സുസ്ഥിര വികസനം സുസ്ഥിര ആരോഗ്യം

ഡോ. അഫീഫ ചോലശ്ശേരി
ലക്‌ചറർ, യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ലണ്ടൻ, റാസ് അല്‍ ഖൈമ, യുഎഇ

കേരളീയര്‍ക്ക് അഭിമാനവും ആശ്വാസവും പകരുന്ന ഒരു വാര്‍ത്ത ഏതാനും ദിവസം മുമ്പാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. മലപ്പുറം നിപ മുക്തമായി. നിപ എന്ന മാരക രോഗത്തെ കേരളം വീണ്ടും പിടിച്ചു കെട്ടിയിരിക്കുന്നു. നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഇൻഡെക്‌സിൽ (SD-G-s) കേരളം വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത് ചര്‍ച്ച ചെയ്യുമ്പോള്‍ ഈ നേട്ടവും പരിഗണിക്കേണ്ടതുണ്ട്. ഇന്ത്യയുടെ ആരോഗ്യ പരിചരണ മേഖലയില്‍ കേരളത്തിന്റെ നേതൃ പദവിയാണ് ഒരിക്കല്‍ കൂടി ഇവിടെ വ്യക്തമാവുന്നത്.

ദശകങ്ങളായി തുടരുന്ന നമ്മുടെ കരുത്തുറ്റ പൊതുജനാരോഗ്യ അടിത്തറയാണ് ഈ മുന്നേറ്റത്തിന് കാരണം. ആരോഗ്യ മേഖലയില്‍ കൈക്കൊള്ളുന്ന പുരോഗമന നയങ്ങളും അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപനവുമാണ് അതിന്റെ മുഖ മുദ്രകള്‍.

എസ് ഡി ജി 3 ലക്ഷ്യങ്ങള്‍ എല്ലാവര്‍ക്കും എല്ലാ പ്രായക്കാര്‍ക്കും ആരോഗ്യകരമായ സ്വാസ്ഥ്യ ജീവിതം ഉറപ്പു വരുത്തുന്നതിന് ലക്ഷ്യമിടുന്നു. കേരളവും ആഗോള പ്രതീക്ഷകള്‍ക്കൊപ്പം ഈ ലക്ഷ്യത്തിലെത്തുന്നതിനാണ് പ്രയത്നിക്കുന്നത്. പ്രാഥമികാരോഗ്യ മേഖലയെ ശക്തിപ്പെടുത്തല്‍, ഗുരുതര രോഗങ്ങളുടെ നിയന്ത്രണം, മാതൃ, ശിശു ആരോഗ്യം വര്‍ധിപ്പിക്കല്‍, പകര്‍ച്ച വ്യാധികളെ അകറ്റല്‍, അവശ്യ മരുന്നുകൾ എല്ലാവര്‍ക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കല്‍ ഇവയിലെല്ലാം ശ്രദ്ധ ഊന്നിക്കൊണ്ടാണ് ഇതിനായി സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍.

മികച്ച ആരോഗ്യം, സുഖജീവനം

മാതൃ, ശിശു-മരണ നിരക്ക് കുറച്ചും ആരോഗ്യ സേവനങ്ങള്‍ എല്ലാവര്‍ക്കും പ്രാപ്‌തമാക്കിയും, പൊതുജനാരോഗ്യ സൂചകങ്ങള്‍ മെച്ചപ്പെടുത്തുന്നതിൽ കേരളം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും കുറവ് മാതൃ, ശിശു-മരണ നിരക്ക് ഉള്ള സംസ്ഥാനമാണ് കേരളം. ആരോഗ്യ പരിചരണത്തിലെ മികവിന് കോവിഡ് കാലം തന്നെയാണ് ഉചിതമായ ഉദാഹരണം. കേരളം പുലര്‍ത്തിയ ജാഗ്രതയും പരിചരണ മാനദണ്ഡങ്ങളും ഈ മികവിന്റെ മുദ്രകളായി നമുക്ക് മുന്‍പിലുണ്ട്.

