കാര്‍ഷിക കേരളത്തിനു മാതൃകകള്‍
എസ്.പി. വിഷ്‌ണു
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
മീനങ്ങാടി ഗ്രാമപഞ്ചായത്ത്
മണ്ണിന്റെയും കൃഷിയുടെയും ഉയിർത്തെഴുന്നേൽപ്പ്
കടുത്ത വേനലില്‍ പാടങ്ങള്‍ വിണ്ടു കീറുകയും വിളകള്‍ കരിഞ്ഞു പോകുകയും ചെയ്‌തപ്പോൾ മണ്ണിന്റേയും കൃഷിയുടേയും പുനരുജ്ജീവനത്തിന് പുതിയ മാതൃക തീര്‍ത്ത മീനങ്ങാടി കൃഷിഭവന്‍ ഈ വര്‍ഷത്തെ വി വി രാഘവന്‍ പുരസ്‌കാരത്തിന് അര്‍ഹമായി. കൃഷി ഭവനുകള്‍ സ്ഥാപിച്ച മുന്‍ കൃഷി മന്ത്രി വി വി രാഘവന്റെ പേരില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ചവയ്‌ക്കുന്ന കൃഷിഭവനു നൽകുന്ന അവാര്‍ഡാണിത്. അഞ്ച് ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റുമാണ് അവാർഡ്.
വറ്റി വരണ്ട മണിവയല്‍ പുഴയുടെ ഓരത്ത് കുളം കുഴിച്ച് സൗരോര്‍ജം ഉപയോഗിച്ച് എട്ട് ഏക്കര്‍ കൃഷിയിടത്തിലേക്ക് വെള്ളമെത്തിക്കുകയും ഉപയോഗ ശേഷം അധിക ജലം സ്രോതസ്സിലേക്ക് തന്നെ ഒഴുക്കി വിടുകയും ചെയ്യുന്ന പുതിയ മാതൃക മീനങ്ങാടി നടപ്പിലാക്കുകയുണ്ടായി. ഇതിനായി 2.4 കിലോവാൾട്ട് സൗരോര്‍ജ പാനലും ദിവസേന 10,000 ലിറ്റര്‍ വെള്ളമെത്തിക്കുന്നതിന് അനുയോജ്യമായ പമ്പും പദ്ധതി പ്രദേശത്ത് സ്ഥാപിച്ചു. രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ സൗരോര്‍ജം ഉപയോഗിച്ച് കൃഷിക്കാവശ്യമായ ജല ലഭ്യതയും ഉറപ്പ് വരുത്തി.
ഒന്നാം ഘട്ടത്തിൽ വനിതകളുള്‍പ്പെടെയുള്ള കര്‍ഷക കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ വള്ളിപ്പയര്‍, പച്ചമുളക് വെള്ളരി, ചീര മുതലായവയാണ് ജൈവ രീതിയില്‍ കൃഷി ചെയ്‌തിട്ടുള്ളത്. ജൈവ ഉൽപന്നങ്ങളുടെ പ്രത്യേക വിപണിയും വൈദ്യുതി നിരക്ക് ഉള്‍പ്പെടെയുള്ള ആവര്‍ത്തന ചെലവുകളില്ലായെന്നതും കര്‍ഷകര്‍ക്ക് ആശ്വാസകരമാണ്. കൃഷിഭവന്റെ ഇടപെടലുകള്‍ സ്ഥിര വരുമാനം ഉറപ്പാക്കുന്നതോടൊപ്പം മീനങ്ങാടിയില്‍ നടപ്പിലാക്കി വരുന്ന കാർബൺ തുലിത പ്രവര്‍ത്തനങ്ങള്‍ക്കും മണ്ണിന്റെ ജൈവ ഘടന വീണ്ടെടുക്കുന്നതിനും സഹായകരമാകും. ഗ്രാമപഞ്ചായത്ത്, തണല്‍, കൃഷിഭവന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
വൈക്കം ബ്ലോക്ക് പഞ്ചായത്ത്
പൊന്‍ തിളക്കത്തിന്റെ നിറവില്‍
കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടൊപ്പം തൊഴിലുറപ്പ് പദ്ധതിയെ ക്രിയാത്മകമാക്കുന്നതിനു കൂടി ആവിഷ്‌കരിക്കപ്പെട്ട നിറവ് പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട കാര്‍ഷിക അവാര്‍ഡ് കരസ്ഥമാക്കിയിരിക്കുകയാണ് വൈക്കം ബ്ലോക്ക് പഞ്ചായത്ത്. കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ചവെക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ഈ വര്‍ഷം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ, മുന്‍ മുഖ്യമന്ത്രിയും ആദ്യ മന്ത്രിസഭയിലെ കൃഷി വകുപ്പ് മന്ത്രിയുമായിരുന്ന സി. അച്യുതമേനോന്റെ പേരിലുള്ള അവാര്‍ഡാണ് വൈക്കം ബ്ലോക്ക് പഞ്ചായത്ത് നേടിയത്. 10 ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും ആണ് അവാര്‍ഡ്.
