പ്രതിജ്ഞാ ബദ്ധതയുടെ സന്ദേശം
പ്രതിജ്ഞാ ബദ്ധതയുടെ സന്ദേശം
സി. ബാലഗോപാല്‍
ചെയര്‍മാന്‍, കെ എസ് ഐ ഡി സി
കേരളത്തിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിലെ അവിശ്വസനീയമായ മുന്നേറ്റം കേരളത്തെ വ്യവസായ സൗഹൃദമാക്കുന്നതിൽ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്ന സന്ദേശമാണ് നൽകുന്നത്. സമീപ കാലത്തായി ദൃശ്യമാകുന്ന വ്യവസായത്തിന്റെയും സംരംഭങ്ങളുടെയും വളര്‍ച്ച ഇതിനെ സാധൂകരിക്കുന്നു. ഇവിടെ ബിസിനസ് ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന തെറ്റിദ്ധാരണയെ തള്ളിക്കളയുന്നതുമാണിത്. ഇത് സര്‍ക്കാരിന്റെയും സംസ്ഥാനത്തെ ജനങ്ങളുടെയും പരിശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ്. കൂടുതല്‍ സംരംഭ സൗഹൃദ നടപടികള്‍ സ്വീകരിക്കാന്‍ ഈ അംഗീകാരം പ്രോത്സാഹനമാകും.
കെ-സ്വിഫ്റ്റിന്റെ ഏക ജാലക സംവിധാനം ഒരു സംരംഭം ആരംഭിക്കുന്നതിനും നടത്തിക്കൊണ്ടു പോകുന്നതിനും ആവശ്യമായ പ്രക്രിയകളെ അങ്ങേയറ്റം ലളിതമാക്കി. ഏത് സംസ്ഥാനത്തോടും കിടപിടിക്കാവുന്ന സമഗ്ര പരിഷ്‌കാരമാണിത്. ഇതിനനുസൃതമായ രീതിയില്‍ നയപരവും നിയമ പരവുമായ മാറ്റങ്ങള്‍ വരുത്തുന്നതിനും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഒരു സംരംഭം രജിസ്റ്റര്‍ ചെയ്യുന്നതിനും ആരംഭിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള മുഴുവന്‍ പ്രക്രിയകളുടെയും സമഗ്രമായ പരിശോധനാ കേന്ദ്രം പോലെയാണ് കെ-സ്വിഫ്റ്റ് പ്രവർത്തിക്കുന്നത്.
അനുകൂല ഘടകങ്ങള്‍ ഒട്ടേറെ
കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉയർന്ന സാമൂഹിക സൂചകങ്ങള്‍ കൈവരിച്ച നാടാണ്. 0.75 എന്ന ഉയർന്ന റാങ്കുമായി കേരളം മാനവ വിഭവ വികസന സൂചകത്തിലും ഒന്നാമതാണ്. ഇന്ന് സംരംഭങ്ങളുടെ വിജയം ഉറപ്പാക്കുന്ന ഉല്‍പാദന ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് തൊഴില്‍ വൈദഗ്ധ്യമാണ്. ഉയർന്ന നഗര വല്‍ക്കരണം, നല്ലതും മിതമായ നിരക്കിലുള്ളതുമായ വീടുകള്‍, മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍, നല്ല പൊതു-സ്വകാര്യ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍, ആരും പിന്നോക്കം പോകരുതെന്ന കാഴ്‌ചപ്പാടുള്ള സാമൂഹിക ക്ഷേമ സംവിധാനം, സമാനതകളില്ലാത്ത സാമൂഹിക സൗഹാര്‍ദം തുടങ്ങി ഒട്ടനവധി ഘടകങ്ങളാല്‍ ആധുനിക സംരംഭങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കേരളം. ഈ അനുകൂല ഘടകങ്ങള്‍ കുറഞ്ഞ പ്രവര്‍ത്തനച്ചെലവും ഉയർന്ന ലാഭ ക്ഷമതയും ഉറപ്പാക്കുന്നുമുണ്ട്.
