ ഏറ്റവും പ്രായമുള്ള സോമനുമുണ്ട്. കുറഞ്ഞ പ്രായം ആമിനയ്ക്കാണ്. മൂന്നര വയസ്സ്. 300 ഏക്കര്‍ വന ഭൂമി ആനകളുടെ സ്വതന്ത്ര ആവാസ വ്യവസ്ഥയ്ക്കായി ഒരുക്കിയിട്ടുണ്ട്. വെറ്ററിനറി, ഫോറസ്റ്റ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് ആനകളെ സംബന്ധിച്ച വിശദ പഠനത്തിനുള്ള ഇന്റേൺഷിപ്പിന് സൗകര്യമുണ്ടാകും. കേന്ദ്രത്തിലെ ആനകള്‍ക്കു പുറമെ നാട്ടാനകൾക്കും ചികിത്സ നല്‍കാന്‍ പ്രത്യേക ആന ചികിത്സാ കേന്ദ്രം, കഫ്റ്റീരിയ, വിപുലമായ പാര്‍ക്കിങ് സംവിധാനം, ടോയ്‌ലറ്റ് സമുച്ചയം, ഒരു ലക്ഷം ലിറ്റര്‍ ശുദ്ധീകരിച്ച ജലവും ശുദ്ധീകരിക്കാത്ത ജലവും സംഭരിക്കാന്‍ സംഭരണി, വൈദ്യുതി ഉറപ്പാക്കാന്‍ രണ്ടു സബ് സ്റ്റേഷന്‍, കാട്ടാനകൾ കയറാതിരിക്കാന്‍ കേന്ദ്രത്തിനു ചുറ്റും മൂന്നേമുക്കാൽ മീറ്റര്‍ ഉയരത്തില്‍ ഉരുക്കുവേലി എന്നിവ ഒരുക്കിയിട്ടുണ്ട്. കേരള വനം വകുപ്പിന്റെ കീഴില്‍ കിഫ്ബി ധന സഹായത്തോടെ പൂര്‍ത്തിയാക്കിയതാണ് ആന പുനരധിവാസ കേന്ദ്രം.
105 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ചതാണ് പദ്ധതി. വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനാണ് ആന പുനരധിവാസ കേന്ദ്രം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്ന പദ്ധതിയുടെ ഉദ്ഘാടം നിര്‍വഹിച്ചത്. വനാശ്രിത സമൂഹത്തെയും വനാതിര്‍ത്തിയില്‍ താമസിക്കുന്ന ജന വിഭാഗങ്ങളെയും ചേര്‍ത്തു നിർത്തുന്ന പദ്ധതികള്‍ നടപ്പാക്കുക എന്നത് രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെ് മന്ത്രി പറഞ്ഞു.