വെള്ളാനകള്‍ പഴങ്കഥ ഇത് പുതിയ കേരളം
വെള്ളാനകള്‍ പഴങ്കഥ ഇത് പുതിയ കേരളം
പി. രാജീവ്
വ്യവസായ വകുപ്പ് മന്ത്രി / ജനപഥം എഡിറ്റോറിയല്‍
? ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങില്‍ കേരളം ഒന്നാമതെത്തിയിരിക്കുകയാണ്. ഈ വലിയ നേട്ടത്തിലേക്കു നയിച്ച പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ?
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആദ്യ ഘട്ടത്തിൽ തന്നെ കേരളത്തിലെ സംരംഭക ലോകവുമായി നിരവധി ചര്‍ച്ചകള്‍ ഞങ്ങള്‍ സംഘടിപ്പിച്ചു. ഫിക്കി, സി ഐ ഐ പോലുള്ള സംഘടനകളുമായും ട്രേഡ് യൂണിയനുകളുമായും ചര്‍ച്ച നടത്തി. അവരുടെ പ്രതീക്ഷകളും ആശങ്കകളും മനിലാക്കുകയും അത് പരിഹരിക്കുമെന്ന ഉറപ്പ് നല്‍കുകയും ചെയ്‌തു. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ കോവിഡ് കാരണം നഷ്‌ടം വന്ന ചെറുകിട വ്യവസായ ലോകത്തിന് 1416 കോടി രൂപയുടെ എം എസ് എം ഇ പാക്കേജ് പദ്ധതി അവതരിപ്പിച്ച് നയം പ്രഖ്യാപിച്ചു. തുടർന്ന് ഒരു വര്‍ഷത്തിനുള്ളില്‍ 50 കോടി രൂപ വരെയുള്ള റെഡ് കാറ്റഗറിയിലല്ലാത്ത നിക്ഷേപങ്ങള്‍ക്ക് കെ-സ്വിഫ്റ്റ് അക്നോളജ്മെന്റിലൂടെ മാത്രം മൂന്ന് വര്‍ഷം വരെ പ്രവര്‍ത്തനം സാധ്യമാക്കാനുള്ള ഉത്തരവിറക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചു.
50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങള്‍ക്ക് മതിയായ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ ഏഴ് ദിവസത്തിനകം കോംപോസിറ്റ് ലൈസന്‍സ് നല്‍കാനുള്ള നിയമവും ഞങ്ങള്‍ പാസാക്കി. വ്യവസായ ശാലകളിലെ അനാവശ്യ നടപടികള്‍ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമായി കെ-സിസ് പോർട്ടലിലൂടെ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃത പരിശോധനാ സംവിധാനം ആവിഷ്‌കരിച്ചു. മികച്ച പ്രതികരണം നേടിയെടുത്ത ഈ സംവിധാനത്തിന് കീഴില്‍ ഇതിനോടകം അഞ്ച് ലക്ഷത്തിലധികം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്. ഒരു പരാതിയും സൃഷ്‌ടിക്കാതെ 22,000 പരാതികള്‍ ഈ പോർട്ടലിലൂടെ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
സംരംഭകരുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിന് ജില്ലാ-സംസ്ഥാന തലങ്ങളില്‍ സിവില്‍ കോടതി അധികാരത്തോടെ സ്റ്റാറ്റ്യൂട്ടറി സമിതികള്‍ രൂപീകരിച്ചു. സംരംഭകന് മതിയായ കാരണമില്ലാതെ സേവനം നൽകുന്നതിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്‍ വീഴ്‌ച വരുത്തിയാൽ പിഴ ഈടാക്കാനും നടപടിക്ക് ശുപാര്‍ശ ചെയ്യാനും അധികാരമുള്ള ഈ പരാതി പരിഹാര സംവിധാനം സംരംഭകര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നൽകുന്നതും ഇന്ത്യയില്‍ തന്നെ ആദ്യത്തേതുമായ സുപ്രധാന ചുവടുവയ്പ്പാണ്. പൂര്‍ണ്ണമായും ഓൺലൈനായി പ്രവർത്തിക്കുന്ന സംവിധാനത്തിലേക്ക് സംരംഭക/സംരംഭകനില്‍ നിന്ന് പരാതി ലഭിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ പരിഹാരം ഉറപ്പ് വരുത്തും.
എല്ലാ ജില്ലകളിലും ആരംഭിച്ചിരിക്കുന്ന ടെക്നോളജി ക്ലിനിക്കുകള്‍ സംരംഭകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും അവരെ കൈപിടിച്ചുയര്‍ത്താനുമുള്ള വ്യവസായ വകുപ്പിന്റെ മറ്റൊരു നീക്കമാണ്. സാങ്കേതികവിദ്യ, മാനേജ്മെന്റ്, നിയമം, ചാർട്ടേഡ് അക്കൗണ്ടന്‍സി, മാര്‍ക്കറ്റിങ്ങ് മേഖലകളില്‍ നിന്നുള്ള വിദഗ്‌ധർ ഈ ക്ലിനിക്കുകള്‍ വഴി സംരംഭകരുടെ സംശയങ്ങള്‍ പരിഹരിക്കും. സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ടോള്‍ ഫ്രീ സൗകര്യവും വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇന്‍വെസ്റ്റ് കേരള ഹെൽപ് ഡെസ്‌കിലൂടെ വ്യവസായ സംരംഭകരുടെ 20,000ത്തിലധികം സംശയങ്ങള്‍ക്കു പരിഹാരം കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനായി നടപ്പിലാക്കിയ മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയിലൂടെ വലിയൊരു അളവില്‍ പരാതികള്‍ പരിഹരിക്കാന്‍ സാധിച്ചതും സംരംഭകരുടെ ഫീഡ്ബാക്കില്‍ പ്രതിഫലിച്ചിട്ടുണ്ട്.
