യുവ സംരംഭകര്‍ക്ക് ഒരു വേദി

യുവ സംരംഭകര്‍ക്ക് ഒരു വേദി
അനൂപ് അംബിക
സി ഇ ഒ, സ്റ്റാർട്ടപ്പ് മിഷന്‍

രാജ്യത്തെ ഏറ്റവും ചടുലമായ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയെന്ന നിലയില്‍ വിവിധ മേഖലയിലുള്ള നിക്ഷേപകരെ സംസ്ഥാനത്തേക്കാകര്‍ഷിക്കാനാണ് സ്റ്റാർട്ടപ്പ് മിഷന്‍ ഹഡില്‍ ഗ്ളോബല്‍ സംഘടിപ്പിക്കുന്നത്. വ്യവസായ സൗഹൃദത്തില്‍ രാജ്യത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കേരളത്തിന്റെ സല്‍പ്പേര് സ്റ്റാർട്ടപ്പ് മേഖലയ്ക്കും മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്. കേരളത്തിന്റെ സ്റ്റാർട്ടപ്പ് മേഖലയെ ഉന്നതിയിലെത്തിക്കുക, പുതിയ സാങ്കേതിക വിദ്യയില്‍ അധിഷ്‌ഠിതമായ ഉല്‍പങ്ങളും സേവനങ്ങളും വന്‍ തോതില്‍ ലഭ്യമാക്കുന്ന ആഗോള കേന്ദ്രമാക്കി കേരളത്തെ മാറ്റുക തുടങ്ങിയവയും ഹഡില്‍ ഗ്ലോബലിന്റെ ലക്ഷ്യങ്ങളാണ്.

പുതിയ ആശയങ്ങളും ഉൽപന്നങ്ങളുമുള്ള കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് വലിയ അവസരമൊരുക്കുന്ന ഹഡില്‍ ഗ്ലോബലില്‍ എഡ്യൂടെക്, ഓഗ്‌മെന്റഡ് റിയാലിറ്റി/വെര്‍ച്വല്‍ റിയാലിറ്റി, ഫിന്‍ടെക്, ലൈഫ് സയന്‍സ്, സ്‌പേസ്‌ടെക്, ഹെല്‍ത്ത്‌ ടെക്, ബ്ലോക്ക് ചെയ്ന്‍, ഐഒടി, ഇ-ഗവേണന്‍സ്, ആർട്ടിഫിഷ്യൽ ഇന്റലിജന്‍സ് / മെഷീന്‍ ലേണിങ് മേഖലകളിലെ സംരംഭങ്ങള്‍ക്ക് പങ്കെടുക്കാം. 2018-മുതല്‍ നടക്കുന്ന ഹഡില്‍ ഗ്ലോബല്‍ സമ്മേളനങ്ങളില്‍ തുടര്‍ച്ചയായി അയ്യായിരത്തിലധികം സ്റ്റാർട്ടപ്പുകൾ ഇതിനകം പങ്കെടുത്തിട്ടുണ്ട്.

ആഗോള പ്രശസ്‌തരായ സ്റ്റാർട്ടപ്പ് സംരംഭകരുടെ അനുഭവങ്ങള്‍ ഹഡില്‍ ഗ്ലോബലില്‍ പങ്കുവയ്ക്കും. സംരംഭങ്ങള്‍ക്കുള്ള ആശയ രൂപകല്‍പന, ബിസിനസ് തന്ത്രങ്ങള്‍, ഫണ്ട് സമാഹരണം, കമ്പോളവല്‍ക്കരണം തുടങ്ങിയവയില്‍ യുവ സംരംഭകര്‍ക്ക് വിവിധ രംഗങ്ങളിലെ വിദഗ്‌ധർ മാര്‍ഗ നിര്‍ദേശം നല്‍കും. വ്യവസായ പ്രമുഖര്‍, ഗവേഷണ സ്ഥാപന മേധാവികള്‍, സര്‍വകലാശാലാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.

സ്റ്റാർട്ടപ്പുകൾക്ക് ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും സാങ്കേതിക-വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കുന്നതിനുമുള്ള അവസരം ഹഡില്‍ ഗ്ലോബലിലുണ്ടാകും. നിക്ഷേപകര്‍ക്ക് മികച്ച സ്റ്റാർട്ടപ്പുകളെ കണ്ടെത്താനും നിക്ഷേപം നടത്താനുമുള്ള അവസരവും ലഭിക്കും. സംരംഭകര്‍ക്കിടയിലെ ആശയ വിനിമയം മെച്ചപ്പെടുത്തണമെന്ന ലക്ഷ്യവും ഹഡില്‍ ഗ്ലോബലിനുണ്ട്. സ്റ്റാർട്ടപ്പ് എക്‌സ്‌പോ, റൗണ്ട് ടേബിള്‍ ചര്‍ച്ചകള്‍, നിക്ഷേപക സംഗമങ്ങള്‍, ശില്‍പ ശാലകള്‍, മെന്റര്‍ മീറ്റിങ്ങുകള്‍ തുടങ്ങിയവയ്‌ക്കൊപ്പം സ്റ്റേജ് പരിപാടികളും ഇത്തവണത്തെ സംഗമത്തിന്റെ സവിശേഷതയാണ്.

സ്റ്റാർട്ടപ്പുകൾക്ക് വളരാനുള്ള അവസരമൊരുക്കി സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയെ സുഗമമാക്കാന്‍ ഹഡില്‍ ഗ്ലോബല്‍ 2023 ലൂടെ ലക്ഷ്യമിടുന്നു. മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, നയകര്‍ത്താക്കള്‍ തുടങ്ങിയവര്‍ ഹഡില്‍ ഗ്ലോബലില്‍ സംസാരിക്കും. 150 നിക്ഷേപകരുള്ള ഇന്‍വെസ്റ്റര്‍ ഓപ്പൺ പിച്ചുകള്‍, ഐഇഡിസി ഹാക്കത്തോൺ, ദേശീയ അന്തര്‍ ദേശീയ സ്റ്റാർട്ടപ്പ് ഉൽപന്ന, ഫണ്ടിംഗ് പ്രഖ്യാപനങ്ങള്‍, ആഗോള തലത്തില്‍ സ്റ്റാർട്ടപ്പുകൾക്കുള്ള ബിസിനസ് അവസരങ്ങള്‍ മനസ്സിലാക്കാൻ അന്താരാഷ്ട്ര എംബസികളുമായും വ്യാപാര സ്ഥാപനങ്ങളുമായും വ്യവസായ വിദഗ്‌ധരുമായുള്ള പാനല്‍ ചര്‍ച്ചകള്‍, നിക്ഷേപ അവസരങ്ങള്‍ മനസ്സിലാക്കാന്‍ നിക്ഷേപകരുമായുള്ള പാനല്‍ ചര്‍ച്ചകള്‍, നെറ്റ് വര്‍ക്കിങ്, മെന്റര്‍ സ്‌പീഡ് ഡേറ്റിങ്, നിക്ഷേപക കഫേ, കോര്‍പ്പറേറ്റ് നിക്ഷേപ പ്രഖ്യാപനങ്ങള്‍, സ്റ്റാർട്ടപ്പുകളെ പിന്തുണയ്‌ക്കുന്നതിനായി വിവിധ സ്ഥാപനങ്ങളുമായി ധാരണാ പത്രം ഒപ്പിടല്‍, മറ്റ് ബിസിനസ്-നിക്ഷേപ അധിഷ്‌ഠിത പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഹഡില്‍ ഗ്ലോബലിന്റെ സവിശേഷതയാണ്.