പ്രകൃതിയും സുഹൃത്താണ്
പ്രകൃതിയും സുഹൃത്താണ്
സി. റഹിം
മാധ്യമ പ്രവര്‍ത്തകന്‍
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന് ഗാന്ധിജി പറയുമ്പോള്‍ മനുഷ്യരുടെ എല്ലാ ആര്‍ത്തിക്കും ഹിംസയ്ക്കും എതിരെയുള്ള ഒരു വഴി അദ്ദേഹം നമുക്കു മുന്നിൽ തുറന്നു തരികയാണ് ചെയ്യുന്നത്. ആധുനിക വികസന രീതികളില്‍ ഗാന്ധിജി വളരെ സംശയാലുവായിരുന്നു. ഭാവിയില്‍ വികസനം പുറം തള്ളുന്ന കുപ്പക്കൂനയും വിഷപ്പുകയും ഭൂമിയെ ഒന്നാകെ നശിപ്പിക്കും എന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു. ആധുനിക ജീവിത രീതികളില്‍ നിന്ന് മനുഷ്യന്‍ പിന്മാറിയില്ലെങ്കില്‍ മനുഷ്യ കുലത്തെ തന്നെ അത് നശിപ്പിക്കും എന്നും ഗാന്ധിജിക്ക് ഉത്തമ ബോധ്യം ഉണ്ടായിരുന്നു. അതു കൊണ്ടാണ് അദ്ദേഹം ഒരു ബദല്‍ ജീവിത ക്രമം (പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതം) നമുക്കു മുമ്പാകെ അവതരിപ്പിച്ചത്.
കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകള്‍ കൊണ്ട് പ്രകൃതിക്കുമേല്‍ സമാനതകളില്ലാത്ത ബലാല്‍ക്കാരം നടത്തിയ മനുഷ്യര്‍ ഇപ്പോള്‍ കാലാവസ്ഥാ വ്യതിയാനമെന്ന ദുരന്ത മുഖത്ത് അന്തിച്ച് നില്‍ക്കുകയാണ്. അന്തരീക്ഷത്തില്‍ കാർബൺ ഡൈ ഓക്സൈഡിന്റെ (CO2) അളവ് 0.027% ആയിരുന്നതിപ്പോൾ 0.38 ശതമാനമായി മാറി. ഈ വര്‍ധനവിന് നമ്മള്‍ നല്‍കേണ്ടി വരുന്ന വില പ്രവചനാതീതമാണ്. നമ്മുടെ കൊച്ചു കേരളം പോലും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്ത ഫലങ്ങള്‍ അനുഭവിക്കുന്നു. ‘എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനുള്ളതെല്ലാം ഈ ഭൂമിയിലുണ്ട്. എന്നാൽ അത്യാഗ്രഹത്തിനുള്ളതില്ലെന്ന ഗാന്ധിജിയുടെ വാക്കുകള്‍ ഒരിക്കല്‍ കൂടി ഓര്‍ക്കാം. പ്രകൃതി വിഭവങ്ങള്‍ കൂടുതല്‍ ചൂഷണം ചെയ്യുന്നതിൽ ഓരോ രാജ്യവും മത്സരിച്ചു കൊണ്ടിരിക്കുന്നു. ഈ ദുരന്ത മുഖത്തും മതത്തിന്റെയും വംശത്തിന്റെയും പേരില്‍ വിദ്വേഷവും വെറുപ്പും അക്രമവും ഊതിപ്പെരുപ്പിക്കാന്‍ പരസ്‌പരം മത്സരിക്കുന്ന കാലം. ലോകത്തെ മഹാ യുദ്ധങ്ങളിലേക്കും കലാപങ്ങളിലേക്കും തള്ളിവിടുന്നതിനെതിരെ ദുര്‍ബലമായ പ്രതിരോധം പോലും എവിടുന്നും ഉണ്ടാകുന്നില്ലെന്നത് നമ്മെ അതിശയിപ്പിക്കുന്നു. അപ്പോഴാണ് ഗാന്ധിജിയെപ്പോലെ ഒരു മഹാ മനുഷ്യന്റെ ശൂന്യത ലോകം തിരിച്ചറിയുന്നത്. ആൽബർട്ട് ഐന്‍സ്റ്റീനെ പോലെയുള്ള വിഖ്യാത ശാസ്ത്രജ്ഞന്‍ ഗാന്ധിജിയെ കുറിച്ച് പറഞ്ഞത് യാഥാർഥ്യമായിരിക്കുന്നു. ‘മാംസവും രക്തവും ഉള്ള ഇതു പോലൊരു മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായിരുന്നു എന്ന് വരുംതലമുറ ഒരു പക്ഷേ വിശ്വസിക്കില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്.
