കോട്ടയ്‌ക്കൽ പെരുമ വീണ്ടും
കോട്ടയ്‌ക്കൽ പെരുമ വീണ്ടും
ജാസിം അഹമ്മദ് ടി.കെ
അസി. പ്രൊഫസര്‍, പി.എം.എസ്.ടി കോളേജ്, കുണ്ടൂര്‍, മലപ്പുറം
ആരോഗ്യ മേഖലയിലെ കോട്ടയ്‌ക്കൽ പെരുമ ഏറെ പ്രശസ്‌തമാണ്. വര്‍ഷങ്ങളുടെ പഴക്കമുണ്ട് അതിന്. വിദേശികളുള്‍പ്പടെയുള്ളവര്‍ മലപ്പുറം ജില്ലയിലെ കോട്ടയ്‌ക്കൽ ലക്ഷ്യമാക്കി വരുന്നതിന് പിന്നിലെ രഹസ്യവും മറ്റൊന്നല്ല. സ്വകാര്യ മേഖലയിലുള്‍പ്പടെ നിരവധി ആതുര സേവന ദാതാക്കളുണ്ടെങ്കിലും സാധാരണക്കാരന് കീശ കാലിയാകാതെ ആശ്രയിക്കാവുന്നത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുള്‍പ്പടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെയാണ്. അസൗകര്യങ്ങളാല്‍ വീർപ്പു മുട്ടുന്ന സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നത്. എന്നാൽ ഇതെല്ലാം പഴങ്കഥകളായി മാറിയെന്നതിന് ഉത്തമോദാഹരണമാണ് കോട്ടയ്‌ക്കൽ കുടുംബാരോഗ്യ കേന്ദ്രം. രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമെന്ന ബഹുമതിയാണ് കോട്ടയ്‌ക്കൽ കുടുംബാരോഗ്യ കേന്ദ്രം കരസ്ഥമാക്കിയത്.
ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ഇടപെടുകയും ഗുണ നിലവാരം അനുസരിച്ച് സർട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യുന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) പരിശോധനയില്‍ ഇത് രണ്ടാം തവണയാണ് കോട്ടയ്‌ക്കൽ കുടുംബാരോഗ്യ കേന്ദ്രം മികച്ച സ്‌കോര്‍ കരസ്ഥമാക്കുന്നത്. 2019-ല്‍ 89 ശതമാനം സ്‌കോര്‍ ചെയ്‌ത കുടുംബാരോഗ്യ കേന്ദ്രം 2023- ല്‍ നടന്ന പുനഃ പരിശോധനയിലാണ് 10 ശതമാനം വളര്‍ച്ച കൈവരിച്ച് 99 എന്ന മികച്ച സ്‌കോര്‍ കരസ്ഥമാക്കിയത്.
വിവിധ മൂല്യ നിര്‍ണയങ്ങളിലൂടെയാണ് ആരോഗ്യ കേന്ദ്രങ്ങളെ എന്‍.ക്യു.എ.എസ് അംഗീകാരത്തിന് തെരഞ്ഞെടുക്കുന്നത്. മൂന്നു വർഷത്തെ കാലാവധിയാണ് ഈ അംഗീകാരത്തിനുള്ളത്. കാലാവധി കഴിഞ്ഞാല്‍ പുനഃ പരിശോധനയ്ക്ക് വിധേയമാക്കി അംഗീകാരം പുതുക്കി നല്‍കും. കൂടാതെ എല്ലാ വര്‍ഷവും സംസ്ഥാനതലത്തിലും പരിശോധന നടത്തും.
എന്‍.ക്യു.എ.എസ് അംഗീകാരം ലഭിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് (പി.എച്ച്.സി) രണ്ട് ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ക്ക് ഒരു ബെഡിന് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സന്റീവ് ലഭിക്കും.
ഒ.പി, ലബോറട്ടറി, ദേശീയ ആരോഗ്യ ദൗത്യം, ഓഫീസ് നിര്‍വഹണം എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ച് പരിശോധിച്ചതില്‍ ലബോറട്ടറി സംവിധാനങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്കും കോട്ടയ്‌ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിന് നേടാനായി.
സേവന വ്യവസ്ഥ, രോഗികളുടെ അവകാശ സംരക്ഷണം, സഹായ സേവനങ്ങള്‍, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനം, ഗുണ നിലവാരം മെച്ചപ്പെടുത്തല്‍ തുടങ്ങി എട്ടോളം വിഭാഗങ്ങളിലായി ആറായിരത്തിലധികം ഗുണ നിലവാര മാനദണ്ഡങ്ങളാണ് സംഘം പരിശോധിച്ച് വിലയിരുത്തിയത്. മാറുന്ന കേരളത്തിന്റെ പ്രതീകമാണ് കോട്ടയ്‌ക്കൽ കുടുംബാരോഗ്യ കേന്ദ്രം. ആരോഗ്യ മേഖലയില്‍ കേരളം കൈവരിച്ച നേട്ടങ്ങളുടെയും നടപ്പാക്കി വരുന്ന ജനപക്ഷ പ്രവര്‍ത്തനങ്ങളുടെയും സാക്ഷ്യം. മാനദണ്ഡങ്ങളില്‍ 99 ശതമാനവും നേടുക എന്ന അപൂര്‍വതയ്ക്കാണ് കോട്ടയ്‌ക്കൽ സാക്ഷ്യം വഹിച്ചതെങ്കില്‍ തൊട്ടടുത്ത സ്‌കോറുകളുമായി വേറെയും ആരോഗ്യ കേന്ദ്രങ്ങള്‍ എന്‍.ക്യു.എ.എസ് സർട്ടിഫിക്കേഷൻ നേടി കേരളത്തിന്റെ അഭിമാനമായിട്ടുണ്ട്. തൃശൂര്‍ പാറളം കുടുംബാരോഗ്യ കേന്ദ്രം 92-ഉം പാലക്കാട് കുളപ്പുള്ളി സിറ്റി കുടുംബാേരാഗ്യ കേന്ദ്രം 86 ശതമാനവും കൊല്ലം കരുനാഗപ്പള്ളി സിറ്റി കുടുംബാേരാഗ്യ കേന്ദ്രം 89 ശതമാനവും സ്‌കോര്‍ ചെയ്‌തിട്ടുണ്ട്. കൊല്ലം മടത്തറ, എറണാകുളം കോടനാട്, കോട്ടയം വെല്ലൂര്‍, പാലക്കാട് പൂക്കോട്ടുകാവ്, കൊല്ലം ശക്തികുളങ്ങര, കണ്ണൂര്‍ പാട്യം, എറണാകുളം വാഴക്കുളം, തൃശൂര്‍ തളിക്കുളം, മലപ്പുറം ഇരവിമംഗലം അര്‍ബന്‍ തുടങ്ങിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ് സർട്ടിഫിക്കേഷൻ ലഭിച്ചു.