ഇത് മാറ്റത്തിന്റെ കേരളം
ഇത് മാറ്റത്തിന്റെ കേരളം
ഡോ. എം. ഐ.സഹദുള്ള
ചെയര്‍മാന്‍, കിംസ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ലിമിറ്റഡ്
വ്യാവസായ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ സമാനതകളില്ലാത്ത പരിഷ്‌കാരങ്ങളാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൊണ്ടു വന്നത്. കെ-സ്വിഫ്റ്റ് പോർട്ടലിന്റെ നവീകരണം, കോമ്പോസിറ്റ് ലൈസന്‍സ്, ഇന്‍വെസ്റ്റ് കേരള പോർട്ടലിന്റെ നവീകരണം, പരാതി പരിഹാര സംവിധാനം, കേന്ദ്രീകൃത പരിശോധനാ സംവിധാനം, ലൈസന്‍സുകളുടെ ഓട്ടോ പുതുക്കല്‍, ഗ്രീന്‍ ആന്‍ഡ് വൈറ്റ് വ്യവസായങ്ങള്‍ക്കുള്ള ഇളവ്, കിന്‍ഫ്ര, കെ എസ് ഐ ഡി സി പാര്‍ക്കുകള്‍ക്കുള്ള പാട്ടത്തിന് നൽകുന്നതിന്റെ നയത്തിലെ പരിഷ്‌കാരങ്ങള്‍, സ്വകാര്യ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍, കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ എന്നിവ ആരംഭിക്കുന്നതിനുള്ള അംഗീകാരം തുടങ്ങിയവ സംസ്ഥാനത്തെ വ്യാവസായിക അന്തരീക്ഷത്തില്‍ വലിയ മാറ്റം സൃഷ്‌ടിച്ചിട്ടുണ്ട്.
ലോജിസ്റ്റിക്‌സ് കയറ്റുമതി, കേരള പ്ലാന്റേഷന്‍ നയങ്ങള്‍, വ്യാവസായിക ഭൂമികളുടെ മാപ്പിങ്ങ്, കരട് കേരള റീട്ടെയിൽ നയം തുടങ്ങിയവ സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപം ആകർഷിക്കുന്നതിന് സഹായകമാണ്. സംരംഭകത്വ വര്‍ഷവും തുടർന്ന് മിഷന്‍ 1000 സ്‌കെയിലിങും സര്‍ക്കാരിന്റെ സംരംഭങ്ങളാണ്. വ്യവസായ മന്ത്രിയും മുതിർന്ന ഉദ്യോഗസ്ഥരും പ്രധാന വ്യവസായ സ്ഥാപനങ്ങളുമായി നടത്തുന്ന പതിവ് കൂടിക്കാഴ്‌ചയും നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കുന്നതും സൗഹൃദ സമീപനവും നയ പരിഷ്‌കാരങ്ങളില്‍ പ്രസക്തമായ വശങ്ങള്‍ ഉള്‍പ്പെടുത്തിയതും എല്ലാം അഭിനന്ദനാര്‍ഹമാണ്.
കേരള ബ്രാന്‍ഡിന് കീഴില്‍ വിപണനത്തിനായി തെരഞ്ഞെടുത്ത ഉൽപന്നങ്ങളുടെ സർട്ടിഫിക്കേഷൻ ആരംഭിക്കുന്നതോടെ ദേശീയ തലത്തിലും ആഗോള തലത്തിലും എം.എസ്.എം.ഇ ഉൽപന്നങ്ങൾക്ക് പ്രോത്സാഹനം ലഭിക്കും. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തിന് 12,000 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി എന്നാണ് വിവരം. ഈ വര്‍ഷം കേരളത്തിന് ഏകദേശം 1,35,000 എം എസ് എം ഇ കളെ സമാഹരിക്കാന്‍ കഴിയും.
