മില്ലറ്റ് കഫെ ഒരു ആരോഗ്യ പത്തായം
മില്ലറ്റ് കഫെ ഒരു ആരോഗ്യ പത്തായം
അഞ്ജന വേണു
മലയാളിയുടെ തീൻമേശയിൽ ഒരു നേരമെങ്കിലും ചെറു ധാന്യങ്ങള്‍ വിളമ്പണം, ആളുകള്‍ ആരോഗ്യത്തോടെയിരിക്കണം, ആശുപത്രി സന്ദര്‍ശനം കുറയണം – തിരുവനന്തപുരം ഉള്ളൂരിലെ മില്ലറ്റ് കഫെയിലിരുന്ന് ഗാര്‍ഡന്‍ റോസ് കൃഷിക്കൂട്ടം അംഗങ്ങള്‍ ചിന്തകള്‍ പങ്കു വെച്ചു. ഒരു സംരംഭം തുടങ്ങുക എന്നതിലുപരി അത് ജനോപകാര പ്രദമാകുക എന്നതായിരുന്നു ഇവരുടെ ആഗ്രഹം. ആ ചിന്തയാണ് മില്ലറ്റുകളുടെ നന്മയിലേക്ക് കണ്ണു തുറപ്പിച്ചത്. അറിവും പഠനവും തയ്യാറെടുപ്പുകളും ചേർന്ന് അതൊരു പദ്ധതിയായി. ഒടുവില്‍ ഏറെ നാളത്തെ ആ സ്വപ്‌നത്തിന് ചിറകു വിരിഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ കൈത്താങ്ങു കൂടി ലഭിച്ചതോടെ ഉള്ളൂരില്‍ സംസ്ഥാനത്തെ ആദ്യ മില്ലറ്റ് കഫെയ്ക്ക് ഗാര്‍ഡന്‍ റോസ് കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ തുടക്കമായി.
മില്ലറ്റ് കഫെയുടെ വാതില്‍ തുറക്കുന്നത് ആരോഗ്യ ശീലങ്ങളിലേക്ക് കൂടിയാണ്. മലയാളി മറന്ന ചെറു ധാന്യ രുചികളുടെ കലവറയാണ് മില്ലറ്റ് കഫെ. കൃഷി വകുപ്പ് മില്ലറ്റ് ജനകീയമാക്കല്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുട നീളം മില്ലറ്റ് കഫെകള്‍ ആരംഭിക്കുകയാണ്. ഇതില്‍ ആദ്യത്തേതാണ് ഒക്ടോബര്‍ ഒന്നിന് ഉള്ളൂരില്‍ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്‌തത്. ചെറു ധാന്യങ്ങള്‍ (മില്ലറ്റ്) ജനകീയമാക്കാനും മില്ലറ്റ് വിഭവങ്ങള്‍ പരിചിതമാക്കാനുമായാണ് സംസ്ഥാന സര്‍ക്കാര്‍ മില്ലറ്റ് കഫെകള്‍ ആരംഭിക്കുന്നത്. കാര്‍ഷിക ഉല്‍പാദക കമ്പനികള്‍, കര്‍ഷക കൂട്ടായ്‌മകൾ, കുടുംബ ശ്രീ ഗ്രൂപ്പുകള്‍, ചെറു ധാന്യ കൃഷി വ്യാപന പദ്ധതിയില്‍ ഉൾപ്പെട്ട ഗ്രൂപ്പുകൾ, അഗ്രോ സര്‍വീസ് സെന്ററുകള്‍ തുടങ്ങിയവയ്ക്കാകും കഫെകളുടെ നടത്തിപ്പ് ചുമതല. മില്ലറ്റ് കഫെ ആരംഭിക്കാന്‍ അഞ്ച് ലക്ഷം രൂപയും കേരള ഗ്രോ ഷോപ്പ് ആരംഭിക്കാന്‍ 10 ലക്ഷം രൂപയും സര്‍ക്കാര്‍ സഹായം നല്‍കും.