വിജ്ഞാനിധിഷ്‌ഠിത സംരംഭങ്ങള്‍ വഴി വലിയ വളര്‍ച്ച നേടാന്‍ കഴിയുന്ന നാടാണ് കേരളം. മികച്ച വിദ്യാഭ്യാസ സമ്പ്രദായവും ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗവേഷണങ്ങളും ഉയർന്ന വൈദഗ്ധ്യമുള്ള ആളുകളുടെ സ്ഥിരമായ ലഭ്യത പ്രാദേശികമായി ഉറപ്പാക്കുന്നു. ദേശീയ-സംസ്ഥാന ലബോറട്ടറികളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും സാന്നിധ്യം സംസ്ഥാനത്തെങ്ങും ശാസ്ത്ര പ്രതിഭകളും സൗകര്യങ്ങളും പ്രദാനം ചെയ്യും. ലൈഫ് സയന്‍സസ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ബയോ ടെക്നോളജി, എഞ്ചിനീയറിങ്ങ്, എഐ, അഡ്വാനസ്‌ഡ് കമ്പ്യൂട്ടിങ്ങ്, അഗ്രി-ബിസിനസ്, കപ്പല്‍ നിര്‍മ്മാണം, എംബഡഡ് സിസ്റ്റംസ്, ഇന്‍ഫോടെയ്ന്‍മെന്റ്, ഗെയിമിങ്, ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ, തുടങ്ങിയ മേഖലകളിലെ ഗവേഷണം, വികസനം, ഡിസൈന്‍, നൂതനാശയങ്ങള്‍, പ്രോട്ടോ ടൈപ്പിങ്ങ് എന്നിവയ്‌ക്ക് അനുയോജ്യമാണ് കേരളം.
മുഹമ്മദ് ഹനീഷ് ഐഎഎസ്
വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി
കെഎസ്‌ഐഡിസിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നിർവചിച്ചിരിക്കുന്ന പരിഷ്‌കാരങ്ങള്‍ എന്തൊക്കെയാണെന്നും അവ നേടിയെടുക്കുന്നതിന് എന്ത് തന്ത്രമാണ് പ്രയോഗിക്കേണ്ടത് എന്നും തീരുമാനിച്ച് അതിന്റെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളുമായി നിരന്തരം കൂടിയാലോചന നടത്തി. വകുപ്പുകളുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിത ഗതിയിലാക്കുന്നതിനായി ആവശ്യമുള്ളപ്പോള്‍ ജീവനക്കാരെ അധികമായി നല്‍കി. അന്തര്‍ ദേശീയ രംഗത്ത് തന്നെ പ്രാധാന്യം നേടിയിട്ടുള്ള സ്ഥാപനങ്ങളെയാണ് ഈ കാര്യങ്ങള്‍ക്കായി വിനിയോഗിച്ചത്. ഇതോടൊപ്പം ആളുകളില്‍ നിന്നുള്ള പ്രതികരണം സ്വീകരിച്ചു. എല്ലാവരുമായും നിരന്തരം സംവദിക്കുന്നതിനായി മാധ്യമ രംഗത്തുള്ള കൺസൾട്ടൻസികളെയും മറ്റു തരത്തിലുള്ള ആവശ്യങ്ങള്‍ക്കായി വിദഗ്‌ധരുടെ ഉപദേശങ്ങളും സ്വീകരിച്ചു വരുന്നു.
