കേരളത്തിന് കരുത്തേകുന്ന നേട്ടം
കേരളത്തിന് കരുത്തേകുന്ന നേട്ടം
പിണറായി വിജയന്‍
മുഖ്യമന്ത്രി
കേരളത്തിലെ വ്യവസായ രംഗത്തെ സംബന്ധിച്ച് കാലങ്ങളായി നിലനിന്ന ധാരണകളെ തിരുത്തിക്കുറിക്കുന്നതും നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വ്യാജ പ്രചാരണങ്ങളുടെ മുനയൊടിക്കുന്നതുമായ നേട്ടമാണ് വ്യവസായ സൗഹൃദാന്തരീക്ഷമുള്ള സംസ്ഥാനങ്ങളുടെ ദേശീയ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനമെന്ന ബഹുമതി. വ്യവസായ പരിഷ്‌കാരവുമായി ബന്ധപ്പെട്ട വ്യത്യസ്‌ത മേഖലകളിൽ സംസ്ഥാനങ്ങളെ വേര്‍ തിരിച്ചു വിലയിരുത്തുന്ന വിധമാണു കേന്ദ്ര സര്‍ക്കാര്‍ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് ഇൻഡക്‌സ് തയ്യാറാക്കുന്നത്. ബിസിനസ് കേന്ദ്രിതമായ രണ്ടെണ്ണത്തിലും പൗര കേന്ദ്രിതമായ ഏഴെണ്ണത്തിലും ഉള്‍പ്പെടെ ഒന്‍പതു മേഖലകളില്‍ നേട്ടം കൊയ്‌ത കേരളം നികുതി അടയ്ക്കലിലെ പരിഷ്‌കാരങ്ങളും യൂട്ടിലിറ്റി പെര്‍മിറ്റുകള്‍ അനുവദിക്കലും കാര്യക്ഷമമായി നടപ്പാക്കി. ഓൺലൈൻ ഏക ജാലക സംവിധാനം, പൊതു വിതരണം, ഗതാഗതം തുടങ്ങി ഒന്‍പത് പൗര കേന്ദ്രിത മേഖലകളില്‍ ഒന്നാം സ്ഥാനം നേടി. സംരംഭകരുടെ അനുകൂലാഭിപ്രായം സ്വന്തമാക്കിയ സംസ്ഥാനം എല്ലാ മേഖലകളിലും സംരംഭകരെ ആകര്‍ഷിച്ചു.
സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തിയ ഇളവുകളും നയം മാറ്റങ്ങളും നടപടി ക്രമ ലഘൂകരണവുമെല്ലാം മികവിലേക്ക് കുതിയ്ക്കാന്‍ കേരളത്തിന് കരുത്ത് പകർന്നു.
സംരംഭക വര്‍ഷം പദ്ധതിയിലൂടെ ദേശീയ തലത്തില്‍ ബെസ്റ്റ് പ്രാക്‌ടീസ് അംഗീകാരം നേടിയ കേരളം 16,000 കോടിയുടെ നിക്ഷേപവും അഞ്ചര ലക്ഷം തൊഴിലവസരവുമാണ് സൃഷ്‌ടിച്ചത്. മീറ്റ് ദി ഇന്‍വെസ്റ്റര്‍ പദ്ധതി വഴി 11,000 കോടിയുടെ നിക്ഷേപം നേടിയെടുത്തു. 1000 കോടി രൂപയുടെ നിക്ഷേപവും 3000 തൊഴിലും പ്രതീക്ഷിക്കുന്ന മെഗാ ഫുഡ് പാര്‍ക്ക് പ്രവര്‍ത്തനമാരംഭിച്ചു. സ്‌പൈസസ് പാര്‍ക്കിന്റെ നിർമ്മാണം തുടങ്ങി. 1200 കോടിയുടെ പെട്രോ കെമിക്കല്‍ പാര്‍ക്കും കേരളത്തില്‍ ഉടന്‍ യാഥാര്‍ഥ്യമാകുകയാണ്. കേരളം പ്രതീക്ഷയോടെ കാണുന്ന സുപ്രധാന പദ്ധതിയാണ് കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴി. പദ്ധതി യാഥാര്‍ഥ്യമാകുമ്പോള്‍ 10,000 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തിന് ലഭിക്കും. പദ്ധതിയിലൂടെ ഒരു ലക്ഷത്തിലധികം തൊഴില്‍ പ്രത്യക്ഷമായും രണ്ട് ലക്ഷത്തോളം തൊഴില്‍ പരോക്ഷമായും സൃഷ്‌ടിക്കപ്പെടും.