വൈവിധ്യമാണ് മില്ലറ്റ് കഫെകളുടെ പ്രധാന ആകര്‍ഷണം. തിന കൊണ്ടുള്ള ചെമ്മീന്‍ ബിരിയാണി, മില്ലറ്റ് പൊറോട്ട, മില്ലറ്റ് പഴംപൊരി, വരകു കൊണ്ടുള്ള കേക്ക്, പാല്‍ക്കഞ്ഞി, ബിസ്‌കറ്റുകള്‍…. വിഭവങ്ങളേറെയുണ്ട്. പുതു തലമുറയെക്കൂടി ആരോഗ്യ ശീലങ്ങളിലേക്ക് നയിക്കാനുതകുന്ന രീതിയിലാണ് മെനു തയ്യാറാക്കിയിരിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം ഉപഭോക്താവിന്റെ ഇഷ്‌ടമനുസരിച്ച് തയ്യാറാക്കി നല്‍കും. മില്ലറ്റ് മുസ്‌ലിയാണ് മെനുവിലെ മറ്റൊരാകര്‍ഷണം. ദാഹവും ക്ഷീണവുമകറ്റാന്‍ റാഗി – വീറ്റ് ഗ്രാസ് സ്‌മൂത്തിയുമുണ്ട്. പാലിന് പകരം തേങ്ങാപ്പാലാണ് ഉപയോഗിക്കുന്നത്. പച്ചക്കറിയേക്കാള്‍ നാലിരട്ടി പോഷകാംശമുള്ള മൈക്രോ ഗ്രീന്‍ സാലഡ് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്‌ടപ്പെടും. പഞ്ചസാര, മൈദ, ഹൈഡ്രജനേറ്റഡ് കൊഴുപ്പുകള്‍ അഥവാ ഡാല്‍ഡ എന്നിവ ഉപയോഗിക്കാറില്ല. മില്ലറ്റ് മീല്‍സ്, മില്ലറ്റ്-പംപ്‌കിൻ റൊട്ടി, ചോക്‌ലേറ്റ് റാഗി മാൾട്ട് തുടങ്ങി പ്രഭാത ഭക്ഷണവും ഉച്ച ഭക്ഷണവും മില്ലറ്റ് കൊണ്ട് ഉണ്ടാക്കിയ ലഘു ഭക്ഷണവും ഇവിടെ ലഭിക്കും. റെഡി ടു കുക്ക് വിഭവങ്ങളും ലഭ്യമാണ്. ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷണ പദാര്‍ഥങ്ങളും ചേരുവകളും ഒഴിവാക്കിക്കൊണ്ടുള്ള രുചികളാണ് മില്ലറ്റ് കഫേകളുടെ പ്രത്യേകത. കൗതുകം കൊണ്ടും ഗുണ മേന്മ കൊണ്ടും രുചി വൈവിധ്യം കൊണ്ടും ഹൃദയം കവരും ഈ വിഭവങ്ങള്‍.
പ്രായഭേദമെന്യേ സർവ സാധാരണമാകുന്ന ജീവിത ശൈലീ രോഗങ്ങളെ അതി ജീവിക്കാന്‍ സഹായകരമാണ് മില്ലറ്റുകള്‍. അരി, ഗോതമ്പ് എന്നിവയെ അപേക്ഷിച്ച് വളരെ ഉയർന്ന തോതിലുള്ള പ്രോട്ടീൻ, ഫൈബര്‍, മിനറല്‍സ്, വിറ്റാമിനുകള്‍ എന്നിവയാൽ സമ്പന്നമാണ് മില്ലറ്റുകള്‍. ഇതില്‍ വലിയ അളവില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. കുറഞ്ഞ നിരക്കില്‍ ആരോഗ്യപരമായ വിഭവങ്ങളാണ് മില്ലറ്റ് കഫെ അവതരിപ്പിക്കുന്നത്. കുറഞ്ഞ കലോറി മൂല്യം ഇവയെ മറ്റു ആഹാര പദാര്‍ഥങ്ങളില്‍ നിന്ന് വിശിഷ്‌ടമാക്കുന്നു. നിത്യ ഭക്ഷണത്തില്‍ മില്ലറ്റുകള്‍ ഉൾപ്പെടുത്തുന്നത് പ്രമേഹത്തെ ചെറുക്കും.
