അരുണ യുഗത്തിന്റെ കവി
അരുണ യുഗത്തിന്റെ കവി
ഡോ. ഉഷ ആര്‍.ബി
അസി.പ്രൊഫസര്‍, മലയാള വിഭാഗം, എസ്.എന്‍.വിമന്‍സ് കോളേജ്, കൊല്ലം
പാശ്ചാത്യവും പൗരസ്ത്യവുമായ ചിന്തകളെ മനുഷ്യത്വത്തിന്റെ കണ്ണികള്‍ കൊണ്ട് യോജിപ്പിച്ച കവിയാണ് തിരുനല്ലൂര്‍ കരുണാകരന്‍. തിരുനല്ലൂര്‍ കരുണാകരന്റെ കവിതകള്‍ എന്ന കവിതാ സമാഹാരത്തിന് കവി എഴുതിയ കാവ്യാത്മകമായ ആമുഖം ശ്രദ്ധാർഹമാണ്.
കവി പറയുന്നു. ഈ സമാഹൃത കൃതികളില്‍ എനിക്ക് എന്നെത്തന്നെ കാണാം. ജീവിതം എന്നിലൂടെ എങ്ങനെ പ്രതിസ്‌പന്ദിച്ചു എന്ന് എനിക്ക് മനസ്സിലാക്കുകയും ചെയ്യാം’. എക്കാലത്തും പതിത മര്‍ദിത വര്‍ഗത്തിനൊപ്പം നിന്ന കവിയായാണ് തിരുനല്ലൂരിനെ ഡോ.എം. ലീലാവതി (മലയാള കവിതാ സാഹിത്യ ചരിത്രം) അടയാളപ്പെടുത്തുന്നത് ഗാനാത്മകമാണ് തിരുനല്ലൂരിന്റെ കവിതകള്‍. വിവര്‍ത്തനങ്ങളില്‍ പോലും ഈ പ്രത്യേകത ദര്‍ശിക്കാനാവും. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കവി സംസ്‌കൃതമാണ് പഠിച്ചത്. ഇത് അദ്ദേഹത്തിന് വലിയൊരനുഗ്രഹമായി തീർന്നിട്ടുണ്ട്. മേഘ സന്ദേശം പോലെ ഒരു കൃതിയെ അതിന്റെ സത്ത ചോർന്നു പോകാതെ വിവര്‍ത്തനം ചെയ്യാന്‍ കഴിഞ്ഞത് അതു കൊണ്ടാണ്. സംസ്‌കൃത സാഹിത്യത്തിലുള്ള താല്‍പര്യം പുരാണ കവിതകളുടെ പുനരാഖ്യാനങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് പ്രേരണ നല്‍കി. അമ്മയും മകനും, ഗാന്ധാരി എന്നീ കവിതകള്‍ അത്തരത്തിലുള്ളതാണ്.
പ്രണയ വേദനയുടെ റാണി
തിരുനെല്ലൂരിന്റെ കവിതകളില്‍ അത്യുജ്ജ്വലമായ സ്ഥാനം അലങ്കരിക്കുന്ന കൃതിയാണ് റാണി. ‘എല്ലു പൊടിയും മണ്ണടിയുകയും ചെയ്യാനല്ലാതെ പ്രണയിച്ചു ജീവിക്കാന്‍ കഴിയാത്തവരുടെ പ്രണയം മധുരമാണെറിയാതെ ആ മാധുര്യം നുകരാന്‍ കഴിയാത്തവരുടെ ദുരന്തമാണ് റാണി’ എന്നാണ് എം.ലീലാവതി അഭിപ്രായപ്പെട്ടിട്ടുള്ളത് (മലയാള കവിതാ സാഹിത്യ ചരിത്രം). തൊഴിലാളികളുടെ ജീവിതത്തിന്റെ സ്നേഹ മധുരവും വേദനാ ശിഥിലവുമായ ചില രേഖകളിലേക്ക് ഒന്ന് എത്തി നോക്കുകയാണ് താന്‍ എന്ന് റാണിയുടെ മുഖവുരയില്‍ കവി പറയുന്നു. കവിക്ക് പരിചിതമായ അഷ്‌ടമുടി കായലിന്റെ തീരത്ത് വസിക്കുന്ന കയര്‍ തൊഴിലാളിയായ റാണിയുടെയും വള്ളക്കാരനായ നാണുവിന്റെയും പ്രണയത്തെയാണ് കവി ആവിഷ്‌കരിക്കുന്നത്.
