സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ഫലം

സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ഫലം
എ. നിസാറുദ്ദീന്‍
കെ എസ് എസ് ഐ എ സംസ്ഥാന പ്രസിഡന്റ്

വ്യവസായ രംഗത്ത് ലൈസന്‍സ് സംബന്ധമായ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിന് ഏഴ് ആക്റ്റുകളും 10 ചട്ടങ്ങളും ഭേദഗതി ചെയ്യുകയുണ്ടായി. എല്ലാ ലൈസന്‍സുകളും ഒരേ സ്ഥലത്ത് നിന്ന് ലഭിക്കുന്നതിനു വേണ്ടി കെ-സ്വിഫ്റ്റ് മുഖാന്തരം ഏക ജാലക സംവിധാനം നടപ്പിലാക്കി. ലൈസന്‍സിനപേക്ഷിച്ചാല്‍ നിശ്ചിത സമയത്തിനുള്ളില്‍ അനുമതി, 60 വര്‍ഷത്തിലധികം പഴക്കമുള്ള വ്യവസായ വകുപ്പിന്റെ കീഴിലുള്ള എസ്റ്റേറ്റുകളിലെ പരിഷ്‌കരിച്ച ലാന്‍ഡ് അലോട്ട്മെന്റ് പോളിസിയില്‍ ശാശ്വത പരിഹാരം, കിന്‍ഫ്രാ, കെ.എസ്.ഐ.ഡി.സി എന്നീ സ്ഥാപനങ്ങളുടെ കീഴിലുള്ള എസ്റ്റേറ്റുകളിലെ പരിഷ്‌കരിച്ച ലാന്റ് അലോട്‌മെന്റ് പോളിസി ഉത്തരവ്, സ്വകാര്യ വ്യവസായ പാര്‍ക്കും കാമ്പസ് വ്യവസായ പാര്‍ക്കും സ്ഥാപിക്കുന്നതിനുള്ള  അനുമതി, ലൈസന്‍സുകളുടെ കാലാവധി അഞ്ച് വര്‍ഷമാക്കല്‍, വ്യവസായ എസ്റ്റേറ്റില്‍ വ്യവസായ കെട്ടിടങ്ങൾ സ്ഥാപിക്കുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അനുമതി ഒഴിവാക്കല്‍, ഏതെങ്കിലും പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനം അടച്ച് പൂട്ടുന്നതിനു സ്റ്റോപ്പ് മെമ്മോ നല്‍കാനുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാർക്കുള്ള അധികാരം റദ്ദാക്കല്‍, സംരംഭകരുടെ പരാതികളില്‍ പ്രശ്‌ന പരിഹാര സമിതികള്‍, വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള അധികാരം നല്‍കി കൊണ്ടുള്ള സമിതികള്‍, വ്യവസായ എസ്റ്റേറ്റുകളെ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡിന്റെ അധികാര പരിധിയില്‍പ്പെടുത്തി നോട്ടിഫൈഡ് ഏരിയകളായി പ്രഖ്യാപിക്കല്‍, എസ്റ്റേറ്റുകളിലെ സംരംഭകരുടെ കെട്ടിടങ്ങൾക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പിരിക്കുന്ന വസ്‌തു നികുതിയിൽ നിന്ന് ഒഴിവാക്കല്‍, സംരംഭകര്‍ക്കുള്ള പരിരക്ഷ നൽകുന്നതിനുള്ള ഇന്‍ഷുറന്‍സ് പദ്ധതി, മൈക്രോ, സ്മോള്‍ എന്റര്‍പ്രൈസ് ഫെസിലിറ്റേഷന്‍ കൗൺസിൽ വരുന്ന പരാതികളുടെ ആധിക്യം പരിഹരിക്കാന്‍ മൂന്ന് സോണല്‍ ബെഞ്ച് സ്ഥാപിക്കല്‍, കെഎസ്ഐഡിസി മിഷന്‍ 1000 മുഖാന്തിരം വനിതാ സംരംഭകര്‍ക്കുള്ള വായ്‌പ 25 ലക്ഷത്തില്‍ നിന്നും 50 ലക്ഷമായി വര്‍ധിപ്പിക്കല്‍, ചെറുകിട വ്യവസായികള്‍ നേരിടുന്ന പ്രവര്‍ത്തന മൂലധന സബ്‌സിഡി കാല താമസം ഒഴിവാക്കാന്‍ ട്രെഡ് റിസീവബിള്‍ ഇലക്ട്രോണിക്‌സ് ഡിസ്‌ക്കൗണ്ട് സിസ്റ്റം (TReDS) പദ്ധതി, വൈദ്യുതി കുടിശ്ശികകള്‍ക്ക് മിതമായ പലിശ നിരക്കില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി, 2022 ഒക്ടോബറിന് മുമ്പ് ലൈസന്‍സ് ഇല്ലാതെ പ്രവർത്തിക്കുന്ന തടി മില്ലുകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അനുമതി, നാല് വര്‍ഷം കൊണ്ട് നിലവിലുള്ള 1000 എം.എസ്.എം.ഇകളെ ശരാശരി 1001 കോടി വിറ്റു വരവുള്ള സ്ഥാപനങ്ങളായി ഉയര്‍ത്താന്‍ മിഷന്‍ 1000 പദ്ധതി തുടങ്ങി ഈ കാല ഘട്ടത്തിൽ നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങള്‍ റാങ്കിങ് ഉയര്‍ത്താന്‍ സഹായകരമായി.

കാര്‍ഷിക മേഖല, ഭക്ഷ്യ അധിഷ്‌ഠിത വ്യവസായങ്ങള്‍, റബ്ബര്‍ അധിഷ്‌ഠിത വ്യവസായം, പാദ രക്ഷാ നിര്‍മ്മാണ വ്യവസായം, ഐടി, ആയുര്‍വേദ മേഖലകള്‍ എന്നിവ കേരളത്തില്‍ വളരാന്‍ സാധ്യതയുള്ള മേഖലകളാണ്.