മില്ലറ്റുകള്‍ പലതരം
തിന (Foxtail Millet), കമ്പം (Bajra Pearl Millet), ചോളം (Great Millet), മുത്താറി (Finger Millet), ചാമ (Little Millet), വരക് (Proso Millet), കവടപ്പുല്ല് (Barnyad Millet), കൊറേലി (Brain top Millet) തുടങ്ങി മില്ലറ്റുകള്‍ പലതരമുണ്ട്. ഇവയ്‌ക്കെല്ലാം ഒട്ടേറെ ഗുണങ്ങളുമുണ്ട്. ഏറ്റവും ചെറിയ ധാന്യമാണ് റാഗി. ജീവകം ഡി ഉള്ളതിനാല്‍ എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് ഫല പ്രദമാണ്. വിളര്‍ച്ച തടയാനും ഉപകരിക്കും. ലോകത്തിലെ പുരാതന ധാന്യമായാണ് തിന അറിയപ്പെടുന്നത്. ധാതുക്കളുടെയും വിറ്റാമിനുകളുടെയും കലവറയാണ് തിന. ഹൃദയാരോഗ്യത്തിന് നല്ലതാണ് കമ്പം അഥവാ പേള്‍ മില്ലറ്റ്. ഇതിലെ ഒമേഗ-3 ഫാറ്റി ആസിഡ് രക്ത സമ്മര്‍ദവും കൊളസ്‌ട്രോളും കുറയ്ക്കും. പ്രമേഹത്തെ നിയന്ത്രിക്കാനും വൃക്ക സംബന്ധമായ തകരാറുകള്‍, വിളര്‍ച്ചയെ എന്നിവയെ പ്രതിരോധിക്കാനും ചോളത്തിന് കഴിവുണ്ട്. നാരുകളുടെ മികച്ച ഉറവിടമാണ് വരക്. കഫം, ചുമ എന്നിവ തടയുന്നതിന് ചാമ ഉപയോഗിക്കാം. ചാമയരി കൊണ്ടുള്ള വിഭവങ്ങള്‍ പഴമക്കാരുടെ നിത്യ ഭക്ഷണമായിരുന്നു. നാരുകള്‍ വളരെ കൂടുതലുള്ള ചെറു ധാന്യമാണ് കവടപ്പുല്ല്. രോഗ പ്രതിരോധത്തിനും മലബന്ധം തടയുന്നതിനും ഉത്തമം. അപൂര്‍വമായി കാണപ്പെടുന്ന ഇനമാണ് കൊറേലി അഥവാ ബ്രൗൺ ടോപ്പ് മില്ലറ്റ്. രക്ത സമ്മര്‍ദം കുറയ്ക്കും, എല്ലാ മില്ലറ്റുകളും ചുരുങ്ങിയത് ആറു മണിക്കൂര്‍ എങ്കിലും കുതിര്‍ത്ത ശേഷം മാത്രമേ കഴിക്കാവൂ. മില്ലറ്റുകള്‍ കഴിച്ചാല്‍ നാല് മണിക്കൂറെടുത്താണ് ദഹനം നടക്കുക എന്നതിനാൽ അതനുസരിച്ച് ഭക്ഷണ ശീലങ്ങള്‍ ക്രമീകരിക്കേണ്ടതുണ്ട്.
കേരള ഗ്രോ ഷോപ്പ്
മില്ലറ്റ് കഫെകളോട് ചേർന്ന് കര്‍ഷക ഉല്‍പങ്ങളുടെ വിപണന കേന്ദ്രമായ കേരള ഗ്രോയും വ്യാപിപ്പിക്കുന്നുണ്ട്. കൃഷി വകുപ്പിന് കീഴിലുള്ള കര്‍ഷകര്‍, ഫാമുകള്‍, കൃഷിക്കൂട്ടങ്ങൾ, എഫ്.പി.ഒകള്‍, അഗ്രോ സര്‍വീസ് സെന്ററുകള്‍, എന്‍.ജി.ഒകള്‍ എന്നിവയുടെ മൂല്യ വര്‍ധിത ഉൽപന്നങ്ങളും ചെറു ധാന്യങ്ങളും ഗുണമേന്മ ഉറപ്പു വരുത്തി കേരള ഗ്രോ ബ്രാന്‍ഡില്‍ വില്‍പന നടത്തും. കൃഷി വകുപ്പ് കേരള ഗ്രോ ബ്രാന്‍ഡില്‍ വിവിധ ഉല്‍പങ്ങളുടെ ഓൺലൈൻ വിൽപന നിലവില്‍ ആരംഭിച്ചിട്ടുണ്ട്.