? സിനിമകളിലൂടെയും മാധ്യമങ്ങളിലൂടെയും മറ്റും വ്യാപകമായി പ്രചരിച്ച ഒരു പൊതുബോധം കേരളം വ്യവസായ സൗഹൃദമല്ലാത്ത അല്ലെങ്കില്‍ സംരംഭക വിരുദ്ധമായ ഒരു സംസ്ഥാനമാണെന്നാണ്. ഈ ആക്ഷേപം മാറ്റിയെഴുതുവാന്‍ നമുക്കായിട്ടുണ്ടോ?
സംരംഭകര്‍ക്കിടയില്‍ നിന്ന് ഈ ആക്ഷേപം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അതു കൊണ്ടാണ് 100 ശതമാനവും സംരംഭകരുടെ ഫീഡ് ബാക്കിനെ മാത്രം മാനദണ്ഡമാക്കി പുറത്തിറക്കുന്ന ബിസിനസ് റീഫോംസ് ആക്ഷന്‍ പ്ലാനില്‍ നാം ഒന്നാമതെത്തിയത്. 2020-ലും കേരളം 91 ശതമാനം പരിഷ്‌കരണങ്ങളും നടപ്പിലാക്കിയിരുന്നെങ്കിലും സംരംഭകരുടെ ഫീഡ്ബാക്ക് കേരളത്തിന് അനുകൂലമായിരുന്നില്ല. ഇത് മറി കടക്കുന്നതിന് മുകളില്‍ പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ കേരളത്തെ സഹായിച്ചു. ഏതൊരു സംരംഭകനും എപ്പോള്‍ വേണമെങ്കിലും സഹായം ലഭിക്കുന്ന ഇടമായി വ്യവസായ വകുപ്പിന്റെ ഓഫീസുകള്‍ മാറി. എന്നാൽ ഇപ്പോഴും കേരളത്തില്‍ സംരംഭകരല്ലാത്ത പലര്‍ക്കും നമ്മുടെ ഈ നാടിനെക്കുറിച്ച് തെറ്റായ ധാരണ ഉണ്ട്. ഒരു ചെറിയ സംഭവത്തെ പര്‍വതീകരിച്ചും ഭീമാകാരമായ നേട്ടങ്ങളെ ഒരു സ്‌ക്രോള്‍ വാര്‍ത്തയിലൊതുക്കിയും വളരെ പ്രചാരമുള്ള ചില മാധ്യമങ്ങള്‍ ഇപ്പോഴും വാര്‍ത്തകള്‍ നൽകുന്നുണ്ട്. ഇത് എല്ലാ ഭാഷയിലും തര്‍ജ്ജമ ചെയ്‌ത് വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുന്നുമുണ്ട്.
കഴിഞ്ഞ ദിവസം ലോകത്തിലെ തന്നെ ഏറ്റവും മുന്‍പന്തിയിലുള്ള ഫാര്‍മ കമ്പനിയായ ഭാരത് ബയോടെക് സി ഇ ഒ ഡോ. കൃഷ്‌ണ എല്ല പറഞ്ഞത്, കേരളത്തില്‍ ഒരു യൂണിറ്റ് ആരംഭിക്കാന്‍ ശ്രമിച്ചപ്പോള്‍ പലരും അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ്. എന്നാൽ കേരളത്തില്‍ യൂണിറ്റ് ആരംഭിക്കുന്നതിന് ഒരു തടസ്സവും തനിക്കുണ്ടായില്ല, അപേക്ഷ നല്‍കി ഒരാഴ്‌ചയ്‌ക്കകം എല്ലാ ലൈസന്‍സുകളും ലഭ്യമായി എന്നാണ്. ഇതാണ് കേരളം. കേരളത്തെ സംബന്ധിച്ച് ഇതൊരു പ്രധാന വാര്‍ത്തയുമാണ്. എന്നാൽ എത്ര ദൃശ്യ മാധ്യമങ്ങള്‍ ഈ വാര്‍ത്ത നൽകിയിട്ടുണ്ട് എന്നത് അവർ തന്നെ സ്വയം വിമര്‍ശനപരമായി ചിന്തിക്കേണ്ട കാര്യമാണ്.
? മറ്റൊന്നാണ് നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളെ വെള്ളാനകളായി വിശേഷിപ്പിക്കുന്നത്
ഇന്നീ പ്രയോഗത്തിന് പ്രസക്തിയുണ്ടോ എന്നതാണ് ചോദ്യം. കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍ വളര്‍ച്ചയുടെ പടവുകള്‍ കയറിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ഇരുപതിലധികം പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ ലാഭത്തിലാക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചത് ശ്രദ്ധേയമായ നേട്ടമായി ഞങ്ങള്‍ കാണുന്നു.