ആരോഗ്യം, വിദ്യാഭ്യാസം, ലിംഗ സമത്വം എന്നിവയുമായി ബന്ധപ്പെട്ട സുസ്ഥിര വികസനങ്ങളില്‍ കേരളം മുന്നിട്ടു നിൽക്കുന്നു. കേരളത്തില്‍ നിക്ഷേപം തേടുന്ന ഏതൊരു നിക്ഷേപകനും നമ്മുടെ വിദ്യാസമ്പന്നരായ ജനതയെ സ്വീകരിക്കും. പരിസ്ഥിതി, സാമൂഹിക, ഭരണ നിര്‍വഹണ കാര്യങ്ങളില്‍ ശക്തമായ ഊന്നൽ നൽകുന്ന സംവിധാനവും സംസ്ഥാനത്തുണ്ട്. ഇത് ഇപ്പോള്‍ പല ബഹു രാഷ്ട്ര കമ്പനികളുടെയും മാനദണ്ഡമാണ്. 97% ഉയർന്ന ടെലി സാന്ദ്രത ഉള്ളത് കേരളത്തിലാണ്. ഇത് ഇന്ത്യയുടെ ഐ ടി മേഖലയില്‍ ഏറ്റവും ഉയർന്ന സമ്പത്താണ്. സാമ്പത്തിക മേഖലയും സേവന മേഖലയും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. നിക്ഷേപകരുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ നല്ല രീതിയിലാണ് പ്രതികരിക്കുന്നത്. സംസ്ഥാനത്തിന്റെ ദീര്‍ഘകാല നേട്ടത്തിന് ഉതകുന്ന നിര്‍ദേശങ്ങള്‍ നിക്ഷേപകര്‍ മുന്നോട്ടു വെക്കുമ്പോൾ നിലവിലുള്ള നയങ്ങള്‍ പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ മടിക്കാറില്ല.
മറ്റു ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ഒരു ഉല്‍പാദന സംസ്ഥാനമല്ലെങ്കിലും കേരളത്തിന്റെ ശക്തി അതിന്റെ നൈപുണ്യമുള്ള മനുഷ്യ മൂലധനമാണ്. എം എസ് എം ഇ കളെ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളം എല്ലായ്‌പ്പോഴും മികച്ച പ്രകടനം കാഴ്‌ച വെച്ചിട്ടുണ്ട്. ഊര്‍ജസ്വലമായ സ്റ്റാർട്ടപ്പ് സംവിധാനവുമുണ്ട്. ഈ നേട്ടം എം എസ് എം ഇ മേഖലകള്‍ വളരാന്‍ സഹായിക്കും. ഭക്ഷ്യ സംസ്‌കരണം, ആരോഗ്യം, മെഡിക്കല്‍ ഉപകരണങ്ങള്‍, ലോജിസ്റ്റിക്‌സ്, ഐടി, ഐടിഇഎസ്, റിന്യൂവബിള്‍ എനര്‍ജി, ടൂറിസം, ആയുര്‍വേദ ഗവേഷണം ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ടൂറിസം തുടങ്ങിയ പ്രധാന മേഖലകളില്‍ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നു. കേരളത്തിലെ സമ്പന്നമായ നൈപുണ്യമുള്ള മനുഷ്യ ശേഷി കണക്കിലെടുത്താല്‍ ആരോഗ്യം, മെഡിക്കല്‍ ഉപകരണങ്ങള്‍, ബയോ ടെക്‌നോളജി ആന്‍ഡ് ലൈഫ് സയന്‍സ്, റിന്യൂവല്‍ എനര്‍ജി, പെട്രോ കെമിക്കല്‍സ്, മൂല്യവര്‍ധിത റബ്ബര്‍ ഉൽപന്നങ്ങൾ, എയ്‌റോ സ്‌പേസ് ആന്‍ഡ് ഡിഫന്‍സ്, എഐ റോബോട്ടിക്‌സ്, ഇലക്ട്രോണിക് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്‌ചറിങ്ങ്, ടെക് ഫാമിങ്, മൾട്ടി മോഡൽ ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍, റീട്ടെയിൽ മേഖല എന്നീ മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കാനാവും.
തുറമുഖങ്ങളുടെ വികസനം, ഉഡാന്‍ വിമാനത്താവളങ്ങള്‍, എയ്റോ സിറ്റി തുടങ്ങിയവ പുതിയ പ്രോജക്റ്റുകള്‍ക്കും ധനകാര്യ കമ്പനികള്‍ക്കും കേരളത്തെ ആകര്‍ഷകമാക്കും. കൊച്ചി – ബാംഗ്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ തീര്‍ച്ചയായും നിക്ഷേപം ആകര്‍ഷിക്കും. സംസ്ഥാനത്തിന്റെ പുതിയ വ്യാവസായിക സാഹചര്യത്തില്‍ ഊന്നി നിന്ന്, സര്‍ക്കാരിന്റെ സംരക്ഷണം ഉറപ്പു നല്‍കി വന്‍കിട പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുകയും അവരുടെ വിശ്വാസം നേടിയെടുക്കുകയും വേണം. നിക്ഷേപകര്‍ക്ക് പ്രാരംഭ കാലയളവില്‍ ആവശ്യമായ പിന്തുണ നല്‍കണം. ഇത് നിക്ഷേപകര്‍ക്ക് സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ കൂടുതല്‍ ആത്മ വിശ്വാസം നല്‍കും.