ആയുര്‍ ദൈര്‍ഘ്യത്തിലെ വര്‍ധന ദേശീയ ശരാശരിയേക്കാള്‍ ഉയർന്ന ആയുര്‍ ദൈര്‍ഘ്യമാണ് സംസ്ഥാനത്തുള്ളത്.

പകര്‍ച്ചവ്യാധികളെ അകറ്റല്‍

ഫലപ്രദമായ പൊതുജനാരോഗ്യ രക്ഷാ നടപടികള്‍ പല പകര്‍ച്ചവ്യാധികളും നിയന്ത്രിക്കുന്നതിനു സഹായിച്ചു.

മാനസികാരോഗ്യം മെച്ചപ്പെടുത്തല്‍

മാനസികാരോഗ്യ അവബോധവും സേവനങ്ങള്‍ക്കും കേരളം പ്രാധാന്യം നൽകുന്നു.

സാര്‍വത്രിക ആരോഗ്യരക്ഷ
സംസ്ഥാനത്തിന്റെ പൊതു ആരോഗ്യ സേവനം സാര്‍വത്രിക ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്ന വിധത്തിലാണ് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയിലെ പ്രകടനത്തിന് സംഭാവന ചെയ്യുന്ന വിവിധ ഘടകങ്ങള്‍ കാണിക്കുന്ന പട്ടിക  കാണാം.

കേരളത്തിന്റെ വിവിധ സൂചികകളുടെ താരതമ്യ വിശകലനം :2011,2021

സൂചികകൾ 2011 2021
ആയുർദൈർഘ്യം (വർഷം) 74.2 75
ശിശുമരണ നിരക്ക് (IMR) 13 5.05
മാതൃമരണ അനുപാതം (MMR) (ഒരു ലക്ഷം ജനങ്ങൾക്ക്) 30 19
അഞ്ചു വയസ്സിന് താഴെ മരണനിരക്ക് (U5MR) (ആയിരം ജനങ്ങൾക്ക്) 15

സ്രോതസ്സ്

  • വാർഷിക സ്ഥിതിവിവരക്കണക്ക് റിപ്പോർട്ട്
  •  സാമ്പത്തിക സർവേ 2023-24
  • ഹെൽത്ത് ഡോസിയർ 2021 : പ്രധാന ആരോഗ്യ സൂചികകളിലെ പ്രതിഫലനങ്ങൾ – കേരളം, ദേശീയ ആരോഗ്യ മിഷൻ

2011 മുതല്‍ 2021 വരെ കേരളത്തിന്റെ ആരോഗ്യ സൂചികകളില്‍ ഉണ്ടായ പുരോഗതി വെളിപ്പെടുത്തുന്നതാണ് ഈ സൂചകങ്ങള്‍.

ആയുര്‍ ദൈര്‍ഘ്യം 74.2-ല്‍ നിന്ന് 75 വര്‍ഷമായി കൂടി. ശിശു മരണ നിരക്ക് 13-ല്‍ നിന്ന് 5.05 താഴ്‌ന്നു. മാതൃ മരണ അനുപാതം 30 ല്‍ നിന്ന് 19 ആയി കുറഞ്ഞു.

അഞ്ചു വയസ്സിന് താഴെയുള്ള മരണ നിരക്ക് 15-ല്‍ നിന്ന് 5.2 ആയി കുറഞ്ഞു. ഈ പുരോഗതി അഭിമാനകരമാണ്.

എന്തുകൊണ്ട് കേരളം?

മുന്‍പ് സൂചിപ്പിച്ചതു പോലെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കരുത്താണ് കേരളത്തിന്റെ മുന്നേറ്റത്തിന് പ്രധാനമായും സഹായിക്കുന്നത്.