മലയാളികള്‍ മറന്നു തുടങ്ങിക്കാണുമെങ്കിലും 2011-16 കാലഘട്ടത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ശോചനീയാവസ്ഥയില്‍ നിന്ന് ഇക്കാണുന്ന നിലയിലേക്ക് പൊതുമേഖലയെ ഉയര്‍ത്തിയെടുക്കാന്‍ സര്‍ക്കാരിന് സാധിച്ചു. 2016-17-ല്‍ 40 കോടി രൂപയായിരുന്നു പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ലാഭമെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ശതകോടികളുടെ പ്രവര്‍ത്തന ലാഭം നേടാന്‍ പൊതുമേഖലയ്ക്ക് സാധിച്ചു. ഉദാഹരണമെന്ന നിലയ്ക്ക് കെല്‍ട്രോണിന്റെ ചില നേട്ടങ്ങൾ പറയാം. ഒരു സ്‌ക്രൂ ഉണ്ടാക്കാന്‍ കഴിയാത്ത കെൽട്രോൺ എന്ന് ആക്ഷേപിക്കപ്പെട്ട ഇതേ കെൽട്രോൺ തന്നെയാണ് ചന്ദ്രയാന്‍, മംഗള്‍യാന്‍, ഗഗന്‍യാന്‍ എന്നീ ചരിത്ര ദൗത്യങ്ങളില്‍ ഭാഗഭാക്കായതിനൊപ്പം എ.ഐ ക്യാമറ പദ്ധതി കേരളത്തില്‍ നടപ്പിലാക്കിയതും. തെലങ്കാന, ഒഡീഷ, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം 1500 കോടിയോളം രൂപയുടെ ഓര്‍ഡറുകളും രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെൽട്രോൺ നേടിയെടുത്തു. കഴിഞ്ഞ ദിവസമാണ് നോര്‍വീജിയന്‍ കമ്പനിയുമായി കെൽട്രോൺ പുതിയ ധാരണാപത്രം ഒപ്പിട്ടത്. ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവ് കെൽട്രോൺ കൈവരിച്ചത് ഈ സാമ്പത്തിക വര്‍ഷത്തിലാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ തന്നെ 1000 കോടി രൂപ വിറ്റു വരവെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ കെൽട്രോൺ.
ഇനി കെ എം എം എല്‍ ന്റെ കാര്യമെടുത്താലോ. ചരിത്രത്തില്‍ തന്നെ കേരളത്തിലെ ഒരു പൊതുമേഖലാ സ്ഥാപനം കൈവരിച്ച ഏറ്റവും മികച്ച ലാഭം കെ എം എം എല്‍ കൈവരിച്ചത് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ്. സ്വന്തമായി കണ്ടെത്തിയ സാങ്കേതിക വിദ്യയിലൂടെ അയണോക്‌സൈഡില്‍ നിന്ന് ഇരുമ്പ് വേര്‍തിരിച്ചെടുക്കാന്‍ ഈ സാമ്പത്തിക വര്‍ഷം കെ എം എം എല്‍ ന് സാധിച്ചു. ഒപ്പം ഒരു സാമ്പത്തിക വര്‍ഷം 1000 കോടിയിലധികം രൂപയുടെ വിറ്റുവരവും രണ്ടാം പിണറായി സര്‍ക്കാരിന് കീഴില്‍ കെ എം എം എല്‍ നേടിയെടുത്തു.
എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭകരമാക്കുന്നതിനായി ഷോർട്ട് ടേം, മിഡ് ടേം, ലോങ്ങ് ടേം എന്നീ മൂന്ന് ഘട്ടങ്ങളിലായി 2030 വരെ നടപ്പിലാക്കുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. മാസ്റ്റര്‍ പ്ലാന്‍ നിര്‍ദേശ പ്രകാരം നടപ്പിലാക്കുന്ന 175 പദ്ധതികള്‍ പൂർത്തിയാകുന്നതോടെ 41 സ്ഥാപനങ്ങളിലുമായി മൊത്തം 9467 കോടി രൂപയുടെ അധിക നിക്ഷേപം ഉണ്ടാകും. എല്ലാ സ്ഥാപനങ്ങളിലുമായി മൊത്തം വാര്‍ഷിക വിറ്റു വരവ് നിലവിലുള്ള 3300 കോടിരൂപയില്‍ നിന്ന് 14,238 കോടി രൂപ വര്‍ധിച്ച് 17,538 കോടി രൂപയാകുകയും ചെയ്യും. ഇതിനായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ അതത് മേഖലയില്‍ വൈദഗ്ധ്യം പുലർത്തിയിട്ടുള്ള ആളുകളെ നിയോഗിക്കുകയും ചെയ്‌തിട്ടുണ്ട്.
അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന നേട്ടം കേരളം കൈവരിച്ചത് പിണറായി സര്‍ക്കാരിന് കീഴിലാണ്. അതു കൊണ്ടു തന്നെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളില്‍ നിയമനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ സുതാര്യത കൊണ്ടു വരുന്നതിനായി പി എസ് സി നിയമനം വ്യവസ്ഥ ചെയ്‌തിട്ടില്ലാത്ത, വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ തസ്‌തികകളിലേക്കുള്ള നിയമനം നടത്താന്‍ പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോര്‍ഡ് സ്ഥാപിക്കുമെന്ന വാഗ്‌ദാനവും യാഥാര്‍ഥമാക്കി.
? വിജ്ഞാന സമ്പദ് വ്യവസ്ഥയായി വളരാനാണ് കേരളം ശ്രമിക്കുന്നത്. ഐടി രംഗത്തുള്‍പ്പെടെ വലിയ മനുഷ്യ വിഭവ ശേഷിയും നമുക്കുണ്ട്. ഇത് വ്യവസായ രംഗത്ത് എങ്ങനെ പ്രയോജനപ്പെടുത്താനാകും?
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടൻ തന്നെ കേരളത്തില്‍ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയ്‌ക്കുതകുന്ന വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചതു പോലെ വിജ്ഞാന സമ്പദ് ഘടനയായി കേരളത്തിന്റെ സാമ്പത്തിക അടിത്തറയെ പുതുക്കി പണിയുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്‌തിട്ടുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തു തന്നെ പ്രാഥമിക വിദ്യാഭ്യാസ മേഖലയെ ഹൈടെക് ആക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. വിജ്ഞാന സമ്പദ് ഘടന രൂപപ്പെടണമെങ്കില്‍ സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളില്‍ കുതിച്ചു ചാട്ടം സൃഷ്‌ടിക്കുന്നതിനൊപ്പം നൂതന വിദ്യാ സംരംഭങ്ങളും സ്റ്റാർട്ടപ്പ് സംരംഭങ്ങളും വന്‍ തോതില്‍ പ്രോത്സാഹിക്കുകയും ഡിജിറ്റല്‍ സൗകര്യങ്ങളുടെ പ്രാപ്യത പരമാവധി പേര്‍ക്ക് ഉറപ്പു വരുത്തുകയും വേണം. ഇതിനുള്ള എല്ലാ ശ്രമങ്ങളും നടന്നു വരികയാണ്.
ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പദ്ധതി പോലുള്ള നൂതനമായ പദ്ധതി വിദ്യാര്‍ഥികളില്‍ സംരംഭകത്വം വളര്‍ത്താനും, വ്യവസായ-അക്കാദമിക് ബന്ധം ശക്തിപ്പെടുത്തുന്നതിനും വഴിയൊരുക്കും. ഒപ്പം നവീന കാലത്തിനനുസൃതമായ നൂതന വ്യവസായങ്ങളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ നമുക്ക് സാധിക്കുന്നത് ഈ രംഗത്ത് മുറ്റേമുണ്ടാക്കും. 100 പേര്‍ക്ക് തൊഴില്‍ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഐബിഎം രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ രണ്ടായിരത്തിലധികമാളുകള്‍ക്ക് തൊഴില്‍ നൽകിയിരിക്കുന്നു. യു എസ് ടി ഗ്ലോബല്‍ തങ്ങളുടെ പുതിയ ക്യാമ്പസ് കേരളത്തില്‍ സ്ഥാപിക്കുന്നു. ഇത് പൂർത്തിയാകുന്നതോടെ കമ്പനിയുടെ ആഗോള തലത്തിലെ ജീവനക്കാരില്‍ 20% പേരും കേരളത്തിലാകും. ടാറ്റ എലക്‌സിയുടെ 60% ജീവനക്കാരും ഇപ്പോള്‍ തന്നെ കേരളത്തിലാണ്.
ടിസിഎസ്, ഡി-സ്പേസ്, സഫ്രാന്‍, സിസ്ട്രോം തുടങ്ങി വൈജ്ഞാനിക സമ്പദ് വ്യവസ്ഥയ്ക്ക് മുതൽക്കൂട്ടാകുന്ന അന്‍പതോളം വന്‍കിട കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുകയോ നിക്ഷേപ വാഗ്‌ദാനം നല്‍കുകയോ ചെയ്യുന്നു. കേരളത്തിലേക്ക് റിവേഴ്‌സ് മൈഗ്രേഷന്‍ സംഭവിക്കുന്നു എന്ന് പറഞ്ഞത് ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മ്മല്‍ ആണ്. അതായത് നമ്മുടെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുന്ന അറിവ് അധിഷ്‌ഠിതമായ വ്യവസായങ്ങളെ നമുക്ക് കൂടുതലായി ആകര്‍ഷിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നു. ഒപ്പം ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് എക്കോ സിസ്റ്റങ്ങളിലൊന്നായ കേരളം നമ്മുടെ ടാലന്റ് പൂളിലെ മികച്ച ചെറുപ്പക്കാരെ സംരംഭകരാക്കാനുള്ള പിന്തുണയും നല്‍കി വരുന്നു.
? കേരളത്തിന്റെ വ്യവസായ വികസനത്തിലെ മുന്‍ ഗണനാ മേഖലകള്‍ ഏതൊക്കെയാണ്? ഈ മേഖലകളില്‍ നിക്ഷേപങ്ങള്‍ ആകർഷിക്കുന്നതിനായി എന്തൊക്കെ പരിപാടികളാണ് നടപ്പാക്കി വരുന്നത്?
ഈ സര്‍ക്കാര്‍ പുറത്തിറക്കിയ വ്യവസായ നയത്തില്‍ 22 മുന്‍ഗണനാ മേഖലകളാണ് തയ്യാറാക്കിയിരിക്കുന്നത്. എയ്റോസ്പേസ് ആന്റ് ഡിഫന്‍സ്, നിര്‍മ്മിത ബുദ്ധി, റോബോട്ടിക്‌സ്, മറ്റ് ബ്രേക്ക് ത്രൂ സാങ്കേതിക വിദ്യകള്‍, ആയുര്‍വേദം, ബയോ ടെക്നോളജി ആന്റ് ലൈഫ് സയന്‍സ്, രൂപകൽപന (ഡിസൈൻ), ഇലക്ട്രിക് വാഹനങ്ങള്‍, ഇലക്‌ട്രോണിക്‌സ് സിസ്റ്റം രൂപകല്‍പനയും ഉല്‍പാദനവും, എഞ്ചിനീയറിങ്ങ് ഗവേഷണവും വികസനവും, ഭക്ഷ്യ സാങ്കേതിക വിദ്യകള്‍, ഗ്രഫീന്‍, ഉയർന്ന മൂല്യവര്‍ധിത റബ്ബര്‍ ഉൽപന്നങ്ങൾ, ഹൈടെക് ഫാമിങ്ങും മൂല്യവര്‍ധിത തോട്ടവിളയും, ലോജിസ്റ്റിക്സ് ആന്റ് പാക്കേജിങ്ങ്, മാരിടൈം മേഖല, മെഡിക്കല്‍ ഉപകരണങ്ങള്‍, നാനോ ടെക്നോളജി, ഫാർമസ്യൂട്ടിക്കൽസ്, റീസൈക്ലിങ്ങും മാലിന്യ സംസ്‌കരണവും, പുനരുപയോഗ ഊര്‍ജം, ചില്ലറ വ്യാപാര മേഖല, വിനോദ സഞ്ചാരവും ആതിഥേയത്വവും, 3ഡി പ്രിന്റിങ്ങ് എന്നിവയാണീ മേഖലകള്‍.