അങ്ങോട്ടു നോക്കിയാൽ ദൂരെയല്ലാ
തൊരു തെങ്ങിന്‍ തുരുത്തതാകാണാം
ഉച്ഛലത്കല്ലോല മാലയില്‍ ചാര്‍ത്തിയ പച്ചപ്പതക്കമായ്‌ത്തോന്നാം
റാട്ടുകളെപ്പോഴുമധ്വാനശക്തിതൻ
പാട്ടു പാടുന്നതു കേൾക്കാം. (റാണി)
തിരുനല്ലൂര്‍ക്കവിതകളുടെ ഭാഷാപരവും ആശയപരവുമായ പ്രത്യേകതകള്‍ ഈ ഭാഗത്ത് വ്യക്തമാണ്. ഇന്ത്യന്‍ തത്വ ചിന്തയിലും മാർക്‌സിസം ഉള്‍പ്പെടെയുള്ള പാശ്ചാത്യ ചിന്താ പദ്ധതിയിലും ഒരു പോലെ വ്യാപരിച്ച കവിയാണ് തിരുനല്ലൂര്‍.
അധ്വാന വര്‍ഗത്തിന്റെ സമര കാഹളം
വയലാര്‍ സന്ദര്‍ശിച്ച കവി പുന്നപ്ര-വയലാര്‍ സമരത്തെ ഓര്‍ത്തു കൊണ്ട് എഴുതിയ കൃതിയാണ് വയലാര്‍. കവിതയില്‍ ‘ജയിക്കുമോ നമ്മള്‍’ എന്ന് ആവർത്തിക്കുന്നുണ്ട്. ഇതേ ചോദ്യം ചോദിച്ചു കൊണ്ടാണ് കവിത അവസാനിക്കുന്നത്. ചുവന്ന പൂക്കളില്‍ ചുവന്ന മേഘത്തില്‍ ചുവന്ന സന്ധ്യയില്‍ തുടിച്ചു നിൽക്കുന്നതായിട്ടാണ് പുന്നപ്ര വയലാറിനെ കവി കാണുന്നത്. അതു പോലെ സോഷ്യലിസ്റ്റ് ആശയങ്ങളാല്‍ ജയിച്ചു നിൽക്കുന്ന ജനതയുടെ നേട്ടങ്ങളെ താഷ്‌കെന്റ് എന്ന കവിതയില്‍ ആവിഷ്‌കരിക്കുന്നു. തരിശു നിലങ്ങളിലേക്ക് വരുന്നു കരിമുകില്‍ പോലെ വേലക്കാര്‍ (തരിശു നിലങ്ങളിലേക്ക്). അധ്വാനിക്കുന്ന വര്‍ഗത്തിന്റെ നന്മയില്‍ വിശ്വസിക്കുന്ന കവി അവരുടെ ഉയർത്തെഴുന്നേൽപ്പിനെക്കുറിച്ച് സ്വപ്‌നം കാണുന്നു. പടരും പശിയുടെ തീയാണിതില്‍ വീണടിയരുതേ വന്നെതിരാളർ (തരിശു നിലങ്ങളിലേക്ക്) എന്ന് കവി പറയുമ്പോള്‍ അധ്വാന വര്‍ഗത്തിന്റെ സമര കാഹളമാണ് മുഴങ്ങുന്നത്.