ചേര്‍ത്തുപിടിക്കലിന്റെ പാഠശാല
ചേര്‍ത്തു പിടിക്കലിന്റെ പാഠശാല
നിര്‍മാല്യ ടി. സുന്ദര്‍
മാധ്യമ പ്രവര്‍ത്തക
ഇരിഞ്ഞാലക്കുട നെല്ലായയില്‍ നിന്നാണ് ഉദയ മകനെയും കൊണ്ട് നിപ്‌മറിലേക്കെത്തുന്നത്. പത്ത് വയസ്സു വരെ ചെന്നൈയിൽ സ്പെഷ്യല്‍ സ്‌കൂളിലായിരുന്നു മകന്റെ പഠനം. സാധാരണ സ്‌കൂള്‍ സമയം തന്നെയായിരുന്നതിനാൽ തെറപ്പി നല്‍കല്‍ പ്രയാസകരമായി. അങ്ങനെയിരിക്കെയാണ് ഇരിങ്ങാലക്കുടയ്ക്ക് സമീപം കല്ലേറ്റും കരയില്‍ സ്ഥിതി ചെയ്യുന്ന നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷനെ (നിപ്‌മർ) കുറിച്ച് കേൾക്കുന്നതും ഇങ്ങോട്ടേക്കെത്തുന്നതും. ഇപ്പോള്‍ രണ്ടു വര്‍ഷമായി നിപ്‌മറിലാണ് പഠനവും പരിശീലനവും. സ്‌കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം ഒക്യുപേഷണല്‍ തെറപ്പിയും സ്‌പീച്ച് തെറപ്പിയും ബിഹേവിയര്‍ തെറപ്പിയും അക്വാട്ടിക് തെറപ്പിയും എക്‌സ്‌ട്രാ കരിക്കുലര്‍ ആക്‌ടിവിറ്റികളും ചെയ്യുന്നു. സ്‌കേറ്റിംഗ് പഠനം തുടങ്ങി. ‘കറുപ്പും വെള്ളയും മാത്രമായിരുന്ന ഞങ്ങളുടെ ജീവിതത്തിലേക്ക് നിറങ്ങള്‍ ചൊരിഞ്ഞ സ്ഥാപനമാണ് നിപ്‌മർ. നല്ല വ്യത്യാസമാണ് മകനില്‍ ഉള്ളത്. ഒരു പോസിറ്റീവ് ചേഞ്ച്. മകന്റെ വളര്‍ച്ചയ്ക്കൊപ്പം അമ്മയായ എനിക്കും പുതിയ കാര്യങ്ങള്‍ പഠിക്കാനായി. ലൈഫ് ശരിക്കും കളര്‍ഫുള്‍ ആയി’ നിറ ചിരിയോടെ ഉദയ പറയുന്നു. ഉദയയെപ്പോലെ ഒട്ടേറെപ്പേരുടെ ആശ്രയമാണ് സംസ്ഥാന സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ പ്രവർത്തിക്കുന്ന സ്വയം ഭരണ സ്ഥാപനമായ നിപ്‌മർ.
വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനും മറ്റു കുട്ടികളുമായി ഇടപഴകാന്‍ കഴിയുന്ന തരത്തിലുമാണ് നിപ്‌മറിലെ പരിശീലനം. പ്രീപ്രൈമറി, പ്രൈമറി, സെക്കന്‍ഡറി, പ്രീവൊക്കേഷന്‍ എന്നീ വിഭാഗങ്ങളിലായി നാലു കുട്ടികൾക്ക് ഒരു ടീച്ചര്‍ എന്ന രീതിയിലാണ് ക്ലാസുകള്‍. സെറിബ്രല്‍ പാള്‍സി, ഓട്ടിസം, ഇന്റലക്ച്വല്‍ ആന്‍ഡ് ഡെവലപ്മെന്റ് ഡിസബിലിറ്റീസ് എന്നിവ ബാധിച്ചവര്‍ക്കായി ചിത്രങ്ങള്‍ വരച്ച് ആകര്‍ഷകമാക്കിയ ആധുനിക സംവിധാനങ്ങളോടു കൂടിയ ക്ലാസ് റൂമുകള്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികൾ ആഴ്‌ചയിൽ മൂന്ന് ദിവസം നിപ്‌മറിലേക്ക് വരികയും രണ്ടു ദിവസം റെഗുലര്‍ സ്‌കൂളുകളിലേക്ക് പോവുകയും ചെയ്യും.
കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിയുക, പ്രോത്സാഹിപ്പിക്കുക, വികസിപ്പിക്കുക, അവരെ മുഖ്യധാരാ സമൂഹവുമായി സംയോജിപ്പിക്കുക എന്നിവയാണ് സ്‌കൂളിന്റെ പ്രധാന ലക്ഷ്യങ്ങള്‍. പ്രത്യേക വിദ്യാഭ്യാസം, ശാരീരിക വിദ്യാഭ്യാസം, മ്യൂസിക് തെറാപ്പി, കുട്ടികളുടെ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സാ സെക്ഷനുകൾ എന്നിവ പരിശീലനത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
തെറപ്പി സേവനങ്ങള്‍ വീട്ടിലെത്തും
റീഹാബ് എക്‌സ്‌പ്രസ്സും റീഹാബ് ഓൺ വീല്‍സും വീല്‍സ് ട്രാന്‍സും നിപ്‌മറിന്റെ ജനകീയമായ പദ്ധതികളാണ്. റീഹാബ് എക്‌സ്‌പ്രസ്സിലൂടെ ഭിന്ന ശേഷിക്കാർക്കുള്ള തെറപ്പി സേവനങ്ങള്‍ വീട്ടിലെത്തും. നിപ്‌മറും സാമൂഹിക സുരക്ഷാ മിഷനും ചേർന്നാണ് ഇത് നടപ്പാക്കുന്നത്. കെഎസ്ആര്‍ടിസിയുടെ ലോ ഫ്ളോര്‍ ബസ് ഇതിനായി മാറ്റിയെടുത്തു. ഫിസിയോ തെറപ്പി, ഒക്കുപേഷനല്‍ തെറപ്പി, സ്‌പീച്ച് തെറപ്പി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍, ഡോക്‌ടർമാരുടെയും വിവിധ തെറപ്പിസ്റ്റുകളുടെയും സേവനം തുടങ്ങിയവ ഇതിലുണ്ട്. തെറപ്പി സൗകര്യം ഇല്ലാത്ത മേഖലകളില്‍ക്കൂടി സേവനമെത്തിക്കുകയാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ആവശ്യപ്പെടുന്നതനുസരിച്ചാണ് റീഹാബ് എക്‌സ്‌പ്രസ് പ്രദേശത്ത് ക്യാമ്പ് ചെയ്യുക. റീഹാബ് ഓൺ വീല്‍സിലൂടെ തെറാപ്പിസ്റ്റുകള്‍ ബഡ്‌സ് സ്‌കൂള്‍ സന്ദര്‍ശിച്ച് ഓഡിയോ ടെസ്റ്റ്, സ്‌പീച്ച് തെറപ്പി, സൈക്കോ തെറപ്പി, ഒക്യുപേഷണല്‍ തെറപ്പി തുടങ്ങിയവ നല്‍കും. ഭിന്ന ശേഷി സൗഹൃദമായി പരിഷ്‌കരിച്ച ആംബുലന്‍സ് ആണ് വീല്‍സ് ട്രാന്‍സ്. തടസ്സമില്ലാതെ ഭിന്നശേഷിക്കാർക്ക് ഹൈഡ്രോളിക് ലിഫ്റ്റിന്റെ സഹായത്തോടെ ആംബുലന്‍സില്‍ പ്രവേശിക്കാനും സഞ്ചരിക്കാനുമാകും.
എടുത്തു പറയേണ്ട മറ്റൊരു സവിശേഷതയാണ് സെന്‍സറി പാര്‍ക്ക്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക ഇന്ദ്രിയാനുഭവങ്ങള്‍ക്ക് അവസരമൊരുക്കുകയാണ് ഇവിടെ. അമേരിക്കന്‍ ഡിസബിലിറ്റി അസോസിയേഷന്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് നിർമ്മിച്ച സെന്‍സറി പാര്‍ക്ക് അപകട രഹിതവും ശിശു സൗഹാര്‍ദവും ആക്കാന്‍ റബറൈസഡ് ഫ്ളോറിങ്ങാണ് ഉപയോഗിച്ചിരിക്കുന്നത്. വിവിധ തരം ഔഷധ സസ്യങ്ങള്‍ പൂന്തോട്ടത്തിലുണ്ട്. ഒരു മ്യൂസിക്കല്‍ ഗാര്‍ഡനും ഒരുക്കിയിട്ടുണ്ട്.
