കതിര്‍’ ആപ്പ് കാര്‍ഷിക സേവനങ്ങള്‍ ഇനി ഒരു കുടക്കീഴില്‍
ഡോ. അദീല അബ്ദുള്ള, ഐഎഎസ്
കൃഷി വകുപ്പ് ഡയറക്‌ടർ
കര്‍ഷകര്‍, കാര്‍ഷിക സംരംഭകര്‍, യുവാക്കള്‍, എഫ്.പി.ഒ.കള്‍ (കര്‍ഷക ഉല്‍പാദക സംഘടനകള്‍), കേരളത്തിലെ കാര്‍ഷിക മേഖലയില്‍ ഏർപ്പെട്ടിരിക്കുന്ന മറ്റുള്ളവര്‍ എന്നിവരുൾപ്പെടെ വൈവിധ്യമാർന്ന കാര്‍ഷിക പങ്കാളികളെ സഹായിക്കുന്നതിന് രൂപകൽപന ചെയ്‌തിട്ടുള്ള നൂതനവും സമഗ്രവുമായ ഓൺലൈൻ പ്ലാറ്റ്ഫോമാണ് കതിര്‍ (KATHIR- കേരള അഗ്രിക്കള്‍ച്ചര്‍ ടെക്നോളജി ഹബ്ബ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ റെപ്പോസിറ്ററി) ആപ്പ്. കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സംരംഭമായ കതിര്‍/KKH നിരവധി സേവനങ്ങളിലൂടെ കാര്‍ഷിക ഉല്‍പാദന ക്ഷമതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും കാലാവസ്ഥയുമായി ബന്ധപ്പെട്ട അപകട സാധ്യതകള്‍ ലഘൂകരിക്കുന്നതിനും നിർണായകമായ തത്സമയ കാലാവസ്ഥാ അപ്ഡേറ്റുകള്‍ കതിര്‍ നൽകുന്നു. കൂടാതെ കീടങ്ങളുടെയും രോഗങ്ങളുടെയും മുന്നറിയിപ്പുകളും കാര്‍ഷിക ഉപദേശങ്ങളും കര്‍ഷകര്‍ക്ക് നൽകുന്നു. മണ്ണിന്റെ ആരോഗ്യവും വിളകളുടെ വളര്‍ച്ചയും ഉറപ്പാക്കുന്നതിനും, മണ്ണ് പരിശോധന, പോഷക മാനേജ്മെന്റ് എന്നിവയെക്കുറിച്ചുള്ള വിദഗ്‌ധ ഉപദേശങ്ങളും ഈ ആപ്പില്‍ ഉൾപ്പെടുന്നു. ഈ സവിശേഷതകള്‍ക്ക് പുറമേ, സര്‍ക്കാര്‍ പദ്ധതികളെയും സബ്‌സിഡികളെയും കുറിച്ചുള്ള ആധികാരിക വിവരങ്ങളും ലഭിക്കും.
വിപണിയിലെ വില സംബന്ധമായ വിവരങ്ങള്‍, ജൈവ സർട്ടിഫിക്കേഷൻ, വിവിധ വിളകള്‍ക്കുള്ള സമഗ്ര പാക്കേജ് ഓഫ് പ്രാക്‌ടീസസ് (പി ഒ പി), മൂല്യവര്‍ധിത ഉൽപന്നങ്ങളിൽ പരിശീലനം എന്നിവ വാഗ്‌ദാനം ചെയ്‌തു കൊണ്ട് കാര്‍ഷിക വികസനത്തെ ‘കതിര്‍’ പിന്തുണയ്‌ക്കുന്നു. കാര്‍ഷിക മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിനും കാര്‍ഷിക മേഖലയിലെ വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് പിന്തുണയും മറ്റ് ഉപദേശങ്ങളും ഇതില്‍ ഉൾപ്പെടുന്നു.
സേവനങ്ങള്‍ സുതാര്യം സമയോചിതം
വിവിധ സംവിധാനങ്ങളുടെ ഏകോപനം സാധ്യമാക്കി കര്‍ഷകര്‍ക്ക് വളരെ എളുപ്പത്തിലും സുതാര്യതയിലും സമയോചിതമായും സേവനങ്ങള്‍ എത്തിക്കുവാന്‍ മുന്‍ഗണന നല്‍കി തയ്യാറാക്കിയിട്ടുള്ള ‘കതിര്‍’ പ്ലാറ്റ്ഫോം വെബ്‌പോർട്ടലായും മൊബൈല്‍ ആപ്ലിക്കേഷനായും രൂപപ്പെടുത്തിയിട്ടുണ്ട്.
- കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകട സാധ്യത കുറയ്‌ക്കുന്നതിനും, കര്‍ഷകര്‍ക്ക് കൃഷി സംരക്ഷിക്കുന്നതിനുമുള്ള നിര്‍ദേശങ്ങളും ഉപദേശ സേവനങ്ങളും സമയോചിതമായി നല്‍കുക.
- കാര്‍ഷിക മേഖലയുടെ വിവിധ തലങ്ങള്‍ മനസ്സിലാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഒരൊറ്റ പ്ലാറ്റ് ഫോമില്‍ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ഡേറ്റയും ഏകീകരിക്കുക.
- വ്യത്യസ്‌ത കാര്‍ഷിക ആവാസ വ്യവസ്ഥകളെക്കുറിച്ചുള്ള ധാരണ മെച്ചപ്പെടുത്തുന്നതിനും കാര്‍ഷിക വിവരങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നതിനും കൃത്രിമ ബുദ്ധി, റിമോട്ട് സെന്‍സിങ്ങ് എന്നിവയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുക.
- ഓരോ മേഖലയിലും കാലാവസ്ഥാധിഷ്‌ഠിതമായ തരത്തില്‍ അനുയോജ്യമായ വിള കണ്ടെത്തുക. വിള വിസ്‌തീർണ്ണം, വിളവ് എന്നിവ കണക്കാക്കല്‍.
- സുഗമമായ വിതരണ ശൃംഖലയും, മികച്ച സേവനവും ഉറപ്പാക്കുന്നതിന് മാര്‍ക്കറ്റ് ലിങ്കേജ് ആസൂത്രണം ചെയ്യുക.
- കാര്‍ഷിക യന്ത്രവല്‍ക്കരണവും മനുഷ്യ വിഭവ ശേഷി ലഭ്യതയും മനസ്സിലാക്കി മികച്ച ആസൂത്രണത്തിലൂടെ ആവശ്യാനുസരണം ലഭ്യമാക്കുക.
- സര്‍ക്കാര്‍ അനുകൂല്യങ്ങളുടെയും പദ്ധതികളുടെയും ഫലപ്രദമായ നടപ്പാക്കലും നിരീക്ഷണവും.
കര്‍ഷകര്‍ക്കുള്ള പ്രയോജനങ്ങള്‍
കതിര്‍ മൂന്ന് ഘട്ടങ്ങളായാണ് തയ്യാറാക്കുന്നത്. ആദ്യ ഘട്ടത്തിൽ കർഷകർക്ക് നൽകുന്ന സേവനങ്ങള്‍ ഇവയാണ്.
കാലാവസ്ഥാ വിവരങ്ങള്‍
കര്‍ഷകരുടെ വിവര ശേഖരണത്തിന് ശേഷം ഓരോ കര്‍ഷകന്റെയും വിള അടിസ്ഥാനപ്പെടുത്തി പ്രാദേശികമായ കാലാവസ്ഥാ നിര്‍ദേശങ്ങളും രോഗ, കീട നിയന്ത്രണ നിര്‍ദേശങ്ങളും ലഭ്യമാക്കുന്നു. തത്സമയ കാലാവസ്ഥാ വിവരങ്ങളും കര്‍ഷകന് ലഭ്യമാകും.
- കൃഷിയിടത്തിലെ മണ്ണിന്റെ നിലവിലെ പോഷക നില സംബന്ധിച്ച വിവരങ്ങള്‍ കര്‍ഷകന് നൽകുന്നു.
മണ്ണ് പരിശോധനാ സംവിധാനം
കര്‍ഷകന് സ്വയം മണ്ണ് സാമ്പിള്‍ ശേഖരിക്കുവാനും, സാമ്പിള്‍ വിവരങ്ങള്‍ പോർട്ടലിലേക്ക് നല്‍കുവാനും സാധിക്കും. ആവശ്യമെങ്കില്‍ മണ്ണ് സാമ്പിള്‍ ശേഖരിക്കുന്നതിനായി കൃഷി ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കുവാനും സാധിക്കും.