അതിവേഗ വളര്‍ച്ചയുള്ള ‘സൺറൈസ്’ സംരംഭങ്ങളെ കൂടുതല്‍ ആകർഷിക്കുന്നതിനും അതുവഴി തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനുമാണ് പുതിയ വ്യവസായ വാണിജ്യ നയത്തില്‍ സാമ്പത്തിക പ്രോത്സാഹനങ്ങള്‍ വിഭാവനം ചെയ്‌തിരിക്കുന്നത്. സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങള്‍ പ്രാപ്‌തമാക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുക, ടാലന്റ് പൂള്‍ നില നിര്‍ത്തുക, സമതുലിതമായ പ്രാദേശിക വികസനം ഉറപ്പാക്കുക തുടങ്ങിയവയും പുതിയ വ്യാവസായിക നയത്തിലെ പ്രധാന ഊന്നലുകളാണ്. സ്ഥിര മൂലധനത്തില്‍ നിക്ഷേപ സബ്‌സിഡി, എസ് ജി എസ് ടി റീഇംബേഴ്‌സ്‌മെന്റ്, ഉല്‍പാദന മേഖലയ്ക്കുള്ള അപ്രന്റീസ്ഷിപ്പ് ഇന്‍സെന്റീവുകള്‍ എന്നിവ ഉള്‍പ്പെടെ 19 ഇന സാമ്പത്തിക പ്രോത്സാഹനങ്ങള്‍ വ്യവസായ നയത്തില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
? ഏറെ പ്രാധാന്യത്തോടെ സംസ്ഥാനം നടപ്പാക്കുന്ന പദ്ധതിയാണ് വ്യവസായ ഇടനാഴി. കേരളത്തിന്റെ വ്യവസായ മുന്നേറ്റത്തിന് ഇത് എങ്ങനെയാണ് സഹായിക്കുക?
നവകേരളത്തിന്റെ സൃഷ്‌ടിക്കായി വലിയ പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കേണ്ടത് അത്യാവശ്യമാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നായിട്ടാണ് കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയെ സംസ്ഥാന സര്‍ക്കാര്‍ കാണുന്നത്. തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാരിനോട് അനുമതി ആവശ്യപ്പെട്ടതിനെത്തുടർന്ന് പദ്ധതിക്ക് കഴിഞ്ഞ മാസം അനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ മാസ്റ്റര്‍ പ്ളാന്‍, ഡി.പി.ആര്‍ ടെന്‍ഡര്‍ രേഖകള്‍ എന്നിവ പൂർത്തിയായിട്ടുണ്ട്. വ്യവസായ, വാണിജ്യ, പാര്‍പ്പിട, പൊതു സേവന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭൂമിയുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ളതാണ് മാസ്റ്റര്‍ പ്ളാന്‍. 3806 കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതിയുടെ 50% ചെലവും സംസ്ഥാനമാണ് വഹിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 1789.92 കോടി രൂപ സംസ്ഥാനം വഹിച്ചു. പദ്ധതിക്കാവശ്യമായ 1710 ഏക്കര്‍ ഭൂമിയും സംസ്ഥാനം ഏറ്റെടുത്തിട്ടുണ്ട്. പ്രാരംഭ നടപടികളെല്ലാം കേരളം പൂർത്തിയാക്കിയതിനെത്തുടർന്നാണ് യൂണിയന്‍ കാബിനറ്റിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഈ വ്യവസായ ഇടനാഴി യാഥാർഥ്യമാക്കുന്നതിനായി ദ്രുതഗതിയിലുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. ഒക്ടോബര്‍ 1ന് കേന്ദ്ര സംഘം സ്ഥലം സന്ദർശിച്ചിരുന്നു. കേരളത്തിന്റെ നടപടികളില്‍ പൂർണ സംതൃപ്‌തിയും സംഘം രേഖപ്പെടുത്തി. ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ വ്യവസായ ഇടനാഴിയുടെ ഭൂരിഭാഗവും പൂര്‍ത്തീകരിച്ച് സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലൊരു കുതിച്ചു ചാട്ടം സൃഷ്‌ടിക്കാനാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. വ്യവസായ ഇടനാഴി യാഥാര്‍ഥ്യമാകുമ്പോള്‍ 10,000 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തിന് ലഭിക്കും. ഒരു ലക്ഷത്തിലധികം തൊഴില്‍ പ്രത്യക്ഷമായും രണ്ട് ലക്ഷത്തോളം തൊഴില്‍ പരോക്ഷമായും സൃഷ്‌ടിക്കപ്പെടും. ഭക്ഷ്യ സംസ്‌കരണം, ലൈറ്റ് എഞ്ചിനീയറിങ്ങ്, ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങളും മറ്റ് ഖര മാലിന്യങ്ങളുടെയും പുനരുപയോഗം, എണ്ണ-വാതക ഇന്ധനങ്ങള്‍, ഇലക്ട്രോണിക്‌സ്, ഐ.ടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളില്‍ ക്ലസ്റ്ററുകള്‍ വികസിപ്പിക്കാനാണ് ഇടനാഴിയുടെ ഭാഗമായി ലക്ഷ്യമിടുന്നത്.
? സംരംഭക വര്‍ഷം പദ്ധതി വലിയ വിജയം കൈവരിച്ചിരിക്കുകയാണ്. രാജ്യം ശ്രദ്ധിക്കുന്ന തരത്തിലേക്ക് പദ്ധതിയെ മാറ്റാനായതെങ്ങനെയാണ്?