18 വയസ്സിന് മുകളിലുള്ള ഭിന്ന ശേഷിക്കാർക്ക് തൊഴിൽ പരിശീലനം നൽകുന്ന പദ്ധതിയാണ് എം-വോക്ക് (em-voc) നൈപുണ്യ പരിശീലനം, ജോലിയുമായി ബന്ധപ്പെട്ട അക്കാദമിക് ഫങ്ഷനുകള്‍, കമ്പ്യൂട്ടർ ട്രെയിനിങ്, ഹോൾട്ടികൾച്ചർ, ബേക്കിങ്, ഹൗസ് കീപ്പിങ്ങ്, ടൈലറിങ്ങ് തുടങ്ങി നൈപുണ്യത്തിന്റെയും താല്‍പര്യത്തിന്റെയും അടിസ്ഥാനത്തില്‍ പരിശീലനം നല്‍കും. ഭിന്ന ശേഷി സൗഹൃദമായ സൂപ്പര്‍ മാര്‍ക്കറ്റും ഇവിടെയുണ്ട്. എം-വോക്കിലൂടെ പരിശീലനം നേടിയവരാണ് ഇവിടെ തൊഴിലെടുക്കുന്നത്. ഭിന്നശേഷിക്കാർക്ക് മാത്രമല്ല അവരുടെ മാതാപിതാക്കള്‍ക്ക് കൂടി പ്രത്യേക ക്യാമ്പുകളും സ്വയം തൊഴില്‍ പരിശീലനവും നൽകുന്നുണ്ട്. മക്കളുടെ വളര്‍ച്ചയും അമ്മമാരുടെ വളര്‍ച്ചയും നിപ്‌മർ ശ്രദ്ധിക്കുന്നു. അക്വാട്ടിക് റീഹാബിലിറ്റേഷന്‍ സെന്ററിന് കീഴില്‍ കുട്ടികൾക്ക് ജല അനുഭവം നൽകുന്നതിനായി അക്വാട്ടിക് റിക്രിയേഷന്‍ ഫെസിലിറ്റിയും ഒരുക്കിയിട്ടുണ്ട്. സുരക്ഷിതമായി ജലത്തില്‍ കളിക്കാന്‍ വെള്ളത്തിനടിയില്‍ പ്ലാറ്റ്ഫോമും കുളത്തിന് ചുറ്റും സഞ്ചരിക്കാന്‍ പെഡല്‍ ബോട്ടും ചുറ്റും വീല്‍ ചെയര്‍ ആംബുലേഷന്‍ ട്രാക്കും നിർമ്മിച്ചിട്ടുണ്ട്.
