മാറ്റം കൊണ്ടു വന്ന ഏക ജാലകം
മാറ്റം കൊണ്ടു വന്ന ഏക ജാലകം
സി. ജെ. ജോര്‍ജ്
എംഡി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസില്‍ കേരളം ഒന്നാമത് എന്നത് ഇന്ത്യയില്‍ ആരും പ്രതീക്ഷിച്ചിട്ടില്ല എന്നുള്ളതാണ് യാഥാര്‍ഥ്യം. രാജ്യം ഒരിക്കലും പ്രതീക്ഷിക്കാത്ത രീതിയിലേക്ക് കേരളത്തിന്റെ വ്യാവസായിക രംഗം മാറിയിരിക്കുന്നു എന്നതിന്റെ തെളിവാണ് കേന്ദ്ര സര്‍ക്കാര്‍ ഈസ് ഓഫ് ഡൂയിംഗ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നല്‍കി കേരളത്തെ ആദരിച്ചതു കൊണ്ട് നാം മനസ്സിലാക്കേണ്ടത്. അങ്ങനെ ഒരു വലിയ മാറ്റം ഈ രംഗത്തുണ്ടായി എന്നത് മലയാളികള്‍ക്ക് എല്ലാം അഭിമാനിക്കാവുന്ന കാര്യമാണ്.
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസില്‍ ഒന്നാമത് എന്നത് ഏതെങ്കിലും ഒരു ദിവസം കൊണ്ട് ഉണ്ടായ നേട്ടമല്ല. കുറേക്കാലമായി കേരളത്തില്‍ ഇതിനു വേണ്ടിയുള്ള ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ വ്യവസായ വകുപ്പും കെഎസ്ഐഡിസിയുമെല്ലാം ചേർന്ന് സ്വീകരിക്കുന്നു. വ്യക്തമായ നടപടികളെടുത്ത് മുന്നോട്ടു പോയതിന്റെ പ്രതിഫലനമാണ് നാം ഇന്ന് കാണുന്നത്. ഈ മുന്നേറ്റത്തിന് സഹായിച്ച പ്രധാനപ്പെട്ട നടപടിയാണ് സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ്. ലൈസന്‍സിനായും പെര്‍മിഷനുകള്‍ക്കായും പല വകുപ്പുകള്‍ കയറിയിറങ്ങി ധാരാളം സമയം കളഞ്ഞ ഒരു ഭൂതകാലം നമുക്കുണ്ട്. ആ കാലത്തില്‍ നിന്ന് ഒരു വലിയ മാറ്റമാണ് ഏകജാലക സംവിധാനം വഴി നേടിയത്. പടിപടിയായി ഇത്തരം നടപടികള്‍ സ്വീകരിച്ചാണ് റാങ്കിങ്ങില്‍ കേരളം ഒന്നാമതെത്തിയത്.
വ്യവസായ നയത്തിന്റെ പ്രാധാന്യം
ഏറ്റവും പ്രധാനപ്പെട്ട കാര്യം പുതുതായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന വ്യവസായ നയം തന്നെയാണ്. എല്ലാ വ്യവസായങ്ങള്‍ക്കും അനുയോജ്യമായ ഒരു സംസ്ഥാനമല്ല കേരളം. കേരളത്തിനനുയോജ്യമായ വ്യവസായങ്ങള്‍ ഏതാണെന്നും ആ വ്യവസായങ്ങള്‍ക്ക് ഉണ്ടാകേണ്ട സപ്പോർട്ട് സിസ്റ്റത്തെക്കുറിച്ചും വ്യക്തമായ കാഴ്‌ചപ്പാട് സര്‍ക്കാരിനുണ്ട്. കേരളത്തിനനുയോജ്യമായ വ്യവസായങ്ങള്‍ കൊണ്ടു വരികയും പ്രോത്സാഹിപ്പിക്കുകയും ഇന്‍സെന്റീവ് കൊടുക്കുകയും ഒക്കെ ചെയ്യുന്നത് വ്യക്തമായി പ്രതിപാദിക്കുന്ന വ്യവസായ നയമാണ് നമുക്കുള്ളത്. അതു കൊണ്ടു തന്നെ വ്യവസായ നയം നമ്മുടെ ഭാവിയിലെ പുരോഗതിക്ക് വലിയ അടിത്തറയായി മാറുമെന്നാണ് പ്രതീക്ഷ.
സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവർ ഈ വ്യവസായ നയം പരിശോധിച്ചാല്‍ കേരളത്തില്‍ തുടങ്ങാന്‍ പറ്റിയ വ്യവസായമാണോ, ഏതൊക്കെയാണ് സംസ്ഥാന സര്‍ക്കാര്‍ ഫോക്കസ് ഏരിയയായി പരിഗണിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ മനസ്സിലാക്കാനാകും. ഫോക്കസ് ഏരിയയില്‍ പെടുന്ന വ്യവസായങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനവും ഇന്‍സെന്റീവുകളും ലഭിക്കും. ഇത്തരം കാര്യങ്ങള്‍ വ്യവസായ നയത്തില്‍ വ്യക്തമാക്കുന്നു എന്നതു തന്നെ സുതാര്യതയുടെ അടയാളമാണ്. എല്ലാ വിവരങ്ങളും വളരെ വ്യക്തമായും സുതാര്യമായും പ്രതിപാദിക്കുന്ന രേഖ എന്ന നിലയില്‍ സംരംഭകരെ സംബന്ധിച്ചിടത്തോളം ഈ വ്യവസായ നയം വ്യക്തമായ കാഴ്‌ചപ്പാട് നല്‍കും.
കേരളത്തെക്കുറിച്ച് അറിയാവുന്ന എല്ലാവരും അംഗീകരിക്കുന്ന ഒന്നാണ് സേവന രംഗം അഥവാ സര്‍വീസ് ഇന്‍ഡസ്ട്രീസ് ആണ് സംസ്ഥാനത്തിന് ഏറ്റവും അനുയോജ്യമായത് എന്നത്. വലിയ ഉല്‍പാദനങ്ങള്‍ക്കാവശ്യമായ ഭൂമി ലഭിക്കുക എന്നത് ഇവിടെ പ്രയാസകരമാണ്. മലിനീകരണം സംബന്ധിച്ച് കൃത്യമായ നിയമങ്ങള്‍ പാലിക്കപ്പെടേണ്ട സംസ്ഥാനം കൂടിയാണിത്. ആ നിലയ്ക്ക് ചില പരിമിതികള്‍ നമുക്കുണ്ട്. സേവന രംഗം കഴിഞ്ഞാല്‍ ഹൈ-എന്‍ഡ് ഇലക്‌ട്രോണിക്‌സ് മാനുഫാക്‌ചറിങ്ങ്, മെഡിക്കല്‍ ഉപകരണങ്ങളുടെ ഉല്‍പാദനം, അധികം സ്ഥല സൗകര്യം ആവശ്യമില്ലാത്ത വ്യവസായങ്ങള്‍ തുടങ്ങിയവയ്ക്കാകും കൂടുതല്‍ സാധ്യത. മികച്ച നൈപുണ്യമുള്ള മാനവ വിഭവ ശേഷി ലഭിക്കുന്ന സംസ്ഥാനം എന്ന നിലയില്‍ ഹൈ-എന്‍ഡ് ടെക്നോളജി ഉപയോഗിക്കുന്ന ഏത് വ്യവസായത്തിനും പറ്റിയ സംസ്ഥാനമാണ് കേരളം.
കേരളത്തിന് പുറത്തും വിദേശത്തും നിന്നുള്ള നിക്ഷേപകരെ സംബന്ധിച്ചിടത്തോളം കേരളം അവര്‍ പ്രതീക്ഷിക്കുന്ന ഏറ്റവും നല്ല സാഹചര്യം ഒരുക്കുന്ന സംസ്ഥാനമാണ്. ഏറ്റവും നല്ല ക്രമസമാധാന നിലയും സാമുദായിക ഐക്യവുമുള്ള സംസ്ഥാനം. ഏത് സാമൂഹിക മാനദണ്ഡങ്ങള്‍ വെച്ചു നോക്കിയാലും രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാണെന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ റാങ്കിങിലും ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിലും ഒന്നാം സ്ഥാനം എന്ന മഹത്തായ നേട്ടം ഒരു നിക്ഷേപകനെ സംബന്ധിച്ചിടത്തോളം രാജ്യത്തെ ഏറ്റവും ആകര്‍ഷകമായ ഭൂപ്രദേശമായി കേരളത്തെ മാറ്റി. വിദ്യാഭ്യാസ മേഖലയില്‍ കൈവരിച്ച പുരോഗതി, മികവുറ്റ ധാരാളം എന്‍ജിനീയറിങ് കോളജുകളുടെയും ആർട്‌സ്, സയന്‍സ് കോളേജുകളുടെയും സാന്നിധ്യം എന്നിവയെല്ലാം കേരളത്തെ ആകർഷകമാക്കുന്നുണ്ട്.