നൂതനമായ സാങ്കേതിക വിദ്യകളിലൂന്നിയ വന്‍കിട വ്യവസായങ്ങള്‍ക്കൊപ്പം കേരളത്തില്‍ ഏറ്റവും സാധ്യതയുള്ള മേഖല എം എസ് എം ഇ ആണെന്നതിനാൽ ഈ മേഖലയില്‍ ചരിത്രം സൃഷ്‌ടിക്കണമെന്ന ഇച്ഛാ ശക്തിയോടെ ആരംഭിച്ച പദ്ധതിയാണ് സംരംഭക വര്‍ഷം. എം എസ് എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്റ്റീസായി പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത യോഗത്തില്‍ ദേശീയ അംഗീകാരം നേടിയ സംരംഭക വര്‍ഷം പദ്ധതിയിലൂടെ രണ്ടര വര്‍ഷം കൊണ്ട് മൂന്ന് ലക്ഷത്തിലധികം സംരംഭങ്ങള്‍ ആരംഭിച്ചു. ശരാശരി ഒരു വര്‍ഷം 10,000 സംരംഭങ്ങള്‍ മാത്രം ആരംഭിച്ചിരുന്ന സംസ്ഥാനത്താണ് രണ്ടര വര്‍ഷം കൊണ്ട് മൂന്ന് ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. 19723 കോടി രൂപയുടെ നിക്ഷേപവും 6,46,244 തൊഴിലും ഈ പദ്ധതിയിലൂടെ കേരളത്തിലുണ്ടായി. 96,000ത്തിലധികം വനിതാ സംരംഭകര്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലുണ്ടായി എന്നതും ശ്രദ്ധേയമാണ്.
സംരംഭക വര്‍ഷം പദ്ധതിക്കായി എല്ലാ പഞ്ചായത്തുകളിലും വ്യവസായ വകുപ്പിന് കീഴില്‍ എംബിഎ/ബി-ടെക്ക് ബിരുദധാരികളായ 1153 എക്‌സിക്യുട്ടീവുകളെ നിയമിക്കുകയും 1034 ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കുകയും ചെയ്‌തു. എം എസ് എം ഇ സംരംഭം ആരംഭിക്കുന്നതിന് 4% പലിശയ്ക്ക് 10 ലക്ഷം രൂപ വരെ വായ്‌പ നല്‍കി. ഈ സര്‍ക്കാരിനെക്കുറിച്ച് ഒരേ സമയം സൂക്ഷ്‌മ-ചെറുകിട-ഇടത്തരം സംരംഭകര്‍ക്കിടയിലും വന്‍കിട നിക്ഷേപകര്‍ക്കിടയിലും ആത്മ വിശ്വാസം പകരാന്‍ ഈ നാള്‍വഴികള്‍ ഞങ്ങളെ സഹായിച്ചു. ഇത് മനസിലാക്കുന്നതിന് ബാങ്കുകളുടെ സംസ്ഥാനതല സമിതി കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച കണക്കുകളും സഹായകമാകും. കേരളത്തില്‍ എംഎസ്എംഇകളുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വായ്‌പ 96,000 കോടി രൂപയാണ്. കേരള ബാങ്കിന്റെ കൂടി കണക്കിലെടുത്താല്‍ ഒരു ലക്ഷം കോടി രൂപയോളം. 2021-ല്‍ അത് കേവലം 59971 കോടി രൂപയായിരുന്നു. അതില്‍ 30.57 ശതമാനവും മാനുഫാക്‌ചറിങ്ങ് മേഖലയിലാണെന്നതും ശ്രദ്ധേയമാണ്.
കേരളത്തിലെ എം എസ് എം ഇകളില്‍ നിന്നും തിരഞ്ഞെടുത്ത 1000 എം എസ് എം ഇകളെ നാലു വര്‍ഷത്തിനുള്ളില്‍ ശരാശരി 100 കോടി വിറ്റുവരവുള്ള ബിസിനസുകളായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഈ സര്‍ക്കാര്‍ ആരംഭിച്ച മിഷന്‍ 1000 പദ്ധതി മുന്നോട്ടു പോകുകയാണ്. ഒപ്പം സംസ്ഥാനത്തെ എംഎസ്എംഇ കള്‍ക്ക് അവരുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന, മുൻകൂട്ടി കാണാന്‍ കഴിയാത്ത അപകട സാധ്യതകളില്‍ നിന്ന് സാമ്പത്തിക പരിരക്ഷ നൽകുന്നതിന് മിനിമം ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാന്‍ വേണ്ടി എം എസ് എം ഇ ഇന്‍ഷുറന്‍സ് പദ്ധതി വ്യവസായ വകുപ്പ് ആരംഭിച്ചു. കേരളത്തില്‍ നിർമ്മിക്കുന്ന ഉൽപന്നങ്ങൾക്കും നൽകുന്ന സേവനങ്ങള്‍ക്കും ആഗോള ഗുണ നിലവാരം കൊണ്ടു വരാനും അതുവഴി ഈ ഉൽപന്നങ്ങൾക്കും സേവനങ്ങള്‍ക്കും അന്താരാഷ്ട്ര വിപണിയില്‍ വിപണന സാധ്യത കൂട്ടുന്നതിനുമായി ‘കേരളാ ബ്രാന്‍ഡ്’ പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചു. വെളിച്ചെണ്ണയാണ് കേരള ബ്രാന്‍ഡ് നൽകുന്നതിനുള്ള ആദ്യ ഉൽപന്നമായി തിരഞ്ഞെടുത്തത്. ആറ് സംരംഭങ്ങള്‍ക്ക് കേരള ബ്രാന്‍ഡ് ലൈസന്‍സ് നല്‍കി.