വെര്‍ച്വല്‍ റിയാലിറ്റി ഉപയോഗിച്ച് പുനരധിവാസത്തിന് സഹായകമാകും വിധം വിവിധ സംവിധാനങ്ങള്‍ നിപ്‌മർ ഒരുക്കിയിട്ടുണ്ട്. വെര്‍ച്വല്‍ റിയാലിറ്റി ബേസ്‌ഡ് മോട്ടോർ റീഹാബിലിറ്റേഷന്‍ യൂണിറ്റ്, വെര്‍ച്വല്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റ്, ഇന്‍സ്ട്രുമെന്റ് ഗൈഡ് ആന്‍ഡ് മോഷന്‍ അനാലിസിസ് ലാബ് തുടങ്ങിയവ ഉദാഹരണമാണ്. ഇന്‍സ്ട്രുമെന്റ് ഗൈഡ് ആന്‍ഡ് മോഷന്‍ അനാലിസിസ് ലാബിലൂടെ രോഗിയുടെ അവസ്ഥ പരിശോധിക്കുകയും ക്യാമറ വഴി രേഖപ്പെടുത്തുകയും ഇതെല്ലാം ക്ലിനിക്കല്‍ വിവരങ്ങളിലേക്ക് ചേര്‍ക്കുകയും ചെയ്യുന്നു. തെറപ്പിയുടെ ഫലം വസ്‌തു നിഷ്‌ഠമായി വിലയിരുത്താന്‍ ഇത് സഹായകമാണ്. വെര്‍ച്വല്‍ റീഹാബിലിറ്റേഷന്‍ യൂണിറ്റിലൂടെ സ്ട്രോക്ക്, പക്ഷാഘാതം, കോഗ്നിറ്റീവ് ഡെഫിസിറ്റ് തുടങ്ങിയ അവസ്ഥകളുള്ള രോഗികള്‍ക്ക് സാങ്കേതിക വിദ്യ മെച്ചപ്പെടുത്തി മികച്ച രീതിയില്‍ ചികിത്സ നൽകുന്ന രീതിയാണ് ഇത്. പോസ്റ്റ് സ്ട്രോക്ക് രോഗികള്‍ക്കുള്ള സിമുലേഷന്‍ വ്യായാമങ്ങള്‍ വീഡിയോ ഗെയിമിന്റെ സഹായത്തോടെ പരിശീലിപ്പിക്കും.
പഠിതാക്കളുടെ രക്ഷിതാക്കളുടെയും നൂറ്റിയമ്പതോളം വരുന്ന ജീവനക്കാരുടെയും വിയര്‍പ്പിന്റെയും അക്ഷീണ പ്രയത്നത്തിന്റെയും ഫലമാണ് നിപ്‌മറിന്റെ പ്രശസ്‌തി. എല്ലാത്തരം ഭിന്ന ശേഷികളുടെയും പുനരധിവാസ പ്രക്രിയയില്‍ മികവിന്റെ കേന്ദ്രമായി തീർന്നിരിക്കുകയാണ് നിപ്‌മർ. കഴിഞ്ഞ മൂുവര്‍ഷം തുടര്‍ച്ചയായി ഭിന്നശേഷി മേഖലയിലെ പ്രവര്‍ത്തനത്തിന് സംസ്ഥാന പുരസ്‌കാരം നിപ്‌മർ നേടി. ഭിന്നശേഷി പുനരധിവാസത്തിന് വെര്‍ച്വല്‍ റിയാലിറ്റി സംവിധാനം രാജ്യത്ത് ആദ്യമായി ഒരുക്കിയ നിപ്‌മറിനെ ലോകാരോഗ്യ സംഘടനയുമായി സഹകരിച്ചുള്ള സഹായക സാങ്കേതിക വിദ്യാ പരിശീലന പരിപാടിക്കായും തെരഞ്ഞെടുത്തിട്ടുണ്ട്.
അഭിമാനമായി യുഎന്‍ പുരസ്‌കാരം
പകര്‍ച്ചേതര വ്യാധികളുടെ മേഖലയിലും സഹായക സാങ്കേതിക വിദ്യാ മേഖലയിലും നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളാണ് നിപ്‌മറിനെ യുഎന്‍ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. 2023 വര്‍ഷത്തില്‍ പകര്‍ച്ചേതര വ്യാധികളുടെ നിയന്ത്രണം, മാനസികാരോഗ്യം, സഹായക സാങ്കേതികവിദ്യ (Assistive Technology) എന്നീ മേഖലകളില്‍ തിളക്കമുറ്റ പ്രവര്‍ത്തനം കാഴ്‌ചവച്ച സ്ഥാപനങ്ങളില്‍ നിന്നാണ് നിപ്‌മർ അന്താരാഷ്ട്ര പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. അന്താരാഷ്ട്ര സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്‌കരിക്കുന്നതിൽ നിപ്‌മർ നൽകുന്ന സംഭാവനകളെ പ്രത്യേകം പരിഗണിച്ചാണ് പുരസ്‌കാരം. ന്യുയോര്‍ക്കില്‍ നടന്ന യു.എന്‍ പൊതുസഭയുടെ ഏഴാമത് സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ അവാര്‍ഡ് ഏറ്റുവാങ്ങി.