2021 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ വൈക്കം ബ്ലോക്ക് പഞ്ചായത്ത് ഉദ്ഘാടനം ചെയ്‌ത ജനകീയ കൃഷി പദ്ധതിയാണ് ‘നിറവ് പദ്ധതി’. നിറവ് പദ്ധതിയില്‍ ഒന്നാം ഘട്ടത്തിൽ 300 ഏക്കറില്‍ പച്ചക്കറി കൃഷി ആരംഭിക്കുവാന്‍ വൈക്കം ബ്ലോക്കിന് സാധിച്ചു. 250 ഗ്രൂപ്പുകളും 70 വ്യക്തികളും പദ്ധതിയുടെ ഭാഗമായി. രണ്ടാം ഘട്ടത്തിൽ പൂക്കൃഷിയും ആരംഭിച്ചു. പൂക്കൃഷിയില്‍ വനിതാ ഗ്രൂപ്പുകള്‍ക്കൊപ്പം (കൃഷിക്കൂട്ടം, കുടുംബശ്രീ, തൊഴിലുറപ്പ് സംഘങ്ങള്‍. ജെ എല്‍ ജി പുരുഷ സ്വയം സഹായ സംഘങ്ങളും) കൃഷിയുടെ ഭാഗമായി. നിറവ് രണ്ടാം ഘട്ടത്തിൽ തന്നെ വിദ്യാലയങ്ങളിലും ഇവ വിജയകരമായി നടപ്പിലാക്കുവാനായി.
നിറവ് മൂന്നാം ഘട്ടത്തിൽ കിഴങ്ങ് വര്‍ഗങ്ങളുടെ കൃഷിയും ആരംഭിച്ചു. 100 ഗ്രൂപ്പുകള്‍ പദ്ധതിയുടെ ഭാഗമായി. ഇപ്പോള്‍ ‘നിറവ് പദ്ധതി’ നാലാം ഘട്ടത്തിൽ എത്തി നില്‍ക്കുമ്പോള്‍ 156 ഗ്രൂപ്പുകള്‍ പച്ചക്കറി കൃഷിയും 154 ഗ്രൂപ്പുകള്‍ പൂക്കൃഷിയും ചെയ്യുന്നുണ്ട്. ഓരോ ഘട്ടത്തിലും മികച്ച കൃഷി ചെയ്യുന്ന ഗ്രൂപ്പുകള്‍ക്കും സ്‌കൂളുകള്‍ക്കും ഇതിന് നേത്യത്വം നൽകുന്ന ഓഫീസര്‍മാര്‍ക്കും ‘നിറവ് പുരസ്‌കാരങ്ങളും നൽകുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനും കൂടുതല്‍ തൊഴിലാളികള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നൽകുന്നതിനും നിറവ് പദ്ധതിയിലൂടെ സാധിച്ചു.
ചേകാടി ഊര്
ജൈവ കൃഷിയില്‍ നേട്ടം കൊയ്‌ത്
സംസ്ഥാന കൃഷി വകുപ്പിന്റെ ജൈവകൃഷി നടത്തുന്ന മികച്ച ആദിവാസി ഊരിനുള്ള ഒന്നാം സ്ഥാനം കരസ്ഥമാക്കി ചേകാടി ഊര്. വയനാട് പുല്‍പ്പള്ളി പഞ്ചായത്തിലെ ചേകാടി, പരമ്പരാഗത നെല്‍ക്കൃഷി തുടർന്നു പോരുന്ന ഗോത്ര ഗ്രാമമാണ്.
ഗോത്ര വിഭാഗത്തില്‍ അടിയ വിഭാഗത്തിലുള്ളവരാണ് കര്‍ഷകരില്‍ ഭൂരിഭാഗവും. സുഗന്ധ നെല്ലിനമായ ഗന്ധകശാല, വലിച്ചൂരി തുടങ്ങിയ ഇനങ്ങള്‍ പരമ്പരാഗത രീതിയില്‍ തികച്ചും ജൈവികമായി ഇവിടെ കൃഷി ചെയ്‌തു വരുന്നു. അടിവളമായി ചാണകവും പച്ചില വളങ്ങളും മാത്രമാണ് ഉപയോഗിക്കുന്നത്. ശീമക്കൊന്ന, മാവ്, പ്ലാവ് തുടങ്ങിയവ പച്ചില വളങ്ങളായി ഉപയോഗിക്കുന്നതുകൊണ്ടു തന്നെ കീടാക്രമണവും പൊതുവേ കുറവാണ്. രോഗ, കീട പ്രതിരോധശേഷി കൂടുതലുള്ള നെല്ലിനങ്ങള്‍ കൃഷി ചെയ്യുന്നതിനാൽ തികച്ചും ജൈവിക പ്രതിരോധ മാര്‍ഗങ്ങളിലൂടെ വിള പരിപാലനം സാധ്യമാക്കുന്നു. വയല്‍, ഭൂമി കൂടുതലുള്ള ചേകാടിയില്‍ കന്നുകാലികളെയും പരിപാലിക്കുന്നുണ്ട്.