മികച്ച ഭക്ഷണം സുരക്ഷയോടെ
മികച്ച ഭക്ഷണം സുരക്ഷയോടെ
ഡോ.കെ.കെ. അബ്‌ദുൾ റഷീദ്
കോര്‍ഡിനേറ്റര്‍, നെറ്റ് പ്രോ. ഫാന്‍ കേരള
രാജ്യത്തെ മികവിന്റെ സൂചികകള്‍ ഏതെടുത്താലും അഭിമാനിക്കാനുള്ള വകയുള്ള നാടാണ് കേരളം. ദാരിദ്യം ഏറ്റവും കുറഞ്ഞ നാടും ആരോഗ്യകരമായ ജീവിതം നയിക്കുന്നവരുടെ നാടും ഭക്ഷ്യ ഭദ്രതാ നിയമം ഫലപ്രദമായി നടപ്പാക്കിയ നാടും നമ്മുടേതാണ്. രാജ്യത്തിന്റെ തെക്കേയറ്റത്തുള്ള ഒരു ചെറിയ ഭൂ പ്രദേശം ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത് പിഴവില്ലാത്ത ആസൂത്രണവും സമാനതകളില്ലാത്ത പ്രവര്‍ത്തന മികവും കൊണ്ടാണ്. ഏവര്‍ക്കും സുരക്ഷിതവും പോഷക സമ്പുഷ്‌ടവുമായ ആഹാരം ലഭ്യമാക്കുകയും അത് നേടാനാവശ്യമായ സാഹചര്യം സൃഷ്‍ടിക്കുകയും ചെയ്‌താണ് കേരളം ഈ നേട്ടം കൈവരിച്ചത്.
സമഗ്രമായ ഭക്ഷ്യ സുരക്ഷാ നയമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന ക്യാമ്പയിനിലൂടെ ഭക്ഷ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഒറ്റക്കുടക്കീഴിലാക്കി. മീനിലെ മായം കണ്ടെത്തുന്നതിനായുള്ള ഓപ്പറേഷന്‍ മത്സ്യ, ശര്‍ക്കരയിലെ മായം തടയുന്നതിനുള്ള ഓപ്പറേഷന്‍ ജാഗറി, ഹോട്ടലുകളും റെസ്റ്റോറന്റുകളും പരിശോധിക്കുന്നതിനുള്ള ഓപ്പറേഷന്‍ ഹോളിഡേ തുടങ്ങി വിവിധ പേരുകളിലറിയപ്പെടുന്ന ഓപ്പറേഷനുകള്‍ ഏകോപിപ്പിച്ചു. ഹോട്ടലുകൾക്ക് സ്റ്റാര്‍ കാറ്റഗറി, വൃത്തിയുള്ള സുരക്ഷിത ഭക്ഷണം തെരഞ്ഞെടുക്കാന്‍ ഈറ്റ് റൈറ്റ് കേരള ആപ്പ്, ഭക്ഷ്യ സുരക്ഷ പരിശോധനയ്ക്ക് പ്രത്യേക ടാസ്‌ക് ഫോഴ്‌സ്, ഉപയോഗിച്ച എണ്ണ തിരിച്ചെടുക്കുന്ന റൂക്കോ തുടങ്ങി വിവിധ പദ്ധതികള്‍ നടപ്പിലാക്കി.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കര്‍ശനവും ആവര്‍ത്തിച്ചുമുള്ള പരിശോധനകള്‍ ഏര്‍പ്പെടുത്തി. ഹോട്ടലുകൾ, വഴിയോര കച്ചവട കേന്ദ്രങ്ങള്‍, തിരക്കുള്ള വ്യാപാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിൽ പ്രത്യേക പരിശോധനയ്ക്കായി സ്‌ക്വാഡുകളെ നിയോഗിച്ചു. മുന്‍ വര്‍ഷങ്ങളേക്കാള്‍ റെക്കോര്‍ഡ് പരിശോധനകളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പോയ വര്‍ഷം പൂര്‍ത്തിയാക്കിയത്. പിഴത്തുക ഇരട്ടിയാക്കിയതോടെ ഈ രംഗത്ത് വകുപ്പിന്റെ വരുമാനവും വര്‍ധിച്ചു.
ഓപ്പറേഷന്‍ ഷവര്‍മ്മ
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ തെക്കന്‍ ജില്ലകളില്‍ മാത്രം ഏകദേശം 35,000 കിലോഗ്രാം മായം കലർന്ന മത്സ്യം ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. അറബിക് വിഭവങ്ങളുടെ ഗുണ നിലവാരം ഉറപ്പു വരുത്താന്‍ സംസ്ഥാനമാകെ ആയിരക്കണക്കിന് കടകളില്‍ പരിശോധന നടത്തി. ഷവര്‍മ്മ നിര്‍മ്മാണത്തിന് പ്രത്യേക മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയ സര്‍ക്കാര്‍ പച്ച മുട്ട ചേര്‍ത്ത മയോണൈസ് നിരോധനവും കര്‍ശനമാക്കി. അതോടെ ഈ രംഗത്തെ പരാതികളുടെ എണ്ണവും കുറഞ്ഞു. വന്‍ ഭക്ഷ്യ ദുരന്തങ്ങള്‍ ഒന്നും തന്നെ അടുത്തിടെ സംസ്ഥാനത്തുണ്ടായിട്ടില്ല എന്നുള്ളതും എടുത്തു പറയേണ്ടതാണ്.
