വൈബുള്ളൊരു മുത്തശ്ശിക്കലാലയം നൂറിന്റെ നിറവില്‍ ഗവ. ആര്‍ട്‌സ് കോളേജ്

യാസിര്‍ റ്റി.എ
ഐ&പിആര്‍ഡി

തൈക്കാട്ടെ തണല്‍ മരങ്ങള്‍ കടന്ന് ഗവ. ആര്‍ട്‌സ് കോളേജിന്റെ കവാടത്തിലെത്തുമ്പോള്‍ തിരുവനന്തപുരം നഗര മധ്യത്തിലാണ് നാമുള്ളതെന്ന് ഒരുവേള മറന്നു പോകും. നഗര ബഹളങ്ങളും തിരക്കുകളുമില്ലാത്ത ശാന്തമായൊരിടം.

ധ്യാന മനസ്സോടെ അക്ഷര മധുരം നുകരാന്‍ ഇതിലേറെ അനുയോജ്യമായൊരിടം വേറെയില്ലെന്ന് ദീര്‍ഘ ദര്‍ശികളായ പൂര്‍വികര്‍ക്ക് ഒരു നൂറ്റാണ്ട് മുന്നേ തോന്നിക്കാണണം… ഇന്ത്യന്‍ അലങ്കാരപ്പണികളും ഗോതിക് വാസ്‌തു വിദ്യയും മനോഹരമായി ഇഴചേരുന്ന ഇന്‍ഡോ സാരസനിക് വാസ്‌തു വിദ്യയുടെ മനോഹാരിതയോടെ തലയുയര്‍ത്തി നിൽക്കുന്ന ഈ കലാലയം തലമുറകള്‍ക്ക് അക്ഷര വെളിച്ചം പകർന്ന് തുടങ്ങിയിട്ട് നൂറു വര്‍ഷം തികഞ്ഞിരിക്കുന്നു.

ഗവ. ആര്‍ട്‌സ് കോളേജിലെ ക്ലാസ് മുറികളില്‍ നിന്ന് അക്ഷര വെളിച്ചം പകർന്നെടുത്ത് ലോകത്ത് വെളിച്ചം പ്രസരിപ്പിച്ചവരുടെ പട്ടിക കണ്ടാല്‍ ആരും അതിശയിച്ചു പോകും. മഹാകവി ചങ്ങമ്പുഴ മുതല്‍ മലയാളിയുടെ പ്രിയപ്പെട്ട രാഷ്ട്രപതി കെ ആര്‍ നാരായണന്‍ വരെയുണ്ട് ആ പട്ടികയിൽ. കേരളത്തിലെ ആദ്യ വനിതാ മന്ത്രിയായ ആനിമസ്‌ക്രീന്‍ മുതല്‍ മുന്‍ നാവികസേന മേധാവി ആര്‍ ഹരികുമാര്‍ വരെ ആ പട്ടിക നീണ്ടു നീണ്ടു പോകും. വൈദ്യകുലപതി ഡോ. എംഎസ് വല്യത്താന്‍ മുതല്‍ ഐഎസ് ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ മഹാ നടന്‍ മധുവും മണിയന്‍പിള്ള രാജുവും ഗായകന്‍ ജി വേണു ഗോപാലും വരെ എണ്ണിയാല്‍ തീരാത്ത പ്രതിഭകള്‍.

നൂറ്റാണ്ടിന്റെ സാക്ഷി

ഇന്റര്‍ലോക്ക് ടൈലുകള്‍ പാകിയ നടപ്പാത കടന്ന് പ്രധാന കെട്ടിടമായ പൈതൃക സമുച്ചയത്തിലേക്ക് കടക്കുമ്പോള്‍ നാം കാൽവെക്കുന്നത് ചരിത്രത്തിലേക്കാണ്. തിരുവിതാംകൂറിന്റെ, ഐക്യ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ ചരിത്രത്തിലേക്ക്… കാലത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ചുവന്ന ഇഷ്‌ടികകളും കൂറ്റൺ തൂണുകളും മുഴങ്ങുന്ന തടി ഗോവണിയും വലിയ ജാലകങ്ങളും കാറ്റൊഴുകി നീങ്ങുന്ന തുറന്ന ഇടനാഴികളുമൊക്കെ നമ്മെ അക്ഷരത്തിന്റെ ശക്തി തിരിച്ചറിഞ്ഞ മുന്‍ഗാമികളെ ഓര്‍മ്മിപ്പിക്കും. കേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ഹിസ് ഹൈനസ് മഹാരാജാസ് കോളേജ് (ഇന്നത്തെ യൂണിവേഴ്‌സിറ്റി കോളേജ്) വിഭജിച്ചാണ് 1924-ല്‍ ആര്‍ട്‌സ് കോളേജ് രൂപവൽക്കരിക്കുന്നത്. ശ്രീമൂലം തിരുനാള്‍ രാമവർമ്മയായിരുന്നു അന്ന് തിരുവിതാംകൂര്‍ മഹാരാജാവ്. കുട്ടികളുടെ ആധിക്യം മൂലമാണ് അന്ന് ആര്‍ട്‌സ് വിഭാഗം വിഷയങ്ങള്‍ വേര്‍പെടുത്തി പുതിയ കോളേജ് തുടങ്ങാന്‍ തീരുമാനിച്ചത്.

യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് വിളിപ്പാടകലെ തൈക്കാട് പണി കഴിപ്പിച്ച ഈ മൂന്ന് നില കെട്ടിടത്തിലായിരുന്നു അന്ന് കോളേജ് ആരംഭിച്ചത്. 1937-ല്‍ തിരുവിതാംകൂര്‍ സര്‍വകലാശാല ആരംഭിച്ചപ്പോള്‍ കോളേജ് സര്‍വകലാശാലയുടെ അക്കാദമിക് ഡിപ്പാർട്‌മെന്റായി മാറുകയും ഭരണച്ചുമതല സര്‍വകലാശാലക്കാവുകയും ചെയ്‌തു. 1942-ല്‍ ഈ കോളേജിലുണ്ടായിരുന്ന ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ യൂണിവേഴ്‌സിറ്റി കോളേജ് എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ട ഹിസ് ഹൈനെസ്സ് മഹാരാജാസ് കോളേജ് ഓഫ് സയന്‍സിലേക്കു മാറ്റി. 1948-ല്‍ കോളേജ് ഇന്റര്‍മീഡിയറ്റ് കോളേജ് എന്ന് പുനര്‍ നാമകരണം ചെയ്യപ്പെട്ടു. കേരള സംസ്ഥാനം രൂപവൽക്കരിക്കപ്പെട്ട ശേഷം കലാലയം കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലായി. പിന്നീട് പ്രീഡിഗ്രി കോഴ്‌സുകൾ പഠിപ്പിക്കുന്ന സെക്കന്‍ഡ് ഗ്രേഡ് കോളേജായും 1971-ല്‍ ഫസ്റ്റ് ഗ്രേഡ് കോളേജായും ഉയർത്തപ്പെട്ടു. 1971-ലാണ് കോളേജിന്റെ പേര് ഇന്നത്തേത് പോലെ ഗവ. ആര്‍ട്‌സ് കോളേജ് എന്നാക്കി മാറ്റുന്നത്. 2000-ല്‍ പ്രീഡിഗ്രി കോളേജുകളില്‍ നിന്ന് വേര്‍പെടുത്തിയ ശേഷം 2004-ല്‍ ബി എസ് സി ഫിസിക്‌സും ബോട്ടണി-ബയോ ടെക്‌നോളജി ബിരുദ കോഴ്‌സുകളും ആരംഭിച്ചു.