ഒമ്പതാം ദിവസം വ്യവസായ അനുമതി,
കേരളം മാറിക്കഴിഞ്ഞു
പദ്‌മഭൂഷൺ ഡോ. കൃഷ്ണ എം എല്ല
ഭാരത് ബയോടെക് സിഎംഡി
വ്യവസായത്തിനായി കേരളം തെരഞ്ഞെടുക്കരുതെന്നും ഇവിടുത്തെ സാഹചര്യം ഓഹരി വിപണിക്ക് സമാനമാണെന്നുമാണ് സഹ പ്രവര്‍ത്തകര്‍ പറഞ്ഞത്. പക്ഷേ അനുഭവത്തില്‍ നിന്ന് പറയട്ടെ, കേരള സര്‍ക്കാര്‍ വലിയ മാറ്റമാണ് കൊണ്ടു വന്നത്. കേരളം വ്യവസായങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സംസ്ഥാനമാണ്. കൊച്ചിയില്‍ ഒരു സുപ്രധാന പദ്ധതി തുടങ്ങാന്‍ കെഎസ്ഐ ഡിസി മുഖേന അപേക്ഷിച്ച് ഒമ്പതാം ദിവസം അനുമതിയായി. അഞ്ചു ദിവസത്തിനുള്ളില്‍ പണമടച്ചു. അനുബന്ധ നടപടികള്‍ നടക്കുന്നു. എന്നിട്ടും കേരളത്തെപ്പറ്റി രാജ്യത്ത് വ്യാജ പ്രചാരണമാണ് നടത്തുന്നത്. ഏതു ഗ്രാമത്തിലും വ്യവസായ യൂണിറ്റ് സ്ഥാപിക്കാന്‍ കഴിയുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.
(വ്യവസായ വകുപ്പ് സംഘടിപ്പിച്ച ബയോകണക്‌ട് കോൺക്ലേവിലെ പ്രതികരണം.)
എം.എ.യൂസഫലി
കേരളം ഇന്ന് മറ്റെല്ലാ സംസ്ഥാനങ്ങളേക്കാളും നം.1 ആയിട്ടുണ്ട്. അതില്‍ നമുക്ക് എല്ലാ പേര്‍ക്കും അഭിമാനിക്കാം. ആ നിലയ്ക്ക് ഇവിടെ ഒരുപാട് നിക്ഷേപങ്ങള്‍ വരണം. തൊഴില്‍ വേണം. ഇവിടെ കൂടുതല്‍ ജോലി സാധ്യതയുള്ള പ്രോജക്‌ടുകൾ വരേണ്ടത് ഭാവി തലമുറയ്ക്ക് ആവശ്യമാണ്.
തോമസ് ഒളിയ്ക്കല്‍
മരിയന്‍ അപ്പാരല്‍ പ്രൈവറ്റ് ലിമിറ്റഡ്
നല്ലൊരു വ്യവസായ ആശയവുമായി കേരളത്തിലെത്തിയാല്‍ വളരെ വേഗത്തില്‍ വ്യവസായം തുടങ്ങാന്‍ യാതൊരു തടസ്സവുമില്ല. വ്യവസായം തുടങ്ങാനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. അതാണ് വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെ ഒന്നാമതെത്തിച്ചത്. കേരളം വളരെയേറെ സാധ്യതയുള്ള സംസ്ഥാനമാണ്. പ്രത്യേകിച്ച് ഐ.ടി മേഖല, ഹെല്‍ത്ത് കെയര്‍, ടൂറിസം മേഖല, ഹോസ്‌പിറ്റാലിറ്റി അങ്ങനെ എല്ലാ മേഖലകളിലും കേരളത്തിനാവശ്യമായ വിദ്യാഭ്യാസമുള്ള ആളുകളെ കിട്ടും. അതുപോലെ തന്നെ റോഡ് സൗകര്യങ്ങള്‍ അതു പോലെ തന്നെ ദൈവത്തിന്റെ സ്വന്തം നാടെന്ന് ലോകമാകെ അംഗീകരിക്കുന്ന നമ്മുടെ കേരളത്തില്‍ നമുക്ക് ബിസിനസ്സ് തുടങ്ങാന്‍ ഈ ഗവൺമെന്റിന്റെ നേട്ടം സഹായിക്കും.