വഴിയോര ഭക്ഷ്യ കേന്ദ്രങ്ങളില്‍ ശുചിത്വവും ഗുണ നിലവാരവും ഉറപ്പാക്കുന്നതിന് നടപടികളെടുത്തു. ഓൺലൈൻ റിപ്പോർട്ടിങ്ങിലൂടെ ശക്തമായ നടപടി സ്വീകരിക്കുന്ന സര്‍ക്കാര്‍ ഭക്ഷണം വിളമ്പുന്നവരുടെ ശുചിത്വം പ്രധാനമാക്കി. അതിനായി ഹോട്ടൽ ജീവക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വഴി കുറഞ്ഞ വിലയ്ക്ക് ടൈഫോയിഡ് വാക്‌സിന്‍ നല്‍കി.
ലൈസന്‍സ് ലഭിക്കുന്നതിനും പരിശോധന ഫലങ്ങള്‍ ലഭിക്കുന്നതിനും ഓൺലൈൻ സംവിധാനം ഏര്‍പ്പെടുത്തി. ഇത് സുതാര്യതയും സുഗമമായ പ്രവര്‍ത്തനവും ഉറപ്പാക്കി. പുതിയ ലൈസന്‍സ് നൽകുന്നതിനായി പ്രത്യേക ക്യാമ്പുകളും ഡ്രൈവുകളും നടത്തി.
ലാബുകള്‍ ആധുനികം
ഭക്ഷ്യ സുരക്ഷാ പരിശോധനാ ലാബുകള്‍ കുറ്റമറ്റതാക്കുകയും ആധുനികവല്‍ക്കരിക്കുകയും ചെയ്‌തു. ഇവയ്ക്ക് അക്രഡിറ്റേഷന്‍ നേടിയെടുത്തു. പൊതു ജനങ്ങള്‍ക്കു കൂടി ആശ്രയിക്കാവുന്ന തരത്തില്‍ ഇവ ജനകീയമായതും ലക്ഷ്യ പൂര്‍ത്തീകരണത്തിന് സഹായിച്ചു. എല്ലാ ജില്ലകളിലും ചലിക്കുന്ന ഭക്ഷ്യ സുരക്ഷാ ലാബുകളുള്ള ഏക സംസ്ഥാനം കൂടിയാണ് കേരളം. ഇതിനെല്ലാം പുറമെ ജനകീയമായ ഇടപെടലുകളും ഈ മേഖലയില്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിച്ചു. ഉപഭോക്തൃ സംരക്ഷണ സംഘടനകളുമായി സഹകരിച്ച് ഭക്ഷ്യ വസ്‌തുക്കളിൽ മായം ചേര്‍ക്കല്‍, ശരിയായ ലേബലിങ്, ശുചിത്വ മാന ദണ്ഡങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ക്ലാസുകള്‍ സംഘടിപ്പിച്ചു. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട അവകാശങ്ങളും കടമകളും ബോധ്യപ്പെടുത്തുന്നതിനായും ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുന്നുണ്ട്. മൂവായിരത്തോളം ക്ലാസ്സുകളാണ് സംസ്ഥാനത്താകെ സംഘടിപ്പിച്ചത്. 140 പഞ്ചായത്തുകളില്‍ ഭക്ഷ്യ സുരക്ഷ ഗ്രാമ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കി. 500 ഓളം സ്‌കൂളുകളില്‍ സേഫ് ആന്‍ഡ് ന്യൂട്രീഷ്യസ് ഫുഡ് അറ്റ് സ്‌കൂള്‍ പദ്ധതി നടപ്പാക്കി. ഭക്ഷ്യ മേഖലയില്‍ സംരംഭം തുടങ്ങുന്നവർക്കായി പരിശീലനങ്ങള്‍ നല്‍കി. സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ഇവയെ വിവിധ ക്യാമ്പസുകളാക്കി മാറ്റുകയും ചെയ്‌തു. ചെറു ധാന്യങ്ങള്‍, മൂല്യ വര്‍ധിത ഉൽപന്നങ്ങൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കാനായി സെമിനാറുകള്‍ നടത്തി.
2006-ലാണ് രാജ്യത്ത് ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര നിയമം അഥവാ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേഴ്‌സ് ആക്റ്റ് നടപ്പിലാക്കിയത്. രാജ്യത്തെ ഭക്ഷ്യ നിയമങ്ങളുടെ ഏകീകരണത്തിലും നിയന്ത്രണ സംവിധാനങ്ങളിലും കാലോചിതമായ മാറ്റം ഉറപ്പാക്കി, ഈ നിയമ പ്രകാരമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റ് രൂപീകരിച്ചത്. 2016-ലാണ് സംസ്ഥാനത്ത് ദേശീയ ഭക്ഷ്യ ഭദ്രത നിയമം നടപ്പിലാക്കിയത്.
സമഗ്രമായ ഭക്ഷ്യ സുരക്ഷാ നയം, കര്‍ശനമായ ഭക്ഷ്യ സുരക്ഷാ നടപടികള്‍, വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍, ശക്തമായ നിരീക്ഷണം, ജനകീയ ഇടപെടലുകള്‍ എന്നിവയിലൂടെയാണ് തമിഴ്‌നാട്, ജമ്മു കശ്‌മീർ, ഗുജറാത്ത് എന്നിവയെ പിന്തള്ളി കേരളം ഒന്നാമതെത്തിയത്. പൊതുജനാരോഗ്യത്തോടുള്ള സംസ്ഥാനത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ തെളിവാണ് കേരളത്തിന്റെ സ്ഥിരതയുള്ള റാങ്കിങ്. നല്ല ഭക്ഷണം ഒരു നാടിന്റെ പുരോഗതിയുടെ അടയാളമാണ്. അതിന്റെ അഭിമാനം നമുക്കും സര്‍ക്കാരിനും ഭാവി തലമുറയ്ക്കും സ്വന്തം.