നൂറിന്റെ ചെറുപ്പം

നിലവില്‍ ഇക്കണോമിക്‌സ് കൊമേഴ്‌സ്, ഫിസിക്‌സ്, ബോ’ണി-ബയോടെക്‌നോളജി തുടങ്ങിയ വിഷയങ്ങളില്‍ ബിരുദ പ്രോഗ്രാം, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, കൊമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോ ടെക്‌നോളജി, അനലറ്റിക്കല്‍ കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാം എന്നിവ കോളേജിലുണ്ട്. എം എസ് സി ബയോടെക്‌നോളജി കോഴ്‌സുള്ള ഏക സര്‍ക്കാര്‍ കോളേജാണ് ഈ കലാലയമെന്ന് പ്രിന്‍സിപ്പല്‍ ഡോ. എസ് സുബ്രഹ്‌മണ്യം പറഞ്ഞു. അതുപോലെ കേരള സര്‍വകലാശാലയുടെ കീഴില്‍ എം എസ് സി അനലറ്റിക്കല്‍ കെമിസ്ട്രിയുള്ള ഏക സര്‍ക്കാര്‍ കോളേജ് കൂടിയാണിത്. കോളേജിലെ കൊമേഴ്‌സ് വിഭാഗം കേരള സര്‍വകലാശാലയുടെ കീഴിലുള്ള ഗവേഷണ കേന്ദ്രം കൂടിയാണ്. 14 പേര്‍ ഇതിനകം ഇവിടെ നിന്ന് പിഎച്ച്ഡി നേടിയിട്ടുണ്ട്. എഫ് എഫ് വൈ യു ജി പി  മൈനര്‍ കോഴ്‌സുകളില്‍ ഹിസ്റ്ററി, പൊളിറ്റിക്‌സ്, മാത്‌സ്, തമിഴ്, മലയാളം, ഹിന്ദി, ഫ്രഞ്ച്, അറബിക്, സംസ്‌കൃതം, ഫിസിക്കല്‍ എജുക്കേഷന്‍ എന്നിവയുമുണ്ട്. കോളേജില്‍ നിലവില്‍ ലഭ്യമായ ആറ് ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ അഞ്ചിനും കോളേജിനായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒന്നാം റാങ്ക്. ചില വകുപ്പുകളില്‍ ഒന്നിലധികം റാങ്കുകളും ലഭിച്ചിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. യുജി കോഴ്‌സുകളിലും മികച്ച റിസൾട്ടാണ് കോളേജിന് ലഭിക്കുന്നത്. മികച്ച പ്ലേസ്‌മെന്റ് സെല്ലും കോളേജില്‍ പ്രവർത്തിക്കുന്നുണ്ട്. കൊമേഴ്‌സ് വിഭാഗത്തിലെ അധ്യാപകന്‍ ഡോ. പുരുഷോത്തമനാണ് പ്ലേസ്‌മെന്റ് സെല്ലിന്റെ കോഡിനേറ്റര്‍. സെല്ലിന്റെ ഭാഗമായി മികച്ച സ്ഥാപനങ്ങളെയും ഏജന്‍സികളെയും പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ വര്‍ഷവും പ്ലേസ്‌മെന്റ് ഡ്രൈവുകളും നടത്താറുണ്ട്.

പ്രഗത്ഭരുടെ നീണ്ട നിര

ആർട്‌സ് കോളേജിലെ ക്ലാസ് മുറികളില്‍ നിന്ന് ലോകത്തിന്റെ വഴികാട്ടികളായി വളർന്നവർ ഏറെയുണ്ട്. അവരില്‍ ശാസ്ത്രകാരന്മാരും രാഷ്ട്ര നേതാക്കളും അനുഗൃഹീത കലാകാരന്മാരുമുണ്ട്. കായിക പ്രതിഭകളും ഭരണകര്‍ത്താക്കളുമുണ്ട്. കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളില്‍ ഒരാളായ മുന്‍ രാഷ്ട്രപതി ഡോ. കെ. ആര്‍. നാരായണന്‍ 1941-ല്‍ ആർട്‌സ് കോളേജിലെ ബി എ ഓണേഴ്‌സ് വിദ്യാർത്ഥിയായിരുന്നു.

ചങ്ങമ്പുഴ എഴുതിയ കവിത ചങ്ങമ്പുഴക്ക് തന്നെ ഗവ. ആര്‍ട്‌സ് കോളേജിലെ പഠന കാലത്ത് പഠിക്കേണ്ടി വന്നിട്ടുണ്ട് എന്ന രസകരമായ ഓര്‍മ്മ പ്രിന്‍സിപ്പല്‍ ഡോ. എസ് സുബ്രഹ്‌മണ്യം പങ്കുവെച്ചു. മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ ഡോ. പി സി അലക്‌സാണ്ടർ, പ്രശസ്‌ത നാടകകൃത്ത് പ്രൊഫസര്‍ എന്‍ കൃഷ്‌ണപിള്ള, പ്രമുഖ മലയാളം നിരൂപകന്‍ പ്രൊഫ. എസ് ഗുപ്‌തൻ നായര്‍, ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ. ജി. മാധവന്‍ നായര്‍, പ്രശസ്‌ത ഭിഷഗ്വരന്‍ ഡോ. എം എസ് വല്യത്താന്‍, മുന്‍ ചീഫ് സെക്രട്ടറിമാരായ ജിജി തോംസൺ, എസ്.എം വിജയാനന്ദ്, നിലവിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലക് ഐ.എ.എസ്., കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ സുധീര്‍ കെ. ഐ.എ.എസ്., സൂര്യ കൃഷ്‌ണമൂർത്തി, പ്രശസ്‌ത അഭിനേതാക്കളായ മധു, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു, ഐപിഎല്‍ താരം ആസിഫ്, പിന്നണി ഗായകരായ വേണുഗോപാല്‍, ശ്രീറാം, മുന്‍ എം പി ഡോ. എ. സമ്പത്ത്, ഡിഫന്‍സ് സെക്രട്ടറി മോഹന്‍ കുമാര്‍, സംവിധായകന്‍ ടി കെ രാജീവ് കുമാര്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ തിളങ്ങി നിൽക്കുന്ന ധാരാളം പേര്‍ ഈ കലാലയത്തിന്റെ സംഭാവനകളാണ്.