അജിത് കുമാര്‍ കെ
ചെയര്‍മാന്‍, ബോര്‍ഡ് ഫോര്‍ പബ്ലിക് സെക്‌ടർ ട്രാൻസ്‌ഫർമേഷൻ
കമ്പനികളുടെ കുടുതല്‍ വ്യക്തമായ ട്രാൻസ്‌ഫർമേഷനു വേണ്ടിയിട്ട് board for public sector transformation എന്ന പുതിയ സ്ഥാപനം ഉണ്ടാക്കിയിട്ടുണ്ട്. എല്ലാ മാസവും കമ്പനികളുടെ പ്രവര്‍ത്തനം മോണിറ്റര്‍ ചെയ്യുകയും അതിന്റെ റിപ്പോർട്ടുകളും വേണ്ട പരിഹാരങ്ങളും നിര്‍ദേശിച്ച് മുന്നോട്ടു പോകുകയാണ്. അതിന്റെ ഫലമായി പല കമ്പനികളും ലാഭത്തിലേക്ക് വരികയും പുതിയ പുതിയ ഉൽപന്നങ്ങളും പുതിയ പുതിയ മേഖലകളും നേടി മുന്നേറുവാനും സാധിച്ചു. കേരളത്തില്‍ ആദ്യമായിട്ട് പബ്ലിക് സെക്‌ടർ കമ്പനിയായ കയര്‍ കോര്‍പ്പറേഷന്‍ വാൾമാർട്ടിലേക്ക് വരെ പ്രോഡക്‌ട് കയറ്റുമതി ചെയ്യുന്ന ഒരു സാഹചര്യം ഇന്ന് നിലവിൽ വന്നു.
സോണി
ചീഫ് പ്രൊമോട്ടർ
ജേക്കബ് & റിച്ചാർഡ്‌സ് വ്യവസായ എസ്റ്റേറ്റ്
വ്യവസായം പുരോഗമിക്കണം. സ്ഥല പരിമിതിയുള്ള ആ സാഹചര്യങ്ങളില്‍ വേറിട്ട ചിന്താഗതിയോടുകൂടി വ്യവസായ പാര്‍ക്കുകള്‍ സ്വകാര്യ മേഖലകളില്‍ തുടങ്ങണം എന്ന ദീര്‍ഘ വീക്ഷണത്തോടു കൂടിയുള്ള നീക്കം ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് വളരെ അനുഗ്രഹപ്രദമായി.
2023-ല്‍ വന്ന നോട്ടിഫിക്കേഷന്റെ വെളിച്ചത്തില്‍ വിശ്വാസമുറച്ച് പുതിയൊരു പ്രോജക്‌ടായി ജേക്കബ് & റിച്ചാർഡ്‌സ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു വേണ്ടി അപ്ലൈ ചെയ്‌തു. ഏതാണ്ടൊരു രണ്ടു മാസം കൊണ്ട് അതിന്റെ സ്‌ക്രൂട്ടിണി തുടങ്ങി മറ്റു കാര്യങ്ങളെല്ലാം നടത്തി വളരെ വേഗം തന്നെ അതിന്റെ പെര്‍മിറ്റ് ഞങ്ങള്‍ക്ക് കിട്ടി. അതിനെ തുടർന്ന് ഉടൻ തന്നെ ഞങ്ങള്‍ അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിലേക്ക് കടന്നു.
ഫാ. അലക്‌സാണ്ടർ കൂടാരത്തില്‍
ഡോ.കെ.എം.ചെറിയാന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്
കേരളത്തില്‍ ഏത് പദ്ധതികള്‍ വന്നാലും, ആ പദ്ധതികള്‍ക്ക് വളരെ മികച്ച സൗകര്യങ്ങളാണ് കേരള സര്‍ക്കാര്‍ ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിന്റെ ഭാഗമായി കൊടുക്കുന്നത്. വിദേശ മലയാളികളെ സംബന്ധിച്ച് കേരളത്തിലെവിടെയും സംരംഭങ്ങള്‍ തുടങ്ങാനും യുവ ജനങ്ങള്‍ക്ക് ജോലി ലഭ്യമാക്കുവാന്‍ സംവിധാനങ്ങളുമുള്ള സൗഹൃദാന്തരീക്ഷമാണ് ഇപ്പോള്‍ ഇവിടെയുള്ളത്.