രോഗ പ്രതിരോധത്തിന് മുന്‍തൂക്കം നൽകുന്ന അടിയുറച്ച ഒരു സംവിധാനമുള്ളതും പറയേണ്ടതുണ്ട്. നേരത്തെ തന്നെ രോഗം തിരിച്ചറിയുന്നു. പ്രാഥമികാരോഗ്യ സംവിധാനത്തിന് പരിഗണന നല്‍കി ചികിത്സയും ഉറപ്പാക്കാനാകുന്നു. നിപ പ്രതിരോധത്തില്‍ 2018-ലും 2019-ലും ഈ വര്‍ഷവും നാം സ്വീകരിച്ച ശാസ്ത്രീയമായ പ്രോട്ടോക്കോളും ചികിത്സയും ഏറെ പ്രശംസാര്‍ഹമാണ്. കോവിഡ് കാലത്തെ നേരിട്ടതും സമഗ്ര ആരോഗ്യ രക്ഷയ്ക്കായുള്ള സംസ്ഥാനത്തിന്റെ സമര്‍പ്പണം വ്യക്തമാക്കുന്നു.

പ്രാഥമിക, ദ്വിതീയ, തൃതീയ തലങ്ങളിലായുള്ള ശക്തമായ ഒരു പൊതുജനാരോഗ്യ സംവിധാനമാണ് നമ്മുടേത്. ജീവിത ശൈലി രോഗങ്ങളെ നേരിടുന്നതിലും മാതൃ, ശിശു ആരോഗ്യം നിലനിർത്തുന്നതിലും വാക്‌സിനേഷൻ വ്യാപിപ്പിക്കുന്നതിലും കേരളം കൊടുക്കുന്ന ശ്രദ്ധേയമാണ്. ഇ ഹെല്‍ത്ത് പോർട്ടൽ ആരോഗ്യ സേവനങ്ങള്‍ ആധുനികമാക്കി. മെഡിക്കല്‍ വിദ്യാഭ്യാസത്തെയും ഗവേഷണത്തെയും ടെലിമെഡിസിനുമായി സംയോജിപ്പിക്കുന്നതിലൂടെ രോഗീ പരിചരണവും ചികിത്സാ ലഭ്യതയും വര്‍ധിപ്പിക്കുവാനും കേരളത്തിന് കഴിയും. ആയുഷ്‌മാൻ ഭാരത് പരിപാടിയെയും സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളുമായുള്ള താരതമ്യം

കേരളത്തേക്കാള്‍ സാമ്പത്തികമായി വികസിതമെന്നു പറയപ്പെടുന്ന സംസ്ഥാനങ്ങളുമായുള്ള ഒരു താരതമ്യം ആരോഗ്യ മേഖലയില്‍ നമ്മുടെ സവിശേഷമായ കരുത്തും വികസനവും എടുത്തു കാട്ടുന്നതാണ്.

ജീവിത ദൈര്‍ഘ്യം (2016-2020)

സംസ്ഥാനങ്ങള്‍ വയസ്സ് (വര്‍ഷം)
മഹാരാഷ്ട്ര 72.9
തമിഴ്‌നാട് 73.2
കര്‍ണാടക 69.8
ഗുജറാത്ത് 70.5
കേരളം 75.0
ഇന്ത്യ 70.0

സ്രോതസ്സ്: സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം, 2021

ദേശീയ ശരാശരി ആയുര്‍ ദൈര്‍ഘ്യം 70.0 വർഷമാണെന്നു പ്രത്യേകം ശ്രദ്ധിക്കുക.

ആയുര്‍ ദൈര്‍ഘ്യം ഒരു രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയുടെ ബാരോമീറ്ററാണെന്ന് പറയാം. ആരോഗ്യരക്ഷ, പോഷകാഹാരം, വരുമാനം, വിദ്യാഭ്യാസം തുടങ്ങി മൊത്തത്തില്‍ ജീവിത നിലവാരത്തിലും അത് പ്രതിഫലിക്കുന്നു. സംസ്ഥാനത്തിന് ഇക്കാര്യത്തില്‍ ഏറെ അഭാമാനിക്കാമെങ്കിലും ജീവിതശൈലി രോഗങ്ങള്‍, വൃദ്ധജനങ്ങളുടെ വര്‍ധന, മാനസികാരോഗ്യ പ്രശ്‌നങ്ങൾ എന്നീ രംഗങ്ങളില്‍ നാം വെല്ലുവിളി നേരിടുന്നുമുണ്ട്.