കേരളത്തിലെ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സംഭാവനകളെ അംഗീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായിട്ട് ഇന്‍ഡസ്ട്രീസ് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മികച്ച പ്രവര്‍ത്തനം കാഴ്‌ച വെച്ച സംരംഭങ്ങള്‍ക്ക് ഈ വര്‍ഷം പുരസ്‌കാരങ്ങള്‍ നല്‍കി. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം, ലാര്‍ജ് ആന്‍ഡ് മെഗാ ക്യാറ്റഗറിയില്‍ ഉല്‍പാദന/സേവന/വ്യാപാര മേഖലകളില്‍ പ്രവർത്തിക്കുന്ന സംരംഭങ്ങള്‍ കൂടാതെ എക്‌സ്‌പോർട്ട് സംരംഭങ്ങള്‍, ഉല്‍പാദന സ്റ്റാർട്ടപ്പ്, വനിതാ/പട്ടികജാതി/പട്ടികവർഗ്ഗ/ട്രാൻസ്‌ജെൻഡർ സംരംഭകരുടെ സംരംഭങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾ തദ്ദേശീയമായി ഉൽപാദിപ്പിക്കുന്നതിനുള്ള പ്രോത്സാഹനമായി ‘മെയ്‌ക് ഇന്‍ കേരള’ പദ്ധതി ആവിഷ്‌കരിച്ചു. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെയും ചെറുകിട വ്യാപാരികളെയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശനം നേടുന്നതിന് സഹായിക്കുന്നതിനായി ഓപ്പൺ നെറ്റ്‌വർക്ക് ഫോര്‍ ഡിജിറ്റല്‍ കോമേഴ്‌സുമായി ധാരണാപത്രം ഒപ്പ് വച്ചു. ഇതെല്ലാം സംരംഭക വര്‍ഷം പദ്ധതിയുടെ വലിയ വിജയത്തിന് സഹായകമായ ഘടകങ്ങളാണ്. സംരംഭകര്‍ക്ക് സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന വിശ്വാസം നല്‍കാന്‍ സാധിച്ചു.
? സംസ്ഥാനം ആവിഷ്‌കരിച്ചിരിക്കുന്ന നൂതനമായ പദ്ധതിയാണ് ക്യാമ്പസ് വ്യവസായ പാര്‍ക്കുകള്‍. അതെപ്പറ്റി പറയാമോ?
സംസ്ഥാനത്ത് ക്യാമ്പസ് വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള അംഗീകാരം ലഭിച്ചതോടെ മറ്റൊരു അഭിമാന പദ്ധതിക്കാണ് കേരളത്തില്‍ തുടക്കമാകുന്നത്. നടപടി ക്രമങ്ങള്‍ നടന്നു കൊണ്ടിരിക്കെ തന്നെ കേരളത്തിലെ 80ലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പദ്ധതിയുമായി സഹകരിക്കുന്നതിനായി മുന്നോട്ടു വന്നു എന്നത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. വ്യവസായ ആവശ്യത്തിനുള്ള സ്ഥല ദൗര്‍ലഭ്യം പരിഹരിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീഴില്‍ ഉപയോഗ ശൂന്യമായി കിടക്കുന്ന ഭൂമി വ്യവസായ വികസനത്തിന് ഉപയോഗിക്കുന്നതിനും ഈ പദ്ധതി ഏറെ സഹായകരമാകും. വിദ്യാര്‍ഥികളില്‍ സംരംഭകത്വം വളര്‍ത്താനും, വ്യവസായ- അക്കാദമിക് ബന്ധം ശക്തിപ്പെടുത്തുന്നതിനും ക്യാമ്പസ് വ്യവസായ പാര്‍ക്കുകള്‍ വഴിയൊരുക്കും. സംസ്ഥാനത്തിന്റെ വ്യവസായ മുന്നേറ്റത്തെ വന്‍ തോതില്‍ ശക്തിപ്പെടുത്തുന്നതായിരിക്കും ഈ പദ്ധതി.
ചുരുങ്ങിയത് 5 ഏക്കര്‍ ഭൂമി കൈവശമുള്ള സര്‍വകലാശാലകള്‍, ആർട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, പോളിടെക്‌നിക്കുകൾ, ഐ.ടി.ഐകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്, ക്യാമ്പസ് വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ സാധിക്കും. സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്‌ടറികൾക്ക് 2 ഏക്കര്‍ മതിയാകും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ചുമതലപ്പെടുത്തുന്ന സംവിധാനങ്ങള്‍ക്കും അപേക്ഷിക്കാം. ഇതിനായി ഡെവലപ്പര്‍ പെര്‍മിറ്റിന് അപേക്ഷ നല്‍കണം. വ്യവസായ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ധനകാര്യ വകുപ്പ്, റവന്യൂ വകുപ്പ്, തദ്ദേശ വകുപ്പ്, ജലവിഭവ വകുപ്പ്, ഊര്‍ജ,പരിസ്ഥിതി വകുപ്പുകള്‍ എന്നിവയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാർ ഉൾപ്പെട്ട സംസ്ഥാനതല സെലക്ഷന്‍ കമ്മിറ്റി അപേക്ഷകളില്‍ തീരുമാനമെടുക്കും. ജില്ലാ തലത്തില്‍ വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ ഉൾപ്പെട്ട സമിതിയുടെ സ്ഥല പരിശോധനക്കു ശേഷമാകും അപേക്ഷകളില്‍ തീരുമാനമെടുക്കുക. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഭൂമിയാകുമെന്ന് ഉറപ്പു വരുത്തും.
അനുമതി ലഭിക്കുന്ന പാര്‍ക്കുകളില്‍ റോഡുകള്‍, വൈദ്യുതി, മാലിന്യ നിര്‍മ്മാര്‍ജനം തുടങ്ങി പൊതു സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 1.5 കോടി രൂപ വരെ സര്‍ക്കാര്‍ അനുവദിക്കും. സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്‌ടറികൾക്കും ഈ തുക നല്‍കും. പാര്‍ക്കുകളിലെ ഉല്‍പാദന യൂണിറ്റുകള്‍ക്ക് ഇന്‍സന്റീവും പരിഗണിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ എന്‍.ഒ.സി ലഭിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് കാമ്പസ് പാര്‍ക്കുകള്‍ ആരംഭിക്കാനാവുക. അനുമതി ലഭിക്കുന്ന പാര്‍ക്കുകള്‍ക്ക് വ്യവസായ മേഖലാ പദവിക്കും അര്‍ഹതയുണ്ടാകും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമി പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഭൂമി ഉറപ്പു വരുത്തിയതിനു ശേഷം ലഭിക്കുന്ന അധിക ഭൂമിയില്‍ ആയിരിക്കും പാര്‍ക്കുകള്‍ ആരംഭിക്കുക പരിസ്ഥിതി സൗഹൃദമായ പാര്‍ക്കുകള്‍ ആയിരിക്കും ഇവ.