സത്യം, അക്രമ രാഹിത്യം, സമാധാനം തുടങ്ങിയ ഗാന്ധിയന്‍ മൂല്യങ്ങള്‍ക്ക് വിലയില്ലാതായിരിക്കുന്നു. ഭാരതത്തില്‍ പോലും ഗാന്ധിജിയും അദ്ദേഹത്തിന്റെ ആദര്‍ശവും നാള്‍ക്കു നാള്‍ തമസ്‌കരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഗാന്ധിജിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ച ഗോഡ്സേ വാഴ്‌ത്തപ്പെടുന്നു. ഗാന്ധിജി സമാധാന പൂര്‍ണ്ണവും ചൂഷണ രഹിതവുമായ ഒരു സാമൂഹിക ക്രമം കെട്ടിപ്പടുക്കുന്നതിനായി മുന്നോട്ടു വെച്ച സ്വരാജ്, സ്വദേശി, സത്യഗ്രഹം എന്ന തത്വം ലോകം മറന്ന മട്ടാണ്. ആസുരമായ സാമ്പത്തിക, അധികാര കേന്ദ്രീകരണങ്ങള്‍ ലോകം കീഴടക്കി കൊണ്ടിരിക്കുന്നു. മനുഷ്യത്വവും പ്രകൃതി സംരക്ഷണവും വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് ഗാന്ധിജിയിലേക്ക് മടങ്ങുകയല്ലാതെ വേറെ പോംവഴിയില്ല.
എല്ലാറ്റിനെയും ചേര്‍ത്തു പിടിക്കുന്ന സാര്‍വ ലൗകിക മതം എന്ന നിലയിലാണ് ‘താനൊരു സനാതന ഹിന്ദു’ എന്ന് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. ഇന്ത്യ സ്വതന്ത്രയാവുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഗാന്ധിജി ഇതേക്കുറിച്ച് ഇങ്ങനെ എഴുതുകയുണ്ടായി. ‘സനാതന ഹിന്ദു ധര്‍മ്മം’ എത് പഴഞ്ചൊല്ലിലെ പോലെ കിണറ്റിലെ തവളയല്ല. സമുദ്രം പോലെ വിശാലമാണത്. നിങ്ങള്‍ക്ക് അതിനെ എന്തു പേരിട്ടു വിളിച്ചാലും മുഴുവന്‍ മനുഷ്യ വംശത്തിന്റെയും പൊതു സ്വത്താണത്.
‘രഘുപതി രാഘവ് രാജാറാം..
ഈശ്വര് അള്ളാ തേരേ നാം’
എന്ന സമന്വയത്തിന്റെ പാതയില്‍ മരണം വരെ അദ്ദേഹം ഉറച്ചു നിന്നു. സത്യത്തിനു വേണ്ടി വെടിയേറ്റു മരിക്കാന്‍ അദ്ദേഹം തയ്യാറായി. ഹിന്ദുവാണെന്നതു പോലെ താനൊരു മുസ്ലിമും കൂടിയാണ്. ക്രിസ്‌തുവും പാഴ്‌സിയും കൂടിയാണ്. ക്രിസ്‌തുവും പാഴ്‌സിയും യഹൂദനുമാണെന്ന് ഗാന്ധിജി ഒരിക്കല്‍ പ്രഖ്യാപിക്കുകയുണ്ടായി.
