നൂതനാശയങ്ങളുടെ പട്ടം പറത്തുന്നവർ

സുനില്‍കുമാര്‍ എം.എന്‍
ഐ&പിആര്‍ഡി

സംസാരിക്കാനും കേള്‍ക്കാനും ബുദ്ധിമുട്ടുള്ളവർ ഉപയോഗിക്കുന്ന ആംഗ്യഭാഷ മനസ്സിലാക്കുവാനായി ഒരു പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുകയാണ് കോഴിക്കോട് ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി അഫാന്‍ സാജിത്. ആംഗ്യഭാഷയിലെ അക്ഷരം ഏതാണെന്ന് തിരിച്ചറിഞ്ഞ് കംപ്യൂട്ടർ ഡിസ്‌പ്ലേ കാണാനാകും. നിര്‍മ്മിത ബുദ്ധിയും മെഷീന്‍ ലേണിങ്ങും ഉപയോഗിച്ചാണ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. ആംഗ്യഭാഷയിലൂടെ അവതരിപ്പിക്കുന്ന അക്ഷരങ്ങള്‍ കൂട്ടിച്ചേർത്ത് പൂര്‍ണ്ണമായ ടെക്സ്റ്റായി സ്‌ക്രീനില്‍ കാണാം. അതായത് ആംഗ്യഭാഷ മനസ്സിലാകാത്ത വ്യക്തിക്ക് ടെക്സ്റ്റ് രൂപത്തില്‍ ആംഗ്യഭാഷ വായിച്ചെടുക്കാം.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ നമ്മുടെ നാട് നേരിട്ടു വരികയാണ്. കായംകുളം ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ ശ്രീഹരി മാലിന്യ സംസ്‌കരണത്തില്‍ വിപ്ലവം സൃഷ്‌ടിക്കാവുന്ന ഉൽപന്നവുമായാണ് എത്തിയിരിക്കുന്നത്. ഓട്ടോമാറ്റിക് വേസ്റ്റ് സെഗ്രിഗേറ്റര്‍ – മാലിന്യത്തില്‍ നിന്ന് പ്ലാസ്റ്റിക്, പേപ്പര്‍, മെറ്റല്‍ എന്നിവ വേര്‍തിരിച്ച് പ്രത്യേകം ബിന്നുകളിലാക്കും. നിര്‍മ്മിത ബുദ്ധിയുടെയും മെഷീന്‍ ലേണിങ്ങിന്റെയുമൊക്കെ സഹായത്തോടെ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് ഓരോ മാലിന്യത്തെയും പ്രത്യേകം എടുത്ത് വേർതിരിക്കുന്നു.

അഷ്‌ടമിച്ചിറ ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ആമിര്‍ റാസ എനി ടൈം ഷോപ്പിംഗ് എന്ന നൂതനാശയവുമായാണെത്തിയത്. മൊബൈല്‍ ആപ്പ് വഴി ഓര്‍ഡര്‍ ചെയ്യുന്ന സാധനങ്ങള്‍ കടയില്‍ വെച്ചിരിക്കുന്ന കണ്ടെയ്‌നറിലേക്ക് നിറയുകയും നമുക്കിഷ്‌ടമുള്ള സമയത്ത് കടയില്‍ ചെന്ന് സാധനങ്ങള്‍ ശേഖരിക്കുകയും ചെയ്യാം.

കാഴ്‌ച വൈകല്യമുള്ള വ്യക്തികള്‍ക്ക് സഞ്ചാരം അനായാസമാക്കുന്ന എഐ കണ്ണട, ചിത്രം വരയ്ക്കാനുള്ള സിഎന്‍സി മെഷീന്‍ തുടങ്ങി നിരവധി നൂതനമായ ആശയങ്ങളും ഉൽപന്നങ്ങളുമായി ഈ വിദ്യാര്‍ഥികള്‍ എത്തിയത് ഓഗസ്റ്റ് 23 ന് കൊച്ചി ഇടപ്പളളിയിലുളള കൈറ്റിന്റെ റീജിയണല്‍ സെന്ററില്‍ നടന്ന ലിറ്റില്‍ കൈറ്റ്‌സ് ക്യാംപിലാണ്.

ലിറ്റില്‍ കൈറ്റ്‌സിന്റെ ഭാഗമായതോടെ സാങ്കേതിക വിദ്യാ പരിശീലനത്തിന്റെ അതിരുകളില്ലാത്ത വാതായനങ്ങളാണ് തുറന്നു കിട്ടിയതെന്ന് സംസ്ഥാന ക്യാംപില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. എട്ടാം ക്ലാസിലാണ് ലിറ്റില്‍ കൈറ്റ്‌സില്‍ ചേരുന്നതെന്നും നിരവധി ക്യാംപുകളില്‍ പങ്കെടുക്കാനും ഉപകരണങ്ങള്‍ ഉപയോഗിച്ച് പല പരീക്ഷണങ്ങള്‍ നടത്താന്‍ കഴിഞ്ഞെന്നും ആംഗ്യ ഭാഷയുടെ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച അഫാന്‍ സാജിത് പറയുന്നു. അധ്യാപകരും മികച്ച പിന്തുണയാണ് നൽകുന്നത്. ക്യാംപില്‍ പങ്കെടുക്കാനുള്ള അവസരവും ഏറെ വിലപ്പെട്ടതാണ്. കൂടുതല്‍ പരീക്ഷണങ്ങൾക്കായി തയാറെടുക്കുകയാണ് അഫാന്‍.

സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ബര്‍ണാഡ് ജോഷി എട്ടാം ക്ലാസിലാണ് ലിറ്റില്‍ കൈറ്റ്‌സില്‍ പ്രവേശിക്കുന്നത്. സ്‌കൂളില്‍ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നു. കൂടാതെ അഡിനോ ബോര്‍ഡ് പോലുള്ള ബേസിക് ഉപകരണങ്ങള്‍ ഉപയോഗിക്കാനും അവസരം ലഭിച്ചു.