വിദ്യാര്‍ഥികള്‍ക്ക് അപ്രന്റിസ് അവസരവും ലഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഷയ സ്വഭാവത്തിന് അനുസൃതമായ പാര്‍ക്കുകള്‍ ആരംഭിക്കാന്‍ മുന്‍ഗണന നല്‍കും.
? 2025-ല്‍ കേരളത്തില്‍ ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് നടക്കാന്‍ പോവുകയാണ്. എന്തൊക്കെയാണ് അത് സംബന്ധിച്ച പ്രതീക്ഷകള്‍? അതിനു മുന്നോടിയായി എന്തൊക്കെ പരിപാടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്?
മുന്‍പൊരു കാലത്തും ഇല്ലാത്ത വിധത്തില്‍ കേരളത്തിലേക്ക് കടന്നു വരാൻ ആഗോള കമ്പനികള്‍ തയ്യാറായിരിക്കുന്ന ഘട്ടത്തിലാണ് കേരളം 2025 ഫെബ്രുവരി 21,22 തീയതികളില്‍ ഗ്ലോബല്‍ ഇൻവസ്റ്റേഴ്‌സ് മീറ്റ് സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഈ മീറ്റിനുള്ള മുന്നൊരുക്കങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തെ ആദ്യ ഇന്റര്‍നാഷണല്‍ ജെന്‍ എ ഐ കോൺക്ലേവ്, കേരളത്തിലെ ആദ്യ ഇന്റര്‍ നാഷണല്‍ റോബോട്ടിക്‌സ് റൗണ്ട് ടേബിള്‍ കോൺക്ലേവ്, മാരിടൈം ആന്റ് ലോജിസ്റ്റിക്സ് റൗണ്ട് ടേബിള്‍, ഫുഡ് ടെക് കോൺക്ലേവ്, ഇന്റര്‍ നാഷണല്‍ ബയോ ടെക്നോളജി ആന്റ് ലൈഫ് സയന്‍സ് കോൺക്ലേവ് എന്നിവ പൂര്‍ത്തിയാക്കി. ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു നഗരങ്ങളില്‍ സംരംഭകര്‍ക്കൊപ്പം റോഡ്ഷോ സംഘടിപ്പിച്ചു. ഇനി ബോംബെയിലും ഡെല്‍ഹിയിലും വിവിധ രാജ്യങ്ങളിലും റോഡ് ഷോ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഒപ്പം വിവിധ സെക്‌ടറൽ കോൺക്ലേവുകളും ഗ്ലോബല്‍ ഇൻവെസ്റ്റേഴ്‌സ് മീറ്റിന് മുന്‍പായി സംഘടിപ്പിക്കും. ഇങ്ങനെ സംരംഭകരുടെയാകെ ആത്മ വിശ്വാസം നേടിയെടുത്തും കേരളത്തെ ഒരു ബ്രാന്‍ഡായി ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടിയും എട്ട് മാസത്തെ മുന്നൊരുക്കത്തിലൂടെയാണ് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റിനായി സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ഈ സമ്മിറ്റിലൂടെ ഇന്‍ഡസ്ട്രിയല്‍ റെവല്യൂഷന്‍ 4.0 വ്യവസായങ്ങളുടെ രാജ്യത്തെ ഹബ്ബായി മാറാന്‍ നമുക്ക് സാധിക്കും. അതിന് മുഴുവന്‍ മലയാളികളുടെയും പിന്തുണ ഉണ്ടാകുമെന്ന് സര്‍ക്കാരിന് ഉറപ്പുണ്ട്.
-
സംരംഭകരുടെ പരാതികള്‍ സമയ ബന്ധിതമായി പരിഹരിക്കുന്നതിന് സിവില്‍ കോടതി അധികാരത്തോടെ സ്റ്റാറ്റ്യൂട്ടറി സമിതി, ഓൺലൈൻ പോർട്ടൽ.
-
ഒരു സ്‌ക്രൂ ഉണ്ടാക്കാന്‍ കഴിയാത്ത കെൽട്രോൺ എന്ന് പറഞ്ഞ കെൽട്രോൺ തന്നെയാണ് ചന്ദ്രയാന്‍, മംഗള്‍യാന്‍, ഗഗന്‍യാന്‍ എന്നീ ചരിത്ര ദൗത്യങ്ങളില്‍ ഭാഗഭാക്കായതിനൊപ്പം എ.ഐ ക്യാമറ പദ്ധതി നടപ്പിലാക്കിയതും.
-
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനം നടത്താന്‍ പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് സ്ഥാപിക്കുമെന്ന വാഗ്‌ദാനം യാഥാര്‍ഥ്യമാക്കി.
-
ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ വ്യവസായ ഇടനാഴിയുടെ ഭൂരിഭാഗവും പൂര്‍ത്തീകരിച്ച് സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലൊരു കുതിച്ചു ചാട്ടം സൃഷ്‌ടിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു.
-
കേരളത്തില്‍ നിർമ്മിക്കുന്ന ഉൽപന്നങ്ങൾക്കും സേവനങ്ങള്‍ക്കും ആഗോള ഗുണ നിലവാരം കൊണ്ടു വരാനും അന്താരാഷ്ട്ര വിപണിയില്‍ വിപണന സാധ്യത കൂട്ടുന്നതിനുമായി ‘കേരളാബ്രാന്‍ഡ്’ പദ്ധതി ആരംഭിച്ചു.