രാജ്യത്തെ മികച്ച കലാലയങ്ങളിലൊന്ന്

മഹത്തായ പാരമ്പര്യത്തിന്റെ തിളക്കമുള്ള ഈ കലാലയം ഇന്ന് അക്കാദമിക രംഗത്തും പഠ്യേതര രംഗത്തും മികച്ച പ്രകടനം കാഴ്‌ചവെക്കുന്ന രാജ്യത്തെ തന്നെ മുന്‍നിര കോളേജുകളിലൊന്നാണ്. എന്‍ഐആര്‍എഫ് റാങ്കിംഗ് പട്ടികയിൽ രാജ്യത്തെ മുന്‍നിരയിലുള്ള 200 കലാലയങ്ങളിലാണ് ഗവ. ആർട്‌സ് കോളേജിന്റെ സ്ഥാനം. 45 ഗവേഷണ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 700 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കലാലയത്തിന് നാക് അക്രഡിറ്റേഷനും ലഭിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ രണ്ട് പ്രോജക്‌ടുകൾ നിലവില്‍ ഇവിടുത്തെ അധ്യാപകര്‍ നേടിയിട്ടുണ്ട്. 50,000 ത്തോളം പുസ്‌തകങ്ങൾ അടങ്ങിയ മികച്ച ലൈബ്രറിയും കോളേജിലുണ്ട്. ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് കോളേജിന്റെ ലിഫ്റ്റും റാമ്പും അടക്കമുള്ള സംവിധാനങ്ങളുണ്ട്. പാഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള മികവും സാമൂഹിക പ്രതിബദ്ധതയും മുഖമുദ്രയാക്കിയ വിദ്യാര്‍ഥി സമൂഹമാണ് എന്നും ഈ കലാലയത്തിന്റെ കരുത്തെന്ന് വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി അജിത് കുമാര്‍ ചൂണ്ടിക്കാട്ടി.

നൂറാം വര്‍ഷത്തില്‍ നൂറ് പരിപാടികള്‍

ശതാബ്‌ദി ആഘോഷങ്ങള്‍ ജൂലൈ-18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്‌തു. ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്‌തിട്ടുള്ളതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. നൂറില്‍പരം വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ശതാബ്‌ദി ആഘോഷ കമ്മിറ്റി തീരുമാനം.

സ്ഥല പരിമിതി നേരിടുന്നതിനായി നിലവിലുള്ള റൂസ ബില്‍ഡിങ്ങിന് മുകളില്‍ മറ്റൊരു നിലകൂടി നിര്‍മ്മിച്ച് സ്റ്റാറ്റിസ്റ്റിക്‌സ്, ഇംഗ്ലീഷ്, ബയോടെക്‌നോളജി, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിലും ഗവേഷണ സൗകര്യം ഒരുക്കും. കിഫ്ബി ധന സഹായത്തോടെ 12 കോടി രൂപ മുടക്കി മറ്റൊരു ബ്ലോക്കും കോളേജില്‍ നിര്‍മിക്കും. ആറ് നിലയില്‍ നിർമ്മിക്കുന്ന ഈ ബ്ലോക്കിന്റെ ഫണ്ട് അലോട്ട്‌മെന്റ് ലഭ്യമായിട്ടുണ്ട്. ഗവേഷണ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുദ്ദേശിക്കുന്നതിനാൽ ഈ ബ്ലോക്കിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള കോമൺ ഇന്‍സ്ട്രമെന്റേഷന്‍ ലാബ്, ലൈബ്രറി, കൗൺസിലിങ്ങ് സെന്റര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഉണ്ടാകും.