- മണ്ണ് സാമ്പിളുകളുടെ പരിശോധനാഫലം എത്തിക്കുന്നതിനോടൊപ്പം പൊതുവായ ഓൺലൈൻ ഭൂപടത്തിലേക്കും വിവരങ്ങള്‍ നൽകുന്നു.
പ്ലാന്റ് ഡോക്‌ടർ സംവിധാനം
കീടങ്ങളും, രോഗങ്ങളും സംബന്ധിച്ച കര്‍ഷകരുടെ സംശയങ്ങള്‍ക്ക് ഉത്തരം നൽകുന്നു. കര്‍ഷകര്‍ക്ക് ചിത്രങ്ങള്‍ എടുത്ത് കൃഷി ഓഫീസര്‍ക്കു അയക്കുന്നതിനുള്ള സംവിധാനങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്. ആപ്പിലൂടെ തന്നെ ഇതിനുളള പരിഹാര മാര്‍ഗ നിര്‍ദേശങ്ങളും യഥാ സമയം ലഭ്യമാകുന്നതാണ്.
കാര്‍ഷിക പദ്ധതി വിവരങ്ങള്‍
കേരള സര്‍ക്കാരിന്റെ കാര്‍ഷിക പദ്ധതികളിലെ ആനുകൂല്യങ്ങള്‍ നേടുന്നതിനുള്ള ഒറ്റ ക്ലിക്ക് അപേക്ഷാ സംവിധാനം
- കൃഷി സമൃദ്ധി പദ്ധതിയില്‍ കര്‍ഷകരുടെയും കര്‍ഷക ഗ്രൂപ്പുകളുടെയും വിവര ശേഖരണം നടത്തുന്നു.
- പ്രോഗ്രാമുകള്‍, ഇവന്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍
- കൃഷിഭൂമി സംബന്ധമായ വിവരങ്ങള്‍
കൃഷിഭൂമി സംബന്ധിച്ച വിശദാംശങ്ങള്‍ കര്‍ഷകര്‍ക്ക് പോർട്ടലിൽ നിന്നും അനായാസം ലഭ്യമാകുന്നു. റവന്യൂ, സര്‍വെ വകുപ്പുകളുടെ കൈവശമുളള ഭൂമി സംബന്ധിച്ച രേഖകളും വിവരങ്ങളും സമന്വയിപ്പിച്ച് കേന്ദ്രീകൃത വിവര ശേഖരമായി കതിര്‍ പോർട്ടലിൽ ലഭ്യമാക്കും. കര്‍ഷകര്‍ക്ക് വിവിധ പദ്ധതികള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഓരോ അപേക്ഷയോടൊപ്പവും ഭൂമി സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല.
കൃഷിക്കാവശ്യമായ വിത്ത്, വളം തുടങ്ങിയ ഉല്‍പാദനോപാധികളുടെ ലഭ്യത, കാര്‍ഷിക യന്ത്രങ്ങളുടെയും മാനവ വിഭവ ശേഷിയുടെയും ലഭ്യത, സേവനങ്ങള്‍ പൂര്‍ണ്ണ തോതില്‍ കര്‍ഷകരിലേക്കെത്തിക്കല്‍, വിപണി വിതരണ ശൃംഖലയുമായുള്ള സംയോജനം തുടങ്ങിയ സേവനങ്ങള്‍ രണ്ടാം ഘട്ടത്തിലും വിള ഇന്‍ഷ്വറന്‍സ്, പ്രകൃതി ക്ഷോഭത്തിലെ വിള നാശത്തിനുള്ള നഷ്‌ടപരിഹാരം, കാർഷികോൽപന്നങ്ങൾക്ക് വിപണന സംവിധാനം തുടങ്ങിയ സേവനങ്ങള്‍ മൂന്നാം ഘട്ടത്തിലും കതിര്‍ പ്ലാറ്റ്ഫോമില്‍ ഉള്‍പ്പെടുത്തും.
ചിങ്ങം ഒന്നു മുതല്‍ ആപ്പിന്റെ ആദ്യഘട്ട സേവനങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ വിവരങ്ങള്‍ ലഭിക്കും. ആപ്പ് പ്ലേസ്റ്റോറില്‍ നിന്നും ഡൗൺലോഡ് ചെയ്യാം. മൊബൈലില്‍ ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനായി ക്യു ആര്‍ കോഡും കൃഷി വകുപ്പ് വികസിപ്പിച്ചിട്ടുണ്ട്.