പ്രകൃതി ദര്‍ശനം
ഭഗവദ്ഗീത ഒന്നാം അധ്യായത്തിലെ പതിനാലാം വരിയുടെ ശരിയായ അര്‍ഥം എന്താണ്? ഗാന്ധിജി ചോദിച്ചു. ‘മനുഷ്യന്‍ അധ്വാനിക്കുകയാണെങ്കില്‍ മരങ്ങള്‍ വളരും. മരങ്ങള്‍ വളർന്നാൽ അതു മഴയെ ആകര്‍ഷിക്കും അതായത് യജ്ഞം എന്നാൽ അധ്വാനം എന്നർഥം. ‘ഗാന്ധിജി തന്റെ അനാസക്തി യോഗത്തില്‍ പ്രകൃതിയോടുള്ള കാഴ്‌ചപ്പാടിങ്ങനെ വെളിവാക്കുന്നു.’ ചില പ്രത്യേക വ്യക്തികളോട് സുഹൃത്തുക്കളെന്ന നിലയ്ക്കുള്ള നമ്മുടെ അഭിനിവേശം ഉപേക്ഷിച്ചാല്‍, എല്ലാ മനുഷ്യരും കുറെക്കൂടി സത്യസന്ധമായി കാണുകയാണെങ്കില്‍, മൃഗങ്ങളും പക്ഷികളും മരങ്ങളും ചെടികളും എന്തിനേറെ കല്ലുകളും കൂടെ നമ്മുടെ സുഹൃത്തുക്കളാണ്.’
യന്ത്രങ്ങള്‍ മനുഷ്യരുടെ മേല്‍ ആധിപത്യം നേരിടുന്ന വിനാശകരമായൊരു അവസ്ഥയിലേക്കാണ് ലോകം നീങ്ങുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജന്‍സിന്റെയും മറ്റും വളര്‍ച്ചയില്‍ ലോകത്തിന് ആശങ്കയുമുണ്ട്. തീര്‍ച്ചയായും യന്ത്രങ്ങള്‍ വലിയ തോതില്‍ മനുഷ്യര്‍ക്ക് ഗുണമായി തീർന്നിട്ടുണ്ട്. എന്നാൽ അതിരു വിട്ട യന്ത്രവല്‍ക്കരണം വിനാശകരവുമാണ്. മനുഷ്യരുടെ കൈയാളായി നിൽക്കുന്ന യന്ത്രങ്ങളെയാണ് ഗാന്ധിജി ഇഷ്‌ടപ്പെട്ടിരുന്നത്. അദ്ദേഹം ഇതേക്കുറിച്ച് ഇങ്ങനെ എഴുതി.
‘യന്ത്രങ്ങള്‍ ലക്ഷങ്ങളെ പട്ടിണിയിലേക്ക് എറിയുമ്പോള്‍ ധനവും രാഷ്ട്രീയ സാമ്പത്തിക അധികാരങ്ങളും ഒരു കൂട്ടം മനുഷ്യരുടെ കൈകളില്‍ കേന്ദ്രീകരിക്കും. ‘കുറച്ചു പേര്‍ക്ക് മറ്റുള്ളവരെ ഭരിക്കാന്‍ ഉള്ള അനുമതിയാണിത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും രാജ്യത്തിന്റെ എല്ലാ തലങ്ങളിലും ആ രീതി പരത്താനുള്ള ഉപാധിയാണിത്. ‘ ഈ വാക്കുകളുടെ പ്രസക്തി മുമ്പത്തേക്കാള്‍ ഏറെ ലോകത്തിന് ബോധ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്രകൃതിയെ ദ്രോഹിക്കാതെ, ഉന്നതമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാനുള്ള ഒരാഹ്വാനമായിരുന്നു ഗാന്ധിജിയുടെ ജീവിതം.