പരിസ്ഥിതിബോധമുള്ള നിക്ഷേപകര്‍ക്ക് കേരളം ആകര്‍ഷകം

പരിസ്ഥിതി ബോധമുള്ള നിക്ഷേപകര്‍ക്ക് കേരളം ആകര്‍ഷകം
അജു ജേക്കബ്
ഡയറക്‌ടർ,  സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് പ്രൈ.ലിമിറ്റഡ്
ചെയര്‍മാന്‍, സി.ഐ.ഐ കേരള

ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിലെ ഉയർന്ന റാങ്ക് കേരളത്തിലെ വ്യവസായ അന്തരീക്ഷം മെച്ചപ്പെട്ടതിന് തെളിവ് ആണ്. വിവിധ വകുപ്പുകളുടെ ഏകോപിത ശ്രമങ്ങളും കാര്യക്ഷമതയും ആണ് ഈ നേട്ടത്തിന് കാരണം. സുതാര്യത വർധിപ്പിക്കുന്നതിനും സംരംഭകര്‍ക്ക് വിവരങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനും ലക്ഷ്യമിട്ട് വിവിധ നയ പരിഷ്‌കാരങ്ങള്‍ സംസ്ഥാനം നടപ്പാക്കിയിട്ടുണ്ട്.

ഈ ഉയർന്ന റാങ്കിങ്ങിലൂടെ ആഭ്യന്തര, അന്തര്‍ ദേശീയ നിക്ഷേപകര്‍ കേരളത്തെ നിക്ഷേപത്തിന് അനുയോജ്യമായ സ്ഥലമായി പരിഗണിക്കും. പൊതു സേവന സൗകര്യങ്ങളും മെച്ചപ്പെടുന്നത് ബിസിനസുകള്‍ക്കും താമസക്കാര്‍ക്കും പ്രയോജനപ്പെടും. കേരളം നൂതനമായ നയങ്ങള്‍ സ്വീകരിച്ച് മത്സര ബുദ്ധിയോടെ നില നില്‍ക്കണം.

ചുരുങ്ങിയ സമയം ഉപയോഗിച്ച് സംരംഭകര്‍ക്ക് വ്യാവസായം ആരംഭിക്കാനുള്ള രജിസ്ട്രേഷന്‍ ചെയ്യല്‍ ഓൺലൈൻ ഏക ജാലക ക്ലിയറന്‍സ് സിസ്റ്റം നടപ്പാക്കിയതിലൂടെ എളുപ്പമായി. ഗവൺമെന്റ് സേവനങ്ങളില്‍ സാങ്കേതിക പുരോഗതി വന്നതിലൂടെ പ്രവര്‍ത്തന ക്ഷമത കൂടുതല്‍ വര്‍ധിച്ചു. രജിസ്ട്രേഷനുകള്‍ക്കും അംഗീകാരങ്ങള്‍ക്കും എടുക്കുന്ന സമയം ഗണ്യമായി കുറഞ്ഞു, ഇത് വേഗത്തില്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സഹായിക്കും.

ഈസ് ഒഫ് ഡൂയിങ്ങ് ബിസിനസിലെ മികച്ച പ്രകടനം നിക്ഷേപകര്‍ക്ക് വിശ്വാസ്യതയും ഉറപ്പും നൽകുന്നു. ഇപ്പോള്‍ സംസ്ഥാനം സമയ ബന്ധിതവും തടസ്സരഹിതവുമായ സേവനങ്ങള്‍ നൽകുന്നുണ്ട്. വ്യാവസായിക അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനും ആഭ്യന്തര, അന്തര്‍ദേശീയ വിപണികളില്‍ നിന്ന് കൂടുതല്‍ നിക്ഷേപകരെ ആകർഷിക്കുന്നതിനും ഇത് സഹായകമാണ്.

സിന്തറ്റിക് ബയോളജി, എയ്‌റോ സ്‌പേസ് തുടങ്ങിയ വൈവിധ്യ സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള ബിസിനസ്സുകള്‍ക്ക് കേരളം അനുയോജ്യമാണ്. ടൂറിസം, ആരോഗ്യം, വിവര സാങ്കേതിക വിദ്യ, പരിസ്ഥിതി സൗഹൃദ ഉല്‍പങ്ങള്‍ തുടങ്ങിയ മേഖലകളില്‍ സംസ്ഥാനം മികവ് പുലർത്തുന്നു. സുസ്ഥിരമായ വ്യവസായ രീതികള്‍ പ്രോത്സാഹിപ്പിക്കുന്നത് കേരളത്തെ പരിസ്ഥിതി ബോധമുള്ള നിക്ഷേപകര്‍ക്ക് ആകര്‍ഷകമായ സ്ഥലമാക്കി മാറുന്നു.